Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Thursday, May 31, 2012

ഞാന്‍ വേണ്ടെന്നു വെച്ച 8 ലക്ഷത്തിന്റെ ജോലി

     പതിവ്‌ പോലെ തികഞ്ഞ ആകാംക്ഷയോടെയാണ് മെയില്‍ ബോക്സ് തുറന്നത്. അല്ലേലും എപ്പോ ഇ-മെയില്‍ ചെക്ക് ചെയ്താലും ഞാന്‍ അങ്ങനെയാ..  ഫയങ്കര ആകാംക്ഷയാ..  കാരണം വേറൊന്നും അല്ല , ഇപ്പോളാ വിളി മുകളില്‍ നിന്നും വരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ.  ഇവിടെ ഉദേശിക്കുന്ന വിളി കര്‍ത്താവിന്റത് അല്ല.  കോഴ്സ് തീരുന്നതിനു മുന്നേ തന്നെ  ലോകത്തില്‍ ഒള്ള  ഐ.ടി കമ്പനികള്‍ക്കൊക്കെ സി.വി  അയച്ചുകൊടുത്തിട്ടുണ്ട്.  എപ്പോ വേണമെങ്കിലും  ഒരു മുഖാഭിമുഖത്തിനുള്ള ക്ഷണം പ്രതീക്ഷിക്കാം.  പണി കിട്ടിയാലും  ഇല്ലേലും എന്റെ മുഖം കാണുന്നത് കൊണ്ട്  ഇന്റര്‍വ്യു ബോര്‍ഡിനും   ബോര്‍ഡിലുള്ളത്  കൊള്ളാവുന്ന മുഖങ്ങള്‍ ആണെങ്കില്‍ എനിക്കും  എന്തെന്നില്ലാത്ത ഒരു ആനന്ദ നിര്‍വൃതി ഉണ്ടാകുമല്ലോ .. ഏത് !!
പക്ഷെ  ഇന്ന് മെയിലില്‍ വന്ന ഒരു സംഗതി കണ്ടപ്പോള്‍ മനസ്സില്‍ പത്ത് നൂറു ലഡു ഒന്നിച്ചു പൊട്ടി. എവിടുന്നാന്നും വെച്ചാ ??..  സാക്ഷാല്‍ BMW കമ്പനിയില്‍ നിന്നും !!..  ഇന്റര്‍നെറ്റില്‍ സബ്മിറ്റ് ചെയ്യപ്പെട്ടിട്ടുള്ള അനേക ലക്ഷം CVകളില്‍ നിന്നും കമ്പനി വെറും 36 പേരെ ഷോര്‍ട്ട് ലിസ്റ്റ്  ചെയ്തിരിക്കുവാത്രേ !!. ഫൈനല്‍ ഇന്റര്‍ വ്യൂ ഹരിയാനയില്‍..  !!!
 ദൈവമേ !!..  നീ ബി എം ഡബ്ല്യു വിന്റെ രൂപത്തിലും ??..........!!!!!!!!
കമ്പനി ഹരിയാനയില്‍ ഉടനെ തുടങ്ങുന്ന പ്ലാന്റ് -ലേയ്ക്ക്‌  ആണ്  നിയമനങ്ങള്‍  നടക്കുന്നത് ..  സാലറി കണ്ടപ്പോ പിന്നെയും പിന്നെയും ലഡു പൊട്ടി !!.. 
Rs. 50000-800000 Per Month+DA+Accommodation !! 

ഓഫര്‍ ലെറ്ററും  എയര്‍ ടിക്കറ്റും   കമ്പനി  ഉടനെ കൊരിയര്‍ ആയി  അയച്ചുതരുമത്രേ !!!...

പക്ഷെ , താഴോട്ടു വായിച്ചു വന്നപ്പോള്‍ അല്പം നിരാശ.. 
 Initial Security ആയി Rs. 10,200 കമ്പനി എച്ച് .ആര്‍ അക്കൌണ്ടില്‍ അടയ്ക്കണമത്രേ !! പക്ഷെ , റീഫണ്ടബ്ല്‍ ആണ് ...  ഇന്റെര്‍വ്യൂ നു ചെല്ലുമ്പോള്‍ മടക്കിത്തരും..
കാര്യം, ന്യൂജനറേഷന്‍ യുവതുര്‍ക്കി, മാങ്ങാത്തൊലി എന്നൊക്കെ പറയുമെങ്കിലും   പത്തുരൂപ തികച്ചെടുക്കാനില്ലാത്ത എന്റെ   ഓട്ടക്കീശയില്‍ എവിടുന്നാ പതിനായിരം രൂഫാ!!..  അടയ്ക്കാനുള്ള ലാസ്റ്റ്‌ ഡേറ്റ് ആണെങ്കില്‍   മെയില്‍ കിട്ടിയ ഈ ദിവസം തന്നെയും !!...  ഒരു പത്തു ദിവസം കഴിഞ്ഞാനെങ്കില്‍ ബ്ലേഡ്‌ എടുത്തു കൊടുക്കാമായിരുന്നു...
എന്തായാലും ഒരല്‍പം ഹൃദയവേദനയോടെ  ഞാന്‍ ബി.എം ഡബ്ല്യു വിലെ എട്ടുലക്ഷം രൂപയുടെ ജോലി വേണ്ടെന്നു വെച്ചു !!...
ഇനി ബാക്കിയുള്ള  35 ഉദ്യോഗാര്‍ഥികള്‍ക്ക്  കരുത്തനായ ഒരു എതിരാളിയെ ഭയക്കാതെ സമാധാനമായി ഇന്റര്‍വ്യു അറ്റന്‍ഡ് ചെയ്യാമല്ലോ..
ശരിക്കും എന്ത് വല്യ ത്യാഗമാ എന്റേത് ... അല്ലെ !!.... 
ഇതൊക്കെ ഞാന്‍ ചുമ്മാ പുളു അടിക്കുന്നതാന്നു കരുതുന്നവര്‍ക്കായി  എനിക്ക്  "BMWവില്‍" നിന്ന്  കിട്ടിയ ആ ഫയങ്കര സംഭവം ചുവടെ ചേര്‍ക്കുന്നു..
ഇനി ഉദ്യോഗാര്‍ഥികളോട്  അല്പം കാര്യമായി :-
ദൈവത്തെ ഓര്‍ത്ത്‌ ഇതുപോലത്തെ ബി എം ഡബ്യു ട്രക്കിനോന്നും തല വെച്ച് കൊടുക്കല്ലേ...
ഒരു കമ്പനിയും ഇതുപോലെ  ഇന്റര്‍വ്യു വിനു മുന്നേ സെക്യുരിറ്റി ഒന്നും ആവശ്യപ്പെടാറില്ല.
മുകളിലെ ലെറ്ററില്‍ തന്നിരിക്കുന്ന ഇ-മെയില്‍ ഐ ഡി ശ്രദ്ധിച്ചാല്‍ തന്നെ സംഗതി പിടി കിട്ടും.  കൊള്ളാവുന്ന കമ്പനികള്‍ക്കൊക്കെ അവരുടെ തന്നെ വെബ് സൈറ്റ്‌ ന്റെ അക്കൌണ്ടില്‍  ഉള്ള ഐ.ഡി ആണ് ഉള്ളത് . Eg: career@bmw.com, career@intel.com.. etc...
interviewmail.com എന്ന പേരില്‍ ഒരു സൈറ്റ്‌ പോലും ഇല്ല എന്ന് മനസിലാക്കാന്‍ സാധിക്കും.
കൂടാതെ ഈ ലെട്ടറിലെ ഹൈലൈട്സ്  ഉപയോഗിച്ച ഒന്ന്  ഗൂഗിളില്‍ തപ്പി നോക്കുമ്പോള്‍ തന്നെ പൂച്ച് വെളിച്ചത്താകും..
സൊ , സൂക്ഷിച്ചാ നിങ്ങള്‍ക്ക്‌ തന്നെ കൊള്ളാം !!...  അല്ല പിന്നെ !!!       പെറ്റി ബൂര്‍ഷ്വാ മാധ്യമ ക്നാപ്പന്മാര്‍ അറിയാന്‍ ..


           അമേരിക്കയുടെയും  ബ്രിട്ടന്റെയും ഇറ്റലിയുടെയും  പിന്തുണയോടെ പാര്‍ട്ടിയെ തകര്‍ക്കുക എന്ന ദുരുദ്ദേശ്യം മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായി വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന കേരളത്തിലെ  മനോരമ, മാതൃഭൂമി തുടങ്ങിയ ബൂര്‍ഷ്വാ  മാധ്യമപുല്ലന്മാര്‍ക്കെതിരെ  സിപിഎം ഹൈക്കോടതിയെ  സമീപിച്ചിരിക്കുകയാണ്.  
        എന്താണ് ഉല്‍കൃഷ്ടമായ മാധ്യമധര്‍മ്മം എന്നറിയണമെന്നുള്ളവര്‍ കേരള മാധ്യമ പ്രവര്‍ത്തന രംഗത്ത് ഐതിഹാസികമായ പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന ദേശാഭിമാനി, കൈരളി, പീപ്പിള്‍ തുടങ്ങിയ ഐഡിയല്‍ മാധ്യമങ്ങള്‍ പരിശോധിക്കണം.  പാര്ട്ടിയെപറ്റി എന്തേലും വാര്‍ത്ത പ്രസിദ്ധീകരിക്കാനുള്ള കോപ്പി റൈറ്റ്‌ അവകാശം മേല്‍പ്പറഞ്ഞ സംശുദ്ധ മാധ്യമങ്ങള്‍ക്ക്‌ മാത്രമാണ് എന്നത് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം.  എന്നിട്ടും പാര്‍ട്ടിയുടെ പടിവാതില്‍ക്കല്‍ കിടന്നു ടി ചാവാലിപട്ടികള്‍ കുരയ്ക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല.
              ടി.പി ചന്ദ്രശേഖരനെ കൊന്നത് എന്‍.ഡി.എഫ് - കോണ്ഗ്രസ് ഗുണ്ടകള്‍ ആണ് എന്നത് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതില്‍ ആരും സംശയം വെച്ച് പുലര്‍ത്തേണ്ടതില്ല. കേരളത്തില്‍ ഉണ്ടാകുന്ന രാഷ്ട്രീയകൊലപാതകങ്ങളെയും  കൊലയാളികളെയും  പറ്റിയുള്ള ചുരുളഴിയാത്ത രഹസ്യങ്ങള്‍  വെറ്റിലയില്‍ മഷി പുരട്ടിയും ബോണ്ട് പേപ്പറില്‍ കവിടി നിരത്തിയും     മനസിലാക്കാനുള്ള ദിവ്യ ദൃഷ്ടി  പാര്‍ട്ടി പത്രത്തിലെ ലേഖകര്‍ക്കും പിന്നെ കാണിപ്പയൂര്‍ അവര്‍കള്‍ക്കും   മാത്രം അവകാശപ്പെട്ടതാണെന്നത്  പല തവണ ആവര്‍ത്തിച്ച്  വ്യക്തമാകിയിട്ടുള്ള വസ്തുതയാണ്.
  മേല്പറഞ്ഞ ദിവ്യദൃഷ്ടി ഉള്ളതുകൊണ്ട് കോടതിയുടെ പരിഗണനയില്‍ ഉള്ള ഏതു കേസുകളെ പറ്റിയും  വാര്‍ത്ത കൊടുക്കാന്‍ പാര്‍ട്ടി പത്രത്തിനു അവകാശം ഉണ്ട്.  കോണ്ഗ്രസ് നേതാക്കളുടെ അവിഹിത ബന്ധങ്ങള്‍, കൊണ്ഗ്രസ്സുകാരുറെ അഴിമതിക്കേസുകള്‍, കുഞ്ഞാലി-ഐസ്ക്രീം കേസ്, ഇടമലയാര്‍, അഭയകേസുകള്‍  എന്നിവയില്‍ പാര്‍ട്ടിപത്രത്തിനു  ഇത്തരം ജ്ഞാനദൃഷ്ടി ഉണ്ടായിട്ടുള്ളതാണ്.  എന്നുകരുതി മറ്റൊരു മാധ്യമ ബൂര്‍ഷ്വാ പുല്ലനും ഈ വിഷയത്തില്‍ പാര്‍ട്ടിപത്രത്തിനു പഠിക്കേണ്ടതില്ല.   
              ടി.പി വധക്കേസിന് പിന്നില്‍ പാര്‍ട്ടി ആണ് എന്ന രീതിയില്‍ കുപ്രചാരണം നടത്തുന്ന ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ചെയ്യുന്നത് എത്ര വലിയ അപരാധങ്ങളാണ് എന്ന് പറഞ്ഞറിയിക്കെണ്ടതില്ല.  എങ്കില്‍പോലും പാര്‍ട്ടി അവരോടു ഹൃദയ പൂര്‍വം ക്ഷമിക്കാന്‍ തയ്യാറാണ്.  പക്ഷെ, ടി ക്ണാപ്പന്മാര്‍ നടത്തിപ്പോരുന്ന കോടതിയലക്ഷ്യം - അത് പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല. 
     പാര്‍ടിയെ സംബന്ധിച്ച് മാര്‍ക്സും ലെനിനും കഴിഞ്ഞാല്‍ ഏറ്റവും വലുത് കോടതിയാണ്.  ചരിത്രപരമായി പറഞ്ഞാല്‍  പാര്ട്ടിക്കോടതികളില്‍ നിന്നാണ്  ഇന്നത്തെ ആധുനിക കോടതികള്‍ രൂപംകൊണ്ടത്. മധ്യ കാലഖട്ടത്തിലെ ഇത്തരം ചില പാര്ട്ടിക്കോടതികള്‍ ഇപ്പോഴും കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ചരിത്രവിദ്യാര്‍ഥികളുടെ ഗവേഷണാവശ്യങ്ങള്‍ക്ക് മാത്രമായി പാര്‍ട്ടി  ചെലവില്‍ നിലനിര്‍ത്തിയിട്ടുണ്ട്.  കോടതിയുമായുള്ള ഈ ഹൃദയ ബന്ധം മൂലം ആരെങ്കിലും കോടതിയെ അവഹേളിക്കുകയോ കോടതി നിര്‍ദേശങ്ങള്‍ ലംഘിക്കുകയോ ചെയ്‌താല്‍  അത്  പാര്‍ട്ടി സഹിക്കില്ല.  കോടതികളെ നേര്‍വഴി നടത്തുന്നതും വേണ്ടി വന്നാല്‍ അവശ്യം വേണ്ട ലോ പോയിന്റുകള്‍ പറഞ്ഞുകൊടുക്കുന്നതും പാര്‍ടി നിയമ സംഹിതയുടെ ജീവാത്മാവിന്റെ ഭാഗമാണ്.   പണ്ട് സ്വാശ്രയ കേസ്സിലും പാതയോര യോഗങ്ങളെ സംബന്ധിച്ച  ഒരു കേസിലും  ഇതുപോലെ  ചില പോയിന്റുകള്‍ പറഞ്ഞു കൊടുത്തിരുന്നു.  അത് കോടതിയ്ക്ക്  പ്രയോജനപ്പെട്ടു എന്നാണു പ്രതീക്ഷിക്കുന്നത്. 
       ഇത്തരം നഗ്ന സത്യങ്ങള്‍ നിലനില്‍ക്കെയാണ് പാര്‍ട്ടിയ്ക്ക് കോടതികളെ പുശ്ചമാണ്  എന്ന രീതിയിലുള്ള പ്രചരണം ചില ശുംഭന്മാര്‍ നടത്തുക.  'തള്ള ചവിട്ടിയാല്‍ പിള്ളയ്ക്ക് കേടില്ല' എന്നാണു ഒരു ചൈനിസ് പഴമൊഴി.  അത് അറിവില്ലാത്ത പോഴന്മാരോടു കൂടുതല്‍ ഒന്നും പറയാനില്ല.

