Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Friday, June 29, 2012

കിടന്നു പൊറുക്കാത്ത ഇറച്ചിക്കോഴികള്‍.. ബിരിയാണി എപ്പോക്കിട്ടും??


       ഏതു  വിരുന്നുകാരന്‍ വന്നാലും ഇറച്ചിക്കോഴിയ്ക്ക് കിടക്കപ്പൊറുതിയില്ല എന്ന്  കേട്ടിട്ടുണ്ട്.  സമാനമായ ഒരു അവസ്ഥാ വിശേഷത്തിലൂടെയാണ്   ഇപ്പോള്‍  കോഴിക്കോടുകാരും കടന്നു പോകുന്നത്.  ടി.പി ചന്ദ്രശേഖരന്റെ  കൊലക്കേസിനോടു ബന്ധപ്പെട്ട്‌ സി.പി.എം ന്റെ ഒരു പെരിയ സഖാവിനെ അറസ്റ്റ്‌ ചെയ്തതില്‍ പ്രതിഷേധിച്ചു നാളെ ഹര്‍ത്താല്‍ ആചരിക്കുകയാണ് കോഴിക്കോടു ജില്ലയില്‍.  അങ്ങാടീല്‍ തോറ്റതിന് കോഴിക്കോടുകാരുടെ നെഞ്ചത്ത്‌ കേറുന്നതിനു പിന്നിലെ കാവ്യനീതി എന്തെന്ന ചോദ്യം അങ്ങ് പോളണ്ടില്‍ പോയി ചോതിച്ചിട്ടും  കാര്യമില്ല    എന്ന സത്യം  അറിയാഞ്ഞിട്ടല്ല. എങ്കിലും അറിയാതെ ചോതിച്ചുപോകുന്നതാണ് . പണ്ട് സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍  കേരളത്തില്‍  നടന്ന ഹര്‍ത്താലിന്  ഇതേ മാതിരി ഒരു ചോദ്യം തികട്ടിവന്നു എങ്കിലും അക്കാലത്ത്  അവധി പ്രതീക്ഷിച്ചു കാത്തിരിക്കുന്ന  ഒരു സ്കൂള്‍കുട്ടി എന്ന നിലയില്‍ ഞാന്‍ അത്തരം  തികട്ടലുകളെ കടിച്ചൊതുക്കുകയായിരുന്നു പതിവ്‌.
                            ഇടത് ----_വലത്  ഭേദമില്ലാതെ ബന്ദുകളും അതിന്റെ ലേറ്റസ്റ്റ്‌ വേര്‍ഷന്‍ ആയ   ഹര്‍ത്താലുകളും  പണിമുടക്കുകളും ആഘോഷിച്ച് ,  അങ്ങനെ  പുരോഗതിയുടെ നവയുഗ പന്ധാവിലെയ്ക്ക്  നമ്മുടെ കൊച്ചുകേരളത്തെ നയിക്കുന്ന മഹാമനസ്കരെ ഓര്‍ത്തു  കുട്ടിക്കാലത്ത്‌  ഞാന്‍  ഒട്ടേറെ സന്തോഷിച്ചിട്ടുണ്ട് .  അടുത്ത ദിവസം  ക്ലാസില്‍ ഇടുന്ന ടെസ്റ്റ്‌ പേപ്പറിനു ഏതു സിനിമയുടെ കഥ എഴുതും എന്നോര്‍ത്തു വിഷമിച്ചിരിക്കുമ്പോള്‍ ആയിരിക്കും  മനസ്സില്‍ ഒരായിരം ലഡ്ഡു പൊട്ടിച്ചുകൊണ്ട് ഹര്‍ത്താല്‍ മഹാമഹം വന്നെത്തുക.   അന്നെരമോക്കെ തോന്നിയിട്ടുള്ളത്  ഈ ഹര്‍ത്താല്‍ മാമന്‍മാരെ കെട്ടിപ്പിടിച്ചു ഒരു ചക്കര ഉമ്മ കൊടുക്കാനാണ്.  (ഇപ്പോളത്തെ ന്യു ജെന്‍ കിഡ്സ്‌ നു ഇതുപോലെ ഉമ്മ കൊടുക്കാന്‍ തോന്നാറുണ്ടോ അതോ മറ്റു വല്ലതുമാണോ തോന്നാറ് എന്നതിനെ പറ്റി എനിക്ക് വെല്യ ഐഡിയ ഇല്ല ).  
        ഏതായാലും ഈ ഹര്‍ത്താലിന്  പാല്‍ , പത്രം എന്നിവ കൂടാതെ  ടൂറിസത്തെയും ഒഴിവാക്കുമോ    എന്ന്  നമുക്ക്‌ കാത്തിരുന്നു കാണാം. 
   മോഹനന്‍ സഖാവിനെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണ് എന്നാണു  സി.പി.എം ഉന്നയിക്കുന്ന പ്രധാന ആരോപണം. ഒരു രാഷ്ട്രീയപുണ്യവാളനും തനിക്കെതിരേയുള്ള കേസ്‌ ഒള്ളതാണ് എന്ന് സമ്മതിക്കുന്നത് ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു തീഹാര്‍ ജയിലില്‍ കഴിയുന്ന അഴിമതി വീരന്മാര്‍ പോലും  ഇപ്പോഴും കരുതുന്നു, രാഷ്ട്രീയ എതിരാളികളുടെ കള്ളക്കേസുകെട്ടുകളില്‍ പെട്ട് ജീവിതം പൊഹയായ ശുദ്ധാത്മാക്കളാണ്  തങ്ങളെന്ന്.  ഇത്തരം താത്വിക പ്രതിസന്ധികളില്‍,  ഒരാള്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട കേസ്‌ 'കള്ള'യാണോ 'വെള്ള'യാണോ എന്ന് പറയാന്‍ കഴിയുന്ന ഏക അതോരിടി കോടതിയാണ്  എന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ.  യഥാര്‍ത്ഥ കുറ്റവാളികളെ നേരിട്ടറിയാവുന്നവര്‍ക്കും   ഇത്തരമൊരു പ്രസ്താവനയ്ക്ക് വോയ്സ് ഉണ്ടെന്നു തോന്നുന്നു.  