Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Friday, June 8, 2012

ടൂറിസവും ഹര്‍ത്താലും പിന്നെ കുറെ കോപ്പിലെ സംശയങ്ങളും

            പിറന്ന നാള്‍ മുതലേ  ബന്തുകളും ഹര്‍ത്താലുകളും കണ്‍കുളിര്‍ക്കെ കാണാനും   ആസ്വദിക്കാനും ഭാഗ്യം ലഭിച്ച ഒരു മലയാളി എന്ന നിലയില്‍, ടൂറിസം മേഖലയെ  ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കും എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം കേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നി.  സാധാരണയായി പാല്‍, പത്രം, ആശുപത്രികള്‍ എന്നിവയെയായിരുന്നു   അവര്‍ണ്ണനീയമായ ഉദാര വായ്പ്പുകളോടെ  ഹര്‍ത്താല്‍ മേലാളന്മാര്‍ ഒഴിവാക്കാറുണ്ടായിരുന്നത് .   ഇനി മുതല്‍ മലയാളികള്‍ക്ക്‌ കല്‍പ്പിച്ചു തരപ്പെട്ട ടി  അവിഭാജ്യ ജീവകങ്ങളുടെ കൂടെ ഒരു പുത്തന്‍ അതിഥി കൂടി എത്തുകയാണ് .
കഞ്ഞീം കപ്പേം കഴിച്ചില്ലേലും  വേണ്ടില്ല, മലയാളിയെ  പാലുകുടിപ്പിച്ചു കിടത്തി പത്രം വായിപ്പിച്ച്  ഉറക്കണം  എന്നിങ്ങനെയുള്ള  പിടിവാശി എന്തേ  ഈ കെഴങ്ങന്മാര്‍ക്കുണ്ടായി എന്നത്  എനിക്ക്  ഇപ്പോളും  പിടി കിട്ടാത്ത ലോകാല്‍ഭുതങ്ങളിലൊന്നാണ്. 
      കേരളത്തിന്റെ  ദേശീയ പാനീയമാണോ ഈ പാല്‍??.. അങ്ങനെയാകുമ്പോള്‍  നേരം പരപരാ വെളുക്കുന്നതിനു മുന്നേ അടക്കാനാകാത്ത ദാഹവുമായി ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ ലെട്ടുകള്‍ക്ക്  മുന്നില്‍ സ്ഥാനം പിടിച്ച്  തികഞ്ഞ അച്ചടക്കത്തോടെ  കാത്തുനില്‍ക്കുന്നവര്‍ ആരായി???..
കോട്ടയംകാരുടെ ഡൈനിംഗ് ടേബിളില്‍ പാലും കാപ്പിയും കപ്പയും  ഒന്നുമല്ല മറിച്ച് മേല്പ്പടി സംഭവം ആണ്  അവിഭാജ്യ ഘടകം എന്നാണു ന്യൂജനറേഷന്‍ യുവതികളുടെ  റോള്‍മോഡല്‍  മിസ്സ്‌  ടെസ്സ കെ എബ്രഹാം പറയുന്നതും. (ഏതായാലും  ഇരുപത്തിനാല് വര്ഷം കോട്ടയത്ത് താമസിച്ചിട്ടു ഒരു വീട്ടിലെയും 'ഡൈനിംഗ് ടേബിളില്‍' ഇതുവരെ ഈ സാധനം കണ്ടെത്താന്‍ എനിക്ക് സാധിച്ചിട്ടില്ല..  വീട്ടുകാരുടെ  അറിവില്ലായ്മ  ആയിരിക്കും  അല്ലെ!!!)  
     അതെന്തുതന്നെയായാലും 'ചായ' ആണ് ഇന്ത്യയുടെ ദേശീയ പാനീയമായി അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം എന്ന നിലയില്‍ മേല്‍പ്പറഞ്ഞ ദേശീയ പാനീയം  കേരളീയരുടെ ദേശീയ പാനീയമാണ്. അങ്ങനെ വരുമ്പോള്‍ ദേശീയ പാനീയത്തോടുള്ള ബഹുമാനം മുന്‍നിര്‍ത്തി  ഇനിമുതല്‍ കേരളത്തിലെ ടീ ഷോപ്പുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമോ?. അങ്ങനെ ചെയ്‌താല്‍  കോഫീ ഷോപുകാര്‍ എങ്ങനെ പ്രതികരിക്കും, ബിവറേജസ് ഔട്ട്‌ലെട്ടുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയില്ലേല്‍ ഭരണയന്ത്രത്തിന്റെ പല ഭാഗങ്ങളും തങ്ങള്‍ ചെത്തിക്കളയും എന്ന ഭീഷണിയുമായി ടെസ്സ കെ എബ്രഹാമിന്റെ ഫാന്‍സുകാര്‍ ബഹളം ഉണ്ടാക്കുമോ എന്നിങ്ങനെയുള്ള ക്രമ സമാധാന പ്രശ്നങ്ങള്‍ വേറെയും..  
        എന്തായാലും ഒരിക്കല്‍ കേരള ഹൈകോടതി  പടിയടച്ചു പിണ്ഡം വെച്ച  'ബന്ദ്‌' എന്ന നാടന്‍ പെണ്‍കൊടി,  കേരള രാഷ്ട്രീയ ചാണക്യന്മാരുടെ ബ്യുട്ടി സലൂണില്‍ നിന്നും   മുടി തോളറ്റം വെട്ടി  ടൈറ്റ് ജീന്‍സും  ടോപ്പും  അണിഞ്ഞ്   'ഹര്‍ത്താല്‍' എന്ന പുത്തന്‍ നാമധേയത്തില്‍ ആകെയൊരു  മസാലദോശ.. ശ്ശോ അതല്ല... മദാലസ അപ്പീയരന്‍സില്‍  മുന്നിലെത്തിയപ്പോള്‍ ഒന്നും  മിണ്ടാനാകാതെ, കണ്ണില്‍ കെട്ടിയ കറുത്ത തുണി  ഒന്നുകൂടി ഉറപ്പിച്ച  കോടതിയുടെ നിസ്സഹായാവസ്ഥ   കേരളത്തിലെ 20 കോടി മരക്കഴുതകളുടെകൂടി ഹൃദയ വേദനയായി ഇപ്പോളും അവശേഷിക്കുന്നു.   
പക്ഷെ, കേരള സര്‍ക്കാരിന്റെ ഈ പുതിയ നയം ഇപ്പോളും എനിക്കങ്ങോട്ട് മനസിലാകുന്നില്ല.. ഹര്‍ത്താലില്‍ നിന്നും ടൂറിസം മേഖലയെ ഒഴിവാക്കുമെന്ന് ..!! 


