Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Wednesday, December 17, 2014

ചുംബന സത്യാഗ്രഹം നാലാം ഖണ്ഡം !!

                   പ്രതികരണാര്‍ഹമായ വിഷയങ്ങള്‍ എങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു അഥവാ  അനാവശ്യ സമരങ്ങള്‍ എങ്ങനെ സമൂഹം ഒരു ആഘോഷം ആക്കി മാറ്റുന്നു എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് വിശദമായ ഉത്തരം കേരളത്തിലെ സമീപകാല വിവാദങ്ങളില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട് . കേരളത്തിലെ വിവാദങ്ങളുടെ നാള്‍വഴി പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത് , എരിവും പുളിയും ഉള്ള , പ്രേക്ഷകരെ തൃപ്തരാക്കാന്‍ വേണ്ട ചേരുവകള്‍ അവശ്യം ഉള്ള വിഷയങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയിട്ടുണ്ട് എന്നതാണ്. .  ഒരു അഴിമതി ആരോപണം പോലും ബോക്സ്‌ ഓഫീസില്‍ വിജയിക്കണം എങ്കില്‍ ഇത്തരം മസാലകള്‍ അവശ്യം ആണ്. മറിയം റഷീദ മുതല്‍ സരിത നായരും രുക്സാനയും വരെയുള്ള കോഴക്കെസുകള്‍ വിശകലനം ചെയ്യുമ്പോള്‍  ഈ സത്യം നമുക്ക് ബോധ്യമാകും.