സി.പി.എം ഇതില്‍ ഏതു ഗണത്തിലാണോ പെടുക!!.. ഇതൊന്നുമല്ലെങ്കില്‍ വെറ്റിലയിലും വെള്ളുരുളിയിലും സത്യങ്ങള്‍ തെളിയിക്കുന്ന മാന്ത്രിക താന്ത്രിക വിദ്യകള്‍  പോളിറ്റ്ബ്യൂറോയും വശത്താക്കി എന്ന് വേണം അനുമാനിക്കാന്‍..   ഇത്തരം വിദ്യകളുടെ പ്രൊഫഷണല്‍ മാനങ്ങളിലെയ്ക്ക് സി.പി.എം കാര്യമായി  'മൂലധനം' (മാര്‍ക്സെ... നീ പൊറുക്കുക!!) ഇറക്കിയാല്‍  കാണിപ്പയൂര്‍ തിരുമേനിയും  മറ്റും കട്ടയും പടവും മടക്കേണ്ടി വരും എന്നതില്‍ സംശയം ഇല്ല. 
            സഖാവിനെ  അറസ്റ്റ്‌ ചെയ്തു കൊണ്ടു പോയ രീതി ശരിയായില്ല  എന്ന് കൂടി പാര്‍ടി പരാതിപ്പെടുന്നു.  മറ്റെല്ലാ ഇന്ത്യന്‍ പൌരരെയും അറസ്റ്റ്‌ ചെയ്യുന്നതിന് ഒരാഴ്ച മുന്‍പ്‌ പോലീസ് ഫോണില്‍ ബന്ധപ്പെടുകയും കുറ്റാരോപിതന്റെ സൌകര്യാനുസൃതം അറസ്റ്റിനു അപ്പോയിന്മെന്റ്  എടുക്കുകയും ചെയ്യാറുണ്ട്  എന്നും  ടി സഖാവിന്റെ കാര്യത്തില്‍ മാത്രം നീതി നിഷേധം നടന്നു എന്നുമാണ് നാം ഇതില്‍ നിന്നും മനസിലാക്കേണ്ടത്. മാത്രമല്ലാ, അറസ്റ്റിന്റെ നാടകീയത അല്പം ഓവര്‍ ആയിരുന്നു പോലും!!. ഇത് വളരെ ക്രൂരവും പൈശാചികവും ആയിപ്പോയി എന്ന് പറയാതെ തരമില്ല. സി.ഐ.എയുടെ പങ്ക് ഇത്തരം നാടകങ്ങള്‍ക്ക് പിന്നില്‍ ഉണ്ടോ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു..   
         എന്തായാലും  ധന്യമായ കമ്യുണിസ്റ്റ്‌ ജീവിതം നയിക്കുന്ന ഒരു സഖാവിനെ അറസ്റ്റ്‌ ചെയ്യുമ്പോള്‍ നാടകീയത എത്രടം വരെ ആകാം ,   എവിടം വരെ ആകാന്‍ പാടില്ല എന്നതിനെ അധികരിച്ച്  ഒരു പാര്‍ട്ടി മാര്‍ഗരേഖ  താമസിയാതെ തന്നെ നമുക്ക്‌ പ്രതീക്ഷിക്കാം. മാത്രമല്ല ഇത്തരം നാടകങ്ങളുടെ തിരക്കഥ, സംഭാഷണം, പശ്ചാത്തല സംഗീതം എന്നിവ പോലും ഇനിമേല്‍ പാര്‍ട്ടി കലാകാരന്മാര്‍ സൌജന്യമായി നിര്‍വഹിച്ചു കൊടുക്കുന്നതായിരിക്കും. (മറ്റൊന്നിനുമല്ല , പോലിസിന്റെ ജോലി ലഘൂകരിക്കുക എന്നത് മാത്രമേ പാര്‍ട്ടി ആഗ്രഹിക്കുന്നുള്ളൂ!!)  
    മറ്റു കുറ്റവാളികളെയെല്ലാം മുഹൂര്‍ത്തം നോക്കി, താലപ്പൊലിയും വെഞ്ചാമരവും വീശി  പനിനീരും തളിച്ച്  സ്വീകരിച്ചാനയിച്ചു കൊണ്ടുപോകുമ്പോള്‍ 'തീവ്രവാദികളോട്'  എന്ന പോലെയാണ് പാവപ്പെട്ട മോഹനന്‍ സഖാവിനോട് പെരുമാറിയത് '   എന്ന പരാതി മാത്രമാണ് ഒരല്പം ആശയക്കുഴപ്പം ഉണ്ടാക്കുക. എന്റെ അറിവില്‍ ഇപ്പോള്‍ ഇന്ത്യയില്‍ തടവില്‍ കഴിയുന്ന ഏറ്റം കുപ്രസിദ്ധ തീവ്രവാദി അജ്മല്‍ കസബ്‌ ആണ്.  പിടിയിലാകുമ്പോള്‍ നരുന്തു  പോലിരുന്ന ടിയാന്‍ ഇപ്പോള്‍ ചിക്കന്‍ ബിരിയാണി ഒക്കെ തിന്നു ആകെ നല്ല ചുള്ളന്‍ ഫ്രീക് ചെക്കനായി എന്നാണ്  ഫേസ്ബുക്കന്മാര്‍ തരുന്ന ഇന്‍ഫോര്‍മേഷനില്‍ നിന്നും മനസിലാകുന്നത്..  തൂക്കം തന്നെ പത്ത് --_ പതിനഞ്ചു  കിലോ കൂടി പോലും!!.. പ്രതിഭാ പാട്ടീലിന്റെ  ടൂര്‍ പായ്ക്കേജിനു വേണ്ടി വന്നതിന്റെ   അടുത്തുവരുമത്രേ ഇയാള്‍ക്ക് വേണ്ടി കേന്ദ്രം ചെലവാക്കിയ തുക!.  ഇമ്മാതിരിയുള്ള ഒരു  പരിഗണനയാണോ മോഹനന്‍ സഖാവിന് കേരള പോലീസ് തന്നത് എന്ന് പാര്‍ട്ടി വേഗം വിശദമാക്കെണ്ടിയിരിക്കുന്നു.
 അല്ലെന്നുവരികില്‍ ഈ  'തീവ്രവാദി ആരോപണം'  എത്രയും വേഗം ഒഴിവാക്കാന്‍ അപേക്ഷ!! (പാര്‍ട്ടി അണികള്‍ തെറ്റിദ്ധരിക്കേണ്ട എന്ന് കരുതിയാ കേട്ടോ..  സൌകര്യമില്ലേല്‍ വേണ്ട..)      