  ബി.ബിസി ഉള്‍പ്പെടെയുള്ള കുത്തക മാധ്യമങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ആദ്യ പടിയായി കേരളത്തിലെ പാര്‍ട്ടി പത്രം ഒഴികെയുള്ള പത്രങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.  ഇടുക്കിയിലെ മണ്ടശിരോമണി.. സോറി.. മണി സഖാവ് മുങ്ങി എന്നാണു ടി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുക.  എന്നാല്‍ കളഞ്ഞുപോയ അഞ്ചുപൈസ വീണ്ടു കിട്ടിയ ഉടനെ അദ്ദേഹം ബിബി.സി ക്കെതിരെയുള്ള മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍  ബ്രിട്ടനിലേയ്ക്ക് തിരിച്ചിരിക്കുകയാണ് എന്നതാണു വസ്തുത.
       ഇനി, ഫേസ്ബുക്കിലും മറ്റു  സോഷ്യല്‍ മീഡിയയിലും  പാര്‍ട്ടിക്കെതിരെ കുരയ്ക്കുന്ന കൊജ്ഞാണന്മാരോട്-: അധിക കാലം നീയൊന്നും നെഗളിക്കുകേല.. അടുത്ത ഇലക്ഷന് പാര്‍ട്ടി കേന്ദ്രത്തില്‍ ഭരണത്തിലെത്തും. പിറ്റേദിവസം തന്നെ ചൈനയിലെ പോലെ  ഈ കോപ്പ്  അങ്ങ് നിരോധിക്കും.  പിന്നെ നീയൊക്കെ എന്നാ ചെയ്യും !!  
       

Tuesday, May 29, 2012

നിങ്ങള്‍ എന്നെ കമ്മ്യുണിസ്റ്റ്‌ ആക്കി (ഒരു വാള്‍ സ്ട്രീറ്റ്‌ ട്രാജഡി)


