Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Monday, June 18, 2012

ജഡ്ജിയുടെ ക്ലീനിംഗ് അഥവാ എട്ടിന്റെ പണി !!

           എല്ലാദിവസവും  മൂന്നുനേരവും ചിലദിവസങ്ങളില്‍ നാല് നേരവും മൂക്ക് മുട്ടെ വെട്ടിയടിച്ച്  കാലവര്‍ഷത്തിന്റെ ഹൃദ്യരാഗവും ആസ്വദിച്ച് ചുരുണ്ടുകൂടിയും പിന്നെയും ബാക്കിയാവുന്ന ഒഴിവുസമയങ്ങളില്‍  ഫേസ് ബുക്കില്‍ അലഞ്ഞുതിരിഞ്ഞും  കീ ബോര്‍ഡിനു മുന്നിലിരുന്നു സമൂഹത്തെ ബോധവല്‍ക്കരിച്ചും  അനീതിക്കെതിരെ ആഞ്ഞടിച്ചും  സമയം തള്ളി നീക്കുന്ന   എന്നെപ്പോലുള്ള   ന്യൂജനറേഷന്‍ പ്രതികരണ തൊഴിലാളികള്‍ക്കിട്ട്   ശരിക്കും ഒരു കൊട്ടാണു ഹൈക്കോടതി ജഡ്ജി തന്നത്. ഇന്നലെയും കോട്ടയം നഗരസഭയുടെ കെടുകാര്യസ്തതയ്ക്കെതിരെ  FBയില്‍ പോസ്ടിയതെ ഉള്ളൂ!!.    ഫേസ്ബുക്കില്‍    അമ്പതു ലൈക്കും നാല്‍പ്പതു ഷെയറും കിട്ടിയാല്‍ ഇന്ത്യ മഹാരാജ്യത്തെ ഏതു നീറുന്ന പ്രശ്നത്തിനും പരിഹാരമാകും എന്ന് വിശ്വസിക്കുന്ന  എന്നെപ്പോലുള്ള ന്യുജനറേഷന്‍ സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും യുവതുര്‍ക്കികളുടെയും  നെഞ്ചത്താണ്  അങ്ങേരു തൂമ്പാ വെച്ച് വെട്ടിക്കിളച്ചു പണ്ടാരടക്കിയത് .  ഇനി അവിടെ കപ്പയാണോ ചീനിക്കിഴങ്ങാണോ നടേണ്ടത് എന്ന ഒരു അധ്യാത്മിക പ്രതിസന്ധിയില്‍ ആണ് ഞാനിപ്പോള്‍.. 
        ഇത്ര വികാരഭരിതനാവാന്‍ ഹൈക്കോടതി ജഡ്ജി എന്താ ഇയാളെ കടിച്ചോ എന്നായിരിക്കും നിങ്ങളിപ്പോള്‍ ആലോചിക്കുക. സത്യത്തില്‍ അതായിരുന്നു ഇതിലും ഭേദം എന്ന് തോന്നിപ്പോകുന്നു.
 
      കൊച്ചിയിലെ എന്തിനും ഏതിനും തയ്യാറായ നല്ല  ജാങ്കോ പിള്ളേര്‍ ജഡ്ജിയുടെ ഈ കൊട്ടേഷന്‍ ഏറ്റെടുക്കുമായിരുന്നു എന്നിരിക്കെ  ഈ പെരുമഴയത്ത്  ഇങ്ങേര്‍ക്ക് ഇത് എന്തിന്റെ കേടാണ് എന്ന് എനിക്ക് മനസിലാകുന്നില്ല.  കൊച്ചി പഴയ കൊച്ചി അല്ലെന്നു കേട്ടിട്ടുണ്ട് . എന്നാലും - ജഡ്ജിമാര്‍ ഒക്കെ മാറിപ്പോയി എന്നത് പുത്തന്‍ അറിവ് ആണ്. ജയരാജന്‍ മാസ്ടറുടെ  ആന്തരിക സൌഖ്യ ധ്യാനം വര്‍ക്ക്‌ ഔട്ട്‌ ചെയ്തോ എന്തോ!!!..
     നാടിലെ മാനുഷരെല്ലാം ഇങ്ങേരെപ്പോലെ  ഒരുമ്പെട്ടിറങ്ങിയാല്‍ എന്നെപ്പോലുള്ള പാവപ്പെട്ട ന്യൂജനറേഷന്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്ടുകള്‍ എന്ത് ചെയ്യും?. 
      ഹൈക്കോടതി ജഡ്ജിയുടെ ധീരോദാത്തമായ മാതൃകയെപ്പറ്റി മാധ്യമ സിണ്ടിക്കേറ്റ്കളുടെ റിപ്പോര്‍ട്ട് കേട്ടു   വിജ്രുംഭിതരാകുന്ന  മാതാപിതാക്കള്‍  അതിരാവിലെ പത്തര മണിയ്ക്ക് കണ്ണും തിരുമ്മി ഉണര്‍ന്നു വരുന്ന എന്നെപ്പോലുള്ള പരിശ്രമശാലികളായ യുവ തിടമ്പുകളുടെ കയ്യിലെയ്ക്ക്  മണ്‍വെട്ടിയും പിക്കാസും പിടിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന  ആഗോള സാമ്പത്തിക വ്യവസ്ഥയിലെ അസന്തുലിത മാനങ്ങളെ പറ്റി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ മണകുണാഞ്ഞന്മാര്‍ക്ക്   വല്ല ഐഡിയയും ഉണ്ടോ ??..
            എഞ്ചിനീയറിംഗ് നു ആദ്യം പഠിച്ച ബാലപാഠം തന്നെ 'an engineer is a supervisor, not a worker' എന്നാണ്. ഈ പ്രപഞ്ച നിയമങ്ങള്‍ ഒക്കെ കാറ്റില്‍ പറത്തിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ എന്തെല്ലാമായിരിക്കും !!.. സര്‍വോപരി ഈ ബ്ലോഗ്ഗിന്റെ ഭാവി തന്നെ എന്തായി തീരും??..
എന്റെ എഞ്ചിനീറിംഗ് മുത്തപ്പന്‍മാരേ...  ബ്ലോഗ്‌ പുണ്യാളന്‍മാരെ....  കാത്തോളണെ...!!!
    
        കീ ബോര്‍ഡുകളില്‍ തായം കളിക്കുന്ന ഇന്ത്യയുടെ  ഇളം കൈകളില്‍ തൂമ്പാ പിടിപ്പിക്കാനുള്ള ഒരുതരം സാമ്രാജ്യത്വ ഗൂഡാലോചന അല്ലേ ഇത്തരം നീക്കങ്ങള്‍ക്കുപിന്നില്‍ ?.. ആണെങ്കില്‍ തീര്‍ച്ചയായും അമേരിക്കയുടെ കരങ്ങളും അതിനു പിന്നില്‍ കാണും .. തീര്‍ച്ച !!
 
                

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...