സംശയം 1). അതേതാ ഈ ടൂറിസം മേഖല ??.. ഈ  പ്രത്യേക സാമ്പത്തിക മേഖല  അഥവാ CEZ എന്നൊക്കെ പറയുന്ന പോലെ മതില് കെട്ടി തിരിച്ച ഏരിയ വല്ലതും  ആണോ?.. ഈ  മേഖലകള്‍ ഏതൊക്കെ ആണ് എന്ന് എന്നെപ്പോലെ അധികം ടൂറിസ പരിജ്ഞാനം ഒന്നും ഇല്ലാത്ത സാധാരണക്കാര്‍ മനസിലാക്കാനായ്‌ സര്‍ക്കാര്‍ സര്‍ക്കുലര്‍ വല്ലതും ഇറക്കുമോ? ?  (അതൊന്ന് ഇറങ്ങീട്ടു വേണം ഇതുപോലുള്ള  ഏതേലും ഒരു മേഖലയില്‍ കുറെ സ്ഥലം വാങ്ങിയിടാന്‍!!)
 കേരളം മൊത്തം ദൈവത്തിന്റെ സ്വന്തമാണെന്ന് കേട്ടിട്ടുണ്ട് . അപ്പൊ ഈ ദൈവത്തിന്റെ നാട് അങ്ങ് ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയാല്‍ ഇത്ര പെടാപ്പാട്  പെടണോ ? 

