Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Thursday, August 23, 2012

ഇ-സാമ്പാറും മാവേലിയും പിന്നെ കുലംകുത്തിയും

                    
          ഐശ്വര്യത്തിന്റെ സൈറന്‍ മുഴക്കി വീണ്ടുമൊരു പൊന്നോണം കൂടി വരവായി.  മാവേലി തമ്പുരാന്‍ വീടിന്റെ ഉമ്മറപടിയിലെത്തി കേറണോ വേണ്ടയോ എന്ന ശങ്കയില്‍ നില്‍ക്കുകയാണ്.  പിന്നെന്താ തിരുമനസ്സിനെ അകത്തേയ്ക്ക് ക്ഷണിച്ചു  സപ്രമഞ്ചത്തിലേയ്ക്ക് ആനയിക്കാന്‍ ഇയാള്‍ക്ക്‌ ഇത്ര അമാന്തം എന്നായിരിക്കും നിങ്ങളുടെ സംശയം. ഒന്നുമല്ലേലും 'അതിഥി  ദേവോ ഭവ ' എന്നാണല്ലോ ആര്‍ഷഭാരതത്തിലെ     മാമുനിമാര്‍ നമുക്ക്‌ പകര്‍ന്നു തന്ന പൈതൃകവും സംസ്കാരവും.  മാത്രവുമല്ല,  ഒരു  സെന്‍സര്‍ എന്യുമരെട്ടറെ പോലെ വീട്ടുവാതില്‍ക്കല്‍ വിനയാന്വിതനായി നില്‍ക്കുന്നത്‌ ഒരു എക്സ്-രാജാവ്‌ ആകുമ്പോള്‍ പ്രോട്ടോക്കോള്‍ പ്രകാരം നല്‍കേണ്ട ബഹുമാനാദരവുകള്‍ നല്കിയില്ലേല്‍ കേസ്  വേറെയാകും. ഒരു ഭരണഘടനാപ്രതിസന്ധിയിലെയ്ക്ക് ഊതിപ്പെരുപ്പിച്ച്  വലുതാക്കാന്‍ ഒരു  പ്രശ്നവും കിട്ടാതെ  കാജാബീഡിയും വലിച്ചു സൈബര്‍ സ്പേസില്‍ അലഞ്ഞുതിരിയുന്ന  ഫേസ് ബുക്ക്‌  പാണന്മാര്‍  ഇതെങ്ങാനും സ്കെച്ച് ചെയ്‌താല്‍!!..  തമ്പുരാനെ!!.. എന്റെ കാര്യം പോക്കായി !!
                 വാസ്തവത്തില്‍, മേല്പറഞ്ഞ പോലുള്ള ബഹുമാനക്കുറവ്‌ ഒന്നും ഉണ്ടായിട്ടല്ല കേട്ടോ ഞാനിങ്ങനെ അലക്ഷ്യ ഭാവത്തില്‍ നില്‍ക്കുക. ഓണത്തിനും വിഷുവിനും ക്രിസ്തുമസിനുമൊക്കെ തുളസിയിലയും കൂവളത്തിലയും സമാസമം ചേര്‍ത്ത് തിളപ്പിച്ച കഞ്ഞി വെള്ളം കുംബിളിലാക്കി ചവച്ചരച്ചു കുടിയ്ക്കുന്ന സൊ കോള്‍ഡ്‌ കോരന്മാരുടെ പട്ടികയിലാണ് എന്റെ പേരും. ഇമ്മാതിരിയുള്ള ഒരുതരം ഗതിയില്ലായ്മയില്‍ നട്ടം തിരിയുമ്പോള്‍ എന്ത് , എവിടെന്നെടുത്ത്‌ , എങ്ങനെ മൂപ്പിലാന് സദ്യയൊരുക്കി കൊടുക്കും എന്നുള്ള ഒരു കണ്ഫ്യൂഷനും ഫീല്‍ ചെയ്തു തുടങ്ങിയിട്ടുണ്ട് .  കാണം വിറ്റുകിട്ടുന്ന കാശിനു തിരുമേനിയ്ക്ക് KFC ചിക്കന്‍ വാങ്ങിക്കൊടുക്കാം എന്ന് കരുതിയാല്‍ ആധാരക്കെട്ടുകള്‍ എല്ലാം പണയത്തിലാണ്. ഇനി, കെ.എഫ്.സി വേണ്ട പകരം  വല്ല അവിയലോ സാമ്പാറോ ഒക്കെ കൂട്ടി ഒരു കണ്‍വെന്‍ഷനല്‍ വെജ് സദ്യ ഒണ്ടാക്കി കൊടുക്കാം എന്ന് വെച്ചാല്‍  പച്ചക്കറി ചന്തയിലെയ്ക്ക്  തീ വില മൂലം എത്തിനോക്കാന്‍ വയ്യ.. 
                           എന്നെപ്പോലുള്ള ബിലോ ക്ലാസ്‌ കോരന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ഫോണോ ടാബ് ലറ്റോ മറ്റോ ഫ്രീ ആയി കൊടുക്കും എന്ന് കേട്ടായിരുന്നു. എത്രയും വേഗം കയ്യിലോട്ടു കിട്ടിയിരുന്നേല്‍ മുരിങ്ങക്കൊലിനും മത്തങ്ങയ്ക്കും പകരം ഈ കോപ്പൊക്കെ കണ്ടിച്ചിട്ട് ഒരു 'ഇ-സാമ്പാര്‍' വെച്ച് കൊടുക്കാമായിരുന്നു.. ഇനി, ഓണക്കോടിയുടെ കാര്യമാണേല്‍ പറയാനുമില്ല. പിന്നെയും ഒരു ആശ്വാസം ഉണ്ടാരുന്നത്  ഇത്തവണ എല്ലാ കേരളീയര്‍ക്കും വിദ്യാഭ്യാസ വകുപ്പ്‌ വക ഓണക്കോടികള്‍ സൌജന്യമായി കൊടുക്കും എന്നൊരു ശ്രുതി കേട്ടിരുന്നു. ഫേസ്ബുക്കന്മാര്‍ പറഞ്ഞുള്ള അറിവാണ്. ഒള്ളതാണോ എന്തോ !!.. ഹരിത കേരളത്തില്‍ ഹരിതാഭ ഓണം ആണത്രേ ഇത്തവണ ആഘോഷിക്കുക. പച്ചക്കരയുള്ള കസവ് സാരിയും പച്ചബ്ലൌസും ധരിച്ച മലയാളി മങ്കമാരും പച്ചമുണ്ടും ഷര്‍ട്ടും ധരിച്ച മങ്കന്മാരും പച്ച നിറമുള്ള SAS പേപ്പര്‍ വാഴയിലയില്‍ പച്ചരി ചോറും പച്ചടിയും കൂട്ടി ഓണമുണ്ണുന്ന കാഴ്ച സമ്പൂര്‍ണ്ണ സോഷ്യലിസത്തിന് മുന്നോടിയായുള്ള ദീപക്കാഴ്ചയാണ് പോലും!!      

            ഓണക്കളികള്‍ക്കും  ഓണത്തല്ലിനും   ദൈവം സഹായിച്  കേരളത്തില്‍ യാതൊരു പഞ്ഞവും ഇല്ല  എന്നത് ഒരു സമാധാനമാണ്.  കുലം കുത്തികള്‍ക്ക് പ്രത്യേക തരം തല്ലും പായ്ക്ക് ചെയ്തു  ചൊവ്വയില്‍ നിന്നും കൊട്ടേഷന്‍ സംഘം യാത്ര തിരിച്ചിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. കൊട്ടേഷന്‍ സംഘം എന്നൊക്കെ പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌ നമ്മടെ മാവേലീം ഒരു കൊട്ടേഷന്റെ ഇരയാണല്ലോ അല്ലെ !!.  ഒരു പക്ഷെ ദേവേന്ദ്രന്റെ കൊട്ടെഷനുമായി  വന്നു അതി ക്രൂരവും പൈശാചികവും ആയ രീതിയില്‍ പൊന്നു തമ്പുരാനെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ കോളേജില്‍നിന്ന്‌  തന്നെയാരിക്കും കൊടിസുനിയും മറ്റും എന്‍ജിനീയറിംഗ്  പഠിച്ചത് എന്നതില്‍ എനിക്ക്  യാതൊരു ഡൌട്ടും ഇല്ല. എന്തൊക്കെയായാലും കരഞ്ഞു കാലുപിടിച്ചു വാങ്ങുന്ന ആ മൂന്നു ചുവടില്‍ നിന്നും വ്യത്യസ്തമായി ,  51 വെട്ടിന് പണിയും തീര്‍ത്ത് അടുത്ത വിമാനത്തില്‍ ദുഫായിക്ക് മടങ്ങാന്‍ കഴിയത്തക്ക വിധത്തിലുള്ള ഒരു പ്രൊഫഷനലിസത്തിലേയ്ക്ക് കാര്യങ്ങള്‍ വളര്‍ന്നത്  അതിവേഗം ബഹുദൂരം പായുന്ന കേരളത്തിന്റെ വളര്‍ച്ചയുടെ ഭാഗം തന്നെയാണ് .                  
        ആ നിലയ്ക്ക്  നോക്കുമ്പോള്‍, ദേവലോകത്തിന്റെ സ്ഥാവരജംഗമ വസ്തുക്കള്‍ മൊത്തമായി സ്വന്തം പേരില്‍ എഴുതിവാങ്ങാന്‍ വളരെ നൈസായി  ചരട് വലിച്ച മാവേലി തമ്പുരാന്‍ ഒരു എലൈറ്റ്‌ ക്ലാസ്‌ കുലം കുത്തി തന്നെയാണ് എന്ന് പറയേണ്ടി വരും. ഒടുവില്‍ നല്ലൊരു രാജാവിനെ ചവിട്ടിതാഴ്ത്തി പണ്ടാരടക്കിയ  വാമനന്‍ ന്യു ജനറേഷന്‍ ഹീറോയും ജനകോടികളുടെ വിശ്വസ്ത സ്ഥാപനവുമായി മാറുമ്പോള്‍ ഒരു സമൂഹത്തിന്റെ ആത്മാവിഷ്കാരത്തിനായ്‌  രാജ്യം കൈ വിട്ട  മഹാബലി, ഒരു കോമിക്ക് കഥാപാത്രമോ കൊമാളിയോ ഒക്കെ ആയി  വീണ്ടും വീണ്ടും ഊളയാകുന്ന കാഴ്ചകള്‍ തന്നെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതും.
       എക്കാലത്തും പാര്‍ശ്വവല്ക്കരിക്കപ്പെടുകയും ദേവന്മാരാല്‍ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന അസുര വംശത്തില്‍ ജനിച്ചതുകൊണ്ടല്ലേ മാവേലിയ്ക്ക് ഈ പാടുപീഡ ഒക്കെ സഹിക്കേണ്ടി വന്നത് എന്ന പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. സുഖവും സന്തോഷവും അധികാരങ്ങളുമൊക്കെ ദേവന്മാര്‍ക്ക് മാത്രം വിധിച്ചിട്ടുള്ളതാണെന്നും ദേവലോകത്തിന്റെ പിന്നാമ്പുറത്ത് നിന്നും പൊഴിഞ്ഞു കിട്ടുന്നവ അമൃത് പോലെ ആസ്വദിച്ച് ജീവിതം കഴിച്ചു കൂട്ടുകയാണ് ഒരു ഐഡിയല്‍ അസുരന്‍ ചെയ്യേണ്ടത്‌ എന്നുമുള്ള സത്യം വിസ്മരിച്ചതല്ലേ മഹാബലിയ്ക്ക് പറ്റിയ അബദ്ധം?.. 
         കാര്യം,  കേരളത്തിന്റെ പൊന്നോമനയാണ്, ചക്രവര്‍ത്തിയാണ്, മാങ്ങാത്തൊലിയാണ്  എന്നൊക്കെ പറഞ്ഞു  എല്ലാ ഓണത്തിനും നാം വല്യ  ഡയലോഗ് അടിക്കുമെങ്കിലും മാവെലിയോടു ഒരു തരം വെറുക്കപ്പെട്ടവനോടുള്ള   മനോഭാവം അല്ലെ നാമൊക്കെ ഉള്ളിന്റെ ഉള്ളില്‍ വെച്ച് പുലര്‍ത്തുക?.  അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ്   ലോക്കല്‍ ചാത്തന്‍ന്മാര്‍ക്കും മാടനും മറുതയ്ക്കും  പോലും അമ്പലങ്ങളും പ്രതിഷ്ഠകളും  ഉള്ള നമ്മുടെ നാട്ടില്‍  മഹാബലി ചക്രവര്‍ത്തിയ്ക്ക് ഒരു കല്‍വിളക്ക്‌ തെളിക്കാന്‍ പോലും ആളില്ലാത്തത്??..     ചോതിക്കാനും പറയാനും ആളില്ലെന്ന് കരുതി മാവെലിയോടൊക്കെ  എന്തും ആകാമല്ലോ അല്ലെ..!!           

       നല്ലൊരു ഓണമായിട്ട്  എന്ത് പന്നത്തരം ഒക്കെയാണ്  ഇവന്‍ ഈ എഴുന്നള്ളിക്കുന്നത് എന്ന്  ചിന്തിക്കുന്നവര്‍ ഇത്ര മാത്രം മനസിലാക്കുക-  മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു സംസ്കാരത്തെ പായ്ക്കറ്റ് വല്ക്കരിക്കുന്ന ഈ  നവയുഗ കാലഘട്ടത്തില്‍,  മാവേലി എന്നത്  മാവ്‌, എലി എന്നീ സമത്വ സുന്ദര സോഷ്യലിസ്റ്റ്‌ സമസ്യകളുടെ  സമന്വയീ ഭാവം  ആണ് എന്ന്  സൈബര്‍ ലോകത്തെ  NG കുഞ്ഞുങ്ങള്‍  നാളെ പറഞ്ഞു കൂടായ്കയില്ല.    കാരണം സമൂഹത്തില്‍ നടപ്പിലുള്ള  സകല നിയമങ്ങളെയും വ്യവസ്ഥിതികളെയും ചോദ്യം ചെയ്യുകയും തന്റെതായ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് എല്ലാത്തിനെയും പുനര്നിര്‍വചിക്കുകയും രാജ്യത്തിന്‍റെ നിയമങ്ങള്‍ പോലും ഇതിനനുസരിച് മാറ്റിയെഴുതണം എന്നു ശഠിക്കുകയും ചെയ്യുമ്പോള്‍ ആണല്ലോ ഒരു NG യഥാര്‍ത്ഥ NG ആയി മാറുക..  രാജ്യത്തിന്റെ ദേശീയ പതാകയെ ആദരിക്കുന്നത് വിഡ്ഢിത്തമാണ് എന്നിങ്ങനെയുള്ള വെളിപാടുകള്‍ പോലും അപ്പോള്‍ തലയില്‍ ഉദിച്ചെന്നു വരാം.. പിന്നെയല്ലേ കേരളത്തിന്റെ ദേശീയ ഉത്സവം!!       കണ്ടുകൊണ്ടിരിക്കുന്നതും ഇനി  കാണാനിരിക്കുന്നതും ആയ പൂരങ്ങളെ വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ എന്ത് !!..   

എന്തായാലും നല്ലൊരു ഓണം ഉണ്ണാന്‍ കച്ചകെട്ടുന്നവരും "ക്യൂ നില്‍ക്കുന്നവരും"  കുമ്പിള്‍ കോട്ടുന്നവരുമായ എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക്  ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരത്തെ തന്നെ നേരുന്നു..                
                

Saturday, August 11, 2012

സ്വാതന്ത്യത്തിന്റെ തല്‍സമയ കാഴ്ചകള്‍!!..

                        നമ്മുടെ ഇന്‍ക്രെടിബിള്‍ ഇന്ത്യ  അതിന്റെ 65-മത് സ്വാതന്ത്യ ദിനാഘോഷങ്ങള്‍ക്ക് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഒട്ടേറെ തലമുറകളുടെയും എണ്ണിയാലൊടുങ്ങാത്ത വലിയൊരു സമൂഹം രാജ്യസ്നേഹികളുടെയും ചോരയുടെയും വിയര്‍പ്പിന്റെയും വിലയായാണല്ലോ  ഇന്ന് നാം സ്വാതന്ത്യം എന്ന പേരില്‍ ആഘോഷിക്കുകയും ആസ്വദിക്കുകയും ആര്‍മ്മാദിക്കുകയും ചെയ്യുക. അടിമയായി കഴിയുക എന്ന ദുരവസ്ഥ നമുക്ക്‌  (നമുക്ക്‌ എന്നുവെച്ചാല്‍ ഞാനും നിങ്ങളും ഒക്കെ ഉള്‍പ്പെടുന്ന FB ജെനറേഷന്..) ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തത് കൊണ്ടായിരിക്കും   ഈ ദിനത്തിന് അത് അര്‍ഹിക്കുന്ന ഒരു പ്രാധാന്യം നമ്മള്‍ കൊടുക്കാറുണ്ടോ എന്ന വസ്തുത നാമൊക്കെ മനസ്സിരുത്തി ചിന്തിക്കേണ്ടതാണ്. 

             എല്ലാ അവധി ദിവസങ്ങളെയും പോലെ വീട്ടില്‍ ചടഞ്ഞു കൂടി ഇരിക്കാനും  വൈകിട്ട് കൂട്ടുകൂടി വെള്ളമടിക്കാനും കൈ വരുന്ന ഒരു സുവര്‍ണ്ണാവസരം മാത്രമായി ഈ ദിവസത്തെ കരുതുന്ന ഒട്ടേറെ യുവതുര്‍ക്കികള്‍ നമ്മുടെ ഇടയില്‍ തന്നെ ഉണ്ടല്ലോ..  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമാനമായ ഇന്സ്ടിട്യുഷനുകളിലും മാത്രമായി രാജ്യ സ്നേഹത്തിന്റെ മൂവര്‍ണ്ണക്കൊടികള്‍ ഒതുങ്ങുകയും നാളെയുടെ നവമുകുളങ്ങള്‍ വൈകിട്ടത്തെ പരിപാടിയുടെ ഹാങ്ങ്‌ ഓവര്‍ മാറാതെ ചുരുണ്ടുകൂടി കിടക്കുന്ന കാഴ്ചകള്‍ കാണുമ്പോള്‍  അങ്ങ് സ്വര്‍ഗ്ഗലോകത്തില്‍ ഊന്നുവടിയില്‍ തലചായ്ച്ച്  ഏങ്ങലടിച്ചു കരയുന്ന ഒരു വൃദ്ധാത്മാവിന്റെ ചിത്രം എനിക്ക് ഭാവനയില്‍ കാണാനാവുന്നുണ്ട്..        
     ഇതൊന്നും പോരാഞ്ഞ്, ഇന്ന് നാം അനുഭവിക്കുന്നത് സ്വാതന്ത്യമല്ല , മറിച്ചു മറ്റെന്തോ സാധനം ആണെന്നും  സ്വാതന്ത്ര്യം എന്നപേരില്‍ മെയ്‌ട് ഇന്‍  കുന്നംകുളം സാധനം വാങ്ങിത്തന്നു ഗാന്ധിയും കൂട്ടരും ഇന്ത്യയെ വഞ്ചിക്കുകയാണ് ചെയ്തത് എന്നുവരെ ആരോപണമുയര്‍ന്നിരുന്നു.  ഇതൊക്കെ കേട്ടപ്പോള്‍ സമൂഹത്തിന്റെ വിവിധ (ക്രീമി ആന്‍ഡ്‌ നോണ്‍-ക്രീമി) ലെയറുകളില്‍ പട്ടയം വാങ്ങി താമസിക്കുന്ന വലിയ സമൂഹം ആളുകള്‍ എങ്ങനെയാണ് സ്വാതന്ത്യം എന്നതിനെ നോക്കിക്കാണുന്നത് എന്നറിയാന്‍ എനിക്കും ഒരു ആകാംഷ!!.. അങ്ങനെ പുറത്തേയ്ക്ക്‌ ഇറങ്ങിയപ്പോള്‍ കേട്ട അഫിപ്രായങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.. 
(വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് , ഇവിടെ  ചേര്‍ക്കുന്ന  പേരും ലൊക്കേഷനും യഥാര്‍ത്ഥം അല്ല..) 