വാല്‍ക്കഷണം :- ഓരോ നേതാവും പിടിയിലാകുമ്പോള്‍ പ്രത്യേകം പ്രത്യേകം ഹര്‍ത്താല്‍ നടത്താതെ "പത്ത് പേര്‍ തികയുമ്പോള്‍ ഒന്ന് "എന്ന രീതി സ്വീകരിച്ചിരുന്നെങ്കില്‍ വല്യ ഉപകാരമായിരുന്നു. എന്നാലും തരപ്പെടും മാസത്തില്‍ ഒരു മൂന്നെണ്ണം!! (പറഞ്ഞെന്നെ ഉള്ളൂ.. സൌകര്യമില്ലേല്‍ വേണ്ട.. അല്ല പിന്നെ!!)      
  

Tuesday, June 26, 2012

ചൂടു പട്ടിയിറച്ചി തിന്നുമ്പോള്‍ സംഭവിക്കുന്നത് ..


         പ്രതികരിക്കാന്‍ മുട്ടിയിരിക്കുമ്പോള്‍ വിഷയമില്ലാതാകുന്നതിന്റെ വേദന ഒരു FB വിപ്ലവകാരിക്കെ മനസിലാകൂ. എന്നും സോമാലിയയിലെ പട്ടിണിയും ലാടിനമേരിക്കന്‍ രാജ്യങ്ങളിലെ മുതലാളിത്ത അധിനിവേശവും ഓടയിലെ വെള്ളം കുടിയ്ക്കുന്ന നിസ്സഹായ ബാല്യങ്ങളുടെ വേദനയും  ഒക്കെ  മാത്രം പോസ്ടിക്കൊണ്ടിരുന്നാല്‍ ലൈക്ക്‌ കളുടെ എണ്ണത്തില്‍ കാര്യമായ ഇടിവ്‌  സംഭവിക്കുമെന്നതു  എല്ലാ  FB പ്രതികരണ തൊഴിലാളികള്‍ക്കും അറിയാവുന്ന വസ്തുതയാണ്. എപ്പോളും എന്തേലും ഒക്കെ വെറൈറ്റി വേണം.  "ഈ പോസ്റ്റ്‌ ലൈക്കിയില്ലേല്‍ നിന്റെ സിസ്റ്റം ഹാംഗ് ആകും, വിന്‍ഡോസിന്റെ ചിപ്പ്‌ കരിഞ്ഞു പോകും" എന്നിങ്ങനെയുള്ള ഭീഷണികള്‍ ഇപ്പോള്‍ അച്ചായിമാരുടെ അടുത്തുപോലും എല്ക്കുകയില്ല. പിന്നല്ലേ NG പിള്ളേരുടെ അടുക്കല്‍!!.   എന്തു ചവറു പോസ്റ്റിയാലും, ഇനി  ഒരു കോപ്പും പോസ്റ്റിയില്ലേലും  ലൈക്ക്‌  കിട്ടണം എങ്കില്‍ 'അഞ്ജലി വര്‍മ്മ ' എന്നോ 'സുസന്‍ മേരി ജോര്‍ജ്‌ ' എന്നോ മറ്റോ ഉള്ള തൂലിക നാമങ്ങളില്‍   (സോറി.. കമ്പ്യൂട്ടറില്‍ എവിടാ തൂലിക!.. തല്ക്കാലം  കീബോര്‍ഡ്‌ നാമം എന്നോ മറ്റോ  വിളിക്കാം അല്ലെ !)  അക്കൌണ്ട് തുറക്കണം എന്ന ന്യൂജനറേഷന്‍ തിയറി  ഇന്നലെ പിറന്നു വീണ പിഞ്ചു കുഞ്ഞു വരെ പറഞ്ഞു തരും .