           അങ്ങനെ എന്തിലും ഏതിലും ബിറ്റ് അന്വേഷിക്കുന്ന ഉത്കൃഷ്ട മാദ്യമങ്ങള്‍ സമീപകാലത്ത് ആഘോഷമാക്കിയ ഐറ്റം ആണ്  വിശ്വവിഖ്യാതമായ ചുംബന സമരം. സദാചാരപോലിസിങ്ങിനു എതിരെയുള്ള യുദ്ധ കാഹളം എന്നൊക്കെയാണ് പല സാംസ്കാരിക നായകരും  ടി സമരത്തെപ്പറ്റി എഴുതിപ്പിടിപ്പിചിട്ടുള്ളത്.     വാസ്തവത്തില്‍ എന്താണ് ഈ സമരം കൊണ്ട് അര്‍ഥമാക്കുന്നത് എന്നതിനെപ്പറ്റി ഇതിന്റെ സംഘാടകര്‍ക്ക് പോലും വേണ്ട വ്യക്തത പോരാ. 
ചുംബന സ്വാതന്ത്യത്തിനു വേണ്ടിയുള്ള സമരം എന്നാണു സമരത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ പറഞ്ഞുകേട്ടത്. കോഴിക്കോട് ഡൌണ്‍ ടൌണ്‍ റെസ്റരണ്ടില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് ജയ്ഹിന്ദ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുകയും അതിനെതുടര്‍ന്ന് യുവമോര്ച്ചക്കാര്‍ റെസ്റ്റരന്റ് അടപ്പിക്കുകയും ചെയ്തതാണ് സമരത്തിന്റെ തുടക്കത്തിനു ഹേതുവായത്. 
                രണ്ടു വ്യക്തികള്‍  ചുംബിക്കുന്നത് ഇന്ത്യന്‍ ഭരണഘടന എവിടെയും വിലക്കിയിട്ടുള്ള തായി  എനിക്കറിവില്ല. പലവിധത്തിലുള്ള സ്നേഹച്ചുംബനങ്ങള്‍ നാം നിത്യേന കാണുന്നതും അനുഭവിക്കാറുള്ളതുമാണ്.  അതേസമയം തന്നെ  അനാശാസ്യം അഥവാ ഇമ്മോറല്‍ട്രാഫിക്കിംഗ് ഇന്ത്യയില്‍ കുറ്റകരമാണ്. അനാശാസ്യം നടത്തുന്നവരെ നിയമപാലകര്‍ പലയിടത്തു നിന്നും റെയ്ഡ് ചെയ്ത് പിടിക്കാരുമുണ്ട്. മാത്രമല്ല, ഡൌണ്‍ടൌണ്‍ റസ്റ്ററെന്റ് നു എതിരായി ഉയര്‍ന്ന ആരോപണം ചുംബിക്കാന്‍ അനുവദിച്ചു എന്നതല്ല, മറിച്ചു അനാശാസ്യ കൃത്യങ്ങള്‍ക്ക് കുട പിടിച്ചു എന്നതാണ് താനും.     ഈ വസ്തുതകള്‍  കൂട്ടിവായിക്കുമ്പോള്‍തന്നെ  ചുംബന സ്വാതന്ത്യത്തിനു വേണ്ടിയുള്ള സമരം എന്ന പ്രയോഗം അതില്‍ത്തന്നെ  അര്‍ദ്ധശൂന്യമാവുകയും പ്രസ്തുത സമരത്തെ പൊതു സമൂഹം അനാശാസ്യ സ്വാതന്ത്യ സമരം എന്ന് വായിച്ചെടുക്കുകയും ചെയ്യുന്നു. ഇനി അത് തന്നെയാണ് ടി സമരത്തിനു നേതൃത്വം നല്‍കുന്നവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് വെട്ടിത്തുറന്നു പറയാനുള്ള ആര്‍ജ്ജവം ആണ് കാട്ടേണ്ടത്.    