  "സ്വാതന്ത്യം  കിട്ടി 65 കൊല്ലമായി, കോപ്പായി എന്നൊക്കെ പറഞ്ഞാലും യഥാര്‍ത്ഥ സ്വതന്ത്യത്ത്തില്‍ നിന്നും ഈ രാജ്യം ഏറെ അകലെയാണ് എന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ സൂചിപ്പിക്കുക..  ഒരാളെ സ്വസ്ഥമായി വെട്ടിക്കൊല്ലാന്‍ പോലും ഇന്ന് ഈ രാജ്യത്ത് സ്വാതന്ത്യം ഇല്ലാതായിരിക്കുന്നു.. അപ്പൊ ഇറങ്ങിക്കോളും പോലീസും കോടതിയും എന്നൊക്കെ പറഞ്ഞു കുറെ പോഴന്മാര്‍!!.. പാര്ട്ടികെതിരെ (എന്നുവെച്ചാല്‍ ഈ രാജ്യത്തിനെതിരെ) ആപ്പ് വെയ്ക്കുന്ന ക്നാപ്പന്മാരെ 51 വെട്ടു വെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുക എന്നത് ഉദാത്തമായ രാജ്യസ്നേഹപരമായ പ്രവൃത്തിയാണ്.. കുറെ സത്യങ്ങള്‍ നമ്പരിട്ടു പറയുവാ... 
1).ഏറെ മഹത്തരവും ഉത്കൃഷ്ടവുമായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സ്വാതന്ത്യമാണ് ഇന്ത്യ മാതൃകയാക്കേണ്ടത്... 
 2).അതിനു വേണ്ടിയാണ്  കാറല്‍ മാര്‍ക്സ്‌,  ഇ.എം.എസ്, ലെനിന്‍ തുടങ്ങിയ സ്വാതന്ത്യ സമര സേനാനികള്‍ ഉപ്പ് സത്യഗ്രഹവും ദണ്ടി യാത്രയും ഒക്കെ നടത്തിയത്‌..  ജാലിയന്‍വാലാബാഗില്‍  ചെഗുവേര രക്തസാക്ഷിത്വം വരിച്ചത്‌... 
3).ചരിത്രപരമായ ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ കുഴിച്ചുമൂടാനാണ്  ഇവിടുത്തെ മാധ്യമ കഴുവേറികള്‍ അന്നും ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുക.. "
                                                          (  -സ.മണിയന്‍ പിള്ള, വണ്ടന്‍മെട് ഏരിയാ കമ്മിറ്റി)




"..കാര്യം എല്ലാ സെറ്റപ്പും ഒക്കെ.. പക്കേങ്കില് ഈ ദേശീയ പതാക ഒണ്ടല്ലോ.. അതത്ര പോര.. ആരോടു ചോയ്ചിട്ടാ ഈ കുംകുമോം വെള്ളേം ഒക്കെ കേറ്റിയത്?.. ഫുള്‍ ഞമ്മന്റെ പച്ച മതി!! അതാ അയിന്റെ ഒരു മൊഞ്ച്.. ഞമ്മന്റെ പാര്ട്ടീന്റെ  കലരും പച്ചയാനെയ്‌.. പണ്ടൊരിക്കല്‍ ഞമ്മടെ പിള്ളേര് ഫുള്‍ പച്ചയാക്കാന്‍ നോക്കീതാ.. അങ്ങ് എയര്‍ പോര്‍ട്ടില്..  ഹോ എന്തൊക്കെ പുകിലാരുന്നു!!.. ഇനീപ്പോ കേരളത്തിന്റെ ദേശീയ പതാക പച്ച ആയി അങ്ങ് പ്രഖ്യാപിക്കും.. ഈ കള്ള ഹിമാറുകള്‍ എന്നാ ഒലത്തൂന്നു കാണട്ടെ!!"
                                                   (-മി.കുഞ്ഞപ്പ കുട്ടി, ഐസ്ക്രീം ലീഗ് ഡിസ്ട്രിക്റ്റ് പ്രസിടന്റ്റ്‌ )             



"   ...സ്വാതന്ത്യം എന്നത് ഒരു മരീചിക പോലെയോ അല്ലെങ്കില്‍ ഉട്ടോപ്യ എന്നൊക്കെ പറയുന്നത് പോലെ ഉപരിപ്ലവമായ ഒരു സംഭവമായോ ഒക്കെയാണു എനിക്ക് അനുഭവപ്പെടുന്നത്..  എന്റെ "ഗാന്ധിയുടെ വടിയും സ്വാതന്ത്യവും' എന്ന ഗ്രന്ഥത്തില്‍  ഈ വിഷയത്തെ പറ്റി വിശദമായി പ്രതിപാതിക്കുന്നുണ്ട്..  തത്വ ചിന്താപരമായി നാം ഒരു അവലോകനം നടത്തുമ്പോള്‍ പാരതന്ത്യം, സ്വാതന്ത്യം എന്നൊക്കെ വിശേഷിപ്പിക്കുക  ഒരേ സംഭവത്തെ തന്നെയാണ് എന്ന് മനസിലാക്കാന്‍ സാധിക്കും...        പ്രഥമ ദ്രിഷ്ട്യാ ഇവ തമ്മില്‍ ബന്ധം കണ്ടെത്താന്‍ സാധിച്ചില്ല എങ്കില്‍ കൂടിയും അതുതന്നല്ലേ ഇത് എന്ന മട്ടിലുള്ള ഒരു ഉല്‍പ്രേക്ഷ എല്ലായ്പ്പോഴും സജീവമാണ്. പരബ്രഹ്മതിന്റെ കിളിവാതിലുകള്‍ മലര്‍ക്കെ തുറക്കപെടുകയും ബന്ധുര കാഞ്ചനക്കൂട്ടിലെ കിളി 'രാത്രി ശുഭരാത്രി..  ഇനി എന്നും ശിവരാത്രി.. " എന്ന ഋഗ്വേദത്തിലെ ശ്ലോകവും ഉരുവിട്ടുകൊണ്ട് അങ്ങ് ചക്രവാളത്തിന്റെ   അനന്തതയില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്ന ആ കാഴ്ച്ച.. അത് സത്യത്തിന്റെ നഭോമണ്ഡലത്തിലേയ്ക്ക് കൂടുതല്‍ വെളിച്ചം വീശും.."
                                                            (-ലഫ്‌.ഡോ.പത്മശ്രീ.  സന്തോഷ്‌  ചക്രവര്‍ത്തി )  




   " ..യൂ നോ.. ഫ്രീഡം എന്നൊക്കെ പറയുന്നത്‌ ഇന്ന് ഒരു കണ്‍സെപ്റ്റ് മാത്രമാണ്.. ഇന്നെവിടെയാണ് സ്വാതന്ത്യം??.. ഒരാണിനും പെണ്ണിനും കൂടി ഇന്ന് സ്വസ്ഥമായി പുറത്തിറങ്ങി നടക്കാനോ സൗഹൃദം  പങ്കിടാനോ ഡേറ്റിംഗ് നു പോകുവാണോ   ഇന്നിവിടെ അവകാശം ഉണ്ടോ?. നേരം ഇരുട്ടിയാല്‍ ഒരാണിനും പെണ്ണിനും ഒരു ഹോട്ടലിലോ ലോഡ്ജിലോ മുറിയെടുക്കാനോ ഗ്ലോബല്‍ റിസഷന്റെ ആഫ്ടര്‍ എഫക്ട്സ്-നെ പറ്റി മുറിയടച്ചിരുന്നു ചര്‍ച്ച നടത്താനോ  ഇന്ത്യയുടെ ഭാവി വാര്‍ത്തെടുക്കാനോ   സാധിക്കുമോ?.. എറങ്ങിയിരിക്കുവല്ലേ മോറല്‍ പോലിസിംഗ് എന്നൊക്കെ പറഞ്ഞു കുറെ ബ്ലഡി ഫ@^$@ഗ്  കള്‍ച്ചര്‍ ലെസ് ഫെല്ലോസ്‌..  ഐ ഹേറ്റ് ദിസ് കണ്ട്രി.. വീ നീട് എ ബ്രാന്‍ഡ്‌ ന്യൂ യൂറോപ്യന്‍ കള്‍ച്ചര്‍.. ശരിക്കും ബ്രിട്ടിഷ് പീപിള്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ ഇന്ത്യന്‍ കല്ച്ചരില്‍ സംഭവിച്ച ഒരു അണ്‍ഫോര്ച്ചുനെറ്റ്‌ മ്യൂട്ടേഷന്‍ ആയാണ് ഞാന്‍ ഇതിനെ കാണുക.."
                                             ( -ഫ്രാങ്കസ്ടിന്‍ നമ്പൂതിരി, ഐ.ടി കണ്‍സല്ട്ടന്റ്റ്‌ , ടെക്നോ പാര്‍ക്ക്‌ )





      "..എല്ലാ മലയാലികള്‍ക്കും എ വെരി  മോസ്റ്റ്‌ ബ്യൂട്ടിഫുള്‍   ഇന്ടിപെണ്ടന്‍സ് ഡേയ് വിഷേസ് ആഷംശിക്കുന്നു.. നമ്മുടെ ഗാന്ധിജി അങ്കിളും  നെഹ്‌റു അങ്കിളും ഒക്കെ കൂടി, അവരുടെ ഒത്തിരി സംഗതികള്‍ മിസ്സ്‌ ചെയ്ത്  വലരെ സ്ട്രൈന്‍ ചെയ്ത് നേടിയെടുത്ത ഒരു സംഭവമാണ് ഈ ഫ്രീഡം എന്നൊക്കെ പരയ്കാ.. അത് എല്ലാ സീസണിലും നന്നായ്‌ സൂക്ഷിക്വാ.. കൂടുതല്‍ ഒന്നും പരയുന്നില്ല.. വന്‍സ് എഗയിന്‍ ഹാപ്പി ഇന്ടിപെണ്ടന്‍സ് ഡേ.."
                                                                (-മിസ്സ്‌ മഞ്ജരി കരിയാസ്‌ , ടി.വി ആങ്കര്‍ )



   "..സ്ത്രീ എന്നും അടിമത്തത്തിന്റെ ചങ്ങലയിലാണ്.. സ്വാതന്ത്യം അതിന്റെ ഷഷ്ടിപൂര്‍ത്തി പിന്നിട്ടു അഞ്ചു വര്ഷം കൂടി കഴിയുമ്പോഴും അഹന്ത മുറ്റിയ പുരുഷന്റെ ചട്ടക്കൂടുകളില്‍ നെടുവീര്‍പ്പിടുകയാണ് ഇന്ന് കേരള സ്ത്രീത്വം.. സ്വന്തം ഇഷ്ടത്തിനൊത്ത വസ്ത്ര ധാരണം പോലും ഇന്ന് കേരള സ്ത്രീകള്‍ക്ക് അന്യമായിരിക്കുന്നു.. അമേരിക്കന്‍-യൂറോപ്യന്‍ പുരോഗമന രാഷ്ട്രങ്ങള്‍  അവരുടെ സ്ത്രീകളുടെ  ഔദ്യോഗിക വസ്ത്രമായി ടു പീസ്‌  അന്ഗീകരിച്ചിട്ടും ഇന്ത്യയിലെ പുരുഷാധിപത്യ സമൂഹം ഇത്തരം    ആശയങ്ങള്‍ക്കെതിരെ കൊഞ്ഞനം കുത്തുകയാണ്. മതത്തിന്റെ മുഖം മൂടിയണിഞ്ഞ ഇത്തരം സ്ത്രീ വര്‍ഗ ശത്രുക്കള്‍ക്കെതിരെ ഒരു തുറന്ന പോരാട്ടം ആവശ്യമായിരിക്കുന്നു..   വെറും 33ശതമാനം സംവരണം ആണ് ഇന്ന് സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ ഉള്ളത്.. ഇത് 100 ശതമാനത്തിലെയ്ക്ക് എത്തിക്കേണ്ടത്‌ ഇന്ത്യന്‍ സ്ത്രീ സമൂഹത്തിന്റെ അഭിമാന പ്രശ്നമാണ്.. സ്ത്രീ സമൂഹം കാലാകാലങ്ങളായി അനുഭവിക്കേണ്ടി വരുന്ന ഗര്‍ഭധാരണം എന്ന മാരണം  പുരുഷകെസരികള്‍ക്ക് കൈമാറുകയും സ്വാതന്ത്യത്തിന്റെ ചക്രവാളങ്ങളില്‍ പെന്‍ശലഭങ്ങള്‍ പാറിപ്പറക്കുകയും ചെയ്യുന്ന ആ കാഴ്ച്ച ഏറെ വിദൂരമല്ല.. സ്ത്രീ ഒരു കോപ്പന്റെയും പെങ്ങളല്ല, അമ്മയല്ല, ഭാര്യയല്ല.. മറിച്ച്  സ്ത്രീ ഒരു ഭയങ്കര സംഭവം തന്നെയാണ് .. "       
                                    -(മിസ്സ്‌. സുലോചനാ വര്‍മ്മ,  സ്ത്രീസംരക്ഷക (മൊത്തമായും ചില്ലറയായും!)




       "..വാസ്തവത്തില്‍ ഇവിടെ ശരിക്കും എന്നതാ  സംഭവിക്കുന്നത് എന്ന് പിടി കിട്ടുന്നില്ലെടാ ഉവ്വേ.. സാധാരണക്കാരന് ചൂടുവെള്ളത്തില്‍ കുളിക്കാന്‍ വയ്യ, ഉമ്മിക്കരി വെച്ച് പല്ല് തേയ്ക്കാന്‍ വയ്യ.. ഹെല്‍മെറ്റ്‌ ഇല്ലാതെ വണ്ടിയോട്ടാന്‍ വയ്യ.. പ്ളാസ്റിക് ബാഗില്‍ പച്ചക്കറി വാങ്ങാന്‍ വയ്യ.. അതൊക്കെ വല്യ വല്യ തെറ്റുകള്‍!! പോലിസ്‌ , കോടതി പിഴ.. തേങ്ങാക്കൊല!! കോടികള്‍ അഴിമതി നടത്തുന്നവന്‍ കൊടി വെച്ച കാറില്‍ പാഞ്ഞു പോകുന്നു!!.. അവരെ കാണുമ്പോ പോലിസ്‌ സലുറ്റ്‌ അടിക്കുന്നു.. ബോംബ്‌ പൊട്ടിച്ചു നാട്ടുകാരെ കൊന്ന തീവ്രവാദി ചിക്കെന്‍ ബിരിയാണി തിന്നുന്നു..  ഇതൊക്കെ പോരാഞ്ഞു  ഇടക്കിടെ അവന്റെയൊക്കെ അമ്മെക്കെട്ടിക്കാനായ്‌ ഓരോ ബന്ദും ഹര്‍ത്താലുമായി ഇറങ്ങും.. ഇതൊക്കെ എന്തോന്ന്‍ അവസ്ഥയാണ് അണ്ണാ.. അറിയാന്‍ വയ്യാഞ്ഞിട്ട് ചോതിക്കുവാ.."
                                                                 (-പൊതുജന കഴുതകളില്‍ ഇമ്മിണി മൂത്ത കഴുത )
           


         മേല്പറഞ്ഞതൊന്നും എന്റെ അഭിപ്രായങ്ങളായി ആരും തെറ്റിദ്ധരിക്കരുതേ എന്ന് അപേക്ഷയുണ്ട്.  ടിയാന്മാരെ പോലെ സ്വാതന്ത്യത്തെപ്പറ്റി ആശയ ബാഹുല്യത്താല്‍ സമലംകൃതമായ വിലയിരുത്തലുകല്‍ക്കൊന്നും  എനിക്ക് ആമ്പിയര്‍ ഇല്ല എന്ന വിവരം വ്യസന സമേതം അറിയിക്കുകയാണ്..  മാത്രമല്ല, ഇപ്പോള്‍  ആസ്വദിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്യത്തില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്.. ഒന്നുമല്ലേലും ഈ സ്വാതന്ത്യത്തിന്റെ മൂല്യം ഒന്നുകൊണ്ടു മാത്രമാണല്ലോ ഇതുപോലൊരു പീറബ്ലോഗ്‌ എനിക്ക് എഴുതാന്‍ സാധിക്കുന്നതും ഇന്ത്യന്‍ പ്രസിടന്ടു മുതല്‍ വാര്‍ഡ്‌ മെമ്പര്‍ വരെയുള്ളവര്‍  തുമ്മുന്നുണ്ടോ ചീറ്റുന്നുണ്ടോ എന്നൊക്കെ നോക്കിയിരുന്ന്, ഇനി മേലില്‍ ഈ പണി പറ്റില്ല എന്നൊക്കെ ഡയലോഗ് അടിക്കാന്‍ സാധിക്കുന്നതും!!.. ഇതൊക്കെ വല്ല ചൈനയിലോ അറബി നാട്ടിലോ ജനിച്ചു പോയിരുന്നേല്‍ നടപ്പതു കാര്യം വല്ലതുമാണോ!!..
എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെലും ഒരു ഇന്ത്യക്കാരനായി ഈ പുണ്യ ഭൂമിയില്‍ പിറന്നു വീഴാന്‍ ഇടയായതില്‍ ഞാന്‍ അഭിമാനിക്കുന്നു.. ദൈവത്തിനു നന്ദി പറയുന്നു.. 
       പിറന്ന മണ്ണിനുവേണ്ടി പ്രാണന്‍ ത്യജിച്ച വീരന്മാര്‍ക്കും,  ഇപ്പോഴും കൊടും തണുപ്പിനെ തൃണവല്‍ക്കരിച്ച്  മാതൃ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ധീര ജവാന്മാര്‍ക്കും ഒരു ബിഗ്‌ സല്യൂട്ട്.. 
എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്വാതന്ത്യ ദിനാശംസകള്‍ അഭിമാനപൂര്‍വ്വം നേരുന്നു..!!
ജയ്‌ ഹിന്ദ്‌ !!!!!       