           ഇത്തരത്തില്‍ ഉള്ള ഒരു വിഷയാത്മക പ്രതിസന്ധിയില്‍ പെട്ട് കയ്യും കാലും അടിക്കുമ്പോള്‍ ആണ് ഒരു  കച്ചിത്തുരുമ്പ് എന്നോണം  മണി സഖാവ്‌ ആയും പെട്രോള്‍ വില വര്‍ധന ആയും പ്രതികരിക്കാന്‍ ഓരോരോ കാരണങ്ങള്‍ വീണു കിട്ടുക.   എങ്കിലും ആറിയ കഞ്ഞി പഴയംകഞ്ഞി എന്ന പ്രപഞ്ച സത്യം നാം ഒരിക്കല്‍ അന്ഗീകരിച്ചേ മതിയാകൂ.  ഇത് ഫേസ് ബുക്ക്‌ തൊഴിലാളികള്‍ക്ക്‌ മാത്രമല്ല ബാധകം. നമ്മുടെ രോമാന്ച്ച കഞ്ചുകങ്ങള്‍ ആയ മുഖ്യ ധാര മലയാള പത്രങ്ങളും   ഇത്തരത്തിലുള്ള പഞ്ഞ മാസങ്ങള്‍ അഭിമുഖീകരിക്കാറുണ്ട്. അപ്പോള്‍ അവര്‍ ചെയ്യാറുള്ളത്  നിത്യ ഹരിത ഇംഗ്ലീഷ് പത്രങ്ങളുടെ അടുക്കളയും പിന്നാമ്പുറവും  നിരങ്ങുക എന്നതാണ്.   അവിടെ നിന്നും പൊഴിഞ്ഞു കിട്ടുന്ന കഷണങ്ങള്‍ ഒന്നും നഷ്ടമാകാതെ   നന്നായ്‌ ചൂടാക്കി, അല്പം സാള്‍ട്ടും പെപ്പറും ഒക്കെ ചേര്‍ത്തു  പിറ്റേന്നത്തെ വെണ്ടയ്ക്ക ആയി ബോക്സില്‍ നിരത്തുക ആണ്  സാധാരണ പതിവ്‌.        


(അല്ലേലും ഏതു  ബ്ലഡി മല്ലു ആണ് വീട്ടില്‍ വരുത്തുന്ന ഇംഗ്ലീഷ് പേപ്പര്‍ വായിക്കുക, ഇനി  ആരേലും വായിക്കുന്നുണ്ടെല്‍ അവന്‍ പിന്നെ മലയാളം പേപ്പര്‍ വായിക്കുമോ?, എന്നിങ്ങനെയുള്ള പരമ്പരാഗത ധാരണകളും  ഇത്തരം വെണ്ടയ്ക്കകള്‍ക്ക് പിന്നിലുണ്ടെന്ന് കൂട്ടിക്കോ!!)

         മലയാളികളെ നേര് നേരത്തെ അറിയിക്കുന്ന ഒരു പത്രം   ഒരിക്കല്‍ ഇത്തരത്തില്‍  ഒരു മലയാളീകരണം നടത്തിയപ്പോള്‍ മലയാളികള്‍ക്ക്‌ എക്കാലവും ഓര്‍ത്ത്‌ ചിരിക്കാനുള്ള വക കിട്ടി.
  പാശ്ചാത്യരുടെ ഒരു തരം വിശിഷ്ടമായ ഒരു സാന്‍ട് വിച്ച് ആയ "ഹോട്ട് ഡോഗ് " ടി പത്രം മലയാളീകരിച്ചപ്പോള്‍  ചൂടു പട്ടിയിറച്ചി ആയി!!...
       കഴിഞ്ഞ വര്ഷം അറുപത്തി നാല് പട്ടികളെ തിന്നയാള്‍ ഇത്തവണ പത്തുമിനുറ്റ്‌ കൊണ്ട്  അറുപത്തിനാലര പട്ടികളെ തിന്നു സ്വന്തം റെക്കോര്‍ഡ്‌ തിരുത്തി എന്ന ഞെട്ടിക്കുന്ന  വാര്‍ത്ത വായിച്ചു എത്ര സഖാക്കന്മാര്‍ വിജ്രുംഭിതരായി, പട്ടികള്‍ക്കെതിരെ നടക്കുന്ന പാശ്ചാത്യ അധിനിവേശങ്ങള്‍ക്കെതിരെയും മൃഗീയമായ ക്രൂരതകള്‍ക്കെതിരെയും എത്ര ഫേസ്ബുക്ക്‌ സഖാക്കന്മാര്‍ ആഞ്ഞടിച്ചു  എന്നിങ്ങനെയുള്ള വിവരങ്ങളെ പറ്റി കാര്യമായ അറിവില്ല.    എന്തായാലും ഹര്‍ത്താലോ കരി ദിനമോ ഒന്നും തന്നെ ആചരിക്കപ്പെട്ടില്ല  എന്നാണ് എന്റെ ഓര്‍മ്മ .