        ബിജുക്കുട്ടന്‍ ഒരു കറയറ്റ കൊണ്ഗ്രസ്സുകാരന്‍ ആയിരുന്നു.  വെറും കൊണ്ഗ്രസ്സുകാരന്‍ മാത്രമല്ല, പാര്‍ടിയുടെ യുവജനവിഭാഗത്തിന്റെ പ്രാദേശിക നേതാവ്. ഇന്ത്യ എന്നാല്‍ കോണ്ഗ്രസ്സും കോണ്ഗ്രസ് എന്നാല്‍ ഇന്ത്യയും ആണ് എന്ന് ബിജുക്കുട്ടന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.    അലക്കി സ്റ്റാര്‍ച് ചെയ്ത ഖദര്‍ മുണ്ടും ഷര്‍ടും അവയെക്കാള്‍ വെന്മയുള്ള കൊളിനോസ് ചിരിയുമാണ് ഒരാളെ യഥാര്‍ത്ഥ കൊണ്ഗ്രസുകാരന്‍ ആക്കുന്നത് എന്ന പരമ്പരാഗത സങ്കല്‍പ്പം ബിജുക്കുട്ടനും കാത്തുസൂക്ഷിച്ചു.  പുരോഗതിയിലേയ്ക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ നട്ടെല്ല് കോണ്ഗ്രസിന്റെ നട്ടെല്ലു തന്നെയാണെന്നും പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചു കഴിയുമ്പോള്‍ അതും കഞ്ഞി മുക്കിത്തേച്ച ഖദര്‍ പോലെ വിരിഞ്ഞുനില്‍ക്കുമെന്നും  പ്രത്യാശിച്ചിരുന്ന ബിജിക്കുട്ടന്,  പെട്രോളിയത്തിന്റെ അടിക്കടിയുള്ള വിലവര്‍ധന ഇത്തരത്തിലുള്ള ഒരു വളര്‍ച്ചയുടെയും പുരോഗതിയുടെയും ലക്ഷണമായി  വേര്‍തിരിച്ചറിയാന്‍ ഒട്ടും വിഷമിക്കേണ്ടി വന്നില്ല.      
             പാര്‍ട്ടിയെപ്പറ്റി ഇത്രയേറെ അടിയുറച്ച താത്വികാടിത്തറയും,   ആഴവും പരപ്പുമുള്ള ബോധ്യവും പുലര്ത്തിയിട്ടും ചിലകാര്യങ്ങള്‍ മാത്രം അദ്ദേഹത്തിനു മനസിലാക്കാന്‍ സാധിച്ചില്ല. ബിജുക്കുട്ടന് മനസിലാകാത്ത അത്തരം നിഗൂഡ സത്യങ്ങളില്‍ ചിലതായിരുന്നു  വര്‍ഷങ്ങളായിട്ടും പ്രാദേശിക തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന തന്‍റെ  നേതൃസ്ഥാനം.  പാര്‍ലമെന്ററി വ്യാമോഹം എന്ന് പറയാന്‍ പറ്റില്ലെങ്കിലും ഒരുനാള്‍ തനിക്കും എം.എല്‍.എ സീറ്റിലേയ്ക്ക് ടിക്കറ്റ് കിട്ടുന്നതും പാര്‍ട്ടിയുടെ യുവസിംഹമായി നിയമസഭാങ്കണങ്ങളില്‍ താന്‍ ഗര്‍ജിക്കുന്നതും ഒട്ടേറെ രാത്രികളില്‍ ബിജുക്കുട്ടന്‍റെ പരിമിതമായ സ്വപ്നസഞ്ചാരത്തിന്റെ  ഭാഗമായിരുന്നു.
  ശുഭാപ്തി വിശ്വാസം എന്നും ബിജുക്കുട്ടന്റെ കൈമുതലായിരുന്നു എങ്കിലും മൂത്തുനരച്ച  യുവത്വങ്ങള്‍ ഇപ്പോളും യുവജനവിഭാഗത്തിന്റെ നേതൃ സ്ഥാനങ്ങള്‍ കൈയ്യടക്കുന്നതില്‍ ബിജുക്കുട്ടന്‍ അതൃപ്തനായിരുന്നു.  അതെന്തുതന്നെയായാലും  ബാല്യകാല സഖിയും പ്രണയിനിയുമായ എല്സയുടെ മുന്നില്‍ എക്കാലത്തും ബിജുക്കുട്ടന്‍ ഹൈക്കമാണ്ടിനെപ്പോലെ അചഞ്ചലനും രാഹുല്‍ഗാന്ധിയെക്കാള്‍ സുന്ദര കുബേരനുമായിരുന്നു.
     കോണ്ഗ്രസ് പാര്‍ട്ടി കഴിഞ്ഞാല്‍ പിന്നെ ബിജുക്കുട്ടന്റെ ആകെയുള്ള ബലഹീനത എല്‍സ മാത്രമായിരുന്നു.  സുന്ദരിയും സുശീലയും വിദ്യാഭ്യാസമുള്ളവളുമായ എല്‍സ ബിജുക്കുട്ടന്റെ എം.എല്‍.എ സ്വപ്നങ്ങളുടെ ഇടവേളകളില്‍ ഒരു  ചിയര്‍ ഗേളിനെ ചാടിക്കളിച്ചു. വളരെക്കാലം മുന്നേതന്നെ എല്സയുറെയും ബിജുക്കുട്ടന്റെയും വിവാഹം വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു.  ബിജുക്കുട്ടന്റെ രാഷ്ട്രീയ ഭാവിയെപ്പറ്റി എല്സയ്ക്ക് സംശയം അശ്ശേഷം ഉണ്ടായിരുന്നില്ലെങ്കിലും  വൈദ്യ ശാസ്ത്രത്തിന്റെ പരാജയം കാത്തിരിക്കുന്ന എല്സയുടെ കാര്‍ന്നോര്‍ക്കും, പണ്ടേ അവിശ്വാസികളായ  ആങ്ങളമാര്‍ക്കും ഏറെ സംശയങ്ങള്‍ ഉണ്ടായിരുന്നു.  അതുകൊണ്ടുതന്നെയാണ് മെഗാസീരിയലിലെ നായികയുടെ ഗര്‍ഭം പോലെ ആ വിവാഹം അനിശ്ചിതമായി നീണ്ടു പോയതും.  എങ്കിലും   തന്റെ നേതൃ പാടവത്തിന്റെയും ആശയ ധൈഷണികതയുറെയും സുനിശ്ചിതമായ ഭാവി അവരെ  ബോധ്യപ്പെടുത്താന്‍ ഇന്നല്ലെങ്കില്‍ നാളെ ഒരവസരം വരുമെന്നു ബിജുക്കുട്ടന്‍ വിശ്വസിച്ചിരുന്നു..
   അങ്ങനെയിരിക്കെ ബിജുക്കുട്ടന്റെ ജീവിതത്തില്‍ ഏറെ  മാറ്റങ്ങള്‍ ഉളവാക്കിയ ആ സംഭവം നടന്നു.     നാട്ടിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ടു പഞ്ചായത്ത് പടിക്കലെയ്ക്ക് യൂത്തുകാര്‍ മാര്‍ച്ച് നടത്തി.   തൊള്ള കീറി മുദ്രാവാക്യം വിളിച്ചു ബിജുക്കുട്ടന്‍ ജാഥ നയിച്ചു. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന പ്രപഞ്ച സത്യം ശരി വെച്ചുകൊണ്ട്    ഇതെസമയത്ത് തന്നെ മുതലാളിത്തത്തിനെതിരെയുള്ള വാള്‍സ്ട്രീറ്റ് വിപ്ലവത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു ഡിഫിക്കാര്‍ നയിച്ച റാലിയും പഞ്ചായത്ത് പടിക്കല്‍ തന്നെ സന്ധിച്ചു. 
  എക്കാലത്തെയും പോലെ അന്നും കുടിവെള്ള - വാള്‍സ്ട്രീറ്റ് സമരങ്ങള്‍ക്ക്‌ താത്വികമായി പൊരുത്തപ്പെടാനായില്ല.  ഇടത് ഭരണത്തിലുള്ള പഞ്ചായത്ത് പടിക്കല്‍,  "കുടിവെള്ളം... കുടിവെള്ളം.. " എന്ന് അലറിക്കൊണ്ടിരുന്ന ബിജുക്കുട്ടനിലും സംഘത്തിലും ഒരു പറ്റം അമേരിക്കന്‍ ചാവാലിപ്പട്ടികളെയാണ് ഡിഫിക്കാര്‍ കണ്ടെത്.
 കില്ലപ്പട്ടികളെ എങ്ങനെയാണ് കല്ലെറിഞ്ഞ് ഓടിക്കേണ്ടത്‌  ഡിഫിക്കാരെ ആരും പഠിപ്പിക്കേണ്ടതില്ല. പഞ്ചായത്ത് റോഡു പണിക്കായി ഇറക്കിയിട്ടിരുന്ന മെറ്റല്‍ ചീളുകള്‍ കൊണ്ട്  തങ്ങളുടെ കടമ അവര്‍ ഭംഗിയായി നിര്‍വഹിച്ചു. പരിചയ സമ്പന്നരായ മുടി നരച്ച  യൂത്തന്മാര്‍ അപകടം മണത്തു.  അലക്കിത്തേച്ച തങ്ങളുടെ ഖാദറിന് ഉടവ് പറ്റിയാല്‍ ക്ഷീണം തങ്ങള്‍ക്കു മാത്രമല്ല,   രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്കും അതുവഴി ഇന്ത്യക്ക് കൂടിയാണെന്ന് മനസിലാക്കിയ ടി നേതാക്കള്‍ നൈസായി രംഗത്തുനിന്നും  സ്കൂട്ട് ചെയ്തു.  പക്ഷെ പാവം പ്രവര്‍ത്തകരെ ഏറുകൊള്ളുവാന്‍ വിട്ട്  എസ്കേപ് ആകുവാന്‍ ബിജുക്കുട്ടന്റെ മന:സാക്ഷി അനുവദിച്ചില്ല.      ബിജുക്കുട്ടനിലെ സിംഹം സട കുടഞ്ഞുണര്‍ന്നു...
"തിരിച്ചെറിയെടാ..!!!!  എറിഞ്ഞു മലര്ത്തെടാ ആ $@%@^&$ മക്കളെ!!.." 
ബിജുക്കുട്ടന്‍ അലറി.   തിരിച്ചെറിയാന്‍ കല്ലുകള്‍ക്കായി യൂത്ത്ന്മാര്‍ നാലുപാടും പരതി.  നിര്‍ഭാഗ്യവശാല്‍ ആ എരിയയിലെങ്ങും എറിയാന്‍ പാകത്തിന് ഒരു കല്ലുപോലും ഉണ്ടായിരുന്നില്ല. ഗതിയില്ലാതെ ബിജുക്കുട്ടനും പിള്ളേരും  തങ്ങളുടെ നേരെ വന്ന കല്ലുകള്‍ ക്യാച്ച് എടുത്ത്‌ തിരിച്ചെറിഞ്ഞു.
     തന്നില്‍  ഉറങ്ങിക്കിടന്നിരുന്ന കിടയറ്റ ഫീല്‍ഡരില്‍ ബിജുക്കുട്ടന് അഭിമാനം തോന്നിത്തുടങ്ങിയ ആ നിമിഷം അത് സംഭവിച്ചു. -  ചാട്ടുളി പോലെ പാഞ്ഞുവന്ന ഒരു മെറ്റല്‍ കഷണം മൂളിക്കൊണ്ട്  ബിജുക്കുട്ടന്റെ തിരുനെറ്റിയില്‍ ലാന്‍ഡ്‌ ചെയ്തു..
  "ഹെന്റമ്മച്ചീ....."        
ദിഗന്തങ്ങളെ ഭേദിക്കുന്ന ഒരലര്‍ച്ചയോടെ ബിജുക്കുട്ടന്‍ ബോധരഹിതനായി.  ആ അലര്‍ച്ചയുടെ അലയൊലികള്‍ ഡി ടി എസ് സിസ്ടത്തിലെന്ന പോലെ കുറെ സമയം ആ പഞ്ചായത്ത് പടിക്കല്‍ അലഞ്ഞുതിരിഞ്ഞു..
പണി പാളി എന്ന് തോന്നിയ ഡിഫിക്കാരും പതുക്കെ രംഗത്ത് നിന്ന് നിഷ്ക്രമിച്ചു..
    പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങള്‍ ബിജുക്കുട്ടന്റെതായിരുന്നു.  നെറ്റി അല്‍പ്പം പൊട്ടി എങ്കിലും തന്‍റെ ഇനിയങ്ങോട്ടുള്ള അനശ്വരമായ  രാഷ്ട്രീയ ഭാവിയുടെ  വിജയ ചിഹ്നം പോലെയാണ് ശിരസ്സിലെ ആ സ്ടിച് അവന്‍ ഏറ്റുവാങ്ങിയത്.  മാര്സിസ്റ്റ്‌ ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട  യുവ നേതാവിനെ കാത്തിരിക്കുന്ന സ്വീകരണങ്ങളോര്‍ത്ത്‌ അവന്റെ ഹൃദയം തുടിച്ചു. 
        ബിജുക്കുട്ടന്റെ പ്രതീക്ഷകള്‍ തെറ്റിയില്ല. മാര്‍ക്സിസ്റ്റ്‌ ഫാസിസത്തിനും അക്രമത്തിനും എതിരെ  പ്രതികരിക്കാന്‍ യൂത്തന്മാരുടെ ആഭിമുഖ്യത്തില്‍ പൊതുസമ്മേളനം വിളിച്ചുകൂട്ടപ്പെട്ടു. യോഗത്തിന്റെ പ്രധാന ഹൈലൈറ്റ് താനായിരിക്കുമെന്നു മനസിലാക്കിയ ബിജുക്കുട്ടന്‍ എല്സയെ വിളിച്ചു.  വൈകുന്നേരത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചെല്ലണം എന്നും ടി യോഗത്തില്‍   ഉടനീളം തന്‍റെ ബിജുവേട്ടന്‍റെ വീരാപദാനങ്ങള്‍ വര്‍ണ്ണിക്കുന്നത് കേള്‍ക്കാം എന്നുമറിഞ്ഞു എല്സയുടെ ഉള്ളം കുളിര്‍ത്തു.  ക്ലാസ് കട്ട് ചെയ്തു കോളേജില്‍നിന്ന് നേരത്തെ ഇറങ്ങാമെന്നും  കൃത്യസമയത്ത്  സമ്മേളനത്തില്‍ ഹാജരായിക്കൊള്ളാം എന്നും അവള്‍ വാക്കുകൊടുത്തു.
              തന്നെ നന്നായി മഹത്ത്വീകരിച്ച് ഡയലോഗ് അടിക്കണം എന്ന് അവസാന നിമിഷവും  പ്രാസംഗികരെ ഓര്‍മ്മിപ്പിക്കാന്‍   ബിജുക്കുട്ടന്‍ മറന്നില്ല.  
യോഗം ആരംഭിച്ചു... 
സ്ഥലം എം.എല്‍.എയുടെ മുഖ്യ പ്രഭാഷണം ആരംഭിക്കുന്നതിനു തൊട്ടുമുന്നേ എല്‍സ സദസിന്റെ പിന്‍നിരയില്‍ ഉപവിഷ്ടയായി.   
വേദിയില്‍ ഇരുന്ന ബിജുക്കുട്ടന്‍ എല്സയെനോക്കി കണ്ണിറുക്കി ചിരിച്ചു..
എം.എല്‍.എ പതുക്കെ കത്തിക്കയറി...
".. കഷ്ടം..  കഷ്ടം .. മഹാ കഷ്ടം!!..     ഈ നാടിന്റെ അഭിമാനവും കണ്ണിലുണ്ണിയുമായ ബിജുക്കുട്ടന്‍ എന്ന യുവാവിനെ ഒരു പറ്റം മാര്‍ക്സിസ്റ്റ്‌ കാപാലികര്‍ ക്രൂരമായി മര്‍ദിച്ചു അവശനാക്കിയ സംഭവം നിങ്ങള്‍ അറിഞ്ഞു കാണും.. എത്ര മൃഗീയവും പൈശാചികവുമായ സംഭവമായ്പ്പോയി അത് !!...
.... ആ യുവാവിന്റെ കുടുംബം ഇത് എങ്ങനെ സഹിക്കും..
ഇനി  അദ്ദേഹത്തിന്‍റെ ജീവിതം ഇനി എങ്ങനെ മുന്നോട്ടു പോകും?? .. 
ഇനി ആ യുവാവിന് ഒരു ജീവിതമുണ്ടോ??..
എങ്ങനെയാണ് ഇനി അദേഹത്തിന് ഒരു കുടുംബ ജീവിതവും വിവാഹ ജീവിതവും  സാധ്യമാകുക??..   
ഇനി, ഒരു വിവാഹം കഴിച്ചാല്‍തന്നെ എങ്ങനെയാണ് കുട്ടികള്‍ ഉണ്ടാകുക??..
എങ്ങനെയാണ് ഇത്ര ക്രൂരമായി പ്രവര്‍ത്തിക്കാന്‍ മാര്സിക്സ്റ്റ്‌ ഗുണ്ടകള്‍ക്ക്  കഴിഞ്ഞത് എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുകയാണ്....
ആ യുവാവിന്റെ ദയനീയ സ്ഥിതി ഓര്‍ത്തു എന്റെ ഹൃദയം തേങ്ങുകയാണ്  പ്രിയ സുഹൃത്തുക്കളെ.... "

എം.എല്‍.എ തന്‍റെ സ്വതസിദ്ധമായ ഫോമിലെയ്ക്ക് പ്രവേശിച്ചു....!!
      ഇരുന്നിരുന്ന കസേരയെടുത്ത് ആ കിഴങ്ങന്റെ തലയ്ക്കടിക്കാന്‍ ബിജുക്കുട്ടന്റെ കൈ തരിച്ചു..  അവന്‍ ഏറുകണ്ണിട്ടു എല്സയുടെ മുഖത്തേയ്ക്ക് നോക്കി. കടലാസു പോലെ വിളറിയിരിക്കുന്ന എല്സയുടെ മുഖം  കണ്ണിലെയ്ക്ക് ഇരുട്ട് കയറുമ്പോഴും അവനു വ്യക്തമായി കാണാന്‍ കഴിഞ്ഞു.  
  തന്റെ വാനിറ്റി ബാഗില്‍ മുറുക്കെപ്പിടിച്ച്, മുഖം വെട്ടിച്ചുകൊണ്ട് സമ്മേളനത്തില്‍ നിന്നും വോക്ഔട്ട്‌ നടത്തുന്ന എല്സയോട്  "എനിക്കൊരു കുഴപ്പവുമില്ല മോളേ..  ഐ ആം പെര്‍ഫെക്റ്റ്‌ലി ആള്‍ റൈറ്റ്‌.."  എന്ന് വിളിച്ചു പറയാന്‍ ബിജുക്കുട്ടന്റെ ഉള്ളം തുടിച്ചു...  പക്ഷെ സ്വരം  തൊണ്ട വിട്ടു പുറത്തേയ്ക്ക് വന്നില്ല.
                     ********************************************************
വാല്‍ക്കഷണം :- വിവാഹത്തിനു ശേഷം  ഭര്‍ത്താവിനൊപ്പം എല്‍സ അമേരിക്കയ്ക്ക് ചേക്കേറിയപ്പോഴെയ്ക്കും ബിജുക്കുട്ടന്‍ ഡിഫിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയി സത്യപ്രതിജ്ഞ ചെയ്തിരുന്നു... 
 