                     
           

Sunday, August 5, 2012

ആഗോള ഗ്രാമങ്ങള്‍ മറന്നുപോകുന്നത്..

  നല്ലൊരു ഞായറാഴ്ചയായതുകൊണ്ടും അതിലുപരി ഇന്ന് ലോക സൌഹൃദ ദിനം ആയതുകൊണ്ടും അല്പം തത്വചിന്തയുടെയും നൈതികത നിറഞ്ഞ മനുഷ്യ ബന്ധങ്ങളുടെയും നടപ്പാതകളിലൂടെ (ഈ ചവറിനെയൊക്കെ ഇങ്ങനെ വിശേഷിപ്പിക്കുന്നതില്‍ ക്ഷമിക്കുക.. ലേഖകന്‍റെ ജന്മസിദ്ധമായ അഹങ്കാരത്തിന്‍റെ ഭാഗം മാത്രമായി ഇതിനെയൊക്കെ കണ്ടാല്‍ മതി) പ്രാഞ്ചി പ്രാഞ്ചിയാണെങ്കിലും  അല്പം ചുവടുകള്‍ മുന്നോട്ട്  വെയ്ക്കുന്നത് കുറച്ച്‌  ആത്മീയ ഉത്കര്‍ഷത്തിനു (നിങ്ങളുടെയല്ല, എന്‍റെ..) ഉപകരിക്കുമെന്ന് തോന്നുന്നു. 

 വിജ്ഞാന വിസ്ഫോടനത്തിന്റെ സാങ്കേതിക തലങ്ങളെ പറ്റി എന്നെക്കാളും കൂടുതല്‍ അറിവ് അത്തരം സ്ഫോടനങ്ങള്‍ക്ക്‌ തിരി കൊളുത്തുന്ന, ഇപ്പോളും കൊളുത്തിക്കൊണ്ടിരിക്കുന്ന നിങ്ങള്‍ക്ക്‌ ഉണ്ട് എന്ന വസ്തുതയെപ്പറ്റി  നിങ്ങള്‍ക്ക്‌ സംശയം ഉണ്ടായേക്കാം എങ്കിലും എനിക്കില്ല.  ഇലക്ട്രോണിക് യുഗത്തിന്റെ പ്രവാചകന്‍ എന്നറിയപ്പെടുന്ന മാര്‍ഷല്‍ മാക്‌ ലുഹാന്‍ ഈ സമകാലീന ലോകത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്- 
             “...The time has ceased..
                                   space has vanished..
                                 we are living in a global village..”    
    സമയം ഇല്ലാതാകുന്ന, ദൂരങ്ങള്‍ അപ്രത്യക്ഷമാകുന്ന ഈ ഡാറ്റ സുനാമിയുടെ (Data Tsunami) ഓളങ്ങളില്‍ എങ്ങോട്ടെന്നില്ലാതെ തുഴഞ്ഞുനീങ്ങുന്ന നാം ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുകയാണ്. അതെ,  ഈ ആഗോള ഗ്രാമം ചെറുതാകുകയാണ്- എല്ലാ അര്‍ത്ഥത്തിലും.  ദൂരവും സമയവും മാത്രമല്ല, ഒരുകാലത്ത് നാം മഹത്തരം എന്ന് കരുതിയിരുന്ന പലതും ചുരുങ്ങിച്ചുരുങ്ങി ഒടുവില്‍ ശൂന്യതയില്‍ പുകച്ചുരുളുകള്‍ പോലെ വിലയം പ്രാപിക്കുകയാണ്.  എന്തിനെയും ഏതിനെയും സംശയത്തോടെ മാത്രം  വീക്ഷിക്കുന്ന ഒരു ശരാശരി ഔട്ട്‌സ്പോകെന്‍  മലയാളിയുടെ കണ്ണട കൊണ്ട് നോക്കുന്നതു കൊണ്ടാണോ എന്തോ.. മങ്ങിയ കാഴ്ചകള്‍ തന്നെ വീണ്ടും വീണ്ടും ഫ്രെയിമില്‍ നിറയുന്നു...

       ശാസ്ത്രത്തിന്റെ ചിറകിലേറി നാം കൂടുതല്‍ ഉയരങ്ങളും കൂടുതല്‍ ദൂരങ്ങളും പിന്നിടാനുള്ള വെമ്പലില്‍ മുകളിലേയ്ക്ക് കുതിക്കുകയാണ്. മുകളിലേയ്ക്ക് കുതിക്കാന്‍ പിണ്ഡം തടസമാകുമ്പോള്‍ അതിനു കാരണഹേതുവായ ദൈവകണത്തെ നാം പുറംകാലുകൊണ്ട് തട്ടിക്കളയുകയാണ് പതിവ്‌.  ഭാരം നഷ്ടപ്പെട്ട് ഒരു അപ്പൂപ്പന്‍ താടി പോലെ പാറിപ്പറന്ന്,  അതിര്‍വരമ്പുകള്‍ ഇല്ലാത്ത സ്വാതന്ത്യം ആസ്വദിച്ച്, നാം ജീവിതംതന്നെ ഒരു ആഘോഷമാക്കി മാറ്റാറുണ്ട്. 
  എങ്ങോട്ടെന്നില്ലാതെയുള്ള ഈ   പ്രയാണത്തില്‍ മാര്‍ഗതടസമായി മുന്നില്‍ വന്നു ചാടുന്നതിനെയെല്ലാം അന്‍പത്തൊന്നും അറുപത്തൊന്നും  വെട്ടു വെട്ടി  അരിഞ്ഞു  തള്ളാന്‍ പലപ്പോഴും നമുക്ക്‌ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. തെളിവുകള്‍ മാന്തിയെടുത്ത് ഒരു നികൃഷ്ടജീവിയും തന്റെ പിന്നാലെ വരില്ല എന്ന് ഉറപ്പുവരുത്തിയശേഷം പുത്തന്‍ മേച്ചില്‍പ്പുറങ്ങളില്‍ ഉല്ലസിക്കുമ്പോള്‍  ഒരു നാള്‍ സര്‍വശക്തന്റെ “നിന്റെ സഹോദരന്‍ എവിടെ?’ ചോദ്യത്തിനു ഉത്തരം നല്‍കേണ്ടിവരും  എന്ന വസ്തുത പലരും ഓര്‍ക്കാറുമില്ല.
 
 ഗര്‍ഭപാത്രത്തിനു പുറത്തെ വെളിച്ചത്തിന്റെ ഊഷ്മളതയും അമ്മയുടെ പുഞ്ചിരിയുടെ മനോഹാരിതയും  സ്വപ്നം കണ്ട്, സുഖസുഷുപ്തിയില്‍ മയങ്ങുന്ന നവമുകുളങ്ങളെ മുന്‍സിപ്പാലിറ്റിയുടെ ചവറുകൊട്ടയിലെയ്ക്ക് കഷണങ്ങളാക്കി വലിച്ചെറിഞ്ഞു കളയുമ്പോള്‍, കാലില്‍ കൊണ്ട മുള്ള് വലിച്ചൂരി കളയുന്ന ലാഘവം മാത്രമേ നമുക്ക്‌ തോന്നാറുള്ളൂ.
          അയല്‍ക്കാരുറെയും ആത്മാര്‍ത്ഥ സുഹൃത്തിന്റെയും നെഞ്ചത്ത്‌ കാലുറപ്പിച്ചു നിന്ന്  പുരോഗമനത്തിന്റെ ഏണിപ്പടികള്‍ കയറിപ്പോകുമ്പോള്‍ മനസാക്ഷിയുടെ പിന്‍വിളികള്‍ ഇന്നുനാം കേള്‍ക്കാറില്ല. ലക്ഷ്യവും മാര്‍ഗവും എല്ലാം ചോര പുരളുമ്പോഴും  അപ്പോഴൊക്കെ നമ്മുടെ സ്വപ്നങ്ങളില്‍ നിറയുന്ന മോഹനവര്‍ണ്ണങ്ങള്‍ പറഞ്ഞറിയിക്കാവുന്നതാണോ?.. സംതൃപ്തി എന്നത് അപ്പോളും ഒരു മരീചിക പോലെ അകന്നകന്നു പോവുകയല്ലേ.. പിടി തരാതെ..
 
 ഒടുവില്‍, രമ്യഹര്‍മ്യങ്ങളിലെ കനക സിംഹാസനങ്ങളില്‍ പടഞ്ഞിരുന്നു സാമൂഹ്യ നന്മയുടെയും മനുഷ്യത്വത്തിന്റെയും അപ്പസ്തോലന്മാരായി സ്വയം അവരോധിക്കുമ്പോള്‍ പിന്നിട്ട വഴികളെ നാമൊക്കെ സൌകര്യ പൂര്‍വം മറന്നുകളയുകയല്ലേ പതിവ്‌?. ട്വിട്ടരിലും ഫേസ്ബുക്കിലും കാരുണ്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും നവയുഗ പാഠങ്ങള്‍ രചിക്കുമ്പോഴും  നാട്ടുകാരെ ബോധവല്‍ക്കരിക്കുമ്പോഴും സ്വന്തം വീടിന്റെ പിന്നാമ്പുറങ്ങളിലോ ഇരുണ്ടകോണുകളിലോ കിടന്നു ശിഷ്ട ജീവിതം നരകിച്ചു തീര്‍ക്കുന്ന പുരാതന ജന്മങ്ങളെ കണ്ടില്ലന്നു നടിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് പഞ്ഞം ഉണ്ടെന്നു തോന്നുന്നില്ല. പ്രത്യേകിച്ചും ദൈവത്തിന്റെ സ്വന്തം നാട്ടില്‍..
  മേല്പറഞ്ഞ പുരാതന ജന്മങ്ങള്‍ സ്വന്തം ജീവിതത്തിനു വില വെയ്ക്കാതെ ചോര നീരാക്കിയും മുണ്ട് മുറുക്കിയുടുത്തും തള്ളിനീക്കിയ കാലഘട്ടങ്ങളുടെയും   സ്വയം വിറകുകൊള്ളിയായി എരിഞ്ഞു തീര്‍ന്ന ത്യാഗപൂര്‍ണമായ സായാഹ്നങ്ങളുടെയും  ആകെത്തുകയാണ്   ഇന്ന് തടിച്ചു കൊഴുത്ത് കൊളസ്ട്രോള്‍ മുറ്റിയിരിക്കുന്ന പുണ്യദേഹങ്ങളുടെ രൂപത്തില്‍ സുഖസൌകര്യങ്ങളുടെ ബ്ലാങ്കറ്റിനടിയില്‍ പുളച്ചു മറിയുന്നത് എന്ന വസ്തുത, സീനിയര്‍ സിറ്റിസണ്‍ റിസോര്‍ട്ടുകളായി മുഖം മിനുക്കിയ  ന്യൂ ജനറേഷന്‍ വൃദ്ധ സദനങ്ങളില്‍ സ്വന്തം മാതാപിതാക്കള്‍ക്ക്‌ അഡ്മിഷന്‍ വാങ്ങുമ്പോള്‍ ഒരു വല്‍സല പുത്രനും ഓര്‍ക്കാറില്ല. 
      സര്‍വവും വെട്ടിപ്പിടിച്ച് കാല്ച്ചുവട്ടിലാക്കി എന്ന് അഹങ്കരിക്കുമ്പോഴും തൃപ്തി എന്നത് വീണ്ടും ഒരു നിഗൂഡ സമസ്യ അജ്ഞാതമായി തുടരും. അഞ്ചുസെന്റ് സ്ഥലവും ചെറ്റക്കുടിലും ആവശ്യത്തിനും അതിലേറെയും പ്രാരാബ്ധങ്ങളും മാത്രം സംബാദ്യമായുള്ള അയല്‍വാസി എങ്ങനെയാണ് ഇത്ര സംതൃപ്തനും സന്തോഷവാനും ആയി കഴിയുന്നത്, എന്തുകൊണ്ടാണ് അയാള്‍ക്ക്‌ പരാതികള്‍ ഇല്ലാത്തത് എന്നതിനെക്കുറിച്ച് ഒരുപക്ഷെ നാം അത്ഭുതം കൂറും.. 
   മറവിയുടെ മാറാലകളും സ്വയംകൃത മറന്നുപോകലുകളും ഒരു കാലത്ത് തൂത്തെറിയപ്പെടുക തന്നെ ചെയ്യും. തിരിച്ചറിവുകള്‍ വാതിലില്‍ മുട്ടുമ്പോഴെയ്ക്കും ഏറെ വൈകിയിരിക്കും.  കാലം അതിന്റെ കാവ്യ നീതി എക്കാലത്തെയും പോലെ ഭംഗിയായി നിറവേറ്റുമ്പോള്‍ സ്വന്തം മക്കളോടു കോപിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള സ്വരം പോലും നഷ്ടപ്പെട്ടിരിക്കും. ഒടുവില്‍ എവിടെയാണ് പിഴച്ചത് എന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഒരായിരം കരങ്ങള്‍ തന്റെ നേരെ നീളുന്നതും അവനെ ക്രൂശിക്കുക എന്ന് അലറിവിളിക്കുന്നതും ഒരു ബ്ലായ്ക്ക് ആന്‍ഡ്‌ വൈറ്റ്‌ ഫിലിമില്‍ എന്നപോലെ അവ്യക്തമായി കാണാന്‍ സാധിക്കും.
         ആള്‍ക്കൂട്ടത്തിന്റെ തിരക്കില്‍ ഒഴുകി നീങ്ങിയിരുന്ന താന്‍ ഒറ്റയ്ക്കായത് എങ്ങനെ എന്ന ചോദ്യം മാത്രം അപ്പോളും ഒരു പ്രഹേളിക പോലെ അവശേഷിക്കും. ഒരുപക്ഷെ ജീവിത സായാഹ്നത്തിന്റെ അന്ത്യ യാമങ്ങളില്‍ അത് നാം തിരിച്ചരിഞ്ഞെക്കാം – ലോകം ചുരുങ്ങി ചെറുതായപ്പോള്‍ അതിനോടൊപ്പം തന്റെ മനസും ഹൃദയവും കൂടി ചെറുതായിപ്പോയി എന്ന സത്യം..    
     
വാല്‍ക്കഷണം:- 
  വിഷയ ദാരിദ്ര്യം കൊണ്ട് നട്ടംതിരിയുകയും  "എന്താടാ പുല്ലേ പുതിയ പോസ്റ്റ്‌ ഒന്നും ഇടാത്തത്?"..,  "..മസ്തിഷ്കത്തില്‍ ബ്ലോക്ക്‌ ബാധിച്ചോഡാ കോപ്പേ??.." എന്നിങ്ങനെയുള്ള ചോദ്യശരങ്ങളാല്‍ പൊറുതിമുട്ടുകയും ചെയ്യുമ്പോള്‍ എന്നെപ്പോലുള്ള NG ബ്ലോഗ്ഗര്‍മാര്‍ കാണിക്കുന്ന സ്ഥിരം  ചെപ്പടി വിദ്യകളുടെ ഭാഗം മാത്രമായി ഈ പോസ്റ്റിനെ  കാണുക!!. 


Wednesday, August 1, 2012

അഭിമാനിക്കാന്‍ ഓരോരോ കാരണങ്ങള്‍..

               കേരളത്തിന് മാത്രം പൈതൃകാവകാശമായി  ഉയര്‍ത്തിക്കാട്ടാനുള്ള ആ പാളത്തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെടുകയാണ്. ലോകചരിത്രത്തില്‍ ആദ്യമായാവണം ഒരു കൊലക്കേസ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തതില്‍  പ്രതിഷേധിച്ച്   ഹര്‍ത്താല്‍ ആചരിക്കപ്പെടുന്നത്. (ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ കേസുകെട്ടുകളെ പറ്റി വല്യ നോളജ് ഇല്ല.. സഖാക്കള്‍ ക്ഷമീ..).
       രാജ്യത്തിന്റെ  അഭിമാനത്തിന്റെ നെഞ്ചത്ത് കൂടി  ക്യാറ്റ്‌ വോക്  ചെയ്ത മാധുര ഹണിയ്ക്ക് ശേഷം ഇപ്പോള്‍ ഇതാ ബ്ലഡി മല്ലൂസിന്റെ നെഞ്ചത്ത്‌ പേട്ട തുള്ളാന്‍ഏല്ലാ വിധ സന്നാഹങ്ങളും തയ്യാറായി കഴിഞ്ഞു.
 കുറേക്കാലത്തിനു ശേഷം ഒരു കൊട്ടേഷന്‍ ഒത്തുവന്നതില്‍  ഉള്ള സന്തോഷത്തില്‍ ആയിരിക്കണം ഷെഡ്ഡില്‍ നിന്നും ഇറങ്ങാനൊരുങ്ങുന്ന ഹര്‍ത്താല്‍ തൊഴിലാളികള്‍ ഇപ്പോള്‍.. നാളെ എത്ര ബസ്സുകള്‍ കത്തിക്കണം, എത്ര പേരുടെ മോന്ത അടിച്ചു ചളുക്കണം, എത്ര നികൃഷ്ട ജീവികളുടെ തന്തയ്ക്ക് വിളിക്കണം എന്നിങ്ങനെയുള്ള ശുദ്ധികലശങ്ങളുടെയും പൂജാവിധികളുടെയും  കണക്കെടുപ്പില്‍ ആവണം പാര്‍ട്ടി പൂജാരികള്‍ ഇപ്പോള്‍.  