              ആനുകാലിക പ്രശ്നങ്ങളില്‍ ഫെസ്ബുക്കിലൂടെ ആഞ്ഞടിക്കുകയും എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ നനഞ്ഞ പടക്കം ആവുകയും ചെയ്യുന്ന പരമ്പരാഗത ന്യൂ  ജെന്‍     സമരം തന്നെയായി ചുംബന സമരവും .  ഫേസ്ബുക്കിലെ ലൈക്കുകള്‍ അല്ല ഒരു സമരത്തിന്റെ ജനപങ്കാളിത്തം തീരുമാനിക്കുക എന്ന സത്യത്തിനു ഒരിക്കല്‍ കൂടി അടിവരയിടുന്നതായി ഈ  സമരം. (ഫെസ്ബുക്ക് ലൈക്ക് ആണ് കാര്യങ്ങള്‍ക്ക് തീര്‍പ്പ്‌ കല്‍പ്പിക്കുന്നത് എങ്കില്‍ കേരളത്തിലെ ഏറ്റവും ജനപ്രിയ താരം നസ്രിയ ആണ് എന്ന് പറയേണ്ടി വരും !. ഈ ലൈക്കിലോക്കെ ഇത്രേ ഉള്ളൂ കാര്യം !! )
  10 പേര്‍ ചുംബിക്കുന്നത് കാണാന്‍ പതിനായിരം പേര്‍ ഒത്തുകൂടുന്ന വിസ്മയ കാഴ്ചകള്‍ക്ക് പിന്നീടു കേരളം സാക്ഷ്യം വഹിച്ചു. സരിതയുടെ സെല്ഫികള്‍ക്കും  നാടോടി നൃത്തത്തിനും  ശേഷം ബിറ്റ് ഉള്ള വാര്‍ത്തകള്‍ കിട്ടാതെ വാര്‍ത്താ ദാരിദ്രത്തില്‍ കഴിഞ്ഞിരുന്ന മാധ്യമങ്ങള്‍  ഇത് ആഘോഷം ആക്കുകയും ചെയ്തു. . പോരെ പൂരം !!.. പിന്നീട് ചുംബന സമരത്തിന്‌ പുത്തന്‍ വ്യാഖ്യാനങ്ങള്‍ ചമയ്ക്കപ്പെട്ടു . ബുദ്ധിജീവി ഭാഷയില്‍ ഇത് സദാചാരത്തിന്റെ  കറുത്ത കാലത്തിനു  മേലുള്ള പുത്തന്‍ തലമുറയുടെ അടയാളപ്പെടുത്തല്‍ ആയി!!.. 
    സദാചാരം എന്ന വാക്ക് ഒരു മുഴുത്ത തെറിയായി  നവ മാധ്യമങ്ങളില്‍ പ്രതിഷ്ടിക്കപ്പെട്ടു. സദാചാരത്തെ പിന്താങ്ങുന്നവരേ സദാചാര പോലീസുകാര്‍ എന്ന പട്ടം ചാര്‍ത്തികൊടുത്ത്  ബുദ്ധിജീവികളും പ്രതിക്രിയാ വാദികളും തലങ്ങും വിലങ്ങും  വലിച്ചു കീറി.  ഇന്ത്യയില്‍ പലയിടത്തും ലിപ് ലോക്ക്, ഫ്രഞ്ച് കിസ്സ്‌, സ്മൂച്ച് കിസ്സ്‌ എന്നിങ്ങനെ ചുംബനത്തിന്റെ പല വെരയ്റ്റികള്‍ പരീക്ഷിക്കപ്പെട്ടു. ഒടുവില്‍ ട്രിവാന്‍ഡ്രത്ത് IFFK ചലച്ചിത്ര മേള വരെ എത്തിനില്‍ക്കുന്നു ചുംബന കാഴ്ചകള്‍..  ബുദ്ധിജീവി പരിവേഷത്തില്‍   അണ്‍ സെന്‍സര്ഡു ചൂടന്‍ ചിത്രങ്ങള്‍ അവയുടെ അമൂര്‍ത്തമായ വൈകാരിക ബൌധിക തലങ്ങളിലൂടെ സഞ്ചരിച്ചു  വിലയിരുത്തുകയും ഇടവേളകളില്‍  പരസ്പരം ലിപ് ലോക്ക് അടിച്ചു  സദാചാര പോലീസിനെതിരെ കൊഞ്ഞനം കാട്ടുന്നതായി നടിക്കുക  എന്നതും ആണ്  IFFK ചുംബനസമരത്തിന്റെ നവീന മുഖം.