        ഇന്ന്  ഈ ഹോട്ട് ഡോഗിന്റെ കാര്യം ഓര്‍മ്മ വരാന്‍ കാര്യമുണ്ട്.  ഇന്ന് രാവിലെ  മുതല്‍ ഫേസ് ബുക്ക്‌ പ്രതികരണ തൊഴിലാളികള്‍  സര്‍ദാര്‍ജിയുടെയും മദാമ്മയുടെയും ഒക്കെ തന്തയ്ക്ക്  വിളിച്ചു കൊണ്ട് പോസ്റ്റുന്നത്  കണ്ടപ്പോള്‍ ന്യൂ ജനറേഷന്‍ ബ്ലോഗ്ഗര്‍ ആയ എനിക്കും ഒരു ചൊറിച്ചില്‍. എങ്ങനെയാ പ്രതികരണം  കുറയ്ക്കുന്നെ...  കുറച്ചാ കൊറച്ചില്‍ അല്ലെ ..
        
    കാര്യം എന്താണെന്നല്ലേ..    പെട്രോള്‍ വിലയുടെ ക്ഷീണം മാറും മുന്നേ കേന്ദ്രം പ്രവാസികള്‍ക്കിട്ടു പണി തന്നിരിക്കുന്നു!!. അതും എട്ടിന്റെ പണി!!... അതായത്,  അവര്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്ന ഓരോ 1000 രൂപയ്ക്കും 123 രൂപ നികുതി  നല്‍കണം പോലും !!..  എന്തു കോപ്പിലെ എടപാടാ അല്ലെ..
 ടി പോസ്റ്റ്‌ കണ്ടപ്പോളേ സര്‍ദാര്‍ജിയെ തെറി പറയാന്‍ എന്റെയും നാക്ക് ചൊരിഞ്ഞു. എന്നാലും അതിനു മുന്‍പേ വാര്‍ത്തയുടെ ആധികാരികത പരിശോധിക്കണ്ടേ.. (എന്നാ പറയാനാ.. അങ്ങനെയൊരു ദുശീലം ഉണ്ടായിപ്പോയി!!..)

അന്വേഷിച്ചപ്പോള്‍  മനസിലായതു  കേരള കൌമുദി റിപ്പോര്‍ട്ട് ആണ് വാര്‍ത്തയ്ക്കു  അടിസ്ഥാനം എന്നാണു...

 ടി വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു..


                         
                 പക്ഷെ മനോരമയില്‍ ഈ വാര്‍ത്ത കണ്ടില്ലല്ലോ...  ഇനി ലവന്മാര്‍  കേന്ദ്രത്തെ രക്ഷിക്കാന്‍ മുക്കിയതാണോ !!..  ആകെ കണ്ഫ്യൂ ഷന്‍!!  ഇനി ഓണ്‍ലൈന്‍ പത്രങ്ങള്‍ ഒന്ന് തപ്പിയാലോ...
      അങ്ങനെ തപ്പിതപ്പി 'ദി ഹിന്ദു ബിസിനെസ്സ്‌ ലൈന്‍' ന്റെ പേജില്‍ എത്തി...
അപ്പോള്‍ ആണ്  മനസിലായത്  കൌമുദി വിളമ്പിയത്  "ചൂടു പട്ടിയിറച്ചി" ആണെന്ന് ...!!  
ഈച്ചക്കോപ്പി അടിക്കുമ്പോള്‍ പറ്റുന്ന ഓരോരോ പറ്റുകളെ....!!      



















    മനസിലായില്ലേ വ്യത്യാസം.. ഒരു പ്രവാസി ഒരു ലക്ഷം രൂപ വെസ്റ്റേണ്‍ മണി ട്രാന്‍സ്ഫര്‍ലൂടെ   നാട്ടിലേയ്ക്ക് അയയ്ക്കുന്നു എന്ന് കരുതുക. 12.36 % നികുതി  എന്നത്  ഈ ഒരു ലക്ഷം രൂപയ്ക്കല്ല.  ഈ ഒരു ലക്ഷം രൂപയ്ക്ക്  മണി ട്രാന്‍സ്ഫര്‍ ഏജന്‍സി  500 രൂപ കമ്മീഷന്‍ ഈടാക്കുന്നു എങ്കില്‍ ആ 500 രൂപയ്ക്കാണ്  ടി പറഞ്ഞ നികുതി!!.. അതായത്     61.80 രൂപ!!.
കൌമുദി പറയുന്നത് അനുസരിച്ച്  ആണെങ്കില്‍  ഒരു ലക്ഷം രൂപയ്ക്ക് 12360 രൂപ     നികുതി അടയ്ക്കണം!!.
            ഏതായാലും, മദാമ്മയുടെയും സര്‍ദാര്‍ജിയുടെയും തന്തയ്ക്ക് വിളിച്ച എത്ര ഫേസ് ബുക്ക്‌ ഗുണ്ടകള്‍  പറ്റിയ അബദ്ധം ഏറ്റുപറഞ്ഞ്‌  ക്ഷമാപണം രേഖപ്പെടുത്താനുള്ള മര്യാദ കാണിക്കും  എന്ന് കണ്ടറിയണം!!..
     തങ്ങള്‍ക്ക് അബദ്ധം പറ്റിയതല്ല (അല്ലേലും തങ്ങള്‍ക്ക് അബദ്ധം പറ്റാറെയില്ലല്ലോ... പറ്റുന്നത് പോസ്റ്റു വായിച്ചവര്‍ക്കല്ലേ!!) മറിച്ച്, അടുത്ത പെട്രോള്‍ വില വര്‍ധനയ്ക്ക്‌ വിളിക്കാന്‍ വെച്ചിരുന്നത്  എടുത്തു നേരത്തെ വിളംബിയതാണ്  എന്നിങ്ങനെയുള്ള   താത്വിക വിശദീകരണങ്ങള്‍  നമുക്ക്‌  പ്രതീക്ഷിക്കാം !!     