       അതെന്തായാലും വളരെ നികൃഷ്ടമായ ഒരു  കീഴ്വഴക്കത്തിനാണ് സി.പി.എം കഴിഞ്ഞ കോഴിക്കോട്  ജില്ലാ തല ഹര്‍ത്താല്‍ മുതല്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഒരു ക്രിമിനല്‍ കേസിലെ പ്രതി എന്ന് സംശയിക്കുന്ന ഒരു വ്യക്തിയെ - അയാള്‍ ഏതു കോപ്പിലെ പാര്‍ട്ടിയുടെ കൊണാണ്ടന്‍ ആയാലും - അറസ്റ്റ്‌ ചെയ്ത് അകത്തിടാനും തെളിവുകള്‍ ശേഖരിക്കാനും അങ്ങനെ ശേഖരിച്ച തെളിവുകള്‍  കോടതിയില്‍  ഹാജരാക്കി ടിയാന് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനുമാണ്  ഇന്ത്യന്‍ പീനല്‍ കോഡ്,  പോലിസ്‌  എന്നിങ്ങനെയുള്ള സെറ്റപ്പുകള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. കേരളം ഈ ഇന്ത്യയിലെ ഒരു സംസ്ഥാനവും കണ്ണൂര്‍  ഈ സംസ്ഥാനത്തിലെ ഒരു ജില്ല മാത്രവും ആണ് എന്നിരിക്കെ മേല്‍പ്പറഞ്ഞ നിയമങ്ങള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയ്ക്ക് ബാധകം അല്ല എന്ന് വരുന്നില്ല.
       ഒരു പക്ഷെ കണ്ണൂര്‍ എന്നത് പ്രത്യേകമായ ഒരു രാജ്യമോ സമത്വ സുന്ദര ചൈനയുടെ ഒരു ഭാഗമോ ഒക്കെ ആണ് എന്നൊരു മിഥ്യാ ധാരണ അന്നാട്ടുകാരായ സഖാക്കള്‍ക്ക്‌ ഉണ്ടായാല്‍ കൂടിയും പ്രബുദ്ധര്‍ എന്ന് സ്വയം കരുതുന്ന സി.പി.എം സംസ്ഥാന നേതൃത്വം അത്തരമൊരു ധാരണ വെച്ച് പുലര്ത്തുന്നതിനെ നിരാശാജനകം എന്നെ വിശേഷിപ്പിക്കാനാവൂ. പുരോഗമനാത്മക രാഷ്ട്രീയ പ്രസ്ഥാനം എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം മുക്രയിടുകയും കേരളത്തെ മൊത്തം വല്ലാത്തൊരു പുരോഗതിയുടെ തൊണ്ടക്കുഴിയില്‍ വരെ എത്തിക്കുകയും ചെയ്തവര്‍ നിയമവ്യവസ്ഥയ്ക്ക് നേരെ ഈ വിധം മുണ്ട് പൊക്കിക്കാട്ടുന്നതിലൂടെ ഏതു വിധത്തിലുള്ള പുരോഗമനത്തിലെയ്ക്കാണ് നാടിനെ നയിക്കുന്നത് എന്നതിനെപറ്റി പൊതുജനകഴുതകള്‍ക്ക് ഇനിയും പിടികിട്ടുന്നുണ്ടാവില്ല.  ഇമ്മാതിരിയുള്ള ബാര്‍ബേറിയന്‍ നവോഥാന കാലഘട്ടത്തിന്റെ അന്തര്‍ധാരാതലങ്ങളെ പറ്റി സഖാകന്മാര്‍  ഒരു നിഷ്പക്ഷമായ അവലോകനം നടത്തുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.   ചുരുങ്ങിയത് "കേരള ജനത ഹര്‍ത്താലിനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു " എന്ന് നാളെ വൈകുന്നേരം ചാനലുകളുടെ മുന്‍പാകെ ഓരിയിടുന്നതിനു ഒരു അഞ്ചു മിനുട്ട് മുന്‍പെങ്കിലും..
                ധന്യമായ കമ്യൂണിസ്റ്റ് ജീവിതം മാത്രം നയിക്കുന്ന ഒരു സഖാവാണ് ജയരാജന്‍ എന്ന് ബോധ്യമുള്ള ഒരു നേതൃത്വമാണ്  സി.പി.എം നു ഉള്ളതെങ്കില്‍ ചെയ്യേണ്ടത് അന്തസ്സോടെ ഈ കേസിനെ നിയമപരമായി കോടതിയില്‍ നേരിടുകയാണ്. അതിനു പകരം സംസ്ഥാനത്തെ കലാപത്തിന്റെ തീച്ചൂളയാക്കുകയും നിയമം കയ്യിലെടുക്കുകയും ചെയ്യാനുള്ള ധാര്‍ഷ്ട്യമാണ്  പാര്‍ട്ടി മുന്നോട്ടു വെയ്ക്കുന്നതെങ്കില്‍  പായും തലയണയും ട്രാവല്‍ ബാഗും ഒക്കെ ഒരുക്കി വെച്ചുകൊള്ളുക എന്ന് മാത്രമേ പറയാനുള്ളൂ.  കാരണം ക്ഷമയുടെ നെല്ലിപ്പടിയും അതിനപ്പുറവുമൊക്കെ കണ്ടുകഴിഞ്ഞു കേരളത്തിലെ ജനങ്ങള്‍.   
          അങ്ങാടിയില്‍ തോല്‍ക്കുന്നതിനു വീണ്ടും വീണ്ടും പൊതുജനങ്ങളുടെ നെഞ്ചത്ത് പൊന്കാലയിടുന്ന സഖാക്കന്മാര്‍  നാളത്തെ പൊന്കാലയിടല്‍ തുടങ്ങുന്നതിനു മുന്നേ ഒരു ഹാന്‍ഡ്‌ കര്‍ച്ചീഫ് പോക്കറ്റില്‍ കരുതുകയോ തലയില്‍ കെട്ടുകയോ ചെയ്യുന്നത് നന്നായിരിക്കും.  കൊടിയുടെ നിറമോ വടിവാളുകളുടെയും കുറുവടികളുടെയും  പിന്ബലമോ ഇല്ലാത്ത ഒരു സമൂഹം ജനങ്ങളുടെ കാര്‍ക്കിച്ചു തുപ്പലുകള്‍ നിറുകയിലൂടെ ഒലിച്ചിറങ്ങുമ്പോള്‍ ഒപ്പിയെടുക്കാന്‍ ഇത് ഏറെ സഹായകമായിരിക്കും. 

      ചാനല്‍ റിയാലിറ്റിഷോയില്‍  ഫേവറിറ്റ്  കൊച്ചിന്  വേണ്ടി അയയ്ക്കുന്ന എസ് .എം.എസ്  പോലെയാണ് നാളെ നിങ്ങള്‍ എറിയുന്ന ഓരോ പെട്രോള്‍ ബോംബുകളും കാറ്റ് കുത്തിവിടുന്ന ഓരോ ടയറുകളും  ഇപ്പോള്‍ എലിമിനേഷന്‍ റൌണ്ടില്‍ നില്‍ക്കുന്ന ജയരാജന്‍ സഖാവിന് പ്രയോജനപ്പെടുക എന്നുതുടങ്ങിയ  സ്റ്റഡി ക്ലാസ് വചനങ്ങളും കേട്ട്; നാളെ നിരത്തുകളിലെയ്ക്ക് ഇറങ്ങുന്ന അഭ്യസ്ത വിദ്യരോടു   എന്ത് പറയണം എന്നറിയില്ല. പോലിസിന്റെ അടി വാങ്ങിയും നാട്ടുകാരുടെ പ്രാക്കു കേട്ടും തന്നിലെ വിശ്വോദാത്തമായ നേതൃപാടവം വികസിപ്പിക്കുന്നവര്‍ തീര്‍ച്ചയായും ഈ നാടിനു വഹിക്കാന്‍ കഴിയാത്ത ഭാരം തന്നെയാണെന്ന് പറയാതിരിക്കാന്‍ വയ്യ.

വാല്‍ക്കഷണം :-

UPDATE ON 03/07/2012:

            അങ്ങനെ  ഈ ഹര്‍ത്താലും വിജയകരമായി പരിസമാപിക്കുകയാണ്. പൊതുജനങ്ങളുടെ അണ്ണാക്കിലെയ്ക്ക് തിരുകാന്‍ വെച്ചിരുന്ന പരിപ്പുവടയുടെ ഒരു വീതം കുട്ടി സഘാവിനും കിട്ടി എന്ന്‍ വായിച്ചറിഞ്ഞു..
സന്തോഷായി വിജയേട്ടാ.. പെരുത്ത്‌ സന്തോഷായി!!  

            

Tuesday, July 17, 2012

തട്ടം വലിച്ചു കീറുന്നവര്‍..


         മലയാള സിനിമയുടെ പുല്തകിടികളില്‍ സ്വച്ഛമായി മേഞ്ഞ് അര്‍മ്മാദിച്ച് നടക്കുന്ന ng കോലാടുകള്‍ക്കിടയിലെ നിഷ്കളങ്കനായ ചെമ്മരിയാട്ടിന്‍കുട്ടി എന്ന പോലെയാണ്  അടുത്ത കാലത്തിറങ്ങിയ "തട്ടത്തിന്‍ മറയത്തു " എന്ന സിനിമ അനുഭവപ്പെട്ടത്. വിശ്വോദാത്ത ചിത്രം എന്നൊന്നും പറയുന്നില്ല. മനോഹരമായ ഒരു പ്രണയ ചിത്രം. ന്യൂജനറേഷന്‍ അപ്പസ്തോലന്മാരുടെ ചട്ടക്കൂടുകളില്‍ നിന്നും  വേറിട്ടുനില്‍ക്കുന്ന ഒരു ചിത്രം എന്നും വേണമെങ്കില്‍  പറയാം. ഒരു ന്യൂ ജനറേഷന്‍ സിനിമയുടെ കണ്‍വെന്ഷണല്‍ കൂട്ടുകള്‍   മിസ്സായിരിക്കുന്നത് കണ്ടപ്പോളേ തോന്നി  NG ബുദ്ധിജീവികള്‍ തൂലിക പടവാളാക്കി ആഞ്ഞടിക്കുമെന്ന്. ഏതു കോപ്പിലെ  പുല്ലന്മാര്‍ ആഞ്ഞടിച്ചാലും ഇല്ലേലും പടം സൂപ്പര്‍ കളക്ഷനുമായി മുന്നേറുകയാണെന്നാണു ഒടുക്കം കിട്ടിയ വിവരം. എന്തായാലും സിനിമയെ വെറും എന്‍റര്‍ടയിന്മന്റ്റ്  മാത്രമായി എടുക്കുന്ന ഒരു ബ്ലഡി മലയാളി ആയതുകൊണ്ടാകാം പടം എനിക്ക് ഇഷ്ടമായി.
     എന്റെ സുഹൃത്തുക്കളെല്ലാം എന്റെ തന്നെ ഒരു സ്റ്റാന്‍ഡാര്‍ഡ് (ഐ മീന്‍ ലോ സ്റ്റാന്‍ഡാര്‍ഡ് ) കീപ്പ്‌ ചെയ്യുന്നത് കൊണ്ടാകാം അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത് 'പടം കിടു ആണ്'  എന്നു തന്നെയാണ്.   ജനറേഷന്‍ വ്യത്യാസമില്ലാതെ  കേരളത്തിലെ   യുവാക്കള്‍ ഈ ചിത്രം ഒരേപോലെ നെഞ്ചിലേറ്റുമ്പോള്‍,  നവ തലമുറ ചിത്രങ്ങള്‍ "ചാപ്പാകുരിശ് ട്രാക്ക്‌" പിന്തുടരാത്തതില്‍ ആശങ്കപ്പെടുന്ന   എലൈറ്റ്‌ ക്ലാസ്‌  കൊച്ചമ്മമാര്‍  സര്‍ജിക്കല്‍ ബ്ലേഡുമായി (ഏത്.. നമ്മുടെ  22fk ഫെയിം ബ്ലേഡ്‌ തന്നെ!!)  തട്ടത്തിനെ  സോഷ്യല്‍മീഡിയകളില്‍  ചപ്രംചിപ്രം വലിച്ചുകീറുന്ന കാഴ്ചകള്‍ ആകാംഷയും കൌതുകവും ഒരേപോലെ സമ്മാനിക്കുന്നുണ്ട്. എന്തായാലും പശുവിന്റെ കടിയും തീരും, കാക്കയുടെ വിശപ്പും മാറും എന്ന് പറയുന്ന പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വിമര്‍ശനം കൂടും തോറും ക്യൂവിന് നീളം കൂടുകയാണ്.
                 ന്യൂജനറേഷന്‍ തൊഴുത്തില്‍ പോയിട്ട് അതിന്റെ ഏഴയലത്ത് അടുപ്പിക്കാനുള്ള യോഗ്യത പോലും ടി ചിത്രത്തിന് ഇല്ലത്രേ!!. നുരയുന്ന ബിയര്‍ കുപ്പികളും നുണഞ്ഞു മെയില്‍ ഷോവനിസ്സ്റ്റ്‌  പന്നികളുടെ മുഖത്ത് കാറിതുപ്പുന്ന നായികമാരില്ല, ഉള്ള നായികമാര്‍ക്ക് ബോള്‍ഡ്‌നെസ് ഇല്ല, (അല്ലേലും ബോള്‍ഡ്‌ നെസ് എന്നൊക്കെ പറഞ്ഞാല്‍ രമ്യ നമ്പീശന്‍ കഴിഞ്ഞിട്ടേ ഉള്ളൂ എന്നത് ആര്‍ക്കാ അറിയാത്തത്‌!!)   പ്രീ/പോസ്റ്റ്‌ മാരിറ്റല്‍ സെക്സ് സീനുകള്‍ ഇല്ല, മെട്രോ ലൈഫ്‌ പഞ്ചുകള്‍ ഒട്ടും  ഇല്ല.. അങ്ങനെ ഒരു  NGയ്ക്ക് ആവശ്യമായതൊന്നും തന്നെ ഇല്ല.  ആകെയുള്ളത്  സദാചാര പന്നികള്‍ക്ക് എതിരെ ഇത് പാക്കിസ്ഥാന്‍ അല്ലന്നോ മറ്റോ ഉള്ള ഒരു കൊട്ട് ആണ്. അതും എങ്ങും തൊടാതെ!! പിന്നെ എന്ത് കോപ്പിലെ ന്യു ജെന്‍!!.
         വിനീത് ശ്രീനിവാസന്‍ ഏതു കോപ്പിലെ ഇന്‍സ്ടിട്യുട്ടില്‍ നിന്നാണ് ഡയറക്ഷന്‍ പഠിച്ചത്  എന്നും  ഇതാണ് പ്രണയം എന്നു പറയാന്‍ ടിയാന്‍ ഇതിനു മുന്‍പ്‌ പ്രേമിച്ചിട്ടുണ്ടോ എന്നുമാണ്  നിരൂപക സിംഹങ്ങളുടെയും  സിംഹികളുടെയും ഗര്‍ജ്ജനം.  ശ്രീനിവാസന്‍ സാര്‍ ആനപ്പുറത്ത് കയറിയപ്പോള്‍ ഉണ്ടായ  തഴമ്പുകള്‍ ഒന്നും തന്നെ മകന് കിട്ടിയിട്ടില്ല പോലും. (തഴമ്പുകള്‍ - പ്രത്യേകിച്ചും ചന്തിയിലെ തഴമ്പുകള്‍- അവലോകനം ചെയ്യാന്‍ NG പെണ്‍പിള്ളേര്‍  വളരെ സമര്‍ത്ഥരാണത്രെ!!. ഒട്ടും തഴമ്പ് ഇല്ലാത്തതിനാല്‍ വിനീതിന്റെ ചന്തിയ്ക്ക് അപ്പന്‍ രണ്ടു പെട കൊടുക്കേണ്ടതായിരുന്നു എന്ന് വരെ ഒരുത്തി (?) അഭിപ്രായപ്പെടുന്നു..)   ഇതൊന്നും പോരാഞ്ഞ്  ഒരു സ്ത്രീ വിരുദ്ധ-മുസ്ലീം വിരുദ്ധ ചിത്രമായി ഇതിനെ മുദ്ര കുത്തുവാന്‍ ടി  നിരൂപകര്‍ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നുണ്ട് താനും.  പ്രണയം എന്ന ബന്ധുര കാഞ്ചനക്കൂട്ടില്‍ പെണ്ണിനെ എക്കാലവും ബന്ധിച്ചിടാനുള്ള പുരുഷ കേന്ദ്രീകൃത ലോകത്തിന്റെ ഒടുങ്ങാത്ത ത്വര ആണ് ഈ ചിത്രത്തില്‍ വെളിവാകുന്നതെത്രേ!! ഫയങ്കരം തന്നെ അല്ലെ !!   

  ഒരു കണക്കിന് ആലോചിച്ചു നോക്കുമ്പോള്‍ ശരിയാണ്.  സിനിമയിലെ  നായികയുടെ തട്ടത്തിനിടയിലൂടെ പറന്നു കളിക്കുന്ന മുടിയിഴകള്‍ പുരുഷാധിപത്യ - സ്ത്രീ വിരുധ  ലോകത്തിനു നേരെയുള്ള സ്ത്രീ സമൂഹത്തിന്റെ പുശ്ചത്തിന്റെ പരിപ്രേക്ഷ്യങ്ങളാണെന്നും   ടി പര്‍ദ്ദയുടെ കറുപ്പുനിറം  പുരുഷ കേന്ദ്രീകൃതമായ ലോകത്ത്  കഞ്ഞിക്കലത്തിന്റെ കരി പുരണ്ട് പണ്ടാരടങ്ങിയ   പെന്ഹൃദയങ്ങളുടെ  ഇരുണ്ട ലോകങ്ങളുടെ  അടയാളപ്പെടുത്തലുകള്‍ ആണെന്നും    വരികള്‍ക്കിടയിലൂടെയും  വരികള്‍ക്ക് അടിയിലൂടെയും വായിച്ചെടുക്കുന്ന ഒരു നിരൂപക സമൂഹം ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ്  ഒരു സിനിമയെ വിലയിരുത്തേണ്ടത്?- അതും ന്യൂ ജെന്‍ എന്ന ലേബലില്‍ അവതരിപ്പിക്കുന്ന ഒരു സിനിമ!.. ഒരു NG നായകന്‍ മുഖസൌന്ദര്യം മാത്രം നോക്കി പ്രണയിനിയെ സെലെക്റ്റ് ചെയ്യാന്‍ പാടുണ്ടോ എന്ന് ടിയാന്മാര്‍ ചോതിക്കുന്നു. (ഇവന്മാര്‍ പിന്നെ എവിടത്തെ സൌന്ദര്യം നോക്കി ആണ് പ്രണയിക്കുന്നത്  എന്ന കണ്ഫ്യൂഷന്‍ എന്നെ കുറെ നാള്‍ വേട്ടയാടിയിരുന്നു.. ഇത്തരത്തിലുള്ള ഒരു അധ്യാത്മിക പ്രതിസന്ധിയില്‍ പെട്ട് നട്ടം തിരിയുമ്പോള്‍ ആണ് ഇന്ത്യന്‍ എക്സ്പ്രസ്-ന്റെ ഒരു സര്‍വേ ഫലം കണ്ണില്‍ ഉടക്കിയത്.. വായിച്ചുകഴിഞ്ഞപ്പോ പല സംശയോം മാറിക്കിട്ടി!!..  )        
    കാര്യം ഇങ്ങനോക്കെയായാലും  നായകന്റെയും നായികയുടെയും മതവും ജാതിയും സാമ്പത്തിക നിലവാരങ്ങളും മാത്രം ആധാരമാക്കി ഒരു ചിത്രത്തെ വെറുക്കപ്പെടെണ്ടത്, പൈങ്കിളി എന്നിങ്ങനെ ലേബലുകളും ചാര്‍ത്തുകയും ടി  സിനിമയുടെ കഥ അപ്പാടെ ഫെമിനിസ്റ്റ്‌ -മതവിദ്വേഷ കാളകൂടങ്ങള്‍  കലക്കി നിരൂപണം എന്ന പേരില്‍  ചര്‍ദിച്ചു വെയ്ക്കുകയും ചെയ്യുന്നത്  എത്രത്തോളം മലയാള സിനിമയെ പരിപോഷിപ്പിക്കും എന്നറിയില്ല.    എന്തൊക്കെയായാലും  NGകള്‍ക്ക്‌ നിഷിദ്ധമായ ഇത്തരം ചിത്രങ്ങള്‍ ബോക്സ്‌ ഓഫീസ് തകര്‍ത്തു വാരുന്നതുകൊണ്ട് ടിയാന്മാര്‍ക്ക്‌ എന്തെന്നില്ലാത്ത നെഞ്ചെരിച്ചിലും വയറുകടിയും ഉണ്ടാവുക  സ്വാഭാവികം. സമീപകാലത്ത്  പുതുതലമുറ പരിപ്രേക്ഷ്യങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ തിയറ്ററുകള്‍ നിശബ്ദമായി  കീഴടക്കിയ 'ഓര്‍ഡിനറി' എന്ന ഓര്‍ഡിനറി ചിത്രം റിലീസ്‌ ചെയ്തപ്പോളും ഇതുപോലുള്ള ഹൈക്ലാസ്‌ പോമറെനിയന്‍ അന്നക്കുട്ടികള്‍ നന്നായി കുരച്ചിരുന്നു.  കുരയുടെ സ്വരം നന്നാകാഞ്ഞിട്ടാണോ അതോ  ടി ഹൈ ക്ലാസുകാര്‍  'മോശം' എന്നു പറയുന്നതിനെ നല്ലത് എന്ന വിപരീതാര്‍ത്ഥത്തില്‍ നാട്ടുകാര്‍ വായിച്ചെടുക്കുന്നതുകൊണ്ടാണോ (നാട്ടുകാരും പണി പഠിച്ചു പോയി.. ഏത്!!)   എന്തോ  ആ കുണ്ടും കുഴിയും ചാടി ഓടിയ ഓര്‍ഡിനറി ബസ്സും  വമ്പന്‍ ഹിറ്റ്‌ ആയിരുന്നു.   
       നല്ല ചിത്രങ്ങള്‍ കേരളത്തില്‍ ഓടുന്നില്ല, ഓടുന്നതൊക്കെ നിലവാരം കുറഞ്ഞ പഴഞ്ചന്‍ പൈങ്കിളി പ്രണയ കാവ്യങ്ങള്‍ ആണെന്നും കഷ്ടിച്ച്  ഒരാഴ്ച പോലും തിയറ്ററില്‍ ഓടാതെ വിസ്മൃതിയിലെയ്ക്ക് തള്ളപ്പെടുന്നതാണ് മഹത്തരമായ ചിത്രങ്ങള്‍ എന്നും മറ്റും   ഒരു കാലത്ത് വാദിച്ചിരുന്നത്  കുളിയും നനയും ഇല്ലാത്ത, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പല്ലുതെയ്ക്കാറുള്ള ,  താടിയും മുടിയും നീട്ടി വളര്‍ത്തിയ, വംശനാശ ഭീഷണി നേരിടുന്ന ഒരു പറ്റം  ജീവികള്‍ ആയിരുന്നു. മലയാളികളുടെ ബൌദ്ധിക നിലവാരത്തെ ദിവസം ഒരു തവണയെങ്കിലും പുശ്ചിച്ചില്ല എങ്കില്‍ ടിയാന്മാര്‍ക്ക് കോന്‍സ്ടിപ്പെഷന്‍ ഉണ്ടാകുമായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