Saturday, May 26, 2012

അഗ്രോ ഫെസ്റ്റും ബി.ടി വഴുതനയും - (PART-2)   “വെല്‍കം ബാക്ക്.. നമുക്ക്‌അഗ്രോഫെസ്ടിലെക്ക് മടങ്ങി വരാം. കളിയിരിക്കാവിളയില്‍നിന്നും സോമന്‍  നമ്മോടൊപ്പം ചേരുന്നു..       
  സോമന്‍, എന്തൊക്കെയാണ് അഗ്രോ ഫെസ്ടിന്റെ പുത്തന്‍വിശേഷങ്ങള്‍?...”

സോമന്‍:- സുരേഷ്, ഒത്തിരിയേറെ വ്യത്യസ്ത ഇവന്റുകള്‍ ഇത്തവണ അഗ്രോ ഫെസ്ടിനു അണിനിരത്തിയിട്ടുണ്ട് എങ്കിലും പ്രധാന ഹൈലൈട്സ് ഇനി പറയുന്നവയാണ്.

പൊടിക്കൈ ഡീ കുറുപ്പടി   : ഇത് പ്രധാനമായും പുരാതന കാര്‍ഷിക കുടുംബത്തില്‍പിറന്നതും പാരമ്പര്യമായി കാര്‍ഷിക മേഘലയുമായി ബന്ധപ്പെട്ട ഒട്ടനേകം പൊടിക്കൈകളും മുറിക്കൈകളും പകര്‍ന്നു സിധിച്ചിട്ടുള്ളതുമായ ഗ്രാമീണ യുവതികള്‍ക്ക്‌ അവരുടെ അറിവുകള്‍ഒട്ടും വളക്കൂറു നഷ്ടമാകാതെ തന്നെ അവതരിപ്പിക്കാനുള്ള വേദിയാണ്, സുരേഷ്. പൊടിക്കൈകള്‍ കൂടാതെ നാടന്‍ കൊയ്ത്ത് പാട്ടുകളും അന്യം നിന്ന് പോകുന്ന വായ്ത്താരികളും അവതരിപ്പിക്കാന്‍ പൊടിക്കൈ ഡീ കുറിപ്പടിയില്‍ അവസരം ഉണ്ട്.       
       ഏറ്റവും കാവ്യാത്മകവും താളാത്മകവുമായി കാര്‍ഷിക കുറിപ്പടികള്‍  എഴുതിത്തയാറാക്കി അവതരിപ്പിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ഇലയില്ലാ തോപ്പില്‍സ്റ്റോഴ്സ് സമ്മാനിക്കുന്ന പാതി മൂത്ത നേന്ത്രക്കുലയാണ് സുരേഷ്..
            അതുപോലെ തന്നെ , ചാള ഡി ലിറ്റിനോ എന്ന ഇവന്റില്‍ പങ്കെടുക്കാനാണ് ഏറ്റവും തിരക്ക്‌ അനുഭവപ്പെടുന്നത്. പൈനാപ്പിള്‍ ചെടിയുടെ മുള്ള് എണ്ണുക, വാഴപ്പിണ്ടിക്ക് കട്ടില്‍ പണിയുക തുടങ്ങി ലളിതമായ അനേകം റൌണ്ടുകള്‍ ഈ  ഇനത്തിന്‍റെ പ്രത്യേകതയാണ്. 
   ഫൈനല്‍ റൌണ്ടില്‍ ഏറ്റവും കൂടുതല്‍ചാള അഥവാ മത്തി പച്ചയ്ക്ക് കഴിച്ച്, താന്‍തിന്ന മത്തിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ അറബിക്കടലാണോ അതോ ബംഗാള്‍ ഉള്‍ക്കടലാണോ എന്ന്  അക്ഷാംശ–രേഖാംശ കണക്കുകള്‍ സഹിതം പറയാന്‍ കഴിയണം.
   കൂടാതെ മത്സ്യ ബന്ധനത്തിന് ഉപയോഗിച്ച ബോട്ടിന്റെ രജി.നമ്പര്‍, ട്രോളിങ്ങിനു നേതൃത്വം നല്‍കിയ മുതിര്‍ന്ന മുക്കുവന്റെ വല്യമ്മയുടെ പേര്, അവരുടെ പെണ്മക്കളുടെ എണ്ണം എന്നിവയും പറയാന്‍കഴിയണം. വെറും രണ്ടോ മൂന്നോ ആഴ്ചകള്‍ മാത്രം പഴക്കമുള്ള നല്ല ഫ്രഷ്‌ചാള ഈ മത്സരത്തിനായ്‌ കാമ്പസില്‍ എത്തിച്ചിട്ടുണ്ട് സുരേഷ്..

സുരേഷ് :- നന്ദി സോമന്‍, താന്കള്‍ അഗ്രോ ഫെസ്റ്റിന്റെ പ്രാന്ത പ്രദേശങ്ങളില്‍തന്നെ തുടരുക.. ഞാന്‍ താങ്കളിലെയ്ക്ക് മടങ്ങി വരാം. ഇപ്പോള്‍, ‘പച്ച മത്തി വിദ്യാര്‍ഥികളുടെ ബൌദ്ധിക-ശാരിരിക മണ്ഡലങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു‘ എന്നൊരു ചോദ്യം എന്നെപ്പോലെ തന്നെ പ്രേക്ഷകരുടെ മനസിലും ഉയരുന്നുണ്ടാവാം. ഈ വിഷയത്തില്‍നമ്മോട് പ്രതികരിക്കാന്‍ പ്രമുഖ മന:ശാസ്ത്രജ്ഞന്‍ ഡോ. നാരായണ ഡിസൂസ കൊച്ചി സ്റ്റുഡിയോയില്‍നിന്നും നമ്മോടൊപ്പം ചേരുന്നു.  ഡോക്ടര്‍,  പറയൂ എതുരീതിയിലാണ് പച്ചമത്തി  കൌമാരക്കാരുടെ ശാരിരിക–ബൌദ്ധിക തലങ്ങളെ ത്വരിതപ്പെടുത്തുന്നത്?

ഡോക്ടര്‍ :- ആക്ച്വലി, sardine fish  അഥവാ ബ്ലഡി മല്ലൂസ് ചാള എന്ന് വിളിക്കുന്ന ഒരു കടല്‍ മല്സ്യമായ മത്തി കേരളത്തിലെ കിണറുകളിലും കുളങ്ങളിലും കണ്ടുവരുന്നു. സാധാരണയായി 100ഡിഗ്രി ചൂടുവെള്ളത്തില്‍ വേവിച്ചാണ് വിവരമില്ലാത്ത പലരും മത്തി കഴിക്കുക. ഇത് വളരെ അപകടകരമാണ്. യഥാര്‍ത്ഥത്തില്‍ മത്തിയില്‍ അടങ്ങിയിരിക്കുന്ന ക്ലോടിമോഗ്ലൂക്കനോള്‍ തന്മാത്രകള്‍ താപനില 60 ഡിഗ്രിക്ക് മുകളില്‍ ഉയരുമ്പോള്‍ വിജ്രുംഭിക്കുകയും സോഡിയം വേലികള്‍ പൊളിച്ചു അമോക്സി ത്രോമ്പനോള്‍ തന്മാത്രകളുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. തല്‍ഫലമായി ഉണ്ടാകുന്ന അമോക്സി ഗ്ലൂക്കനോള്‍ കൌമാരക്കാരില്‍ ലൈംഗിക തൃഷ്ണ നിയന്ത്രിത പരിധിക്കുമേല്‍ വര്‍ധിപ്പിക്കുകയും സമൂഹത്തില്‍ കൂടുതല്‍ ഞരമ്പ്‌ രോഗികളെ സൃഷ്ടിക്കുകയും ചെയ്യുന്നു. അതായത്‌ മത്തി വേവിച്ചു കഴിക്കുന്ന ശീലം മലയാളികളെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുന്നു എന്നാണ് അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്.. ദാട്സ് ഇറ്റ്‌..

സുരേഷ് :- പക്ഷെ ഡോക്ടര്‍, അപ്പോളും ഒരു സംശയം ബാക്കി.. കടുക്കാ വെള്ളത്തിനു പകരം പച്ചമത്തി ഉപയോഗിക്കാം എന്നാണോ അങ്ങ് ഉദേശിക്കുന്നത്?

ഡോക്ടര്‍ :- ഒരിക്കലുമല്ല.. ആക്ച്വലി, പച്ചമത്തിയില്‍ ക്ലോടിമോഗ്ലൂക്കനോള്‍ സോഡിയം വേലികള്‍ പൊട്ടിച്ചു പുറത്ത് ചാടുന്നില്ല, എങ്കില്‍കൂടി വേലിക്ക്‌ പുറത്ത്‌ കാത്തു നില്‍ക്കുന്ന അമോക്സിഗ്ലൂക്കനോളുമായി അദൃശ്യമായ അന്തര്‍ധാരകള്‍ സ്ഥാപിക്കപ്പെടുകയും ആ അന്തര്‍ ധാരകള്‍ സജീവമായി നിലകൊള്ളുകയും ചെയ്യുന്നു.. ഐ മീന്‍... ബോധ മനസ്സില്‍ സുസജ്ജമായിരുന്ന അബോധ മണ്ഡലത്തില്‍ വീണ്ടുമൊരു മിസ്സ്‌ ലീഡിംഗ് പൊട്ടന്ഷ്യലിനു സാധ്യത നിലനില്‍ക്കുന്നില്ല. അഥവാ താത്വികമായി യാതൊരു വിധ ബന്ധവും ക്ലോടിമോഗ്ലൂക്കനോള്‍ സോടിയവുമായി സ്ഥാപിക്കപ്പെടുകയില്ല. പക്ഷെ അത്തരത്തിലുള്ള അന്തര്‍ധാരകള്‍ സജീവ കോണ്ഷ്യസ് ആയ മലയാളിയുടെ ഉപബോധമനസില്‍ എല്ലായ്പ്പോഴും സജീവമായതിനാല്‍ താങ്കള്‍ ഉദ്ദേശിച്ച വിധത്തിലുള്ള ഒരു പ്രോബ്ലത്തിനും സാധ്യത കാണുന്നില്ല. താങ്കള്‍ക്ക് മനസിലായി എന്ന് കരുതുന്നു..

സുരേഷ് :- വളരെ ലളിതമായ ഭാഷയില്‍ ഇത്തരം ഭയങ്കര സത്യങ്ങള്‍ വിശദമാക്കിതന്ന ഡോക്ടര്‍ക്ക്‌ നന്ദി..
നമുക്ക്‌ അഗ്രോ ഫെസ്റ്റിലെയ്ക്ക്  മടങ്ങിചെല്ലാം.. സോമന്‍ എന്തൊക്കെയാണ് പുതിയ വിശേഷങ്ങള്‍??..

സോമന്‍ :- സുരേഷ് , ഫെസ്റ്റ് നല്ല രീതിയില്‍ തന്നെ പുരോഗമിക്കുമ്പോള്‍ അല്‍പ സമയം വൈദ്യുതി തടസം നേരിട്ടിരുന്നു. ജനറെട്ടറുകള്‍  ഒന്നും തന്നെ പ്രവര്‍ത്തന സജ്ജമായിരുന്നില്ല. സുരേഷ്, കളിയിരിക്കാവിള കോളേജിലെ ഘടാഘടിയന്മാരായ ആണ്‍കുട്ടികള്‍ ഇനിയെന്ത് വേണം എന്നറിയാതെ കുന്തം വിഴുങ്ങി നില്‍ക്കുമ്പോള്‍, ഈ കോളേജിലെ സുന്ദരികളും ശുഷ്കാന്തിയുള്ളവരുമായ പെണ്‍കുട്ടികള്‍ ഉല്‍കൃഷ്ടമായ രീതിയില്‍ ഉണര്‍ന്നു പ്രവര്ത്തിച്ചതുമൂലം പവര്‍കട്ടിനെ നേരിടാന്‍ സാധിച്ചു സുരേഷ്...

സുരേഷ് :- എതുരീതിയിലാണ് അവര്‍ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചത് എന്ന് വിവരിക്കാമോ ?