Friday, June 22, 2012

അന്തരീക്ഷത്തിലെ കല്ല് NG കുരുവികളുടെ മേല്‍ വീണപ്പോള്‍..

          വേറെ പണി ഒന്നും ഇല്ലാത്തതുകൊണ്ട്  ആവശ്യത്തിലധികം ഉള്ള  സമയം ചുമ്മാ കളയാനും  അങ്ങനെ ചുമ്മാ ഇരിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ കോട്ടയം പട്ടണത്തില്‍ കുറവായതുകൊണ്ടുമാണ്  ഒടുവില്‍ ആ ആല്‍ത്തറയില്‍ സ്ഥാനം പിടിച്ചത്‌ . 'ആ ആല്‍ത്തറ' എന്ന് പറഞ്ഞാല്‍ കോട്ടയം തിരുനക്കര അമ്പലത്തിന്റെ ആല്‍ത്തറ. കോട്ടയം നഗരത്തിന്റെ പ്രകൃതി ദത്ത എയര്‍കണ്ടീഷണര്‍...   പണ്ട് പോളിടെക്നിക്കില്‍ പഠിച്ചിരുന്ന കാലത്ത്‌  ക്ലാസ്സ്‌  കട്ട് ചെയ്തു  അനശ്വരയുടെ സമയത്തിനായി  പോളിമേറ്റ്സിനൊപ്പം കാത്തിരുന്നത് ഇവിടെയായിരുന്നു... (തെറ്റിധരിക്കണ്ട,  അനശ്വര തിയറ്റര്‍ ആണ് ഉദ്ദേശിച്ചത് ) ഹോ ഈ നോസ്ടാല്ജിയകള്‍...     ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല, ഒരു സുഹൃത്തും ഒപ്പമുണ്ട്. ഒഹ്.. അത് പറയാന്‍ മറന്നു- അദ്ദേഹവും എന്നെപ്പോലെ ഒരു എഞ്ചിനീയര്‍ ആണ് - ഒരു   അണ്ണാ യുനിവേഴ്സിടി ബൈ പ്രോഡക്റ്റ് .   ടിയാന്റെ കംപ്ലയിന്റ്റ്‌ ആയ ലാപ്ടോപ്പ് സര്‍വീസ്‌ സെന്ററില്‍ കൊടുത്തിട്ട്  സര്‍വീസ്‌ കംപ്ലീറ്റ്‌ ആകാനുള്ള  കാത്തിരിപ്പാണ് ഇപ്പോള്‍.   
      കേരളത്തില്‍ .. അല്ലേല്‍ വേണ്ട ,   കോട്ടയം പട്ടണത്തിലെ തെളിഞ്ഞ  അന്തരീക്ഷത്തിലെയ്ക്ക് വെറുതെ ഒരു കല്ല്‌ എടുത്തെറിഞ്ഞാല്‍ അത് ചെന്ന് വീഴുന്നത്  തെരുവ്‌ നായയുടെ പുറത്താണോ അതോ  ഞങ്ങളെപ്പോലുള്ള ഏതെന്കിലും ഒരു എഞ്ചിനീയറുടെ പുറത്താണോ എന്ന വിഷയത്തില്‍ ശക്തമായ വാഗ്വാദത്തില്‍ ആയിരുന്നു ഞങ്ങള്‍. പട്ടിടെ പുറത്ത് വീഴും എന്ന് ഞാന്‍... എഞ്ചിനീയറുടെ പുറത്തെന്നു അവന്‍... എങ്ങുമെത്താതെ പോയ തര്‍ക്കം ഒടുവില്‍ സോഷ്യലിസത്തിന്റെ ഇക്വറ്റോറിയല്‍ മാനങ്ങളിലെയ്ക്ക് വഴിമാറി. പ്ലസ്‌ ടു ജയിച്ചവരും ജയിക്കത്തവരുമായ  ന്യൂജെന്‍. കിഡ്സ്‌ ഒന്നുപോലും മിസ്സ്‌ ആകാതെ എല്ലാവരും എന്‍ജിനീയേഴ്സ്  ആയിത്തീരുന്ന   ഒരു സമത്വ സുന്ദര കേരളം ഡ്രാഫ്ടറും കയ്യിലേന്തി നില്‍ക്കുന്ന    കാഴ്ച്ച മനക്കണ്ണാല്‍ കണ്ടു ഞങ്ങള്‍ കോരിത്തരിച്ചു ..  അപ്പോള്‍ എഴുന്നേറ്റു നിന്ന എന്റെ രോമങ്ങള്‍ ഇതുവരെ ഇരുന്നിട്ടില്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അതിശയോക്തിയായി കരുതരുത്‌.. 