       മലയാള സിനിമകളെ- പ്രത്യേകിച്ച് പത്തു പേര്‍ "നല്ലത് " എന്നു പറയുന്നവയെ- താത്വികമായും രാടിക്കല്‍ ആയും പോസ്റ്റ്മോര്‍ട്ടം  ചെയ്ത്, "ഇതൊക്കെ  എന്ത് !!.. ചീള് കേസുകള്‍.. പഴകിയ പ്രമേയം.. മാനവികതയുടെ അഗാധതലങ്ങളോടു യാതൊരു സ്പര്‍ശവും പുലര്‍ത്താത്തത്.." എന്നിങ്ങനെ ഡയലോഗ് അടിച്ചുകൊണ്ടിരിക്കുന്നത് ടിയാന്മാരുറെ ദിനച്ചര്യകളുടെ ഭാഗവുമായിരുന്നു. ഇന്ന് ഈ NGയുഗത്തില്‍ വ്യക്തമായ ഐഡന്റിറ്റിയോ അഡ്രസ്സോ   ഇല്ലാത്ത  കുറെ കീബോര്‍ഡ്‌ തൊഴിലാളികള്‍ ഈ അനുപമമായ പൈതൃകം ഏറ്റെടുത്തിരിക്കുകയാണ്.      ഒരു പ്രമുഖ സംവിധായകന്റെ വാക്കുകള്‍ കടമെടുത്താല്‍ ഒരു സെക്കണ്ടില്‍  24 ഫ്രെയിമുകള്‍ കൂടിച്ചേരുമ്പോള്‍ ആണ് സിനിമ സിനിമയാവുക എന്ന പ്രാഥമിക അറിവുപോലും ഇല്ലാത്ത ജീവികള്‍ ആണ് ഇന്ന്  ആധുനിക നിരൂപക പുംഗവന്മാര്‍ ആയി പേരെടുക്കുന്നത്.
          വിമര്‍ശിക്കാന്‍ വേണ്ടി മാത്രം തിയറ്ററില്‍ പോയി പടം കാണുകയും  ബ്ലഡി മല്ലൂസ് 'നല്ലത്' എന്ന് പറയുന്ന സിനിമകളെ തലനാരിഴ കീറി പരിശോധിച്,  അധിനിവേശ - പുരുഷാധിപത്യ - പൈങ്കിളി സംസ്കാരത്തിന്റെ അമൂര്‍ത്ത ശകലങ്ങള്‍ എന്നോ പഴകി പുളിച്ച കാല്പനിക വീഞ്ഞ് എന്നോ മറ്റോ ഉള്ള വിശേഷണങ്ങള്‍ ചാര്‍ത്തി പുശ്ചിച്ചു തള്ളുമ്പോള്‍ ഇവര്‍ക്ക്‌  ലഭിക്കുന്ന അനിര്‍വചനീയമായ ആ സുഖം ഏതു കാറ്റഗറിയില്‍ പെടും എന്നതിനെപറ്റി ശാസ്ത്രം ഇപ്പോഴും ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല എന്ന് തോന്നുന്നു.. അഭിപ്രായ സ്വാതന്ത്യം എന്നത് എന്തും വിളിച്ചുപറയാനും ആരുടെ നെഞ്ചത്തും പൊന്കാലയിടാനുമുള്ള ഒരു തരം അവകാശമായതിനാലും ലവന്മാര്‍ (ലവളുമാരും)  പറയുന്നത് പോഴത്തരം ആണ് എന്ന് പറയാനുള്ള സ്വാതന്ത്ര്യം എനിക്കും ഉള്ളതിനാലും   ഇത്തരം സുഖങ്ങളുടെ സാങ്കേതിക തലത്തിലേയ്ക്ക് ഞാന്‍ കടക്കുന്നില്ല.  
               ഒരു  പറ്റം ആളുകളുടെ ഉറക്കമില്ലാത്ത രാവുകളുടെയും പ്രതിബന്ധങ്ങളില്‍ തളരാതെയുള്ള പടയോട്ടങ്ങളുടെയും  ആകെത്തുകയാണ് ഒരു സിനിമ എന്നത്.  അതിനെ ഏതുവിധേനയും പൊളിച്ചടുക്കാന്‍ വേണ്ടി മാത്രം തൂലിക ചലിപ്പിക്കുകയും,  എത്ര നന്നായി ചെയ്താലും കുറ്റം മാത്രം കാണുകയും ചെയ്യുന്ന, സിനിമ നിരൂപണം എന്നാല്‍ റിലീസ്‌ ദിവസം തന്നെ സിനിമയുടെ ആദി-മധ്യാന്തം കഥ സോഷ്യല്‍ മീഡിയയില്‍  വികൃതമാക്കി   എഴുതിവെയ്ക്കുന്നതാണ് എന്ന് കരുതുന്ന, എങ്ങനെയാണ് നല്ല സിനിമ എടുക്കേണ്ടത് എന്ന വിഷയത്തില്‍ രഞ്ജിത് സാറിനും സത്യന്‍ അന്തികാടിനും  ക്രാഷ് കോഴ്സ്‌  കൊടുക്കുന്ന ഇത്തരം കീബോര്‍ഡ്‌ തൊഴിലാളികള്‍  സമകാലീന ചരിത്രത്തിന്റെ ഫ്രെയിമില്‍ പതിഞ്ഞ ഏറ്റവും വലിയ അശ്ലീലങ്ങളിലോന്നാണ് എന്നു തന്നെയാണ്  എന്റെ അഭിപ്രായം.

 (NB: ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമായതിനാലും NG ഫെമിനിസ്റ്റ്‌  കൊച്ചമ്മമാരുമായി തായം കളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടാത്തതിനാലും  വിധികാല വൈപരീപ്യത്താല്‍ ഇത് വായിക്കാന്‍ ഇടയായ നിരൂപക കൊച്ചമ്മമാര്‍ തങ്ങള്‍ ഒന്നും വായിച്ചിട്ടില്ല എന്ന് മാത്രം കരുതുക. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ കെട്ടിയോന്റെ പൂശ്  വാങ്ങുമ്പോള്‍ നിങ്ങള്‍ കരുതാറുള്ളത് പോലെ എല്ലാം മായ എന്ന് കരുതി സമാധാനിക്കുക.. വേണമെങ്കില്‍ "ഔട്ട്‌സ്പോക്കെന്‍ ബ്ലഡി മല്ലു സക്ക്സ് എഗയിന്‍.." എന്നൊരു സ്ടാടസ് അപ്-ഡേറ്റ്  കൂടി താങ്ങിക്കോളൂ..)     


Wednesday, July 4, 2012

ന്യൂ ജെന്‍. പ്രൊഫൈല്‍ പാകം ചെയ്യുന്ന വിധം..


        നാടും നാട്ടാരും  NGകള്‍ക്ക് പുറകെ പരക്കം പായുകയും ഫേസ്ബുക്കില്‍ ആകമാനം ന്യൂ ജനറേഷന്‍ വസന്തം പൂത്തുലയുകയും    കോഴിയിറച്ചിയും    കപ്പലണ്ടിയും  മുതല്‍ സിനിമാ - രാഷ്ട്രീയ - സാഹിത്യ - സാംസ്കാരിക രംഗങ്ങള്‍ വരെ 'ന്യൂ ജനറേഷന്‍' പരിപ്രേക്ഷ്യങ്ങളില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍  എന്താണ്  തനിയ്ക്ക് ചുറ്റും ഈ സംഭവിയ്ക്കുന്നത്  എന്ന് മനസിലാകാതെ കുന്തം വിഴുങ്ങി നില്‍ക്കുകയും എങ്ങനെ തനിക്കും ഒരു NG ആകാം എന്നോര്‍ത്ത്  തലമണ്ടയില്‍ ഗ്യാസ്‌ ലൈറ്റര്‍ തെളിക്കുകയും ചെയ്യുന്ന വെറും  സാധാരണക്കാരനെ ഉദ്ദേശിച്ചാണ്  ഈ പോസ്റ്റ്‌.
               'ന്യുജനറേഷന്‍'  എന്നാല്‍ അട്ടര്‍ വെറൈറ്റി  മാത്രമാണ് എന്ന തിയറിയാണ് താങ്കള്‍ ആദ്യമായി മനസിലാക്കേണ്ടത്.  ഉദാഹരണത്തിന്, നോര്‍മ്മല്‍ രീതിയില്‍ സിനിമ കാണുകയും ലാലെട്ടന്റെയും മമ്മുക്കയുടെയും കാമുക-യുവത്വ ഭാവങ്ങള്‍ കണ്ടു രോമാഞ്ചിച്ചുകൊണ്ടിരിക്കുകയും അവസാനം ശുഭം എന്നെഴുതുമ്പോള്‍ കയ്യടിക്കുകയും ചെയ്ത ജനത്തിന്   മുന്നില്‍,   നോണ്‍-ലീനിയര്‍ എഡിറ്റിംഗ് വിസ്മയത്തിലൂടെ വാല്‍ ആദ്യവും തല നടുക്കും കഴുത്ത് അവസാനവുമായി ഒരു അത്ഭുത ജീവിയെ പ്രസവിച്ചിടുകയും, "എന്തുതരം ജീവിയാണ് ഇത് "എന്നുള്ള ഒരുതരം    വിഭ്രമാത്മക കണ്ഫ്യൂഷന്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ച്, അവന്റെ കോഴിമുട്ട വലിപ്പമുള്ള ബ്രെയിന് എട്ടിന്റെ വര്‍ക്ക്‌  കൊടുക്കുകയും ചെയ്തു എന്നതാണല്ലോ ന്യൂജനറേഷന്‍ സിനിമകളുടെ ആകെത്തുക തന്നെ. 
              പ്രധാനമായും ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളിലാണ് NGവീരന്മാര്‍ ജന്മമെടുക്കാറുള്ളത്. അത്യപൂര്‍വമായി ഇതുപോലുള്ള ബ്ലോഗുകളിലും  അവര്‍ അവതാരം ചെയ്യാറുണ്ട്.  സൊമാലിയയിലെ പട്ടിണി മുതല്‍ അന്റാര്‍ട്ടിക്കന്‍  കാടുകളിലെ നീഗ്രോകളുടെ   വെളുപ്പ്‌ ദീനത്തിനു വരെ ശാശ്വതമായ പരിഹാരം തങ്ങളുടെ വാള്‍ പോസ്ടുകളിലാണ് സംഭവിക്കുക എന്നുള്ള ഒരുതരം ആത്മവിശ്വാസം (അങ്ങനെയും  പറയാമെന്നു തോന്നുന്നു)  NGകള്‍ക്ക്‌ ഒഴിച്ച് കൂടാനാവാത്ത ഘടകമാണ്.   താന്‍ ഒരു  മഹാസംഭവം ആണെന്നും തന്നെ മൈന്‍ഡ്‌ ചെയ്യാതെ സോഷ്യല്‍ മീഡിയയുടെ തിണ്ണ നിരങ്ങുന്നവര്‍    ഗ്രാസ്റൂട്ട് ലെവല്‍  കിഴങ്ങന്മാര്‍ ആണെന്നുമുള്ള മഹാസത്യം ഒരു NG എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിച്ചു ധ്യാനിക്കെണ്ടതാണ്.
   ഇത്തരത്തിലുള്ള ഒരു ധാരണയില്‍ നിന്നുമാവണം പിന്നീടുള്ള താങ്കളുടെ ഫേസ്ബുക്ക് ഇതിഹാസങ്ങള്‍ ജന്മമെടുക്കാന്‍...  
     ഒരു NG ആകാന്‍ തക്കവിധം താങ്കളുടെ ഹൃദയം ഇതിനകം ത്രസിച്ചു തുടങ്ങിയെങ്കില്‍ തുടര്‍ന്നു വായിക്കാം.  ഇല്ലെങ്കില്‍ ഈ  കോപ്പിലെ ബ്ലോഗ് വായന ഇവിടെ നിര്‍ത്തി വേറെ പണി നോക്കാം..

ഫേസ്ബുക്ക് പ്രൊഫൈല്‍ :-
താങ്കളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഒരു NGയ്ക്ക് ചേര്‍ന്ന വിധം പരുവപ്പെടുത്തി എടുക്കുക എന്നതാണ് ആദ്യ ഘട്ടം..
         കാണാന്‍ കൊള്ളാവുന്ന, ചന്ദ്രനെപ്പോലെ വിളങ്ങുന്ന മുഖമാണ് തന്റേതു എന്ന് ഉറപ്പു പോരാത്തവര്‍ പ്രൊഫൈല്‍ പിക് ആയി അത് ചേര്‍ത്ത് നാടുകാരെ ഞെട്ടിക്കാതിരിക്കുക. ഒരു വെറൈടി ഉണ്ടായിരിക്കാന്‍ എപ്പോളും ശ്രദ്ധിക്കുക. (അല്ലേലും ഈ NG എന്നത് തന്നെ ഒരുതരം വെറയ്ടി ആണല്ലോ).  മല്ലു സെലിബ്രിറ്റികള്‍, ഇന്ത്യന്‍ ഫിലിം സ്ടാര്സ് എന്നിവരുടെ പിക്സ് പ്രൊഫൈലിലും കവറിലും ഇട്ടു ബ്ലഡി മല്ലൂസിന് പഠിക്കാതിരിക്കുക.  വേണമെങ്കില്‍ ക്യു.ആര്‍ കോഡോ  വല്ല മോഡേണ്‍ ആര്‍ട്ടോ ഒക്കെ പ്രൊഫൈല്‍ പിക് ആയി കൊടുത്ത് കാണുന്നവന്റെ തലയില്‍ ട്രെയിന്‍ ഓടിക്കാം.  ഇനി സ്വന്തം പടം വേണമെന്ന് നിര്‍ബന്ധം ആണേല്‍ ഫോട്ടോഷോപ്പില്‍ കയറ്റി മോന്തയുടെ ഏതേലും ഒരു പാര്‍ട്ട് മാത്രം സ്ലൈസ് ചെയ്തെടുത്തു ടി പാസ്സഞ്ചര്‍ ട്രെയിന്‍ സൂപ്പര്‍ ഫാസ്റ്റ്‌ ആക്കാം..   
( പെണ്കൊച്ചുങ്ങളുടെ പേരില്‍  NG ഫെയ്ക്‌ പ്രൊഫൈല്‍  ഉണ്ടാക്കുന്നവര്‍ ശ്രദ്ധിക്കാന്‍..
നിങ്ങള്‍ പ്രൊഫൈല്‍ പിക്ക്‌ ആയി കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ചെല്ലക്കിളിയെ ഗൂഗിള്‍ ഇന്‍ഡെക്സ് ചെയ്തിട്ടുണ്ടോ എന്ന് ചെക്ക് ചെയ്തിട്ട് മാത്രം അപ്‌ലോഡ്‌ ചെയ്യുക. ഗൂഗിള്‍ ഇന്‍ഡെക്സ് ചെയ്യാത്ത ചെല്ലക്കിളികള്‍ എല്ലാം ജെനുവിന്‍ ആണെന്നാണ്‌ പല കൊജ്ഞാനന്‍മാരും കരുതുന്നത്.)   