സോമന്‍ :- ഒരു കാര്‍ഷിക കോളേജിലെ പെണ്കുരുന്നുകള്‍ക്ക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങും വഴങ്ങും എന്നതു വളരെ അഭിമാനകരമാണ് സുരേഷ്.. തങ്ങളുടെ ലാപ്ടോപ്പ് ബാറ്ററികളില്‍ നിന്നും കോളജിനു മൊത്തം ആവശ്യമായ പവര്‍ പ്രൊട്യൂസ് ചെയ്യാന്‍ കഴിയുന്ന ഒരിനം ഇന്‍വെട്ടര്‍ ആണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. സത്യത്തില്‍ അഭിമാനം കൊണ്ട് എന്റെ രോമങ്ങള്‍ എഴുന്നേറ്റു നിന്ന് സല്യൂട്ട് അടിക്കുന്നു സുരേഷ്.. ഇത്തരത്തിലുള്ള മിടുക്കികുരുന്നുകളെ എനിക്ക് മക്കളായി ലഭിച്ചില്ലല്ലോ എന്നോര്‍ത്ത് എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ് സുരേഷ്..

സുരേഷ് :- സോമന്‍ , ദയവു ചെയ്തു താങ്കള്‍ ഇമോഷണല്‍ ആകാതിരിക്കുക..
നമുക്ക്‌ അഗ്രോഫെസ്ടിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോവെണ്ടതുണ്ട്.. അതിനു മുന്നേ ‘ചെക്ക് ലൂപ്പ്സ് 2.0’ എന്ന മെഗാ ഇവന്ടിന്റെ സ്‌ട്രെസ് ഇന്റെര്‍വ്യൂ-വില്‍ നിന്നും ചില ദൃശ്യങ്ങള്‍.. 

        ++++++++++++++++++++++++++++++++++++++  ന്റെര്‍വ്യൂ  ക്ക് ykkു ചെയ്ത ലോ 
                                                                   
ആങ്കര്‍ പെണ്‍കൊടി :- “വെല്‍ക്കം ടു പി എച്ച് ആര്‍ ഡി’ സ്  മോസ്റ്റ്‌ എലുമിനെറ്റട്, എലാബരെറ്റട്, എലിവേറ്റട് ആന്‍റ് എന്‍കരേജട് ഷോ..
ചെക്ക് ലൂപ്സ് 2.0....!!  എനിക്കരിയാം.. യൂ ഗയ്സ് ആര്‍ വെരി എക്സൈറ്റെട്... റൈറ്റ്‌?? ... യാ... യാ... 
നെക്സ്റ്റ് നമ്മുടെ ഷോയില്‍ സ്‌ട്രെസ് ഇന്റെര്‍വ്യൂ ആണ്... ആക്ച്വലി ഐ ആം സീ നോട്ട് മച്ച്  ദിസ്‌ പീപ്പിള്‍ റിസള്‍ട്ട്‌ ആന്‍സൈറ്റി എബൌട്ട്‌... ശ്ശോ.. റിസള്‍ട്ടുകലെ പറ്റി ഇത്ര ആന്‍സൈറ്റി  കീപ്‌ ചെയ്യുന്ന സ്ട്യൂടന്റ്സിനെ നാന്‍ ആദ്യം കാനുവാ...
 കൊച്ചു കല്ലന്മാര്‍!!!..  മലയാലത്തില്‍ അതിനു എന്താ പരയ്കാ...
ങാ.. ജിഞ്ഞാഷ..!!. ജിഞ്ഞാഷ..!!. 

“ ജിഞ്ഞാഷ അല്ലെടീ ജിജ്ഞാസ...” കൊച്ചുകള്ളന്മാരിലൊരാള്‍ തിരുത്തി...
                                                   
“ലെട്സ് ഗിവ് എ ഹാന്‍ഡ്‌ ബീറ്റ്‌... ശ്ശോ ഒന്ന് കയ്യടിക്കൂന്ന്‍.. ഔര്‍ ക്വിസ് മാസ്റ്റര്‍ ഹിസ്‌ മോസ്റ്റ്‌ എമിനന്റ്റ്‌ ആന്‍ഡ്‌ റവരന്റ്റ്‌ മി.തൊമ്മന്‍ അവര്‍കള്‍...

വെല്‍കം സര്‍...”

തൊമ്മന്‍ ;- താങ്ക്യു.. താങ്ക്യു...

(മത്സരാര്‍ഥിയോട്) ഹലോ ഗുഡ് മോര്‍ണിംഗ്..

മത്സരാര്‍ത്ഥി ;- ഗുഡ്‌ മോര്‍ണിംഗ് സര്‍..

തൊമ്മന്‍ ;- ഹൌ ആര്‍ യു ഡിയര്‍ ?

മത്സരാര്‍ത്ഥി :- ഫൈന്‍ സര്‍..

തൊമ്മന്‍ :- ദെന്‍,  കം ടു ഔര്‍ ക്വസ്റ്റ്യന്‍... ആദ്യ ചോദ്യം രാമായണത്തില്‍ നിന്നും...   ഒരു മരക്കൊമ്പില്‍ 8 പക്ഷികള്‍.. ഒരു വേട്ടക്കാരന്‍ അവയെ വെടിവെച്ചു.. 6 എണ്ണം താഴെവീണു.. 5 എണ്ണം പറന്നു പോയി... അങ്ങനെയെങ്കില്‍ അയാളുടെ തോക്കില്‍ നിന്നും പുറപ്പെട്ട അമ്പിന്റെ... സോറി... ബുള്ളറ്റിന്റെ സ്പീഡ്‌ എന്ത്?..

മത്സരാര്‍ഥി :- അറിയില്ല സര്‍..

തൊമ്മന്‍ :- അടുത്തത് കാര്‍ഷിക രംഗത്ത്‌ നിന്നും... കേരള വഴുതനങ്ങ വികസന കോര്‍പറേഷന്‍ ചെയര്‍മാന്റെ കൊച്ചുമോളുടെ പേര് ??

 മത്സരാര്‍ഥി :- പാസ്‌ സര്‍..

തൊമ്മന്‍ :- മോള്‍ക്ക്‌ ടെന്‍ഷന്‍ ഉണ്ടോ??..

മത്സരാര്‍ഥി ;- ഇല്ല സര്‍..

തൊമ്മന്‍ :- അല്ല.. ഒണ്ട്... ഒണ്ട്.. ദാ.. ഒരു കപ്പ് കാപ്പി.. കുടിക്കൂ.. പ്ലീസ്‌..

മത്സരാര്‍ഥി  :- നോ, താങ്ക്സ് സര്‍ ..

തൊമ്മന്‍ :- അതെന്താടി നിനക്ക് കാപ്പി കുടിച്ചാല്‍ ??.. കുടിച്ചിട്ട് പോയാ മതി..!!

(പെങ്കൊച് കാപ്പി കുടിക്കാന്‍ തുടങ്ങുന്നു..)

തൊമ്മന്‍ :- വെല്‍, അടുത്ത ചോദ്യം.. താങ്കള്‍ ഇപ്പൊ കുടിക്കുന്ന കാപ്പിയില്‍ ചേര്‍ത്തിരിക്കുന്ന പാല്‍  മില്‍മയാണോ മലനാടു ആണോ അതോ നാടന്‍ പശുവിന്റെതോ ?

( “ക്ടിന്‍ !!!!...”. പെങ്കൊച്ചിന്റെ കയ്യില്‍ നിന്നും കപ്പ് താഴെ വീഴുന്നു )


മത്സരാര്‍ഥി :- ഇത് ബ്ലാക്ക്‌ കോഫി അല്ലെ സര്‍, ഇതില്‍ എവിടാ പാല്‍?

തൊമ്മന്‍ : ഇങ്ങോട്ട് ചോദ്യമൊന്നും വേണ്ട.. അറിയാമെങ്കി പറഞ്ഞാ മതി.. കേട്ടല്ലോ..
അടുത്തത് അവസാന ചോദ്യമാണ്. ഇതിനെങ്കിലും ആന്‍സര്‍ പറഞ്ഞില്ലേ താന്‍ പുറത്താകും... ഒരു ജഴ്സി പശു, ഒരു വെച്ചൂര്‍ പശു, ഒരു സിന്ധി പശു ഇവയെ ഒരു തൊഴുത്തില്‍ കെട്ടിയിരിക്കുന്നു.. ഇവയില്‍ ഇതിന്റെ ചാണകത്തിനായിരിക്കും കൂടുതല്‍ മാര്‍ക്കറ്റ്‌ വാല്യു ??

മത്സരാര്‍ഥി :- പാസ് സര്‍..

തൊമ്മന്‍ :- ഐ ആം റിയലി സോറി മോളു.. കാര്‍ഷിക മേഘലയെപ്പറ്റി വിവരം കമ്മിയായതിനാല്‍ ചെക്ക് ലൂപ്സ്‌ ല്‍ നിന്നും മോള്‍ടെ ചെക്ക് കീറിയിരിക്കുന്നു..

             (കൊമേഴ്സ്യല്‍ ബ്രെയ്ക്ക് )

സുരേഷ് :- വെല്‍കം ബാക്ക്.. കളിയിരിക്കാവിള കാര്‍ഷിക കോളേജിലെ അഗ്രോ ഫെസ്റ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ നിങ്ങള്‍ കണ്ടത്‌.. ശരിക്കും ഇപ്പോള്‍ എന്റെ മനസിലേയ്ക്ക് ഓടിയെത്തുന്നത് എന്റെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ കാലഘട്ടമാണ്..
അക്കാലത്തെ DSP, COMMUNICATION LAB വൈവകള്‍ ഇപ്പോള്‍ എന്റെ മനസ്സില്‍ പൂത്തു നില്‍ക്കുന്നു.. നോസ്ടാല്ജിയ!!...  നോസ്ടാല്ജിയ!!...  
ങ്ഹാ.. അതൊക്കെ പോട്ടെ, സോമന്‍ എന്തൊക്കെയാണ് പുതിയ സംഭവങ്ങള്‍ ??

സോമന്‍ :- കാര്‍ഷിക മേഘലയെ സംബന്ധിക്കുന്ന സെമിനാറുകളും ടെമോന്‍സ്ട്രെഷനുകളുമാണ് ഇപ്പോള്‍ നടക്കുന്നത്..
പാവയ്ക്ക, വഴുതനങ്ങ, പടവലങ്ങ തുടങ്ങിയ വിളകള്‍ എങ്ങനെ കീടങ്ങളുടെ ആക്രമണത്തില്‍ നിന്നും പൊതിഞ്ഞു സൂക്ഷിക്കാം എന്നതിനെപറ്റിയാണ് ഇപ്പോള്‍ ക്ലാസ്‌ നടക്കുന്നത്. ഇപ്പോള്‍ ഇതിന്റെ ഡെമോ വേദിയില്‍ നടന്നുകൊണ്ടിരിക്കുന്നു സുരേഷ്..

സുരേഷ് :- എതുരീതിയിലാണ് സോമന്‍, ഓഡിയന്സിന്റെ പ്രതികരണം??

സോമന്‍ :- സുരേഷ്, പ്ളാസ്റിക് കവറുകളും കടലാസുകളും മറ്റും ഉപയോഗിക്കുന്ന പഴയ രീതിയില്‍ നിന്നും വ്യത്യസ്തമായി, പുകയില കഷായം പുരട്ടിയ റബര്‍ ബലൂണുകള്‍ കീടനിയന്ത്രണത്തിനു ഉപയോഗിക്കാം എന്ന പുത്തന്‍ ആശയത്തിന്റെ ഡെമോ ആണ് ഇപ്പോള്‍ നടക്കുക. പക്ഷെ, ഓഡിയന്സിന്റെ ഭാഗത്ത്‌ നിന്നും വളരെ നെഗറ്റീവ് ആയ പ്രതികരണം ആണ് ലഭിക്കുന്നത്. ഇത് അത്ര പുതിയ ആശയം അല്ല എന്നും തങ്ങള്‍ വര്‍ഷങ്ങളായി അനുവര്‍ത്തിച്ചു പോരുന്ന കീട നിവാരണ മാര്‍ഗം ആണിതെന്നും കളിയിരിക്കാവിളയിലെ ഒരു പറ്റം വിദ്യാര്‍ഥി-വിദ്യാര്‍ത്ഥിനികള്‍ ഒരേ സ്വരത്തില്‍ പറയുന്നു..
    അതിനിടെ, കാലഹരണപ്പെട്ട ഇത്തരം പെസ്റ്റ്‌ കണ്ട്രോള്‍ മെതെടുകളെക്കാള്‍ ഏറെ ഫലപ്രദമാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ബി-പില്സ് എന്ന ഗുളിക രൂപത്തിലുള്ള കീടനാശിനി എന്ന് പേര് വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ഒരു ശാലീന സുന്ദരി സന്ധ്യവിഷനോടു പ്രതികരിക്കുകയുണ്ടായി..
     എന്നാല്‍, ഇത്തരം നിലവാരം കുറഞ്ഞ ഡെമോ നടത്തുന്നതിലൂടെ സംഘാടകര്‍ തങ്ങളുടെ വിവരത്തെയും കാര്‍ഷിക വിജ്ഞാന മേഘലയെ ആകമാനവും അപഹസിക്കുകയാണ് എന്ന് പ്രഖ്യാപിച്ച്, ഒരു സംഘം വിദ്യാര്‍ത്ഥിനികളും അധ്യാപികമാരും മത്സര വേദി ബഹിഷ്കരിച്ചു കഴിഞ്ഞു സുരേഷ്..
അതുപോലെതന്നെ നാടന്‍ വഴുതനങ്ങയ്ക്ക് പകരമായി ജനിതകമാറ്റം വരുത്തിയ BTവഴുതനങ്ങകള്‍ ഡെമോയ്ക്ക് ഉപയോഗിക്കുന്നതിലൂടെ കാര്‍ഷികമേഘല വന്‍കിട കുത്തകകള്‍ക്ക്‌ തീറെഴുതാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അധ്യാപക പ്രതിനിധി മിസ്സ്‌ ലംബോര്‍ഗിനി അറിയിച്ചു..
ഏതായാലും സുരേഷ്, ഈ വിഷയത്തില്‍ വരുംദിനങ്ങളില്‍  വന്‍ വിവാദങ്ങള്‍ പ്രതീക്ഷിക്കാമെന്ന് തോന്നുന്നു..
കാമെറമാന്‍ സാബുവിനോപ്പം  സോമന്‍ നമ്പൂതിരി, സന്ധ്യ വിഷന്‍...

