Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Monday, September 24, 2012

ഊര് വിലക്കികള്‍ ഓര്‍ക്കാതെ പോകുന്നത് ..

     മലയാള സിനിമയുടെ നടന തിലകം ഇനി ഒരു ഓര്‍മ്മ മാത്രമാവുകയാണ്.. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒട്ടേറെ അനശ്വര കഥാപാത്രങ്ങള്‍ ബാക്കിവെച് തിലകന്‍ എന്ന മഹാനടന്‍ യാത്രയാവുമ്പോള്‍ അഭിനയ തികവിന്റെയും ഭാവാത്മകതയുടെയും ഒരു യുഗം തന്നെ ഇവിടെ അവസാനിക്കുന്നു.. മലയാള സിനിമയുടെ പെരുന്തച്ചന്‍, തല കുനിക്കാത്ത നിഷേധി, മലയാളത്തിന്റെ മഹാനടന്‍..  അങ്ങനെ ഒരു പോസ്റ്റില്‍ ഒതുങ്ങാത്ത വിധമാണ്  അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍ നീളുന്നത്.      

                 മുണ്ടക്കയത്ത്  ഒരു നാടകസമിതിയിലൂടെ ആയിരുന്നു  തിലകന്‍റെ അഭിനയ ലോകത്തേയ്ക്കുള്ള അരങ്ങേറ്റം.  കേരള പീപ്പിള്‍ ആര്‍ട്സ്, കൊല്ലം കാളിദാസ കലാകേന്ദ്രം, ചങ്ങനാശ്ശേരി ഗീത എന്നീ പ്രൊഫഷണല്‍ നാടക ട്രൂപ്പുകളിലും തിലകന്‍ ഒരു കാലത്ത്‌ സജീവമായിരുന്നു. ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ അഭ്ര പാളികളിലെ  അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു.  യവനികയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചു. 1988ല്‍ ഋതുഭേദത്തിലെ അഭിനയത്തിന് തിലകന്‍മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് നേടി. 1990ല്‍ പെരുന്തച്ചനിലൂടെ  മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കി. 2005ല്‍ ഫിലിം ഫെയര്‍ തിലകനെ തെന്നിന്ത്യയിലെ അപൂര്‍വ പ്രതിഭയായി ബഹുമാനിച്ചു. 2007ല്‍ ഏകാന്തത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കമ്മിറ്റി സ്പെഷല്‍ ജൂറി അവാര്‍ഡ് നല്‍കി. 2009ല്‍ രാഷ്ട്രം തിലകനെ പത്മശ്രീ നല്‍കി ആദരിച്ചു.
          തറവാടിയായ കാരണവര്‍, മക്കളെ നേര്‍വഴിയ്ക്ക് നടത്താന്‍ ശ്രമിക്കുന്ന, ശാട്യം ഏറെയുള്ള  അച്ചന്‍, വടയക്ഷികളെ കാഞ്ഞിര പലകയില്‍ തറച്ച് പോസ്റ്റര്‍ ആക്കുന്ന മന്ത്രവാദി, അങ്ങനെ ഇദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടേറെ..   തന്റെ മിക്ക കഥാ പാത്രങ്ങളുടെയും സ്ഥായി സ്വഭാവമായിരുന്ന ഒരു തരം നിഷേധാത്മക ഭാവം പലപ്പോഴും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും അന്തര്‍ലീനമായിരുന്നു എന്ന് വേണം കരുതാന്‍.. അപ്രിയ സത്യങ്ങള്‍ പരസ്യമായി പറയാന്‍ പാടുള്ളതല്ല എന്ന കോര്‍പ്പറേറ്റ് തിയറി അദ്ദേഹത്തിന് ഒരു കാലത്തും സ്വീകാര്യമല്ലായിരുന്നു..  'നേരെ വാ.. നേരെ പോ ' എന്നുള്ള അദ്ദേഹത്തിന്റെ സ്വഭാവം അദ്ദേഹത്തിന്റെ കരിയറില്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ചില്ലറയല്ല.
       ജീവിച്ചിരിക്കുമ്പോള്‍ സ്വന്തം മാതാപിതാക്കളെ  സ്റ്റോര്‍ റൂമിലോ വീടിന്റെ പിന്നാമ്പുറത്തോ അതുമല്ലെങ്കില്‍ വല്ല ഓള്‍ഡ്‌ ഏജ്‌ ഹോമിലോ പുഴുവരിക്കാന്‍ വിടുകയും; മരിച്ചുകഴിയുമ്പോള്‍ ചന്ദനപ്പെട്ടി, പൊന്നിന്‍കുരിശ്, വാദ്യമേളം, ആര്‍ച്ച്‌ ബിഷപ്പിന്റെ അനുസ്മരണ പ്രസംഗം തുടങ്ങിയ കലാപരിപാടികളോടെ  അവാര്‍ഡ് ഇവന്ടിനെ വെല്ലുന്ന രീതിയില്‍ ശവ സംസ്കാരം നടത്തുകയും ചെയ്യുന്ന ന്യൂ ജനറേഷന്‍ സംസ്കാരം നമുക്കൊക്കെ ഏറെ പരിചിതമാണ്.  സമാനമായ ഒരുതരം കലാപരിപാടി മലയാള സിനിമാലോകവും അണിയറ പ്രവര്‍ത്തകരും ഇപ്പോള്‍കാഴ്ച്ച വെച്ചുകൊണ്ടിരിക്കുകയാണ്.
 