ടൈം  ലൈന്‍ :-
   അമേരിക്കയിലോ ഇംഗ്ലണ്ടിലോ മറ്റേതെങ്കിലും  യൂറോപ്യന്‍ രാജ്യങ്ങളിലോ ജനിക്കെണ്ടിയിരുന്ന താന്‍ ഈ നശിച്ച ഇന്ത്യയില്‍ ജനിച്ചുപോയത്‌ ഈ രാജ്യത്തിന്റെ അസുലഭ സൌഭാഗ്യമാണെന്നും,  തന്നോടു തായം കളിക്കാന്‍ മാത്രം ഒരു ബ്ലഡി മല്ലുവും വളര്‍ന്നിട്ടില്ലെന്നുമുള്ള ഒരു സന്ദേശം ടൈം ലൈനില്‍ മുഴച്ചു നില്‍ക്കണം.     
      നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട പുസ്തകം മംഗളം വാരികയോ ബാലരമയോ ഒക്കെ ആയാലും അതൊന്നും പ്രൊഫൈലില്‍ എഴുന്നള്ളിക്കാതിരിക്കുക.  ജോണ്‍ ഗ്രീന്റെ "ഫാള്‍ട്ട് ഓഫ് ഔര്‍ സ്ടാര്സ്", ഗിള്ളിയന്‍ ഫ്ലയ്ന്റെ 'ഗോണ്‍ ഗേള്‍' എന്നിവ പോലെ ന്യൂ.ജെന്‍ ആംഗലേയ കൃതികള്‍ ലിസ്റ്റ് ചെയ്യുന്നത് മേല്പറഞ്ഞ സന്ദേശത്തെ അരക്കിട്ടുറപ്പിക്കും.     ഇഷ്ടഗായകരുടെ ലിസ്റ്റില്‍ ലേഡി ഗാഗയും റിഹാനയും മിസ്സാകരുത്‌. വേണമെങ്കില്‍ ആകൊനും ജസ്റ്റിന്‍ ബീവറും കിടക്കട്ടെ..     അല്ലാണ്ട് ഒരുമാതിരി കണ്ട്രി മല്ലൂസിനെപ്പോലെ രവീന്ദ്രന്‍ മാഷ്‌, ഇളയരാജ എന്നൊന്നും ഒലത്തിയെക്കരുത്!!. 
   ഇതുപോലെ തന്നെ ഇഷ്ട സിനിമകളും..   ഹോളിവുഡ്-ലാട്ടിനമേരിക്കന്‍ സിനിമകള്‍ മാത്രം ലിസ്റ്റുക. ഇനി മലയാളം അത്രയ്ക്ക് നിര്‍ബന്ധമാണേല്‍ 'ചാപ്പ കുരിശ്', 22fk, ബാച്ചലര്‍ പാര്‍ട്ടി എന്നിവയിലൊന്നു ചേര്‍ത്തോ..   
 ഇപ്പൊ ടൈം ലൈന്‍  ഒരുമാതിരി ന്യൂ ജെന്‍ ആയിട്ടുണ്ട്.

ഇനി പോസ്ടുകളുടെ കാര്യം..
താഴെപ്പറയുന്ന തത്വങ്ങളുടെ എസ്സെന്‍സ് ചേര്‍ത്ത് വേണം പോസ്റ്റുകള്‍ വഴറ്റിയെടുക്കാന്‍...
1. എല്ലാ മലയാളികളും എഴാംകൂലി ഞരമ്പ്‌ രോഗികളും അമ്മപെങ്ങന്മാരെ തിരിച്ചറിയാത്ത പുല്ലന്മാരുമാണ്. NGകളെ കഴുവേറ്റാന്‍ ടിയാന്മാര്‍ കയറും പിരിച്ചു കാത്തിരിക്കുകയാണ്.
2.  നിര്‍ഭാഗ്യവശാല്‍ ഒരു മലയാളി ആയിപ്പോയി എങ്കിലും  ബൌധികപരമായി യൂറോപ്യന്‍ പുല്തകിടികളില്‍ സ്ഥിരമായി മേഞ്ഞു നടക്കുന്നത്‌ കൊണ്ട് മേല്പറഞ്ഞ പുല്ലന്മാര്‍ക്കിടയിലെ മാലാഖകുഞ്ഞാണ് താന്‍.
3.  ഇന്ത്യ നേരിടുന്ന ഏറ്റം വലിയ ഭീഷണി സാമ്പത്തിക മാന്ദ്യവും ദാരിദ്രവും രൂപയുടെ വിലയിടിച്ചിലും ഒന്നുമല്ല, മറിച്ച്  അണ്‍കള്‍ച്ചര്ട് സദാചാര പോലീസുകാരാണ്.
4. ട്രാഫിക്കിനും ചാപ്പകുരിശിനും മുന്‍പ്‌ കേരളത്തില്‍ ഇറങ്ങിയത്‌ ഒന്നും സിനിമ അല്ല.  ഫഹദ്‌ ഫാസിലും രമ്യ നമ്പീശനും ആണ് അഭിനയ ലോകത്തിലെ വിശ്വോദാത്ത പ്രതിഭകള്‍.
5. താനൊഴികെ ഓണ്‍ലൈന്‍ ലോകത്ത് നെരങ്ങുന്ന സകല മല്ലൂസും കെഴങ്ങന്മാര്‍ ആണ്. തന്റെ പോസ്റ്റുകള്‍ ലൈക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തു മാത്രമേ ടി അവസ്ഥയില്‍ നിന്നും അവര്‍ക്ക് മോക്ഷം നേടാനാവൂ..
6.  തന്റെ  പോസ്റ്റിന്റെ ലൈക്കുകളെ  ആശ്രയിച്ചിരിക്കും സാംസ്കാരിക കേരളത്തിന്റെ ഓരോ സ്പന്ദനവും.. 
7. മുഖ്യധാരാ പത്രങ്ങള്‍ എല്ലാം തന്നെ  വാര്‍ത്തകള്‍ മുക്കുന്നവര്‍ ആണ്.  നളമിടം, വെബ്‌ ദുനിയ , മറുനാടന്‍ മലയാളി എന്നീ ഓണ്‍ലൈന്‍ പത്രങ്ങളില്‍ വരുന്നത് മാത്രമാണ് പച്ചയായ സത്യം.
ടി വാര്‍ത്തകള്‍ ഷെയര്‍ ചെയ്തു സത്യം പ്രചരിപ്പിക്കുക എന്നതാണ്  ഉല്‍കൃഷ്ട FB ജേണലിസം.

 സ്റ്റാറ്റസ് അപ്ഡേറ്റുകള്‍:-
   രാവിലെ കണ്ണുതുറക്കുന്നത് മുതല്‍ വൈകിട്ട് കണ്ണടയുന്നത് വരെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ഇടാന്‍ മറക്കരുത്..
ചുമ്മാ സ്റ്റാറ്റസ് ഇട്ടാ പോരാ,   എല്ലാ സ്ടാടസിലും ഒരു എലൈറ്റ്‌ ക്ലാസ്‌ കള്‍ച്ചര്‍ഡ് പേഴ്സണാലിറ്റിയുടെ മണം ഉണ്ടാകണം..
ഉദാഹരണത്തിന്, മൂന്നുനേരവും കഴിക്കാറുള്ള കപ്പയും കഞ്ഞിയും സ്റ്റാടസുകളില്‍ കെന്‍റക്കി ചിക്കനും ഹോട്ട് വിങ്ങ്സുമായി പുനര്‍ജനിക്കണം..
മഴവില്‍ മനോരമയിലെ പൈങ്കിളി കാണുമ്പോള്‍,
 "Watching sathyameva jayathe.. amir khan really rocks.. " എന്ന് സ്റ്റാറ്റസ്‌ ഇടണം..  
ചെല്ലപ്പന്‍ ചേട്ടന്റെ കടയില്‍ ചായ കുടിച്ചിരിക്കുമ്പോള്‍ "nw  @gold souk.. enjoying DOF 6D show.. " എന്നും,  വൈകിട്ട് മനസില്ലാമനസ്സോടെ വീട്ടിലെ കുടുംബ പ്രാര്‍ഥനയ്ക്ക് പോയിരിക്കുമ്പോള്‍ "enjoying a mind blowing DJ @Windsor Castle..  wow.. awesome one.."   എന്നും സ്റ്റാറ്റസ്‌ ഇടുന്നതില്‍ തെറ്റില്ല.. 
അല്ലെങ്കില്‍ നമ്മുടെ NG സ്ടാടസ്!!..  ബാക്കി പറയണ്ടല്ലോ.. 

ലൈക്കുകള്‍ :-
 പിന്നൊരു കാര്യം... തറവാട് സ്വത്ത്‌ എഴുതിക്കൊടുക്കേണ്ടി വന്നാലും ഒരു ക്നാപ്പന്റെയും സ്ടാട്ടസില്‍ ലൈക്‌ കൊടുക്കരുത്..  'ലൈക്‌' എന്നത് നമ്മുക്ക് ഇങ്ങോട്ട് മാത്രം കിട്ടേണ്ട സംഗതി ആണ് എന്ന്  മനസ്സില്‍  കുറിച്ചിടുക.  (ചെല്ലക്കിളികള്‍ക്ക്  ഈ നിയമം ബാധകം അല്ല കേട്ടോ.. .. പാ വേറെ.. പാപ്പച്ചന്‍ വേറെ!!..)        

ഇപ്പോള്‍ താങ്കള്‍ ഏറെക്കുറെ ഒരു NG ആയിക്കഴിഞ്ഞു..!! എല്ലാ ഭാവുകങ്ങളും!!... 


         
 
          
        

Friday, June 29, 2012

കിടന്നു പൊറുക്കാത്ത ഇറച്ചിക്കോഴികള്‍.. ബിരിയാണി എപ്പോക്കിട്ടും??


       ഏതു  വിരുന്നുകാരന്‍ വന്നാലും ഇറച്ചിക്കോഴിയ്ക്ക് കിടക്കപ്പൊറുതിയില്ല എന്ന്  കേട്ടിട്ടുണ്ട്.  സമാനമായ ഒരു അവസ്ഥാ വിശേഷത്തിലൂടെയാണ്   ഇപ്പോള്‍  കോഴിക്കോടുകാരും കടന്നു പോകുന്നത്.  ടി.പി ചന്ദ്രശേഖരന്റെ  കൊലക്കേസിനോടു ബന്ധപ്പെട്ട്‌ സി.പി.എം ന്റെ ഒരു പെരിയ സഖാവിനെ അറസ്റ്റ്‌ ചെയ്തതില്‍ പ്രതിഷേധിച്ചു നാളെ ഹര്‍ത്താല്‍ ആചരിക്കുകയാണ് കോഴിക്കോടു ജില്ലയില്‍.  അങ്ങാടീല്‍ തോറ്റതിന് കോഴിക്കോടുകാരുടെ നെഞ്ചത്ത്‌ കേറുന്നതിനു പിന്നിലെ കാവ്യനീതി എന്തെന്ന ചോദ്യം അങ്ങ് പോളണ്ടില്‍ പോയി ചോതിച്ചിട്ടും  കാര്യമില്ല    എന്ന സത്യം  അറിയാഞ്ഞിട്ടല്ല. എങ്കിലും അറിയാതെ ചോതിച്ചുപോകുന്നതാണ് . പണ്ട് സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍  കേരളത്തില്‍  നടന്ന ഹര്‍ത്താലിന്  ഇതേ മാതിരി ഒരു ചോദ്യം തികട്ടിവന്നു എങ്കിലും അക്കാലത്ത്  അവധി പ്രതീക്ഷിച്ചു കാത്തിരിക്കുന്ന  ഒരു സ്കൂള്‍കുട്ടി എന്ന നിലയില്‍ ഞാന്‍ അത്തരം  തികട്ടലുകളെ കടിച്ചൊതുക്കുകയായിരുന്നു പതിവ്‌.
                            ഇടത് ----_വലത്  ഭേദമില്ലാതെ ബന്ദുകളും അതിന്റെ ലേറ്റസ്റ്റ്‌ വേര്‍ഷന്‍ ആയ   ഹര്‍ത്താലുകളും  പണിമുടക്കുകളും ആഘോഷിച്ച് ,  അങ്ങനെ  പുരോഗതിയുടെ നവയുഗ പന്ധാവിലെയ്ക്ക്  നമ്മുടെ കൊച്ചുകേരളത്തെ നയിക്കുന്ന മഹാമനസ്കരെ ഓര്‍ത്തു  കുട്ടിക്കാലത്ത്‌  ഞാന്‍  ഒട്ടേറെ സന്തോഷിച്ചിട്ടുണ്ട് .  അടുത്ത ദിവസം  ക്ലാസില്‍ ഇടുന്ന ടെസ്റ്റ്‌ പേപ്പറിനു ഏതു സിനിമയുടെ കഥ എഴുതും എന്നോര്‍ത്തു വിഷമിച്ചിരിക്കുമ്പോള്‍ ആയിരിക്കും  മനസ്സില്‍ ഒരായിരം ലഡ്ഡു പൊട്ടിച്ചുകൊണ്ട് ഹര്‍ത്താല്‍ മഹാമഹം വന്നെത്തുക.   അന്നെരമോക്കെ തോന്നിയിട്ടുള്ളത്  ഈ ഹര്‍ത്താല്‍ മാമന്‍മാരെ കെട്ടിപ്പിടിച്ചു ഒരു ചക്കര ഉമ്മ കൊടുക്കാനാണ്.  (ഇപ്പോളത്തെ ന്യു ജെന്‍ കിഡ്സ്‌ നു ഇതുപോലെ ഉമ്മ കൊടുക്കാന്‍ തോന്നാറുണ്ടോ അതോ മറ്റു വല്ലതുമാണോ തോന്നാറ് എന്നതിനെ പറ്റി എനിക്ക് വെല്യ ഐഡിയ ഇല്ല ).  
        ഏതായാലും ഈ ഹര്‍ത്താലിന്  പാല്‍ , പത്രം എന്നിവ കൂടാതെ  ടൂറിസത്തെയും ഒഴിവാക്കുമോ    എന്ന്  നമുക്ക്‌ കാത്തിരുന്നു കാണാം. 
   മോഹനന്‍ സഖാവിനെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണ് എന്നാണു  സി.പി.എം ഉന്നയിക്കുന്ന പ്രധാന ആരോപണം. ഒരു രാഷ്ട്രീയപുണ്യവാളനും തനിക്കെതിരേയുള്ള കേസ്‌ ഒള്ളതാണ് എന്ന് സമ്മതിക്കുന്നത് ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു തീഹാര്‍ ജയിലില്‍ കഴിയുന്ന അഴിമതി വീരന്മാര്‍ പോലും  ഇപ്പോഴും കരുതുന്നു, രാഷ്ട്രീയ എതിരാളികളുടെ കള്ളക്കേസുകെട്ടുകളില്‍ പെട്ട് ജീവിതം പൊഹയായ ശുദ്ധാത്മാക്കളാണ്  തങ്ങളെന്ന്.  ഇത്തരം താത്വിക പ്രതിസന്ധികളില്‍,  ഒരാള്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട കേസ്‌ 'കള്ള'യാണോ 'വെള്ള'യാണോ എന്ന് പറയാന്‍ കഴിയുന്ന ഏക അതോരിടി കോടതിയാണ്  എന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ.  യഥാര്‍ത്ഥ കുറ്റവാളികളെ നേരിട്ടറിയാവുന്നവര്‍ക്കും   ഇത്തരമൊരു പ്രസ്താവനയ്ക്ക് വോയ്സ് ഉണ്ടെന്നു തോന്നുന്നു.  സി.പി.എം ഇതില്‍ ഏതു ഗണത്തിലാണോ പെടുക!!.. ഇതൊന്നുമല്ലെങ്കില്‍ വെറ്റിലയിലും വെള്ളുരുളിയിലും സത്യങ്ങള്‍ തെളിയിക്കുന്ന മാന്ത്രിക താന്ത്രിക വിദ്യകള്‍  പോളിറ്റ്ബ്യൂറോയും വശത്താക്കി എന്ന് വേണം അനുമാനിക്കാന്‍..   ഇത്തരം വിദ്യകളുടെ പ്രൊഫഷണല്‍ മാനങ്ങളിലെയ്ക്ക് സി.പി.എം കാര്യമായി  'മൂലധനം' (മാര്‍ക്സെ... നീ പൊറുക്കുക!!) ഇറക്കിയാല്‍  കാണിപ്പയൂര്‍ തിരുമേനിയും  മറ്റും കട്ടയും പടവും മടക്കേണ്ടി വരും എന്നതില്‍ സംശയം ഇല്ല. 
            സഖാവിനെ  അറസ്റ്റ്‌ ചെയ്തു കൊണ്ടു പോയ രീതി ശരിയായില്ല  എന്ന് കൂടി പാര്‍ടി പരാതിപ്പെടുന്നു.  മറ്റെല്ലാ ഇന്ത്യന്‍ പൌരരെയും അറസ്റ്റ്‌ ചെയ്യുന്നതിന് ഒരാഴ്ച മുന്‍പ്‌ പോലീസ് ഫോണില്‍ ബന്ധപ്പെടുകയും കുറ്റാരോപിതന്റെ സൌകര്യാനുസൃതം അറസ്റ്റിനു അപ്പോയിന്മെന്റ്  എടുക്കുകയും ചെയ്യാറുണ്ട്  എന്നും  ടി സഖാവിന്റെ കാര്യത്തില്‍ മാത്രം നീതി നിഷേധം നടന്നു എന്നുമാണ് നാം ഇതില്‍ നിന്നും മനസിലാക്കേണ്ടത്. മാത്രമല്ലാ, അറസ്റ്റിന്റെ നാടകീയത അല്പം ഓവര്‍ ആയിരുന്നു പോലും!!. ഇത് വളരെ ക്രൂരവും പൈശാചികവും ആയിപ്പോയി എന്ന് പറയാതെ തരമില്ല. സി.ഐ.എയുടെ പങ്ക് ഇത്തരം നാടകങ്ങള്‍ക്ക് പിന്നില്‍ ഉണ്ടോ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു..   
         എന്തായാലും  ധന്യമായ കമ്യുണിസ്റ്റ്‌ ജീവിതം നയിക്കുന്ന ഒരു സഖാവിനെ അറസ്റ്റ്‌ ചെയ്യുമ്പോള്‍ നാടകീയത എത്രടം വരെ ആകാം ,   എവിടം വരെ ആകാന്‍ പാടില്ല എന്നതിനെ അധികരിച്ച്  ഒരു പാര്‍ട്ടി മാര്‍ഗരേഖ  താമസിയാതെ തന്നെ നമുക്ക്‌ പ്രതീക്ഷിക്കാം. മാത്രമല്ല ഇത്തരം നാടകങ്ങളുടെ തിരക്കഥ, സംഭാഷണം, പശ്ചാത്തല സംഗീതം എന്നിവ പോലും ഇനിമേല്‍ പാര്‍ട്ടി കലാകാരന്മാര്‍ സൌജന്യമായി നിര്‍വഹിച്ചു കൊടുക്കുന്നതായിരിക്കും. (മറ്റൊന്നിനുമല്ല , പോലിസിന്റെ ജോലി ലഘൂകരിക്കുക എന്നത് മാത്രമേ പാര്‍ട്ടി ആഗ്രഹിക്കുന്നുള്ളൂ!!)  
    മറ്റു കുറ്റവാളികളെയെല്ലാം മുഹൂര്‍ത്തം നോക്കി, താലപ്പൊലിയും വെഞ്ചാമരവും വീശി  പനിനീരും തളിച്ച്  സ്വീകരിച്ചാനയിച്ചു കൊണ്ടുപോകുമ്പോള്‍ 'തീവ്രവാദികളോട്'  എന്ന പോലെയാണ് പാവപ്പെട്ട മോഹനന്‍ സഖാവിനോട് പെരുമാറിയത് '   എന്ന പരാതി മാത്രമാണ് ഒരല്പം ആശയക്കുഴപ്പം ഉണ്ടാക്കുക. എന്റെ അറിവില്‍ ഇപ്പോള്‍ ഇന്ത്യയില്‍ തടവില്‍ കഴിയുന്ന ഏറ്റം കുപ്രസിദ്ധ തീവ്രവാദി അജ്മല്‍ കസബ്‌ ആണ്.  പിടിയിലാകുമ്പോള്‍ നരുന്തു  പോലിരുന്ന ടിയാന്‍ ഇപ്പോള്‍ ചിക്കന്‍ ബിരിയാണി ഒക്കെ തിന്നു ആകെ നല്ല ചുള്ളന്‍ ഫ്രീക് ചെക്കനായി എന്നാണ്  ഫേസ്ബുക്കന്മാര്‍ തരുന്ന ഇന്‍ഫോര്‍മേഷനില്‍ നിന്നും മനസിലാകുന്നത്..  തൂക്കം തന്നെ പത്ത് --_ പതിനഞ്ചു  കിലോ കൂടി പോലും!!.. പ്രതിഭാ പാട്ടീലിന്റെ  ടൂര്‍ പായ്ക്കേജിനു വേണ്ടി വന്നതിന്റെ   അടുത്തുവരുമത്രേ ഇയാള്‍ക്ക് വേണ്ടി കേന്ദ്രം ചെലവാക്കിയ തുക!.  ഇമ്മാതിരിയുള്ള ഒരു  പരിഗണനയാണോ മോഹനന്‍ സഖാവിന് കേരള പോലീസ് തന്നത് എന്ന് പാര്‍ട്ടി വേഗം വിശദമാക്കെണ്ടിയിരിക്കുന്നു.
 അല്ലെന്നുവരികില്‍ ഈ  'തീവ്രവാദി ആരോപണം'  എത്രയും വേഗം ഒഴിവാക്കാന്‍ അപേക്ഷ!! (പാര്‍ട്ടി അണികള്‍ തെറ്റിദ്ധരിക്കേണ്ട എന്ന് കരുതിയാ കേട്ടോ..  സൌകര്യമില്ലേല്‍ വേണ്ട..)      