സുരേഷ് :- നന്ദി സോമന്‍.. ന്യൂസ് അവറിന്റെ സമയം ഇവിടെ അവസാനിക്കുന്നു.. പ്രേക്ഷകര്‍ക്കായുള്ള ഇന്നത്തെ ചോദ്യം ഇതാണ് – “BT വഴുതനകള്‍ ഇന്നിന്‍റെ അനിവാര്യതയോ??..”
നിങ്ങളുടെ മറുപടികള്‍ SV<space>BT<space>’YES/NO’ എന്ന ഫോര്‍മാറ്റില്‍ ‘6969’ലേയ്ക്ക്‌ അയയ്ക്കുക...
ന്യൂസ് അവര്‍ ഇവിടെ സമാപിക്കുന്നു..

            
          (ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ ഹൈ പിച്ചില്‍...)         

 ( DISCLAIMER :-
 ഈ ചാനലും ഇതിലെ വാര്‍ത്തകളും തികച്ചും സാങ്കല്പികം മാത്രം. അഥവാ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെന്കിലും വ്യക്തികളുമായോ കോളജുകളുമായോ സംഭവങ്ങളുമായോ ഏതെന്കിലും സാമ്യം കണ്ടാല്‍ അതു തികച്ചും മന:പ്പൂര്‍വ്വമാണ്.)                                                                          
             
            

       

ഒടുവില്‍ കുറ്റസമ്മതം          അങ്ങനെ ആ കുറ്റസമ്മതവും നടന്നിരിക്കുന്നു.. 
 ചോരച്ചാലുകളില്‍ നീന്തിക്കയരുകയും തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടുകയും ചെയ്ത ശാന്തിയുടെയും സഹനത്തിന്റെയും അപ്പസ്തോലന്മാര്‍ അവശ്യ ഘട്ടങ്ങളില്‍ എതിരാളികള്‍ക്കും നീന്തല്‍ ക്ലാസ്സുകളും ഊഞ്ഞാലാട്ടവും ഒക്കെ സൗകര്യം പോലെ സംഘടിപ്പിച്ചിരുന്നു എന്ന് സഖാവ് മണി നല്ല മണി മണി പോലെ വിശദമാക്കിക്കഴിഞ്ഞു.  പരിശീലനം നല്‍കാന്‍ ഉധേസിക്കുന്ന`കുഞ്ഞുങ്ങള്‍ക്ക്  പ്രൊഫഷണല്‍ കോഴ്സുകളില്‍ എന്നത് പോലെ   റാങ്ക് ലിസ്റ്റും മെരിറ്റ് ലിസ്റ്റും ഒക്കെ തയ്യാറാക്കി, വളരെ ചിട്ടയറ്റ രീതിയിലാണ്   അഡ്മിഷന്‍ നല്‍കുന്നതും എക്സിക്യുഷന്‍ നടപ്പാക്കുന്നതും എന്നാണു മണി സഖാവ് പറയുന്നത് .     
പാര്‍ട്ടി എതിരാളികള്‍ക്ക്‌ തങ്ങള്‍ പ്രാക്ടിക്കല്‍ ക്ലാസ്‌ നല്കാരില്ലന്നും കറസ്പോണ്ടന്റ് കോഴ്സ്‌ മാത്രമേ നടതാറുള്ളൂ എന്നുമാണ് കാരാട്ട് സഖാവ്  ഇന്നലെയും പറഞ്ഞത്‌.. . 
         കുലംകുത്തി വെള്ളം കോരിയ ആടുകളെ  തങ്ങള്‍ കാണാതെ പോയ ആടിനെ അന്വേഷിക്കുന്ന നല്ലയിടയനെ പോലെ എക്കാലത്തും അന്വേഷിക്കുമെന്നും വീണ്ടുകിട്ടിയാല്‍ മാറിലെറ്റി താലോലിക്കുമെന്നും  ആണയിട്ടു പറഞ്ഞുകൊണ്ടിരുന്നത് വിശ്വസിച്ച് ആശ്വാസ നിശ്വാസങ്ങള്‍ വിട്ട,  പച്ചപ്ലാവില കമ്പും കയ്യിലേന്തി തങ്ങളെ തേടി വരുന്ന ഇടയന്റെ കവിളില്‍ ഒരുമ്മ കൊടുക്കണം എന്ന് വിശ്വസിച്ച്  കാത്തിരുന്ന  ലിവിംഗ് കുലംകുത്തി കുഞ്ഞാടുകളുടെ ചങ്കിടിപ്പ്  ഏതായാലും  മണി സഖാവിന്റെ വെളിപ്പെടുതലോടെ കൂടിയിട്ടുണ്ടാകും എന്ന് വേണം കരുതാന്‍... കാണാതെ പോയ ആടുകളെ കണ്ടെത്തി മട്ടന്‍ സ്റ്യു വയ്ക്കുകയാണ് ഔദ്യോഗ്ഗിക പാര്‍ട്ടി നയം എന്ന് ഇടുക്കിയിലെ സ്റ്റഡി ക്ലാസ്‌ കൂടിയവര്‍ക്ക് ഇപ്പൊ നന്നായി അറിയാമായിരിക്കണം..  
              "ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലെ.. " എന്ന സലിം കുമാറിന്റെ ഡയലോഗും ഉരുവിട്ട് , പുത്തന്‍ തൊഴുത്തുകള്‍ തേടി അലയാനാകണം  ടി ആടുകളുടെ വിധി. ചെന്നുകേറുന്ന തൊഴുത്തില്‍ കാത്തിരിക്കുന്നത്  കെ എസ് കാലിത്തീറ്റയാണോ കശാപ്പുകത്തിയാണോ എന്ന് പറയാനാവില്ലല്ലോ..   
രണ്ടു ദിവസം കഴിഞ്ഞു  'ഞാനൊരു ഹൈറേഞ്ച് വളിപ്പ് അടിച്ചതല്ലേ, നിങ്ങള്‍ പേടിച്ചുപോയോ ' എന്ന്  പറഞ്ഞു മണി സഖാവു  സ്കൂട്ട് ആവുമോ എന്തോ !!.. കാത്തിരുന്നു കാണാം ...


അഗ്രോ ഫെസ്റ്റും ബിടി വഴുതനയും - (part-1)

( Disclaimer: ഈ ചാനലും ഇതിലെ വാര്‍ത്തകളും തികച്ചും സാങ്കല്പികം മാത്രം. അഥവാ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെന്കിലും വ്യക്തികളുമായോ സംഭവങ്ങളുമായോ ഏതെന്കിലും സാമ്യം കണ്ടാല്‍ അതു തികച്ചും മന:പ്പൂര്‍വ്വം ആണ്.) 
  


നമസ്കാരം, സന്ധ്യ വിഷന്റെ ന്യൂസ് അവര്‍പോഗ്രാമിലെയ്ക്ക് സ്വാഗതം. ഞാന്‍സുരേഷ് കുമാര്‍..
              
 മണ്ടരി പിടിച്ച തെങ്ങ പോലെ വരണ്ടുണങ്ങിക്കൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയുടെ ശിരസ്സിലെയ്ക്ക് ആശ്വാസത്തിന്റെ ഒരു ചിരട്ട എന്‍ഡോസള്‍ഫാന്‍ കമിഴ്ത്തി കളിയിരിക്കാവിള കാര്‍ഷിക കോളേജ്‌ വിദ്യാര്‍ഥികള്‍ നട്ടുമുളപ്പിച്ച അഗ്രോ ഫെസ്റ്റ് കാര്‍ഷിക മേളയിലെയ്ക്കാണു ഇന്ന് ന്യൂസ് അവര്‍ കടന്നു ചെല്ലുക.
 ഏറെ വ്യത്യസ്തമായ വിഭവങ്ങളും യുവ മനസുകളില്‍ കുളിര്‍മയുടെ വിത്ത്‌പാകുന്ന ഇവന്‍റുകളും കൂട്ടി വാറ്റിയെടുത്ത അഗ്രോ ഫെസ്റ്റ് കഴിഞ്ഞ ദിവസം പുഞ്ചവിള എം.എല്‍.എ ശ്രീ.ടി.സി വര്‍ക്കി ഒരു ഞാട്ടുപാട്ടിന്റെ ഈരടിയോടെ ഉല്‍ഘാടനം ചെയ്യുകയുണ്ടായി.

          കൂടുതല്‍ വിവരങ്ങളുമായി സന്ധ്യവിഷന്‍  റിപ്പോര്‍ട്ടര്‍ സോമന്‍ ഇപ്പോള്‍ നമ്മോടൊപ്പം ഉണ്ട്. 
സോമന്‍, ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ പുതുപുത്തന്‍ വിപ്ലവങ്ങള്‍ക്ക് വഴിയൊരുക്കും എന്ന് കരുതപ്പെടുന്ന അഗ്രോ ഫെസ്റ്റ് ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു?.. എന്തൊക്കെയാണ് കൂടുതല്‍വിവരങ്ങള്‍?

സോമന്‍:- സുരേഷ്, ഇത് തുടര്‍ച്ചയായ നാലാം തവണയാണ് കളിയിരിക്കാവിള PHRD (Pinnapple Hatching &amp; Rubber Development) കോളേജില്‍കാര്‍ഷിക മേള സംഘടിപ്പിക്കുന്നത്. 
          മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ഈ വര്‍ഷവും അഭൂതപൂര്‍വമായ തിരക്കാണ് കാണാന്‍സാധിക്കുക. കോളേജ്‌ വക ഹെലികോപ്ടറുകള്‍ തുടര്‍ച്ചയായി ട്രിപ്പ്‌അടിക്കുന്നുണ്ട് എങ്കിലും രജിസ്ടര്‍ചെയ്ത എല്ലാവര്ക്കും എത്തിച്ചേരാന്‍ സാധിക്കുമോ എന്ന് സംശയമാണ്. കേരളത്തില്‍ എക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച ഈ കോളജിലേയ്ക്ക് കര മാര്‍ഗം എത്തിച്ചേരുക ദുര്‍ഘടമാണ് സുരേഷ്...

സുരേഷ് :- സോമാ , മേളയുടെ വിശതാംശങ്ങളിലെയ്ക്ക് കടക്കും മുന്‍പ്‌ PHRD കോളേജ്‌ ഏതു രീതിയിലാണ് കളിയിരിക്കാവിള ഗ്രാമത്തെ ഫലസംപുഷ്ടമാക്കുന്നത് എന്ന് വിവരിക്കാമോ?

