Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Saturday, December 15, 2018

ലൂസിഫര്‍ - ഫിലിം റിവ്യു

ഇന്നലെ ഇറങ്ങിയ ഒടിയന്റെ റിവ്യു ആണ് ആദ്യം എഴുതാന്‍ ഉദ്ധേശിച്ചത്. അപ്പോളാണ് ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ടു കാര്യം ഇല്ലല്ലോ എന്ന്ഓര്‍ത്തത്..
സൊ പ്ലാന്‍-ബി....  ഒരു മുഴം മുന്നേ... !!
ലുസിഫറിന്റെ റിവ്യു എഴുതുന്ന ആദ്യ ചലച്ചിത്ര നിരൂപകന്‍ എന്ന ക്രെഡിറ്റ് ഇനി എനിക്കിരിക്കട്ടെ എന്ന് വിചാരിച്ചു!!!


_____ലൂസിഫര്‍ ഫിലിം റിവ്യു_________

         സൌത്ത് ഇന്ത്യന്‍ യൂത്ത്സ്റ്റാര്‍ പ്രിത്വിരാജ് സുകുമാരന്‍ സംവിധായകന്റെ മേലങ്കി അണിയുന്ന ആദ്യ ചിത്രമായ ലുസിഫര്‍ മോഹന്‍ലാലിന്റെ അഭിനയപര്‍വത്തിലെ മറ്റൊരു സുവര്‍ണ അധ്യായമായി മാറുകയാണ്. ഒരു നവാഗത സംവിധായകന്റെ യാതൊരു ബാലരിഷ്ടതകളും കൂടാതെ വളരെ കയ്യടക്കതോടെയാണ് പ്രിഥ്വിരാജ് തന്റെ കന്നി സംവിധാന സംരംഭം അതിന്റെ പരിപൂര്‍ണതയില്‍ എത്തിച്ചിരിക്കുന്നത്. മലയാള സിനിമയുടെ നഭോമണ്ഡലത്തില്‍ പ്രിത്വിരാജിനെ കാലം അടയാളപ്പെടുത്തുക ഒരു മികച്ച അഭിനേതാവ് എന്നതിലുപരി ആല്ഫ്രെഡ്‌ ഹിച്കോക്കിനെയോ പോള്‍ ഗ്രീന്‍ ഗ്രാസ്സിനേയോ ഒക്കെ പോലെയുള്ള സംവിധായക കുലപതികളുടെ ഗണത്തില്‍ പ്രതിഷ്ടിക്കാവുന്ന ഒരു മിനിയേച്ചര്‍ മല്ലുവുഡ് ലെജെന്‍ണ്ട് ആയിട്ടായിരിക്കും.

അഭിനേതാക്കളെ സംവിധായകന്റെ കൈകളിലെ കളിമണ്ണായാണ് ചലച്ചിത്ര നിരൂപകര്‍ ഉപമിക്കുക. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഇനിയും വേണ്ട രീതിയില്‍ സംവിധായകര്‍ ഉപയോഗപ്പെടുത്തിയിട്ടിലാത്ത അഭിനയ സമ്രാട്ടാണ് . തന്റെ ആദ്യ സിനിമ ആയിട്ടുകൂടി, പരിചയസമ്പന്നനായ ഒരു സംവിധായകന്റെ മാസ്മരികതയോടെ സ്റ്റീഫന്‍ നെടുംപള്ളി എന്ന നായക കഥാപാത്രമാ യി മോഹന്‍ലാലിനെ പരിപൂര്‍ണതയോടെ ട്രാന്‍സ്മ്യൂട്ടെഷന്‍ ചെയ്തെടുക്കാന്‍ തനിക്ക് സാധിച്ചു എന്നതില്‍ പ്രിത്വിക്ക് അഭിമാനിക്കാം .
ലുസിഫര്‍ ഒരു ബൈബിള്‍ കഥാപാത്രമാണ്- ദൈവത്തോടു ചോദ്യമുയര്‍ത്തിയതിനാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറംതള്ളപ്പെടുന്ന മാലാഖ. സെമിറ്റിക് മതാത്മക കാഴ്ചപ്പാടില്‍ ഭൂമിയിലെ തിന്മയുടെ രാജാവാണ്‌ അവന്‍. മനുഷ്യകുലത്തിന്റെ എല്ലാ കഷ്ടതകളുടെയും മൂലഹേതു. ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തിയായി കഴിയുക എന്നതിനേക്കാള്‍ സ്വന്തം സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി കഴിയാന്‍ അവന്‍ ഇഷ്ടപ്പെട്ടു. എന്നാല്‍ ലുസിഫര്‍ എന്ന സിനിമ പറഞ്ഞു വെയ്ക്കുന്നത് ഒരു ബൈബിള്‍ കഥയുടെ പുനരാവിഷ്കാരം അല്ല. അത് ഒരു യാത്രയാണ് - മനുഷ്യ മനസുകളുടെ പ്രതികാരവും പകയും ഉറങ്ങുന്ന നിഗൂഡതകളുടെ താഴ്വരയിലൂടെയുള്ള ഒരു യാത്ര. ഏവരുടെയും ഉപബോധമണ്ടലങ്ങളില്‍ പതുങ്ങി കിടക്കുന്ന ലുസിഫര്‍ എന്ന മുറിവേല്‍ക്കപ്പെട്ട റിബലിന്റെ ഉയര്തെഴുന്നെല്‍ക്കലാണ് ഈ ചിത്രത്തിന്റെ ത്രെടിലൂറെ സംവിധായകന്‍ പറഞ്ഞു വെയ്ക്കുക.
ഐതിഹ്യവും ജീവിതവും ഇടപിരിഞ്ഞു നില്‍ക്കുന്ന ഒരു കഥയെ അഭ്രപാളികളില്‍ ആവിഷ്കരിക്കുമ്പോള്‍ പിഴവുകള്‍ ഇല്ലാത്ത ഒരു തിരക്കഥ അനിവാര്യമാണ് . മുരളി ഗോപി എന്ന ഇന്റെലെക്ചല്‍ ജയന്റിന്റെ കൈകളില്‍ ഈ തിരക്കഥാവിഷ്കാരം ഭദ്രമായിരുന്നു. സുജിത് വാസുദേവിന്റെ സിനിമാടോഗ്രാഫി ഈ ചിത്രത്തെ ഹോളിവൂഡ്‌ നിലവാരത്തിലേയ്ക് ഉയര്‍ത്തിയിട്ടുണ്ട്. 
ഉശിരന്‍ കഥയും തീപൊരി ചിതറുന്ന ഡയലോഗുകളും കാവ്യാത്മകമായ ഛായാഗ്രഹണവും അതിനൊപ്പം മോഹന്‍ലാല്‍ എന്ന നടന വിസ്മയവും ഇഴചെരുമ്പോള്‍ ആരാധകരുടെ കാത്തിരിപ്പും ആകാംഷയും വെറുതെയായില്ല എന്ന് കാണാം . തിയറ്ററുകള്‍ പ്രകമ്പനം കൊള്ളിക്കുന്ന ആരാധകരുടെ ആവേശവും ഹര്‍ഷാരവവും ഇത്ശരി വയ്ക്കുന്നു .