               ഇവിടെ സാധാരണക്കാരന് ചോദിക്കാനുള്ളത്  സംവിധായകന്‍ രഞ്ജിത് ചോതിച്ച ചോദ്യം തന്നെയാണ് . ആര്‍ക്കും ആരെയും എവിടെവെച്ചും ചുംബിക്കാനുള്ള  ചുംബന സ്വാതന്ത്യമാണോ  ഇന്നത്തെ യുവത്വം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം?
     ഒരു തുണ്ട് ഭൂമിക്കായ്‌ കാത്തു കാത്തു  നിന്ന് കാലുകള്‍ തളര്‍ന്ന ഒരു സമൂഹം നമ്മുടെ കേരളത്തില്‍ ഉണ്ട്..  മൂന്നു വയസ്സുകാരി മുതല്‍ 90 വയ്യസുകാരി വരെ പീടിപ്പിക്കപ്പെടുന്ന വിധം   പേടിപ്പെടുത്തുന്ന ഒരു അവസ്ഥയിലാണ് നാം ജീവിക്കുക.. അവസാന തുള്ളി വെള്ളം വരെ ഊറ്റിയെടുക്കപ്പെട്ടു   മരണം കാത്തു കഴിയുന്ന നദികള്‍ , എന്തിനെയും കോര്പറെട്ടു ശക്തികള്‍ക്ക് അടിയറ വെയ്ക്കാന്‍ വെമ്പുന്ന സര്‍ക്കാരുകള്‍, കയ്യും കണക്കും കൂടാതെ പൊതുമുതല്‍ കയ്യിട്ടു വാരുന്ന ഭരണ വര്‍ഗ്ഗം ..  ഇപ്പറഞ്ഞ വിഷയങ്ങളെക്കാളൊക്കെ എന്ത് സാമൂഹിക പ്രസക്തിയാണ് ചുംബന സമരം എന്ന പേരില്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്ന സമര വൈകൃതങ്ങള്‍ക്കുള്ളത്?. സമൂഹം നേരിടുന്ന കാതലായ പ്രശ്നങ്ങളെ തൃണവല്‍ക്കരിച്ചു  ചീപ് പബ്ലിസിറ്റി മാത്രം ലാക്കാക്കി   ആഭാസ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും അവ ലൈവ് ടെലികാസ്റ്റ് ചെയ്ത് റേറ്റിംഗ് കൂട്ടുന്ന മാധ്യമങ്ങളും  ആശങ്കാജനകവും  അതിലേറെ  പ്രതീക്ഷാരഹിതവുമായ നാളെയിലെയ്ക്കാണു വിരല്‍ ചൂണ്ടുക .  
                 സ്വന്തം അപ്പനോ അമ്മയ്ക്കോ  പെങ്ങള്‍ക്കോ പോലും  നാളിതു വരെ സ്നേഹത്തോടെ ഒരു ഉമ്മ പോലും കൊടുകാത്തവ്ര്‍ തെരുവുകളില്‍ പേക്കൂത്തുകള്‍ തീര്‍ക്കുമ്പോള്‍ കേരളത്തിലെ  പൊതു സമൂഹം അവര്‍ക്ക് നേരെ കാര്‍ക്കിച്ചു തുപ്പിയില്ലെന്കിലെ അത്ഭുതം ഉള്ളൂ..  തങ്ങള്‍ എന്തോ മഹത്തായ കൃത്യമാണ് നിര്‍വഹിക്കുന്നത് എന്ന നാട്യത്തില്‍ അപ്പോഴും നനയ്ക്കാത്ത മുടിയും അലക്കാത്ത ജീന്‍സും  തടവി   ബുദ്ധിജീവി മണ്ഡലങ്ങള്‍  താത്വിക അവലോകനങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കും.  ഇനിയുമൊരു കൂട്ടര്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ  നാല്‍ക്കവലകളില്‍ ഇരുട്ട് നുണഞ്ഞു കൊണ്ടിരിക്കുകയും യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്ക് കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുന്നു.
    ബ്ലഡി മല്ലൂസിന്റെ കേരളത്തില്‍ ജനിച്ചു പോയതില്‍ ദു:ഖിക്കുകയും താന്‍ പിറക്കെണ്ടിയിരുന്ന യൂറോപ്യന്‍ പുല്‍ത്തകിടികള്‍ സ്വപ്നം കാണുകയും ചെയ്യുന്നവര്‍ക്ക്  തറവാട്ടില്‍ പിറക്കുക അഥവാ നല്ല തന്തയ്ക്കും തള്ളയ്ക്കും ജനിക്കുക എന്നൊക്കെ പറയുന്നത് എന്താണെന്ന് എത്ര പറഞ്ഞാലും പിടി കിട്ടണം എന്നില്ല , പിടി കിട്ടാത്തത് അവരുടെ തെറ്റും അല്ല.