         

        സമീപ കാലഘട്ടത്തില്‍ മലയാള സിനിമ ലോകത്ത് അരങ്ങേറിയ 'ഊര് വിലക്കല്‍' നാടകങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തിയിട്ടുള്ള ആര്‍ക്കും തിലകനോടു ചലച്ചിത്ര ലോകം അര്‍ഹിക്കുന്ന നീതി പുലര്‍ത്തി എന്ന വാദത്തോട് യോജിക്കാനാവില്ല. മലയാളത്തിന്റെ മഹാ താരത്തെ ദീര്‍ഘകാലം മലയാള സിനിമയുടെ പടിപ്പുരയുടെ പുറത്ത് നിര്‍ത്തുകയും ഒരു വന്ദ്യ വയോധികന് കൊടുക്കേണ്ട പരിഗണന പോലും കൊടുക്കുകയും ചെയ്യാതിരുന്നവര്‍ക്ക് കാലത്തിന്റെ  കാവ്യനീതി എന്നത് എന്താണെന്ന് മനസിലാക്കാന്‍ അധികകാലം കാത്തിരിക്കേണ്ടി വരില്ല. 

              സോഷ്യല്‍ മീഡിയക്കാര്‍ സന്തോഷ്‌ പണ്ടിട്ടിനെയും പ്രിഥ്വിരാജിനെയുമൊക്കെ എത്രത്തോളം നികൃഷ്ടജന്മങ്ങള്‍ ആയി ആണോ കണക്കാക്കുക അതിനേക്കാലൊക്കെ  വെറുക്കപ്പെട്ട ഒരു കാന്‍വാസില്‍ ഈ നടനെ തളച്ചിടാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ തിലകന്‍ ചേട്ടന്‍ ഞങ്ങടെ  പൊന്നാണ്, തേനാണ് , പാലാണ് എന്നൊക്കെ പറഞ്ഞു വിങ്ങിപ്പൊട്ടുന്നത്‌ കാണുമ്പോള്‍ മനസ്സില്‍ തികട്ടിവരുന്ന വികാരം അതേപടി ഇവിടെ എഴുതി വെച്ചാല്‍ മോശമാകും എന്ന് തോന്നുന്നു. ഇതേ  കൊഞ്ഞാണന്മാര്‍ എല്ലാം കൂടി  നാളെ തിലകന്റെ പേരില്‍ ഒരു അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയാല്‍ പോലും അതില്‍ അത്ഭുതപ്പെടെണ്ടതുണ്ട് എന്ന് തോന്നുന്നില്ല..  കാരണം നാണം, മാനം, ഉളുപ്പ്  അഭിമാനം,നട്ടെല്ല് ഇതൊന്നും മാര്‍ക്കറ്റില്‍ കിട്ടുന്നതല്ലല്ലോ. ഏതായാലും ടി  സാറന്മാര്‍ക്കെല്ലാം തന്നെ  സുഭദ്രമായ ഒരു രാഷ്ട്രീയ ഭാവി ഉണ്ട് എന്നത്  കോവര്‍ കഴുതകളായ ജനങ്ങളെ സംബന്ധിച്ച് ഏറെ ആശങ്കാജനകം ആണ്..!!     
              ' ഞങ്ങടെ സംഘടനയുടെ അരഞ്ഞാണ ചരടിന്റെ ബലത്തിലാണ്  മലയാള സിനിമ നിന്ന് പിഴച്ചു പോകുന്നത്. ഞങ്ങളോട് മൊടയുമായി വന്നവന്‍  ഇവിടെ ഒരു സിനിമയും ഒലത്തണ്ട, ഒരു കോപ്പും ഒണ്ടാക്കണ്ട' എന്ന നിഷേധ മനോഭാവമാണ് ഇവിടത്തെ പല താര-സാങ്കേതിക- സംഘടനകളും വെച്ചു പുലര്‍ത്തുക. വിലക്കാനായി മാത്രം യോഗം കൂടുന്ന ഇതുപോലെയുള്ള കുണ്ടികുലുക്കി പക്ഷികള്‍ ചലച്ചിത്ര ലോകത്ത്‌ മാത്രമല്ല  ജീവിതത്തിന്റെ സര്‍വ മേഘലകളിലും ആധിപത്യം സ്ഥാപിച്ചു വരുന്നുണ്ട്-പ്രത്യേകിച്ചും കേരളത്തില്‍. ആധ്യാത്മിക-ധാര്‍മിക-യുവജന പ്രസ്ഥാനങ്ങള്‍ എന്ന് അവകാശപ്പെടുന്ന സംഘടനകള്‍ പോലും ഇത്തരം ക്ഷുദ്രീകരണ ശക്തികളുടെ തായംകളികള്‍ക്ക്‌ വേദിയാകുന്നത് നാം അനുദിനം കണ്ടുവരുന്നു. അപ്പോള്‍ എല്ലാ വിധ ഹറാം പെറപ്പുകളുടെയും ടൂറിസ്റ്റ്‌ പ്ലേസ് ആയ സിനിമയുടെ കാര്യം പറയാനുണ്ടോ !!. 