                     പുലി മുരുകന്റെ മാസ്സും ഒടിയന്റെ ക്ലാസും ഒത്ത് ചേര്‍ന്നതാണ് ലുസിഫര്‍ എന്ന ദ്രിശ്യവിസ്മയം. സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍ പകര്ന്നാടുകയാണ് ഈ ചിത്രത്തില്‍. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി എന്ത് ത്യാഗവും സഹികാനായുള്ള മോഹന്‍ലാലിന്റെ ഡെഡിക്കെഷന്‍ ഹോളിവുഡ് താരങ്ങള്‍ക്ക് വരെ മാതൃകയാണ്. സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ അപ്പെയരന്‍സില്‍ എത്തുന്ന മോഹന്‍ലാലിന്റെ വിരലുകളും രോമങ്ങളും പോലും സ്റ്റീഫന്‍ നെടുംപള്ളി എന്ന കുശാഗ്രബുദ്ധിയായ നായകന്‍റെ മാനറിസങ്ങളിലെയ്ക്ക് രൂപാന്തരം നടത്തുന്നത് ആത്മഹര്ഷത്തോടുകൂടി മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാനാവു.
മോഹന്‍ലാല്‍ -മന്‍ജുവാര്യര്‍ കെമിസ്ട്രി പ്രേക്ഷകന്റെ മനസ്സില്‍ ഭൂതകാല കുളിരിന്റെ മഞ്ഞുതുള്ളികള്‍ പെയ്യിക്കുന്നു. ഒടിയന്റെ വമ്പന്‍ വിജയത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം മത്സരിച്ചഭിനയിക്കുന്ന മന്‍ജു ഈ ചിത്രത്തിന്റെ വൈകാരിക പരിസരങ്ങളില്‍ ചില തീ പാറുന്ന ഡയലോഗുകള്‍ കാഴ്ച്ചവെയ്ക്കുന്നുണ്ട്.
സാമ്ജിത് മൊഹമ്മദിന്റെ നോണ്‍ലീനിയര്‍ എഡിറ്റിംഗ് കഥയുടെ നരേഷ ന്റെ ചടുലത വര്‍ധിപ്പിക്കുന്നു. ദീപക് ദേവിന്റെ അതിമനോഹരമായ ഗാനങ്ങള്‍ മലയാള സിനിമയുടെ കാവ്യവസന്തം ഇനിയും അവസാനിച്ചിട്ടില്ല എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്. 
ബോളിവുഡ് ആക്ടര്‍ വിവേക് ഒബ്റോയി, ടോവിനോ, ഇന്ദ്രജിത്ത് എന്നിവര്‍ എല്ലാം തന്നെ തങ്ങളുടെ റോളുകള്‍ വളരെ ഭംഗിയായി നിര്‍വഹിച്ചു.

ഒരു സിനിമ എന്നതിനപ്പുറം ലുസിഫര്‍ ഒരു അനുഭവമാണ്. ആ അനുഭവത്തെ അതിന്റെ ഭാവാത്മകതയും ചടുലതയും ഒട്ടും നഷ്ടമാകാതെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് പകരാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയവും. ഒട്ടേറെ കളക്ഷന്‍ റെക്കോര്‍ടുകള്‍ തകര്‍ക്കാന്‍ കഴിഞ്ഞു എന്നതിലുപരി മലയാള സിനിമയുടെ ചക്രവാളത്തില്‍ പുതിയ ഒരു കള്‍ട്ട് രൂപപ്പെടുത്തിഎടുക്കാന്‍ കഴിഞ്ഞു എന്നതില്‍ പ്രിത്വിക്കും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്ക് എക്കാലവും അഭിമാനിക്കാം.
My Verdict: 3.815/5.0

Tweet, Share & Like