 വാല്‍ക്കഷണം :  മേല്‍പ്പറഞ്ഞ തെരുവുകളിലെ  ഐറ്റം ഷോകളെ  ഇന്ത്യന്‍ സ്വാതന്ത്യ സമരത്തോടും ഗാന്ധിജി നയിച്ച ഉപ്പു സത്യഗ്രഹത്തോടും ഒക്കെ ഉപമിച്ചുകൊണ്ട്  ഒരു സൊ കോള്‍ഡ്  സാംസ്കാരിക നായകന്‍ ട്വിട്ടരില്‍ എഴുതിയിരിക്കുന്നത് കണ്ടു. ഗാന്ധിജി ഇന്ന് ജീവിച്ചിരിപ്പില്ലാത്തത്  ടിയന്റെയൊക്കെ ഭാഗ്യം എന്നെ പറയുന്നുള്ളു .. ഉണ്ടായിരുന്നെങ്കില്‍ ലവന്റെയൊക്കെ തലമണ്ട തല്ലിപ്പൊളിച്ചു കുറച്ചു സന്തോഷു ബ്രഹ്മി തളിച്ചേനേ!!  

പെഷവാറില്‍ നിന്നുയരുന്ന രോദനങ്ങള്‍

                          മുള്‍ച്ചെടിയില്‍ നിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് മുന്തിരിപ്പഴമോ ഒരുകാലത്തും പ്രതീക്ഷിക്കേണ്ടതില്ല എന്ന സത്യം പാക്കിസ്ഥാന്‍ വേദനയോടെ തിരിച്ചറിയുകയാണ്. കഴിഞ്ഞ ദിവസം പെഷവാറിലെ സ്കൂളില്‍ നടന്ന കൂട്ടക്കൊലയെ വിശേഷിപ്പിക്കാന്‍  'പൈശാചികത' എന്ന വാക്കില്‍ കുറഞ്ഞതൊന്നും തന്നെ യോജിക്കുകയില്ല.  നിരപരാധികളും നിസ്സഹായരുമായ  ആ പിഞ്ചു കുരുന്നുകളുടെ നിലവിളികള്‍ ലോകമാനവികതയുടെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവുകള്‍ തീര്‍ത്തിരിക്കുന്നു ..