       അങ്ങനെ രോമാഞ്ചിച്ച് ഇരിക്കുമ്പോള്‍ ആണ് രണ്ടു ഇണക്കുരുവികള്‍ - വെറും കുരുവികള്‍ അല്ല നല്ല ഫ്രഷ്‌  NG (ന്യൂ ജെനറേഷന്‍) കുരുവികള്‍ ക്ഷേത്രാങ്കനത്തിന്റെ ഒരു ഒഴിഞ്ഞ കോണില്‍ സ്ഥാനം പിടിച്ചത്‌ . ഇണക്കുരുവികള്‍  കൊക്കുരുമ്മുമ്പോള്‍  ഉണ്ടാകുന്ന ഘര്‍ഷണ ബലത്തിന്റെ  ത്രീ ഡയമെന്‍ഷന്‍ മാനങ്ങളിലെയ്ക്കാണു നുമ്പേ എടുത്തെറിഞ്ഞ കല്ല്‌ ചെന്ന് വീണത്‌ . (ഛെ.. ഈ കല്ലിനൊക്കെ ചെന്ന് വീഴാന്‍ കണ്ട സ്ഥലം..!!  ഭാഗ്യം!! കുരുവികള്‍ അറിഞ്ഞത് പോലും ഇല്ല). . .  
തള്ളെ.. കുരുവികള്‍ ഇപ്പോള്‍ കൊക്കല്ലല്ലോ ഉരുമ്മുന്നത് .. മറ്റുപലതും ആണല്ലോ...  മുന്‍പത്തെ ഫ്രിക്ഷനല്‍ എനര്‍ജി ഇപ്പോള്‍  ഒരു പത്തു ജൂള്‍ എങ്കിലും കൂടിക്കാണും.. ഉറപ്പ്‌.. (എഞ്ചിനിയറിംഗ് പഠിച്ചത്‌   വെറുതെയാന്നാണോ കരുതിയത് ?)

"  ഫാ..    ഇതിനാണോഡാ നിന്നെയൊക്കെ വീട്ടില്‍ നിന്നും കെട്ടിയോരുക്കി വിടുന്നെ... .
നിനക്കൊക്കെ അത്രയ്ക്ക് വിഷമം  ഉണ്ടേല്‍ വല്ല ഹോട്ടലിലോ ലോഡ്ജിലോ പോയി തീര്‍ത്തോണം..  അമ്പലത്തിന്റെ മുന്നിലിരുന്നു തരവഴിക്കേടു കാണിക്കുന്നോ??.. ഇവിടെ ഈ പരിപാടി നടക്കില്ല...  "  
       