സോമന്‍:- സുരേഷ്, ഈ ഗ്രാമത്തിലേയ്ക്ക് വേണ്ട എല്ലാ വിധ വിളകളും സമുദ്രനിരപ്പില്‍നിന്നും 18000മീടര്‍ ഉയരത്തില്‍നിലകൊള്ളുന്ന ഈ കാമ്പസില്‍കൃഷി ചെയ്യുന്നു. എങ്കിലും  പൈനാപ്പിള്‍, നേന്ത്രക്കായ, പയര്‍(വലുതും,ചെറുതും) റബ്ബര്‍തുടങ്ങിയ വിളകളിലാണ് ഇപ്പോള്‍ മാനേജ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആയുര്‍വേദ ചികിത്സയില്‍അവശ്യം വേണ്ട ഔഷധ ചെടികളായ കമ്മ്യുണിസ്റ്റ്‌പച്ച, ചൊറിതനം, പാര്തീനിയം എന്നിവയും ഈ കാമ്പസിലെ ഏദന്‍തോപ്പില്‍ പരിപാലിക്കുന്നു സുരേഷ്..

സുരേഷ് :- ഞാന്‍ താങ്കളിലെയ്ക് മടങ്ങിവരാം സോമന്‍, അഗ്രോ ഫെസ്ടിന്റെ  കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു അവിടെത്തന്നെ തുടരുക..
     ഇപ്പോള്‍ പുഞ്ചവിള കോളേജിലെ വിദ്യാര്‍ഥി സമരത്തിന്റെ റിപ്പോര്‍ട്ടുകളുമായി സന്ധ്യവിഷന്റെ റിപ്പോര്‍ട്ടര്‍ ശശി നമ്മോടൊപ്പം ചേരുന്നു.. ശശി പറയൂ എന്താണ് പുഞ്ചവിളയില്‍സംഭവിക്കുന്നത്?

ശശി :- പ്രധാനമായും 2 കാരണങ്ങളാണ് വിദ്യാര്‍ഥികള്‍ഉന്നയിക്കുന്നത്.
  1. കോളേജ്‌ ഹെലിപാടില്‍ അത്ഭുതകരമായി കിണര്‍ പ്രത്യക്ഷപ്പെട്ട സംഭവം സിബിഐ അന്വേഷിക്കുക. കിണറ്റിലെ നീരുറവ വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നുകൊടുക്കുക 
  2. കോളേജിലെ ഏദന്‍ഗാര്‍ഡന്‍സില്‍ പശു കയറിയ സംഭവം അന്വേഷിക്കുക. ഗാര്‍ഡന്‍ ചുറ്റുമതില്‍ സ്ഥാപിക്കുക.
അടുത്തിടെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കോളജുകളുടെ റാങ്കിങ്ങില്‍ ക്രീമിലെയര്‍(വെണ്ണപ്പാളി) പട്ടികയില്‍ കയറിക്കൂടിയ മൂന്നു കോളജുകളില്‍ ഒന്നാണ് ഇത്. എന്നിട്ടും കാമ്പസില്‍ ആവശ്യത്തിന് വെണ്ണ ലഭ്യമല്ലാത്തത് അധികൃതരുടെ പിടിപ്പുകേടായി സമരക്കാര്‍ ആരോപിക്കുന്നു. 
അതുപോലെ തന്നെ സുരേഷ്, പ്രവചനാതീതമായ ഒരു സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുക. സമര സമിതി നേതാവ് ടിപ്പര്‍ വാസു കിണറിനു മുകളില്‍നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുക. സമരാനുകൂലികള്‍ക്ക്``ഉന്മേഷം പകരാന്‍ മോരുംവെള്ളം വിതരണം ചെയ്യുന്നുണ്ട്.. പുഞ്ചവിള MLAയുടെ ജന സമ്പര്‍ക്ക പരിപാടി മൂലം പോലീസിനു എത്തിച്ചേരാന്‍സാധിക്കാത്ത അവസ്ഥയാണ്. 
MLAയുടെ കഴിഞ്ഞ ദിവസത്തെ പ്രോഗ്രാമില്‍പങ്കെടുത്തവര്‍ സമീപത്തെ ആശുപത്രികളില്‍ കൂട്ടത്തോടെ അഡ്മിറ്റ്‌ ആയത് മൂലം ഒരു മെഡിക്കല്‍ടീം പോലും അവയലബിള്‍ അല്ല സുരേഷ്..

സുരേഷ് :- ശശി , താന്കള്‍ ലൈനില്‍തുടരുക.. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞാന്‍ താങ്കളുമായി ബന്ധപ്പെടാം. ഇപ്പോള്‍ഈ വിഷയത്തെ പറ്റി പ്രതികരിക്കാന്‍ ശ്രി. TCവര്‍ക്കി  MLA നമ്മോടൊപ്പം ഉണ്ട്. ശ്രീ വര്‍ക്കി , പുഞ്ചവിളയിലെ പ്രശ്നങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

വര്‍ക്കി :- ശുദ്ധ തോന്യാസവും അസംബന്ധവുമാണിത്. ചോതിക്കാനും പറയാനും ആരുമില്ലെന്ന് കരുതി എന്തുമാകാം എന്നോ ?.. 
ഒരു കോളേജ്‌ആകുമ്പോ പശു ,മുള്ളന്‍പന്നി, മുപ്ലി വണ്ട്‌, കീരി, നരിച്ചീര്,ചൊറിയന്‍പുഴു തുടങ്ങിയ സാധു ജീവികള്‍ കാമ്പസില്‍ കണ്ടെന്നു വരാം... അതൊരു അലന്കാരമാ... അഭിമാനവാ...
ഈ കോപ്പന്മാര്‍ക്ക് അതുവല്ലതും അറിയാമോ?
 ഈ വിവാദം രാഷ്ട്രീയ ഞരമ്പ് രോഗികളുടെ സൃഷ്ടിയാണ്. 
ഈ ക്നാപ്പന്മാരെ പെട കൊടുത്ത്‌ ഓടിക്കാനോള്ളതിനു  പോലിസ്‌ വായില്‍പഴം തള്ളി ഇരിക്കുവാണോ.. 
 അവന്‍റെയൊക്കെ അമ്മെക്കെട്ടിക്കാന്‍ സമരവുമായി എറങ്ങിയെക്കുന്നു.... മൈ..!$#@..

സുരേഷ് :- ക്ഷമിക്കണം... ബഹു.MLAയുമായുള്ള ടെലിഫോണ്‍ബന്ധം   സാങ്കേതിക പ്രശ്നങ്ങളാല്‍ തടസപ്പെട്ടിരിക്കുന്നു..  
നമുക്ക്‌ അഗ്രോഫെസ്റ്റിലേയ്ക്ക്‌ മടങ്ങിവരാം.. 

അതിനു മുന്‍പ്‌ഒരു ചെറിയ ഇടവേള..

          (കൊമേഴ്സ്യല്‍ബ്രെയ്ക്ക്) 
                (തുടരും...)                                                                 
    

കോര്‍ കമ്പനിയും ബാംഗ്ലൂരിലെ പെണ്‍പിള്ളാരും

           
   ഫേസ്ബുക്കിനകത്ത് കുത്തിയിരുന്ന് ചന്തി വേദനയെടുത്ത് തുടങ്ങിയപ്പോള്‍സിസ്റ്റം ഓഫ് ചെയ്തു. മോണിട്ടറില്‍ അണയാന്‍ മറന്നു  മിന്നി നില്‍ക്കുന്ന യെല്ലോ LED പോലെ ബ്ലാങ്ക് ആയ മനസിലും എന്തൊക്കെയോ മിന്നുന്നു.. നഴ്സുമാരുടെ സമരത്തെ സപ്പോര്‍ട്ട് ചെയ്തു താങ്ങിയ അവസാനത്തെ പോസ്റ്റില്‍ ഏതോ ചേട്ടന്‍ തള്ളിയ കമ്മെന്റ് മനസ്സില്‍മായാതെ നില്‍ക്കുന്നു..
 -'ഇനി എഞ്ചിനീയര്‍മാരും ഇതുപോലെ ഒരു സമരം നടത്തേണ്ട സമയം വിദൂരമല്ല' . 
   എത്ര ദീര്‍ഘ വീക്ഷണമുള്ള പ്രവചനം. എവിടെയേലും ട്രെയിനി ആയിട്ടേലും ഒന്ന് കേറിക്കോട്ടേ.. സമരം നടത്തി കമ്പനിയെ പൊളിച്ചടുക്കണം. മലയാളീടടുത്താ അവന്റെയൊക്കെ കളി!!.. ങ്ങ്ഹാ!!             
   ചുമ്മാ ഇരുന്നു ബോറടിച്ചല്ലോ നേരം പോകാന്‍എന്താ വഴി?.. ടൌണിലെയ്ക്ക് ഇറങ്ങി ഒന്ന് ചുമ്മാ കറങ്ങിയാലോ?? 
 ഓ.. അല്ലെ വേണ്ട.. ഇപ്പൊ വെക്കേഷന്‍അല്ലെ പോയിട്ടും വല്ല്യ കൊണമില്ല.  ആ ജോമോന്റെ വീട് വരെ പോകാം.. പുതിയ ഫിലിം വല്ലതും ഉണ്ടോന്നു നോക്കാമല്ലോ..  
   
"ആ പറമ്പ്‌മുഴുവന്‍കാടു പിടിച്ചു കിടക്കുന്നു.. തുമ്പായെടുത്ത് അതൊക്കെയൊന്നു തെളിച്ച് രണ്ടു ചുവടു വാഴ നടെഡാ.. "

    അടുക്കളയില്‍നിന്നും ഉയര്‍ന്ന അശരീരി കേട്ടില്ലന്നു നടിച്ചു ഞാന്‍പറഞ്ഞു- "അമ്മെ ഞാന്‍പുറത്തേക്കൊന്നു പോകുവാ.." 

ഹും! ഒരു ഇലക്ട്രോണിക്സ് എഞ്ചിനീയര്‍പറമ്പില്‍വെട്ടും കിളയും നടത്തണം പോലും!.. വാഴ നടണം പോലും!.. ഇതെന്താണ് ആളുകള്‍ഇക്കാലത്തും ഇത്ര പഴഞ്ചന്‍ആയി ചിന്തിക്കുന്നത്? വെറുതെയാണോ കേരളം രക്ഷപെടാത്തത്?. 

"പുറത്തെക്കെന്നു പറഞ്ഞാ എങ്ങോട്ടാ??.. അമേരിക്കയ്ക്കോ മറ്റോ ആണോ?.. "

"അമ്മ തമാശിച്ചതാണോ... "

"പിന്നെ.. തമാശ.. 24 മണിക്കൂറും കമ്പ്യൂട്ടറിന് മുന്നില്‍കുത്തിക്കൊണ്ടിരിക്കും.. വീട്ടില്‍അഞ്ചു പൈസയുടെ ഉപകാരമില്ല.. വല്ല പണിയും ചെയ്യാന്‍ പറഞ്ഞാല്‍ നെരങ്ങാന്‍ പോകും..  കമിഴ്ന്നു കിടക്കുന്ന ഒരു പ്ലാവില മറിച്ചു വെയ്ക്കത്തില്ല..  കുഴിമടിയന്‍.. "

  "കമിഴ്ന്ന പ്ലാവില മറിച്ചു വെച്ചിട്ട് നമുക്കെന്താ ഉപകാരം അമ്മേ..  ഈ അമ്മയെകൊണ്ട് തോറ്റു.."

കോഴ്സ്‌ വൈവയ്ക്ക്‌ ADSL മോഡത്തിന്റെ കഥ ചോതിച്ചപ്പോള്‍ BSNL കണക്ഷന്റെ സ്പീഡ്‌കുറവിനെക്കുറിച്ച് ഗ്യാസ് അടിച്ചു രക്ഷ പെട്ടതുപോലെ ഞാന്‍അവിടന്ന്  സ്കൂട്ട് ആയി..  