'കൂടുതല് കളിച്ചാല്‍ നിന്നെ ഞങ്ങളങ്ങു വിലക്കിക്കളയും ' എന്നാണു ഇക്കൂട്ടരുടെ ഭീഷണിയും. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിലനിന്നുപോരുന്ന പോരുന്ന ഊര് വിലക്കലിനോടോ തുറമുഖങ്ങളിലെ ക്വാറന്റയിനോടോ മാത്രമേ ടിയാന്മാരുടെ വിലക്കലിനെ ഉപമിക്കാനാവൂ. ഇപ്രകാരം വിലക്കപ്പെടുന്നവന് ഇഹലോകത്തിലോ പരലോകത്തിലോ മോക്ഷം ലഭിക്കില്ല പോലും!!.           
                  നിന്ദാകരമായ ഇത്തരം  ഒറ്റപ്പെടുത്തലുകളെയും ഊരുവിലക്കലുകളെയും കാറ്റില്‍പ്പറത്തി തിലകന്‍ സാറിന് മലയാള സിനിമയിലേയ്ക്ക്‌ ശക്തമായ തിരിച്ചു വരവിനു അവസരം ഒരുക്കിയ സംവിധായകന്‍ രഞ്ജിത്ത് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.  രഞ്ജിത്ത് തന്നിലര്‍പ്പിച്ച വിശ്വാസം  അതിന്റെ എല്ലാ വിധ പരിപൂര്‍ണ്ണതയിലും തിലകന്‍ കാത്തുസൂക്ഷിച്ചു. തിലകന്റെ അഭിനയ ശോഭയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സൗത്ത്‌ ഇന്ത്യയിലെ ഇന്ഗ്ലിഷ് സംസാരിക്കുന്ന ഏക നടന്‍ ".ക്ക.. മ്മ..ന്ന..ങ്ങ..' എല്ലാം വരയ്ക്കുന്നത് നമ്മള്‍ 'ഇന്ത്യന്‍ റുപ്പീ'യില്‍ കണ്ടറിഞ്ഞതാണ്..  
     ന്യു ജനറേഷന്‍ തരംഗത്തില്‍ പെട്ട് ഒലിച്ചു പോകാതിരിക്കാന്‍ മലയാളത്തിന്റെ  സൊ കോള്‍ഡ്‌ സൂപ്പര്‍-മെഗാ-യുനിവേഴ്സല്‍  താരങ്ങള്‍ കൈ കാലിട്ടടിക്കുമ്പോള്‍ ജനറേഷന്‍ ഗ്യാപ്‌ ബാധിക്കാത്ത ഒരു മഹാ സംഭവം തന്നെയാണ് താന്‍  എന്ന് 'ഉസ്താത്‌ ഹോട്ടല്‍' എന്ന നവതലമുറ ചിത്രത്തിലൂടെ   തിലകന്‍ തെളിയിക്കുകയുണ്ടായി.

     തന്റെതായ മാനറിസങ്ങളും ആരുടെ മുന്നിലും അടിയറവ്‌ വെയ്ക്കാത്ത കാഴ്ച്ചപ്പാടുകളുമായി ഒരു മഹാമേരു പോലെ മലയാള സിനിമയില്‍ തന്റെതായ സിംഹാസനം ഉറപ്പിച്ച അഭിനയ ലോകത്തെ ഈ മഹാനായ ഔട്ട്‌സ്പോക്കണ്‍ താരകത്തിന്, മഹാനല്ലാത്ത വെറും കൂതറയായ  ഈ കോട്ടയംകാരന്‍ ഔട്ട്‌സ്പോക്കന്‍ സോളിന്റെ   ആദരാഞ്ജലികള്‍..  
   

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...