വാല്‍ക്കഷണം :- ഓരോ നേതാവും പിടിയിലാകുമ്പോള്‍ പ്രത്യേകം പ്രത്യേകം ഹര്‍ത്താല്‍ നടത്താതെ "പത്ത് പേര്‍ തികയുമ്പോള്‍ ഒന്ന് "എന്ന രീതി സ്വീകരിച്ചിരുന്നെങ്കില്‍ വല്യ ഉപകാരമായിരുന്നു. എന്നാലും തരപ്പെടും മാസത്തില്‍ ഒരു മൂന്നെണ്ണം!! (പറഞ്ഞെന്നെ ഉള്ളൂ.. സൌകര്യമില്ലേല്‍ വേണ്ട.. അല്ല പിന്നെ!!)      
  

Tuesday, June 26, 2012

ചൂടു പട്ടിയിറച്ചി തിന്നുമ്പോള്‍ സംഭവിക്കുന്നത് ..


         പ്രതികരിക്കാന്‍ മുട്ടിയിരിക്കുമ്പോള്‍ വിഷയമില്ലാതാകുന്നതിന്റെ വേദന ഒരു FB വിപ്ലവകാരിക്കെ മനസിലാകൂ. എന്നും സോമാലിയയിലെ പട്ടിണിയും ലാടിനമേരിക്കന്‍ രാജ്യങ്ങളിലെ മുതലാളിത്ത അധിനിവേശവും ഓടയിലെ വെള്ളം കുടിയ്ക്കുന്ന നിസ്സഹായ ബാല്യങ്ങളുടെ വേദനയും  ഒക്കെ  മാത്രം പോസ്ടിക്കൊണ്ടിരുന്നാല്‍ ലൈക്ക്‌ കളുടെ എണ്ണത്തില്‍ കാര്യമായ ഇടിവ്‌  സംഭവിക്കുമെന്നതു  എല്ലാ  FB പ്രതികരണ തൊഴിലാളികള്‍ക്കും അറിയാവുന്ന വസ്തുതയാണ്. എപ്പോളും എന്തേലും ഒക്കെ വെറൈറ്റി വേണം.  "ഈ പോസ്റ്റ്‌ ലൈക്കിയില്ലേല്‍ നിന്റെ സിസ്റ്റം ഹാംഗ് ആകും, വിന്‍ഡോസിന്റെ ചിപ്പ്‌ കരിഞ്ഞു പോകും" എന്നിങ്ങനെയുള്ള ഭീഷണികള്‍ ഇപ്പോള്‍ അച്ചായിമാരുടെ അടുത്തുപോലും എല്ക്കുകയില്ല. പിന്നല്ലേ NG പിള്ളേരുടെ അടുക്കല്‍!!.   എന്തു ചവറു പോസ്റ്റിയാലും, ഇനി  ഒരു കോപ്പും പോസ്റ്റിയില്ലേലും  ലൈക്ക്‌  കിട്ടണം എങ്കില്‍ 'അഞ്ജലി വര്‍മ്മ ' എന്നോ 'സുസന്‍ മേരി ജോര്‍ജ്‌ ' എന്നോ മറ്റോ ഉള്ള തൂലിക നാമങ്ങളില്‍   (സോറി.. കമ്പ്യൂട്ടറില്‍ എവിടാ തൂലിക!.. തല്ക്കാലം  കീബോര്‍ഡ്‌ നാമം എന്നോ മറ്റോ  വിളിക്കാം അല്ലെ !)  അക്കൌണ്ട് തുറക്കണം എന്ന ന്യൂജനറേഷന്‍ തിയറി  ഇന്നലെ പിറന്നു വീണ പിഞ്ചു കുഞ്ഞു വരെ പറഞ്ഞു തരും .
           ഇത്തരത്തില്‍ ഉള്ള ഒരു വിഷയാത്മക പ്രതിസന്ധിയില്‍ പെട്ട് കയ്യും കാലും അടിക്കുമ്പോള്‍ ആണ് ഒരു  കച്ചിത്തുരുമ്പ് എന്നോണം  മണി സഖാവ്‌ ആയും പെട്രോള്‍ വില വര്‍ധന ആയും പ്രതികരിക്കാന്‍ ഓരോരോ കാരണങ്ങള്‍ വീണു കിട്ടുക.   എങ്കിലും ആറിയ കഞ്ഞി പഴയംകഞ്ഞി എന്ന പ്രപഞ്ച സത്യം നാം ഒരിക്കല്‍ അന്ഗീകരിച്ചേ മതിയാകൂ.  ഇത് ഫേസ് ബുക്ക്‌ തൊഴിലാളികള്‍ക്ക്‌ മാത്രമല്ല ബാധകം. നമ്മുടെ രോമാന്ച്ച കഞ്ചുകങ്ങള്‍ ആയ മുഖ്യ ധാര മലയാള പത്രങ്ങളും   ഇത്തരത്തിലുള്ള പഞ്ഞ മാസങ്ങള്‍ അഭിമുഖീകരിക്കാറുണ്ട്. അപ്പോള്‍ അവര്‍ ചെയ്യാറുള്ളത്  നിത്യ ഹരിത ഇംഗ്ലീഷ് പത്രങ്ങളുടെ അടുക്കളയും പിന്നാമ്പുറവും  നിരങ്ങുക എന്നതാണ്.   അവിടെ നിന്നും പൊഴിഞ്ഞു കിട്ടുന്ന കഷണങ്ങള്‍ ഒന്നും നഷ്ടമാകാതെ   നന്നായ്‌ ചൂടാക്കി, അല്പം സാള്‍ട്ടും പെപ്പറും ഒക്കെ ചേര്‍ത്തു  പിറ്റേന്നത്തെ വെണ്ടയ്ക്ക ആയി ബോക്സില്‍ നിരത്തുക ആണ്  സാധാരണ പതിവ്‌.        


(അല്ലേലും ഏതു  ബ്ലഡി മല്ലു ആണ് വീട്ടില്‍ വരുത്തുന്ന ഇംഗ്ലീഷ് പേപ്പര്‍ വായിക്കുക, ഇനി  ആരേലും വായിക്കുന്നുണ്ടെല്‍ അവന്‍ പിന്നെ മലയാളം പേപ്പര്‍ വായിക്കുമോ?, എന്നിങ്ങനെയുള്ള പരമ്പരാഗത ധാരണകളും  ഇത്തരം വെണ്ടയ്ക്കകള്‍ക്ക് പിന്നിലുണ്ടെന്ന് കൂട്ടിക്കോ!!)

         മലയാളികളെ നേര് നേരത്തെ അറിയിക്കുന്ന ഒരു പത്രം   ഒരിക്കല്‍ ഇത്തരത്തില്‍  ഒരു മലയാളീകരണം നടത്തിയപ്പോള്‍ മലയാളികള്‍ക്ക്‌ എക്കാലവും ഓര്‍ത്ത്‌ ചിരിക്കാനുള്ള വക കിട്ടി.
  പാശ്ചാത്യരുടെ ഒരു തരം വിശിഷ്ടമായ ഒരു സാന്‍ട് വിച്ച് ആയ "ഹോട്ട് ഡോഗ് " ടി പത്രം മലയാളീകരിച്ചപ്പോള്‍  ചൂടു പട്ടിയിറച്ചി ആയി!!...
       കഴിഞ്ഞ വര്ഷം അറുപത്തി നാല് പട്ടികളെ തിന്നയാള്‍ ഇത്തവണ പത്തുമിനുറ്റ്‌ കൊണ്ട്  അറുപത്തിനാലര പട്ടികളെ തിന്നു സ്വന്തം റെക്കോര്‍ഡ്‌ തിരുത്തി എന്ന ഞെട്ടിക്കുന്ന  വാര്‍ത്ത വായിച്ചു എത്ര സഖാക്കന്മാര്‍ വിജ്രുംഭിതരായി, പട്ടികള്‍ക്കെതിരെ നടക്കുന്ന പാശ്ചാത്യ അധിനിവേശങ്ങള്‍ക്കെതിരെയും മൃഗീയമായ ക്രൂരതകള്‍ക്കെതിരെയും എത്ര ഫേസ്ബുക്ക്‌ സഖാക്കന്മാര്‍ ആഞ്ഞടിച്ചു  എന്നിങ്ങനെയുള്ള വിവരങ്ങളെ പറ്റി കാര്യമായ അറിവില്ല.    എന്തായാലും ഹര്‍ത്താലോ കരി ദിനമോ ഒന്നും തന്നെ ആചരിക്കപ്പെട്ടില്ല  എന്നാണ് എന്റെ ഓര്‍മ്മ .


        ഇന്ന്  ഈ ഹോട്ട് ഡോഗിന്റെ കാര്യം ഓര്‍മ്മ വരാന്‍ കാര്യമുണ്ട്.  ഇന്ന് രാവിലെ  മുതല്‍ ഫേസ് ബുക്ക്‌ പ്രതികരണ തൊഴിലാളികള്‍  സര്‍ദാര്‍ജിയുടെയും മദാമ്മയുടെയും ഒക്കെ തന്തയ്ക്ക്  വിളിച്ചു കൊണ്ട് പോസ്റ്റുന്നത്  കണ്ടപ്പോള്‍ ന്യൂ ജനറേഷന്‍ ബ്ലോഗ്ഗര്‍ ആയ എനിക്കും ഒരു ചൊറിച്ചില്‍. എങ്ങനെയാ പ്രതികരണം  കുറയ്ക്കുന്നെ...  കുറച്ചാ കൊറച്ചില്‍ അല്ലെ ..
        
    കാര്യം എന്താണെന്നല്ലേ..    പെട്രോള്‍ വിലയുടെ ക്ഷീണം മാറും മുന്നേ കേന്ദ്രം പ്രവാസികള്‍ക്കിട്ടു പണി തന്നിരിക്കുന്നു!!. അതും എട്ടിന്റെ പണി!!... അതായത്,  അവര്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്ന ഓരോ 1000 രൂപയ്ക്കും 123 രൂപ നികുതി  നല്‍കണം പോലും !!..  എന്തു കോപ്പിലെ എടപാടാ അല്ലെ..
 ടി പോസ്റ്റ്‌ കണ്ടപ്പോളേ സര്‍ദാര്‍ജിയെ തെറി പറയാന്‍ എന്റെയും നാക്ക് ചൊരിഞ്ഞു. എന്നാലും അതിനു മുന്‍പേ വാര്‍ത്തയുടെ ആധികാരികത പരിശോധിക്കണ്ടേ.. (എന്നാ പറയാനാ.. അങ്ങനെയൊരു ദുശീലം ഉണ്ടായിപ്പോയി!!..)

അന്വേഷിച്ചപ്പോള്‍  മനസിലായതു  കേരള കൌമുദി റിപ്പോര്‍ട്ട് ആണ് വാര്‍ത്തയ്ക്കു  അടിസ്ഥാനം എന്നാണു...

 ടി വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു..


                         
                 പക്ഷെ മനോരമയില്‍ ഈ വാര്‍ത്ത കണ്ടില്ലല്ലോ...  ഇനി ലവന്മാര്‍  കേന്ദ്രത്തെ രക്ഷിക്കാന്‍ മുക്കിയതാണോ !!..  ആകെ കണ്ഫ്യൂ ഷന്‍!!  ഇനി ഓണ്‍ലൈന്‍ പത്രങ്ങള്‍ ഒന്ന് തപ്പിയാലോ...
      അങ്ങനെ തപ്പിതപ്പി 'ദി ഹിന്ദു ബിസിനെസ്സ്‌ ലൈന്‍' ന്റെ പേജില്‍ എത്തി...
അപ്പോള്‍ ആണ്  മനസിലായത്  കൌമുദി വിളമ്പിയത്  "ചൂടു പട്ടിയിറച്ചി" ആണെന്ന് ...!!  
ഈച്ചക്കോപ്പി അടിക്കുമ്പോള്‍ പറ്റുന്ന ഓരോരോ പറ്റുകളെ....!!      



















    മനസിലായില്ലേ വ്യത്യാസം.. ഒരു പ്രവാസി ഒരു ലക്ഷം രൂപ വെസ്റ്റേണ്‍ മണി ട്രാന്‍സ്ഫര്‍ലൂടെ   നാട്ടിലേയ്ക്ക് അയയ്ക്കുന്നു എന്ന് കരുതുക. 12.36 % നികുതി  എന്നത്  ഈ ഒരു ലക്ഷം രൂപയ്ക്കല്ല.  ഈ ഒരു ലക്ഷം രൂപയ്ക്ക്  മണി ട്രാന്‍സ്ഫര്‍ ഏജന്‍സി  500 രൂപ കമ്മീഷന്‍ ഈടാക്കുന്നു എങ്കില്‍ ആ 500 രൂപയ്ക്കാണ്  ടി പറഞ്ഞ നികുതി!!.. അതായത്     61.80 രൂപ!!.
കൌമുദി പറയുന്നത് അനുസരിച്ച്  ആണെങ്കില്‍  ഒരു ലക്ഷം രൂപയ്ക്ക് 12360 രൂപ     നികുതി അടയ്ക്കണം!!.
            ഏതായാലും, മദാമ്മയുടെയും സര്‍ദാര്‍ജിയുടെയും തന്തയ്ക്ക് വിളിച്ച എത്ര ഫേസ് ബുക്ക്‌ ഗുണ്ടകള്‍  പറ്റിയ അബദ്ധം ഏറ്റുപറഞ്ഞ്‌  ക്ഷമാപണം രേഖപ്പെടുത്താനുള്ള മര്യാദ കാണിക്കും  എന്ന് കണ്ടറിയണം!!..
     തങ്ങള്‍ക്ക് അബദ്ധം പറ്റിയതല്ല (അല്ലേലും തങ്ങള്‍ക്ക് അബദ്ധം പറ്റാറെയില്ലല്ലോ... പറ്റുന്നത് പോസ്റ്റു വായിച്ചവര്‍ക്കല്ലേ!!) മറിച്ച്, അടുത്ത പെട്രോള്‍ വില വര്‍ധനയ്ക്ക്‌ വിളിക്കാന്‍ വെച്ചിരുന്നത്  എടുത്തു നേരത്തെ വിളംബിയതാണ്  എന്നിങ്ങനെയുള്ള   താത്വിക വിശദീകരണങ്ങള്‍  നമുക്ക്‌  പ്രതീക്ഷിക്കാം !!     

Friday, June 22, 2012

അന്തരീക്ഷത്തിലെ കല്ല് NG കുരുവികളുടെ മേല്‍ വീണപ്പോള്‍..

          വേറെ പണി ഒന്നും ഇല്ലാത്തതുകൊണ്ട്  ആവശ്യത്തിലധികം ഉള്ള  സമയം ചുമ്മാ കളയാനും  അങ്ങനെ ചുമ്മാ ഇരിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ കോട്ടയം പട്ടണത്തില്‍ കുറവായതുകൊണ്ടുമാണ്  ഒടുവില്‍ ആ ആല്‍ത്തറയില്‍ സ്ഥാനം പിടിച്ചത്‌ . 'ആ ആല്‍ത്തറ' എന്ന് പറഞ്ഞാല്‍ കോട്ടയം തിരുനക്കര അമ്പലത്തിന്റെ ആല്‍ത്തറ. കോട്ടയം നഗരത്തിന്റെ പ്രകൃതി ദത്ത എയര്‍കണ്ടീഷണര്‍...   പണ്ട് പോളിടെക്നിക്കില്‍ പഠിച്ചിരുന്ന കാലത്ത്‌  ക്ലാസ്സ്‌  കട്ട് ചെയ്തു  അനശ്വരയുടെ സമയത്തിനായി  പോളിമേറ്റ്സിനൊപ്പം കാത്തിരുന്നത് ഇവിടെയായിരുന്നു... (തെറ്റിധരിക്കണ്ട,  അനശ്വര തിയറ്റര്‍ ആണ് ഉദ്ദേശിച്ചത് ) ഹോ ഈ നോസ്ടാല്ജിയകള്‍...     ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല, ഒരു സുഹൃത്തും ഒപ്പമുണ്ട്. ഒഹ്.. അത് പറയാന്‍ മറന്നു- അദ്ദേഹവും എന്നെപ്പോലെ ഒരു എഞ്ചിനീയര്‍ ആണ് - ഒരു   അണ്ണാ യുനിവേഴ്സിടി ബൈ പ്രോഡക്റ്റ് .   ടിയാന്റെ കംപ്ലയിന്റ്റ്‌ ആയ ലാപ്ടോപ്പ് സര്‍വീസ്‌ സെന്ററില്‍ കൊടുത്തിട്ട്  സര്‍വീസ്‌ കംപ്ലീറ്റ്‌ ആകാനുള്ള  കാത്തിരിപ്പാണ് ഇപ്പോള്‍.   
      കേരളത്തില്‍ .. അല്ലേല്‍ വേണ്ട ,   കോട്ടയം പട്ടണത്തിലെ തെളിഞ്ഞ  അന്തരീക്ഷത്തിലെയ്ക്ക് വെറുതെ ഒരു കല്ല്‌ എടുത്തെറിഞ്ഞാല്‍ അത് ചെന്ന് വീഴുന്നത്  തെരുവ്‌ നായയുടെ പുറത്താണോ അതോ  ഞങ്ങളെപ്പോലുള്ള ഏതെന്കിലും ഒരു എഞ്ചിനീയറുടെ പുറത്താണോ എന്ന വിഷയത്തില്‍ ശക്തമായ വാഗ്വാദത്തില്‍ ആയിരുന്നു ഞങ്ങള്‍. പട്ടിടെ പുറത്ത് വീഴും എന്ന് ഞാന്‍... എഞ്ചിനീയറുടെ പുറത്തെന്നു അവന്‍... എങ്ങുമെത്താതെ പോയ തര്‍ക്കം ഒടുവില്‍ സോഷ്യലിസത്തിന്റെ ഇക്വറ്റോറിയല്‍ മാനങ്ങളിലെയ്ക്ക് വഴിമാറി. പ്ലസ്‌ ടു ജയിച്ചവരും ജയിക്കത്തവരുമായ  ന്യൂജെന്‍. കിഡ്സ്‌ ഒന്നുപോലും മിസ്സ്‌ ആകാതെ എല്ലാവരും എന്‍ജിനീയേഴ്സ്  ആയിത്തീരുന്ന   ഒരു സമത്വ സുന്ദര കേരളം ഡ്രാഫ്ടറും കയ്യിലേന്തി നില്‍ക്കുന്ന    കാഴ്ച്ച മനക്കണ്ണാല്‍ കണ്ടു ഞങ്ങള്‍ കോരിത്തരിച്ചു ..  അപ്പോള്‍ എഴുന്നേറ്റു നിന്ന എന്റെ രോമങ്ങള്‍ ഇതുവരെ ഇരുന്നിട്ടില്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അതിശയോക്തിയായി കരുതരുത്‌.. 