                      മനുഷ്യനെ നന്മയിലെയ്ക്കും സത്യത്തിന്റെയും കരുണയുടെയും പാതയിലെയ്ക്കും  നയിക്കാന്‍ ഉദ്ധേശിക്കപ്പെട്ടിരിക്കുന്ന  മതങ്ങളുടെ പേരിലാണ് എല്ലാക്കാലത്തും ഭീകരത അതിന്റെ സംഹാരതാണ്ടവം അഴിച്ചുവിട്ടിട്ടുള്ളത്. 'ദൈവം വലിയവനാണ്‌' (അല്ലാഹു അക്ബര്‍) എന്ന് ഉറക്കെ അട്ടഹസിച്ചുകൊണ്ടാണ് ചെകുത്താന്റെ ഹോള്‍സെയില്‍കൊട്ടെഷനുമായി വന്നവര്‍ ആ മാലാഖക്കുരുന്നുകളെ കുരുതി കഴിച്ചത്    എന്നത് അങ്ങേയറ്റം  വിരോധാഭാസം തന്നെയാണ്.
                 നിഷ്കളങ്കതയുടെ നേരെ വെടിയുതിര്ത്തവര്‍ ആ കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ നോക്കിയിട്ടുണ്ടാവില്ല എന്നെനിയ്ക്ക് തോന്നുന്നു.. ആ കണ്ണുകളില്‍ തിളങ്ങുന്ന നക്ഷത്ര ദീപങ്ങളെ യാതൊരു കരുണയും കൂടാതെ തല്ലിക്കെടുത്തുവാന്‍ മനുഷ്യനായി പിറന്ന ഒരാള്‍ക്ക്  സാധിക്കുമോ??.. 
                    തൊണ്ടയില്‍ കുരുങ്ങിയ നിലവിളികളുമായി   പ്രാണരക്ഷാര്‍ദ്ധം ബെഞ്ചുകള്‍ക്കടിയില്‍  ഒളിച്ച കുരുന്നുകളെ പുറത്തേയ്ക്ക് വലിച്ചിഴച്ചു തുരുതുരെ വെടി വെച്ചവര്‍  തങ്ങള്‍ ചെയ്യുന്നത് ദൈവത്തിനു വേണ്ടിയുള്ള എന്തോ മഹത്കൃത്യം ആണെന്ന് വിശ്വസിക്കുകയും  ഈ 'വിശുദ്ധകൃത്യ'ത്തിനു പ്രതിഫലമായി  സ്വര്‍ഗത്തില്‍ എണ്ണിയാലൊടുങ്ങാത്ത ഹൂറികള്‍ തങ്ങളെയും കാത്തു പായ വിരിച്ചിരിപ്പുണ്ട്  എന്ന് കരുതുകയും ചെയ്യുന്നുണ്ടെങ്കില്‍, ഇത്തരം  വിവരമില്ലായ്മകള്‍ തന്നെയാണ് എക്കാലത്തും  ഭീകരതയുടെ സമസ്ത ക്രൂരതകള്‍ക്ക് വിശുദ്ധ പരിവേഷം നല്‍കാന്‍ ഉപയോഗിക്കപ്പെടുന്നതെങ്കില്‍, അത്തരം തെറ്റായ ബോധ്യങ്ങള്‍ മനുഷ്യ മനസുകളിലെയ്ക്ക് കുത്തിവെയ്ക്കുന്ന കാളകൂട വിഷങ്ങളുടെ സ്രോതസുകളെ   ഉന്മൂലനം ചെയ്യേണ്ട  സമയം ഏറെ അതിക്രമിച്ചിരിക്കുന്നു. 
                 ഭീകരതയെ കാലഘട്ടത്തിന്റെ അനിവാര്യതയോ ന്യൂട്ടന്റെ  തേര്‍ഡ് ലോയോ ഒക്കെയായി  വിശേഷിപ്പിക്കുന്ന  സോഷ്യല്‍മീഡിയ ബുദ്ധി(?)ജീവികള്‍ക്കും,  ISISനെ ഇറാഖിലെ തങ്ങളുടെ നേരാങ്ങളമാര്‍ ആയി അവരോധിച്ചിരിക്കുന്ന ഇവിടുത്തെ കുഞ്ഞാങ്ങളമാര്‍ക്കും  ഇതൊരു ഓര്‍മപ്പെടുത്തല്‍ ആണ്  - നന്മനിറഞ്ഞ ഭീകരത എന്നൊന്ന് ഇല്ലെന്ന ഓര്‍മ്മപ്പെടുത്തല്‍.. 
                മലാലയെന്ന ധീരയായ പെണ്‍കുട്ടിയുടെ സ്വപ്നങ്ങളുടെ  നേരെ താലിബാന്‍ ഭീകരര്‍ നിറയൊഴിച്ചു രസിച്ചപ്പോള്‍ അതിനെ അമേരിക്കയുടെയും യൂറോപ്യന്‍ ശക്തികളുടെയും നാടകമായി വ്യാഖ്യാനിച്ച്   അഫ്ഗാന്‍ താലിബാന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ നമ്മുടെ ഇടയില്‍ത്തന്നെ ഉണ്ട് എന്നത് അല്പം വേദനിപ്പികുന്ന സത്യം ആണ്.  അല്പം നാളുകള്‍ പിന്നിടുമ്പോള്‍ പെഷവാര്‍ ഭീകരാക്രമണത്തിന് പുതിയ പരിപ്രേക്ഷ്യങ്ങള്‍ ചമയ്ക്കപ്പെടില്ല എന്ന് ആര് കണ്ടു !
               ഭീകരതയ്ക്ക് എല്ലാ കാലത്തും ഒരേയൊരു മുഖമേ ഉള്ളൂ.. അത് ക്രൂരതയുടെയും മനുഷ്യത്വരാഹിത്യതിന്റെതും ആണ്.  കൊടുത്ത പണി കൊല്ലത്ത് തന്നെ കിട്ടിയപ്പോഴാണ് ലോക പോലിസ്കാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയ്ക്ക് ഈ സത്യം വെളിപ്പെട്ടു കിട്ടിയത്. അപ്പോഴേയ്ക്കും അനേകം നിരപരാധരുടെ ജീവനുകള്‍ അവര്‍ക്ക്  വിലയായി നല്‍കേണ്ടി വന്നിരുന്നു.  ശത്രുക്കള്‍ക്കെതിരെ ഉപയോഗപ്രദമായതും തങ്ങള്‍ക്ക്  നിരുപദ്രവകരവുമായ ഒരു ഭീകരത എന്നത് സാങ്കല്പികം മാത്രമാണെന്ന് അല്പം വൈകിയാണെങ്കിലും പാക്കിസ്ഥാന് ബോധ്യമായിരിക്കുന്നു.
                ഈ തിരിച്ചറിവുകള്‍ നല്‍ക്കുന്ന ബോധ്യങ്ങളില്‍ ഇനിയെക്കാലവും അടി പതറാതെ  ഉറച്ചുനില്കാന്‍ ഈ  132  മാലാഖക്കുരുന്നുകളുടെ നിലവിളികള്‍ ഹേതുവായി തീരട്ടെ.

   
              ഭീകരതയുടെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞുടഞ്ഞ പെഷവാറിലെ കുഞ്ഞനുജന്മാരുടെയും അനുജതിമാരുടെയും സ്മരണകള്‍ക്ക് മുന്നില്‍ ഞാനും ഒരു നിമിഷം ശിരസു നമിക്കുന്നു..  
 ഭ്രാതൃഹന്താക്കളും പൈശാചികതകളും ഇല്ലാത്ത തന്റെ രാജ്യത്തില്‍ ദൈവം നിങ്ങള്‍ക്ക് നിത്യശാന്തി നല്‍കുമാറാകട്ടെ..  

        

Tweet, Share & Like