   സായാഹ്നസൂര്യന്റെ ഇളംകിരണങ്ങളും മന്ദമാരുതന്റെ മൃദു തലോടലും ഏറ്റു ഞാന്‍പതിയെ നടന്നു. ആഹാ.. എന്ത് രസമാണ് ഈ വൈകുന്നേരം ഇങ്ങനെ നടക്കാന്‍!!.. 
 റോഡില്‍തിരക്ക്‌വളരെ കുറവ്‌.. പത്താഴത്തില്‍നിന്നും പാറ്റകള്‍ പായും പോലെ ഇടയ്ക്കിടയ്ക്ക് ഓട്ടോകള്‍ അങ്ങോട്ടും ഇങ്ങോട്ടും പായുന്നു..      
  വീടുകളില്‍വിളക്കുകള്‍തെളിഞ്ഞു തുടങ്ങി. തൊട്ടു മുന്നിലെ വീട്ടില്‍നാമം ജപിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാം. അതിലെ സംഗതി ഇഷ്ടപ്പെടാതതുകൊണ്ടോ എന്തോ എതിര്‍വീട്ടിലെ പട്ടി സ്റ്റാര്‍സിങ്ങറിലെ ജഡ്ജസിനെപ്പോലെ മുറുമുറുക്കുന്നു..      
   ഒരു പറ്റം പെണ്‍കുട്ടികള്‍എന്നെ പിന്നിട്ടു മുന്നോട്ടു പോയി.. കുരിശടിയില്‍വണക്കമാസ പ്രാര്‍ഥനയ്ക്ക് പോകുന്നതായിരിക്കും..  സമയം കിട്ടിയാല്‍ നാളെ മുതല്‍പ്രാര്‍ത്ഥനയ്ക്ക് പോകണമെന്ന് അപ്പോള്‍തന്നെ പോക്കറ്റ്‌ഡയറിയില്‍എഴുതിയിട്ടു!!. 
    അല്ലെങ്കിലും ഞാന്‍പണ്ടുമുതലേ തന്നെ വളരെ ആത്മീയനും ദൈവോന്മുഖനും ആയിരുന്നല്ലോ.  സണ്ടേസ്കൂള്‍ പരീക്ഷകള്‍ക്ക്‌ കിട്ടിയ ഗപ്പുകള്‍ഇപ്പോളും ഷോകേസില്‍ ഇരിക്കുന്നു..    
കെ.സി.വൈ.എം ക്യാമ്പുകള്‍ക്ക്‌കിട്ടിയ പാര്ടിസിപേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കഴിഞ്ഞ ആഴ്ച തൂക്കിവിറ്റപ്പോള്‍ മൂന്നു മൂന്നര കിലോ ഒണ്ടാരുന്നു. പേപ്പര്‍ക്വാളിടി പോരാ.. അല്ലേല്‍ കൊറച്ചൂടെ കാഷ് കിട്ടിയേനെ. ഇനി ഡയറക്ടറച്ചനെ കാണുമ്പോള്‍ക്വാളിറ്റിയുടെ കാര്യം പ്രത്യേകം പറയണം.

 "ഡാ ജോസഫേ.. എങ്ങോട്ടാ പാട്ടും പാടി?.. " 
സര്‍ട്ടിഫിക്കറ്റുകള്‍ അലമാരയില്‍തന്നെ വെച്ച് ഞാന്‍ തിരിഞ്ഞു നോക്കി. 
ഓ.. മണ്ഡലം!!..  നമ്മുടെ ബഡാ ദോസ്ത്‌ ആണ്. കോണ്ഗ്രസ്  പാര്‍ട്ടിയുടെ യൂത്ത്‌ വിംഗ് മണ്ഡലം കമ്മറ്റി  പ്രസിടന്റ്റ്‌ ആയി സേവനമനുഷ്ടിക്കുന്നു. മണ്ഡലം എന്ന പേരില്‍നാട്ടില്‍അറിയപ്പെടുന്നു.     നാടുകാരുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് തിരുവനന്തപുരത്തോട്ടും ദെല്‍ഹീലോട്ടും ഒക്കെ വിളിച് പരിഹാരം ഉണ്ടാക്കുന്നത് ഇദ്ദേഹമാണ്.      
"എന്നാ ഒണ്ടഡാ ഉവ്വേ വിശേഷം??..  ഇപോ കാണാന്‍പോലും ഇല്ലല്ലോ?.. ഓ എക്സാം ഒക്കെയാരിക്കും അല്ലെ? " 

"ഹേയ്.. എക്സാം ഒക്കെ തീര്‍ന്നു. ഇപ്പൊ ഫ്രീയാ.."

"B.tech അല്ലാരുന്നോ..  ജോലിയൊക്കെ ആയിക്കാണുമല്ലോ..  "

"ഇല്ല.. റിസള്‍ട്ട്‌വന്നില്ല.. അതുകൂടെ വന്നിട്ട് വേണം ആ വഴിക്ക്‌നോക്കാന്‍.."

"അല്ലാ കാമ്പസ്‌സെലക്ഷനോ റിക്രൂട്ട്മെന്റോ.. അങ്ങനെ എന്തോ ഇല്ലേ.. അതൊന്നും കിട്ടിയില്ലേ??'

"ഓ.. അതൊക്കെ സോഫ്റ്റ്‌വെയര്‍കമ്പനികളാ.. നമുക്ക്‌കോര്‍കമ്പനികളില്‍ആണ് നോട്ടം".. 

(പിന്നെ.. കോപ്പാ.. സപ്പ്ളി അടിച്ചുകിടന്നതുകൊണ്ട് അതൊന്നും അറ്റന്‍ഡ് ചെയ്യാന്‍പറ്റിയില്ലന്നു വല്ലതും  ഈ സോമന് അറിയാമോ!!   .. കോര്‍കമ്പനീ.. മാങ്ങാത്തൊലി!!) 
    
"ഓഹോ.. അങ്ങനെയാണോ??...  അപ്പൊ സോഫ്റ്റ്‌വെയര്‍ഫീല്‍ഡില്‍താല്പര്യം ഇല്ലേ.. " 

"ഹേയ്.. ആ സെക്ടറിനു തീരെ സ്റ്റേബിലിടി ഇല്ലെന്നെ.. ഒരു മാന്ദ്യം വന്നാല്‍.. ഡിം!!.. തീര്‍ന്നു. പിന്നെ ഫയങ്കര സ്ട്രെയിന്‍ആന്നേ.. "

"അപ്പൊ നുമ്പേ പറഞ്ഞ കോര്‍കമ്പനിയ്ക്കൊന്നും ഇത് ബാധകമല്ലേ??.. അവിടെ സ്ട്രയിനും സ്പ്രയിനും ഒന്നും ഇല്ലേ??"

ഒഹ്.. ഈ മൈ..$%*&amp;ന്റെ ഒരു കാര്യം. ലവന്‍ഇനി കോര്‍ കമ്പനി എല്ലാം എഴുതി വാങ്ങിയെ അടങ്ങൂ.. കര്‍ത്താവേ പണി പാളുമോ??...

"ഹേയ്,, അവിടെയതൊന്നും ഇല്ലന്നേ..  അതൊക്കെ പോട്ടെ മാഷേ.. നെയ്യാറ്റിന്‍കരയില്‍എന്നാ ഒണ്ട്??.. വല്ല രക്ഷയും ഒണ്ടോ??..  പ്രചാരണത്തിന് പോകാറുണ്ടോ??" 
 ഞാന്‍പതുക്കെ റൂട്ട് മാറ്റി പുള്ളിയുടെ ഇഷ്ടവിഷയത്തിലെയ്ക്ക് വണ്ടി തിരിച്ചുവിട്ടു.. 

"അതെന്നാ ചോദ്യമാ മോനെ.. ഇന്നലെ വൈകുന്നേരം അവിടന്ന് ലാന്‍ഡ്‌ചെയ്തതെ ഉള്ളൂ..   എന്നാ പ്രസംഗമാരുന്നന്നോ.. ഇപ്പൊ ടി.പി ഇഷ്യു, കൂലംകുത്തി ഒക്കെകൂടിയായപ്പോ നമ്മള് കലക്കും എന്ന് ഉറപ്പായി..  ആകെ ഒരു പ്രശ്നമുള്ളത്  മറ്റേ പെട്രോളിയത്തിന്റെ......."

"അതേയ്.. പൊതിയഴിക്കേണ്ട.. പോയിട്ട് വേറെ പണിയുള്ളതാ.." ഞാന്‍ നിയമസഭയില്‍ സ്പീകര്‍ ഇടപെടുന്നപോലെ ഇടപെട്ടു..  
   
"ഒഹ്.. സംസാരിച്ചു നേരം പോയതറിഞ്ഞില്ല.. വൈകിട്ട് ഒരു സായാഹ്ന ധര്‍ണ്ണ ഉള്ളതാ.. " മണ്ഡലവും പതുക്കെ കളത്തില്‍നിന്നും പാളി.

"ഹോ.. രക്ഷപെട്ടു.. ഇവനൊക്കെ എനിക്ക് പണി വാങ്ങിതന്നേ അടങ്ങൂ!"
ആശ്വാസത്തോടെ ഞാന്‍ മുന്നോട്ട് നീങ്ങി..
            +++++++++++++++++++++++++++++++++++++++++
"ഡാ.. കൊച്ചെ കണ്ടിട്ട് ഒത്തിരിയായല്ലോ.. നിന്റെ പഠിത്തം ഒക്കെ തീര്‍ന്നോ?"
ദൈവമേ.. ദേ പിന്നേം മാരണം!! ഒരു പരിചയക്കാരന്‍ അച്ചായി.. കത്തിയല്ല സുപ്പെര്‍ മാക്സ് ബ്ലേഡ്‌... തൊലഞ്ഞു!! ഒരു വേദന തീരും മുന്നേ അടുത്ത്‌വന്നുകഴിഞ്ഞു.. 

"കോഴ്സ്‌തീര്‍ന്നു ചേട്ടാ..   എന്നാ പിന്നെ ഞാനങ്ങോട്ട്.."

"ങ്ഹാ.. എങ്ങോട്ടാ ഇത്ര ധൃതിയില്‍..  അവിടെ നിന്നേ... ചോതിക്കട്ടെ.. പണി ഒക്കെയായോ?.. "

"ഇല്ല ചേട്ടാ.. റിസള്‍ട്ട്‌ വന്നില്ല" 
              
"കാമ്പസ്‌സെലെക്ഷന്‍ഒന്നും കിട്ടിയില്ലേ?"

"അത് പിന്നെ ചേട്ടാ ഈ കോര്‍...." പറഞ്ഞു തീരും മുന്നേ അച്ചായി ഇടയില്‍കേറി.. "എന്റെ കുഞ്ഞമ്മേടെ നാത്തൂനു മൂന്ന് പെണ്‍പിള്ളാരാ..    മൂന്നും എഞ്ചിനീയറിംഗ് ആണ് പഠിച്ചേ.. .. കോഴ്സ്‌ തീരുന്നേനു മുന്നേ മൂന്നിനും  ഇതുപോലെ കാമ്പസ്‌സെലെക്ഷന്‍ കിട്ടി.. ഇപ്പൊ ബാന്ഗ്ലൂരാ.. പത്ത് അറുപതിനായിരം രൂപാ സാലറി ഒണ്ട്..." 

എന്നാപ്പിന്നെ  അതിലൊരെണ്ണത്തിനെ കേട്ടിച്ചുതരുമോ എന്ന് ചോദിക്കാന്‍ നാക്ക് ചൊറിഞ്ഞു.. എന്നാലും കടിച്ചോതുക്കി പറഞ്ഞു: 
    
"കൊള്ളാം.. വളരെ നല്ലത്.. "

 "അല്ല.. മോനെന്നാ പറയാന്‍വന്നെ?.. "

"അല്ല ചേട്ടാ.. ഈ കോര്‍ കമ്പനി......." 

പെട്ടെന്ന് പുറകില്‍ഒരു യുനിക്കോണ്‍  ചവിട്ടി നിര്‍ത്തി.. തിരിഞ്ഞു നോക്കി.. ജോമോനാണ്..  
    
 തേടിയ വള്ളി കാലില്‍.. സോറി.. യുനിക്കോണില്‍... 
 "അളിയാ എങ്ങോട്ടാ.."   

"ഞാന്‍നിന്റെ വീട്ടിലോട്ടു തന്നെ ഇറങ്ങീതാ... "

"എന്നാ കേറ്.." 

പറഞ്ഞുതീരും മുന്നേ ചാടിക്കേറി.!!. എസ്കേപ് !!

"എന്നാ പിന്നെ... ചേട്ടാ... ഇപ്പൊ അല്പം ധൃതീയുണ്ടേ.. പിന്നെ കാണാം"   

പാഞ്ഞുപോകുന്ന ബൈക്കിന്റെ പുറകിലിരുന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അച്ചായി ആരുടെയോ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്ത് നീങ്ങുന്നത് കണ്ടു.. 
ബാന്ഗ്ലൂര് നിന്നും കുഞ്ഞമ്മേടെ മോള്‍ ആയിരിക്കും!!...   
  

കോര്‍കമ്പനികള്‍ മാന്ദ്യത്തെ നേരിടുന്നതു പോലെ യുനികോന്‍ ഗട്ടറുകള്‍കടന്നു മുന്നോട്ടു നീങ്ങി...

         
       
              
  

    
    

Tweet, Share & Like