       അങ്ങനെ രോമാഞ്ചിച്ച് ഇരിക്കുമ്പോള്‍ ആണ് രണ്ടു ഇണക്കുരുവികള്‍ - വെറും കുരുവികള്‍ അല്ല നല്ല ഫ്രഷ്‌  NG (ന്യൂ ജെനറേഷന്‍) കുരുവികള്‍ ക്ഷേത്രാങ്കനത്തിന്റെ ഒരു ഒഴിഞ്ഞ കോണില്‍ സ്ഥാനം പിടിച്ചത്‌ . ഇണക്കുരുവികള്‍  കൊക്കുരുമ്മുമ്പോള്‍  ഉണ്ടാകുന്ന ഘര്‍ഷണ ബലത്തിന്റെ  ത്രീ ഡയമെന്‍ഷന്‍ മാനങ്ങളിലെയ്ക്കാണു നുമ്പേ എടുത്തെറിഞ്ഞ കല്ല്‌ ചെന്ന് വീണത്‌ . (ഛെ.. ഈ കല്ലിനൊക്കെ ചെന്ന് വീഴാന്‍ കണ്ട സ്ഥലം..!!  ഭാഗ്യം!! കുരുവികള്‍ അറിഞ്ഞത് പോലും ഇല്ല). . .  
തള്ളെ.. കുരുവികള്‍ ഇപ്പോള്‍ കൊക്കല്ലല്ലോ ഉരുമ്മുന്നത് .. മറ്റുപലതും ആണല്ലോ...  മുന്‍പത്തെ ഫ്രിക്ഷനല്‍ എനര്‍ജി ഇപ്പോള്‍  ഒരു പത്തു ജൂള്‍ എങ്കിലും കൂടിക്കാണും.. ഉറപ്പ്‌.. (എഞ്ചിനിയറിംഗ് പഠിച്ചത്‌   വെറുതെയാന്നാണോ കരുതിയത് ?)

"  ഫാ..    ഇതിനാണോഡാ നിന്നെയൊക്കെ വീട്ടില്‍ നിന്നും കെട്ടിയോരുക്കി വിടുന്നെ... .
നിനക്കൊക്കെ അത്രയ്ക്ക് വിഷമം  ഉണ്ടേല്‍ വല്ല ഹോട്ടലിലോ ലോഡ്ജിലോ പോയി തീര്‍ത്തോണം..  അമ്പലത്തിന്റെ മുന്നിലിരുന്നു തരവഴിക്കേടു കാണിക്കുന്നോ??.. ഇവിടെ ഈ പരിപാടി നടക്കില്ല...  "  
       
          ഖന ഗംഭീര്യമാര്‍ന്ന ആ ശബ്ദത്തില്‍ ഞെട്ടിത്തരിച്ച NGകുരുവികള്‍ ചിറകടിച്ച് ഉയര്‍ന്നു. പെണ്‍കുരുവി തന്റെ  അലങ്കോലപ്പെട്ട തൂവലുകള്‍ ബുദ്ധിമുട്ടി  നേരെയാക്കി.  ശബ്ദത്തിന്റെ ഉടമയെ ഞങ്ങളും അല്പം നീരസത്തോടെ നോക്കി. ഒരു പത്ത് അറുപത് വയസ്സ് പ്രായം തോന്നിക്കും. മുഷിഞ്ഞ കാവി മുണ്ട്.. ചന്ദനക്കുറി..   ഇപ്പൊ ഇതെവിടുന്നു പൊട്ടിവീണോ എന്തോ.. എന്തായാലും ഇന്നത്തെ പക്ഷി നിരീക്ഷണം പണ്ടാരടങ്ങി..
         ഇനി ഇതാണോ ഈ സോഷ്യല്‍ മീടിയാക്കാര്‍ തന്തയ്ക്കും തള്ളയ്ക്കും മുത്തിയ്ക്കും മുത്തപ്പനും ഒക്കെ വിളിക്കാറുള്ള 'സദാചാര പോലീസു'കാരന്‍?..
        ഈ 'സദാചാരം' എന്ന വാക്കിന്  എന്റെ ചെറുപ്പകാലത്ത്  വളരെ നല്ല അര്‍ത്ഥമായിരുന്നു പറഞ്ഞു കേട്ടിരുന്നത്. കുടുംബത്തില്‍ പിറന്ന ആണും പെണ്ണും തറവാട്ടു സ്വത്തു പോലെ സൂക്ഷിക്കുന്ന ചില അതുല്യ  ഗുണങ്ങള്‍ എന്നായിരുന്നു അക്കാലത്ത്  ഈ വാക്കിന്റെ അര്‍ഥം.  ഇപ്പോള്‍   ഓണ്‍ലൈന്‍ ലോകത്തില്‍ പിച്ച വെച്ച് നടക്കാന്‍ തുടങ്ങിയപ്പോളാണ്  'സദാചാരം' എന്നത്  ഒരു അശ്ലീല പദം ആണ് എന്നും സദാചാരപോലിസുകാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന, ഫെമിനിസ്റ്റ്‌ - ഷോവനിസ്റ്റ് പിഗ്ഗുകളെ പോലെ വെറുക്കപ്പെട്ട ഒരു കൂട്ടം നികൃഷ്ട ജീവികള്‍ ആണ് ഈ അശ്ലീല പദം മൂലം NGകളെ വഴി പിഴപ്പിക്കുന്നത് എന്നുംമറ്റുള്ള ഫയങ്കര സത്യങ്ങള്‍ തിരിച്ചറിഞ്ഞത്.    അതുപോലെ തന്നെ, ഈ സദാചാര മൈ^%&^മാരെ തെറി വിളിക്കുന്നത് സോഷ്യല്‍ മീഡിയയിലെ ഒരു ഫാഷന്‍ ആണ് എന്നും !!. . തീര്‍ച്ചയായും മുകളിലെ NG കുരുവികള്‍, 'ഒരു തേര്‍ഡ്‌ റേറ്റ്‌ കല്ച്ചര്‍ലെസ്സ്  സദാചാര തെണ്ടി ഇന്ന് ഞങ്ങളുടെ ശകുനം മുടക്കി' എന്ന് ട്വിറ്ററില്‍ ട്വീറ്റിക്കാണും എന്നതില്‍ എനിക്ക് യാതൊരു സംശയവും ഇല്ല.  ടി പറഞ്ഞ കള്‍ച്ചര്‍ലെസ് സദാചാര തെണ്ടിയുടെ   ക്രൂരകൃത്യം സ്വന്തം തന്തപ്പടിയോ ആങ്ങളമാരോ ചെയ്താലും കുരുവികള്‍  ഇങ്ങനെ തന്നെ ട്വീട്ടുവോ എന്നത്  ചിന്തനീയമാണ്!!.. 
      ഒരു ആണിനെയും പെണ്ണിനെയും അസാധാരണമായ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ട വീടുകളില്‍ നിന്നോ ലോഡ്ജില്‍ നിന്നോ  പിടികൂടുന്ന നാട്ടുകാര്‍ വെറും തേര്‍ഡ്‌റേറ്റ്‌ സദാചാര മൈ^%&^മാരും  ഇതേ ക്രൂരകൃത്യം  യൂണിഫോം അണിഞ്ഞ പോലീസുകാര്‍ ചെയ്‌താല്‍ അത് നിയമത്തിന്റെ സര്‍വോന്മുഖ  ഉല്‍കൃഷ്ട പാലനവും ആയിത്തീരുന്നത് എങ്ങനെ എന്ന സംശയം   ആണ്‍ കുരുവികള്‍ എല്ലായ്പ്പോഴും പീഡനവീരന്മാരും  പെണ്കുരുവികള്‍   എല്ലായ്പ്പോഴും നിഷ്കളങ്കകളായ   സീതാ ദേവിമാരും  ആയിത്തീരുന്നത് എങ്ങനെ എന്ന സംശയം പോലെ തന്നെ ഉത്തരം കിട്ടാതെ അലഞ്ഞുതിരിയുന്നു. 
    ഏതെന്കിലും വി.ഐ.പി യുടെ കൊക്കുരുമ്മല്‍  ദൃശ്യങ്ങള്‍ സഹസ്രകോടി ന്യൂസ് ചാനലുകളിലോരെണ്ണം പ്രൈം ടൈമില്‍ ടെലികാസ്ടിയാല്‍ അത് ഉല്‍കൃഷ്ട - എക്സ്ക്ലുസിവ്‌ മാധ്യമ പ്രവര്‍ത്തനവും,   വി.ഐ.പി അല്ലാത്ത   കുരുവികളുടെ ദൃശ്യങ്ങള്‍  ഏതെന്കിലും ലോക്കല്‍ പക്ഷി നിരീക്ഷകന്‍ തന്റെ ഗാലക്സി ടാബില്‍ ഒപ്പിയെടുത്ത് യു ട്യൂബില്‍  അപ്-ലോഡിയാല്‍ അത്  ഭൂലോക ചെറ്റത്തരവും ആയിത്തീരുന്നത് എങ്ങനെ  എന്ന സംശയം ചിറകടിച്ചുയര്‍ന്നത്   'ചാപ്പ കുരിശ് ' കണ്ടതില്‍ പിന്നെയാണ് . രമ്യ നമ്പീശന്‍ ടി പടത്തില്‍ കാണിച്ചു തരുന്നതാണ് വിശ്വോത്തര ഉദാത്ത ബോള്‍ഡ്‌ നെസ്  എന്ന് NGകളെ പഠിപ്പിച്ച സോഷ്യല്‍ മീഡിയയിലെ ഏതേലും ഒരു  നിരൂപക പണ്ഡിതനെ ബാച്ചലര്‍ പാര്‍ട്ടിയ്ക്ക് ശേഷം കണ്ടു കിട്ടുമ്പോള്‍ ഈ സമസ്യകള്‍ക്ക്‌ വിരാമമാകുമെന്നാണ്  കോട്ടയത്തെ ഈ ഔട്ട്‌ സ്പോകെന്‍  സദാചാര മൈ@$@ന്റെയും വിശ്വാസം... 
    നാളെകളുടെ കന്നിമാസങ്ങളില്‍ കേരളത്തിലെ മുക്കുംമൂലയും ബാന്‍ഗ്ലൂരിലെ വൃന്ദാവന്‍ ഗാര്‍ഡന്‍ പോലെ പൂത്തുലയുകയും  ഒരു പുല്ലനെയും പേടിക്കാതെ കുരുവികള്‍ കൊക്കുരുമ്മുകയും  ചെയ്യുമ്പോള്‍  എന്നെപ്പോലുള്ള സദാചാര പന്നികള്‍ കരച്ചിലും പല്ലുകടിയുമുള്ള  അന്ധകാരത്തിലെയ്ക്ക് എറിയപ്പെടും എന്നതില്‍ സംശയം വേണ്ട.

Monday, June 18, 2012

ജഡ്ജിയുടെ ക്ലീനിംഗ് അഥവാ എട്ടിന്റെ പണി !!

           എല്ലാദിവസവും  മൂന്നുനേരവും ചിലദിവസങ്ങളില്‍ നാല് നേരവും മൂക്ക് മുട്ടെ വെട്ടിയടിച്ച്  കാലവര്‍ഷത്തിന്റെ ഹൃദ്യരാഗവും ആസ്വദിച്ച് ചുരുണ്ടുകൂടിയും പിന്നെയും ബാക്കിയാവുന്ന ഒഴിവുസമയങ്ങളില്‍  ഫേസ് ബുക്കില്‍ അലഞ്ഞുതിരിഞ്ഞും  കീ ബോര്‍ഡിനു മുന്നിലിരുന്നു സമൂഹത്തെ ബോധവല്‍ക്കരിച്ചും  അനീതിക്കെതിരെ ആഞ്ഞടിച്ചും  സമയം തള്ളി നീക്കുന്ന   എന്നെപ്പോലുള്ള   ന്യൂജനറേഷന്‍ പ്രതികരണ തൊഴിലാളികള്‍ക്കിട്ട്   ശരിക്കും ഒരു കൊട്ടാണു ഹൈക്കോടതി ജഡ്ജി തന്നത്. ഇന്നലെയും കോട്ടയം നഗരസഭയുടെ കെടുകാര്യസ്തതയ്ക്കെതിരെ  FBയില്‍ പോസ്ടിയതെ ഉള്ളൂ!!.    ഫേസ്ബുക്കില്‍    അമ്പതു ലൈക്കും നാല്‍പ്പതു ഷെയറും കിട്ടിയാല്‍ ഇന്ത്യ മഹാരാജ്യത്തെ ഏതു നീറുന്ന പ്രശ്നത്തിനും പരിഹാരമാകും എന്ന് വിശ്വസിക്കുന്ന  എന്നെപ്പോലുള്ള ന്യുജനറേഷന്‍ സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും യുവതുര്‍ക്കികളുടെയും  നെഞ്ചത്താണ്  അങ്ങേരു തൂമ്പാ വെച്ച് വെട്ടിക്കിളച്ചു പണ്ടാരടക്കിയത് .  ഇനി അവിടെ കപ്പയാണോ ചീനിക്കിഴങ്ങാണോ നടേണ്ടത് എന്ന ഒരു അധ്യാത്മിക പ്രതിസന്ധിയില്‍ ആണ് ഞാനിപ്പോള്‍.. 
        ഇത്ര വികാരഭരിതനാവാന്‍ ഹൈക്കോടതി ജഡ്ജി എന്താ ഇയാളെ കടിച്ചോ എന്നായിരിക്കും നിങ്ങളിപ്പോള്‍ ആലോചിക്കുക. സത്യത്തില്‍ അതായിരുന്നു ഇതിലും ഭേദം എന്ന് തോന്നിപ്പോകുന്നു.
 
      കൊച്ചിയിലെ എന്തിനും ഏതിനും തയ്യാറായ നല്ല  ജാങ്കോ പിള്ളേര്‍ ജഡ്ജിയുടെ ഈ കൊട്ടേഷന്‍ ഏറ്റെടുക്കുമായിരുന്നു എന്നിരിക്കെ  ഈ പെരുമഴയത്ത്  ഇങ്ങേര്‍ക്ക് ഇത് എന്തിന്റെ കേടാണ് എന്ന് എനിക്ക് മനസിലാകുന്നില്ല.  കൊച്ചി പഴയ കൊച്ചി അല്ലെന്നു കേട്ടിട്ടുണ്ട് . എന്നാലും - ജഡ്ജിമാര്‍ ഒക്കെ മാറിപ്പോയി എന്നത് പുത്തന്‍ അറിവ് ആണ്. ജയരാജന്‍ മാസ്ടറുടെ  ആന്തരിക സൌഖ്യ ധ്യാനം വര്‍ക്ക്‌ ഔട്ട്‌ ചെയ്തോ എന്തോ!!!..
     നാടിലെ മാനുഷരെല്ലാം ഇങ്ങേരെപ്പോലെ  ഒരുമ്പെട്ടിറങ്ങിയാല്‍ എന്നെപ്പോലുള്ള പാവപ്പെട്ട ന്യൂജനറേഷന്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്ടുകള്‍ എന്ത് ചെയ്യും?. 
      ഹൈക്കോടതി ജഡ്ജിയുടെ ധീരോദാത്തമായ മാതൃകയെപ്പറ്റി മാധ്യമ സിണ്ടിക്കേറ്റ്കളുടെ റിപ്പോര്‍ട്ട് കേട്ടു   വിജ്രുംഭിതരാകുന്ന  മാതാപിതാക്കള്‍  അതിരാവിലെ പത്തര മണിയ്ക്ക് കണ്ണും തിരുമ്മി ഉണര്‍ന്നു വരുന്ന എന്നെപ്പോലുള്ള പരിശ്രമശാലികളായ യുവ തിടമ്പുകളുടെ കയ്യിലെയ്ക്ക്  മണ്‍വെട്ടിയും പിക്കാസും പിടിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന  ആഗോള സാമ്പത്തിക വ്യവസ്ഥയിലെ അസന്തുലിത മാനങ്ങളെ പറ്റി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ മണകുണാഞ്ഞന്മാര്‍ക്ക്   വല്ല ഐഡിയയും ഉണ്ടോ ??..
            എഞ്ചിനീയറിംഗ് നു ആദ്യം പഠിച്ച ബാലപാഠം തന്നെ 'an engineer is a supervisor, not a worker' എന്നാണ്. ഈ പ്രപഞ്ച നിയമങ്ങള്‍ ഒക്കെ കാറ്റില്‍ പറത്തിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ എന്തെല്ലാമായിരിക്കും !!.. സര്‍വോപരി ഈ ബ്ലോഗ്ഗിന്റെ ഭാവി തന്നെ എന്തായി തീരും??..
എന്റെ എഞ്ചിനീറിംഗ് മുത്തപ്പന്‍മാരേ...  ബ്ലോഗ്‌ പുണ്യാളന്‍മാരെ....  കാത്തോളണെ...!!!
    
        കീ ബോര്‍ഡുകളില്‍ തായം കളിക്കുന്ന ഇന്ത്യയുടെ  ഇളം കൈകളില്‍ തൂമ്പാ പിടിപ്പിക്കാനുള്ള ഒരുതരം സാമ്രാജ്യത്വ ഗൂഡാലോചന അല്ലേ ഇത്തരം നീക്കങ്ങള്‍ക്കുപിന്നില്‍ ?.. ആണെങ്കില്‍ തീര്‍ച്ചയായും അമേരിക്കയുടെ കരങ്ങളും അതിനു പിന്നില്‍ കാണും .. തീര്‍ച്ച !!
 
                

Tweet, Share & Like