സംശയം  2). ടൂറിസത്തെ ഒഴിവാക്കുമ്പോ ടൂറിസ്റ്റുകളെയും ഒഴിവാക്കണ്ടേ..
   ടി ഹര്‍ത്താല്‍  ഒഴിവാക്കല്‍  സ്വദേശി ടൂറിസ്ടുകള്‍ക്ക്  ബാധകമാണോ ?.. അതോ സായ്പ്പന്മാര്‍ക്കും മദാമ്മമാര്‍ക്കും മാത്രമാണോ  ഈ അസുലഭ ഭാഗ്യം ?

സംശയം 3). സര്‍ക്കാരിന്റെ വാക്കുകള്‍ വിശ്വസിച്ചു  ഒരു ഹര്‍ത്താല്‍ ദിവസം  പാലക്കാട്ട് -മലമ്പുഴ സന്ദര്‍ശനത്തിനായി ഞാനും എന്റെ സുഹൃത്തുക്കളും യാത്ര തിരിക്കുന്നു.   'ടൂറിസം ' എന്ന്  എഴുതിയ ഒരു സ്റ്റിക്കര്‍ ചൈനീസ്‌, മലയാളം, ഹിന്ദി, എന്നീ ഭാഷകളില്‍ വണ്ടിയുടെ ഫ്രണ്ടിലും ബായ്ക്കിലും   ഒട്ടിച്ചിട്ടുണ്ട് എന്നതുകൊണ്ട് മാത്രം   വഴിയില്‍ വെച്ചു  കണ്ടുമുട്ടാന്‍ സാധ്യതയുള്ള  ഹര്‍ത്താല്‍ ഞരമ്പുരോഗികള്‍ വണ്ടിയുടെ ചില്ല് എറിഞ്ഞു തകര്‍ക്കാതിരിക്കുമോ?..  ലവന്മാര്‍ ഞങ്ങളെ വണ്ടിയില്‍ നിന്നും വലിച്ചിറക്കി    വാരി അലക്കാതിരിക്കുമോ??..

സംശയം 4). ടൂറിസ്റ്റ്കളെയും  ടൂറിസം എന്നു കേട്ടിട്ടുപോലുമില്ലാത്തവരെയും  എങ്ങനെ ഹര്‍ത്താല്‍ അനുകൂലികള്‍ വേര്‍തിരിച്ചറിയും?..  ഇതിനായ്‌  ഗവ. മുദ്രയോടെ  പ്രത്യേകം ടൂറിസം  ഐ.ഡി കം ട്രാവല്‍ പാസ്സുകള്‍   അടിച്ചിറക്കുമോ?..

സംശയം  5). ഇനിയൊരിക്കല്‍ പ്രതിപക്ഷത്തിരിക്കുമ്പോഴും ടൂറിസ്ടുകളോടുള്ള ഈ അലിവും കരുണയും ഒക്കെ അവിടെയൊക്കെത്തന്നെ ഒണ്ടാവ്വോ??..    

  എന്റെ സംശയങ്ങള്‍ അങ്ങനെ നീളുകയാണ്.. ഏതൊക്കെ എന്തു കോപ്പിലെ സംശയങ്ങള്‍ ആണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് എന്റെ അറിവില്ലായ്മയുടെ പ്രതിഫലനങ്ങള്‍ മാത്രമായി കരുതി പൊറുക്കുക...

   വാല്‍ക്കഷണം :-  എന്നെപ്പോലുള്ള  കോട്ടയം നസ്രാണികളുടെ മനസില്‍ ഒരു സ്വാന്തനത്തിന്റെ കുളിര്‍ സ്പര്‍ശമായി  കൂട്ടത്തോടെ  കേരള -തമിഴ്നാട്   ബോര്‍ഡര്‍  കടന്നു വരുന്ന കോഴി, പോത്ത് , മൂരി,  പന്നി   തുടങ്ങിയ  മൃഗപക്ഷ   ടൂറിസ്ടുകളെ  കൂടി ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നെ വല്യ ഉപകാരം ആയിരുന്നു .  അവര്‍ക്കും ആഗ്രഹമുണ്ടാവില്ലേ  കോട്ടയവും പാലായും കാഞ്ഞിരപ്പള്ളിയും ഒക്കെ  ഒന്ന് ചുറ്റിനടന്നു കാണാന്‍!! 
Tweet, Share & Like

 
Related Posts Plugin for WordPress, Blogger...