          ഖന ഗംഭീര്യമാര്‍ന്ന ആ ശബ്ദത്തില്‍ ഞെട്ടിത്തരിച്ച NGകുരുവികള്‍ ചിറകടിച്ച് ഉയര്‍ന്നു. പെണ്‍കുരുവി തന്റെ  അലങ്കോലപ്പെട്ട തൂവലുകള്‍ ബുദ്ധിമുട്ടി  നേരെയാക്കി.  ശബ്ദത്തിന്റെ ഉടമയെ ഞങ്ങളും അല്പം നീരസത്തോടെ നോക്കി. ഒരു പത്ത് അറുപത് വയസ്സ് പ്രായം തോന്നിക്കും. മുഷിഞ്ഞ കാവി മുണ്ട്.. ചന്ദനക്കുറി..   ഇപ്പൊ ഇതെവിടുന്നു പൊട്ടിവീണോ എന്തോ.. എന്തായാലും ഇന്നത്തെ പക്ഷി നിരീക്ഷണം പണ്ടാരടങ്ങി..
         ഇനി ഇതാണോ ഈ സോഷ്യല്‍ മീടിയാക്കാര്‍ തന്തയ്ക്കും തള്ളയ്ക്കും മുത്തിയ്ക്കും മുത്തപ്പനും ഒക്കെ വിളിക്കാറുള്ള 'സദാചാര പോലീസു'കാരന്‍?..
        ഈ 'സദാചാരം' എന്ന വാക്കിന്  എന്റെ ചെറുപ്പകാലത്ത്  വളരെ നല്ല അര്‍ത്ഥമായിരുന്നു പറഞ്ഞു കേട്ടിരുന്നത്. കുടുംബത്തില്‍ പിറന്ന ആണും പെണ്ണും തറവാട്ടു സ്വത്തു പോലെ സൂക്ഷിക്കുന്ന ചില അതുല്യ  ഗുണങ്ങള്‍ എന്നായിരുന്നു അക്കാലത്ത്  ഈ വാക്കിന്റെ അര്‍ഥം.  ഇപ്പോള്‍   ഓണ്‍ലൈന്‍ ലോകത്തില്‍ പിച്ച വെച്ച് നടക്കാന്‍ തുടങ്ങിയപ്പോളാണ്  'സദാചാരം' എന്നത്  ഒരു അശ്ലീല പദം ആണ് എന്നും സദാചാരപോലിസുകാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന, ഫെമിനിസ്റ്റ്‌ - ഷോവനിസ്റ്റ് പിഗ്ഗുകളെ പോലെ വെറുക്കപ്പെട്ട ഒരു കൂട്ടം നികൃഷ്ട ജീവികള്‍ ആണ് ഈ അശ്ലീല പദം മൂലം NGകളെ വഴി പിഴപ്പിക്കുന്നത് എന്നുംമറ്റുള്ള ഫയങ്കര സത്യങ്ങള്‍ തിരിച്ചറിഞ്ഞത്.    അതുപോലെ തന്നെ, ഈ സദാചാര മൈ^%&^മാരെ തെറി വിളിക്കുന്നത് സോഷ്യല്‍ മീഡിയയിലെ ഒരു ഫാഷന്‍ ആണ് എന്നും !!. . തീര്‍ച്ചയായും മുകളിലെ NG കുരുവികള്‍, 'ഒരു തേര്‍ഡ്‌ റേറ്റ്‌ കല്ച്ചര്‍ലെസ്സ്  സദാചാര തെണ്ടി ഇന്ന് ഞങ്ങളുടെ ശകുനം മുടക്കി' എന്ന് ട്വിറ്ററില്‍ ട്വീറ്റിക്കാണും എന്നതില്‍ എനിക്ക് യാതൊരു സംശയവും ഇല്ല.  ടി പറഞ്ഞ കള്‍ച്ചര്‍ലെസ് സദാചാര തെണ്ടിയുടെ   ക്രൂരകൃത്യം സ്വന്തം തന്തപ്പടിയോ ആങ്ങളമാരോ ചെയ്താലും കുരുവികള്‍  ഇങ്ങനെ തന്നെ ട്വീട്ടുവോ എന്നത്  ചിന്തനീയമാണ്!!.. 
      ഒരു ആണിനെയും പെണ്ണിനെയും അസാധാരണമായ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ട വീടുകളില്‍ നിന്നോ ലോഡ്ജില്‍ നിന്നോ  പിടികൂടുന്ന നാട്ടുകാര്‍ വെറും തേര്‍ഡ്‌റേറ്റ്‌ സദാചാര മൈ^%&^മാരും  ഇതേ ക്രൂരകൃത്യം  യൂണിഫോം അണിഞ്ഞ പോലീസുകാര്‍ ചെയ്‌താല്‍ അത് നിയമത്തിന്റെ സര്‍വോന്മുഖ  ഉല്‍കൃഷ്ട പാലനവും ആയിത്തീരുന്നത് എങ്ങനെ എന്ന സംശയം   ആണ്‍ കുരുവികള്‍ എല്ലായ്പ്പോഴും പീഡനവീരന്മാരും  പെണ്കുരുവികള്‍   എല്ലായ്പ്പോഴും നിഷ്കളങ്കകളായ   സീതാ ദേവിമാരും  ആയിത്തീരുന്നത് എങ്ങനെ എന്ന സംശയം പോലെ തന്നെ ഉത്തരം കിട്ടാതെ അലഞ്ഞുതിരിയുന്നു. 
    ഏതെന്കിലും വി.ഐ.പി യുടെ കൊക്കുരുമ്മല്‍  ദൃശ്യങ്ങള്‍ സഹസ്രകോടി ന്യൂസ് ചാനലുകളിലോരെണ്ണം പ്രൈം ടൈമില്‍ ടെലികാസ്ടിയാല്‍ അത് ഉല്‍കൃഷ്ട - എക്സ്ക്ലുസിവ്‌ മാധ്യമ പ്രവര്‍ത്തനവും,   വി.ഐ.പി അല്ലാത്ത   കുരുവികളുടെ ദൃശ്യങ്ങള്‍  ഏതെന്കിലും ലോക്കല്‍ പക്ഷി നിരീക്ഷകന്‍ തന്റെ ഗാലക്സി ടാബില്‍ ഒപ്പിയെടുത്ത് യു ട്യൂബില്‍  അപ്-ലോഡിയാല്‍ അത്  ഭൂലോക ചെറ്റത്തരവും ആയിത്തീരുന്നത് എങ്ങനെ  എന്ന സംശയം ചിറകടിച്ചുയര്‍ന്നത്   'ചാപ്പ കുരിശ് ' കണ്ടതില്‍ പിന്നെയാണ് . രമ്യ നമ്പീശന്‍ ടി പടത്തില്‍ കാണിച്ചു തരുന്നതാണ് വിശ്വോത്തര ഉദാത്ത ബോള്‍ഡ്‌ നെസ്  എന്ന് NGകളെ പഠിപ്പിച്ച സോഷ്യല്‍ മീഡിയയിലെ ഏതേലും ഒരു  നിരൂപക പണ്ഡിതനെ ബാച്ചലര്‍ പാര്‍ട്ടിയ്ക്ക് ശേഷം കണ്ടു കിട്ടുമ്പോള്‍ ഈ സമസ്യകള്‍ക്ക്‌ വിരാമമാകുമെന്നാണ്  കോട്ടയത്തെ ഈ ഔട്ട്‌ സ്പോകെന്‍  സദാചാര മൈ@$@ന്റെയും വിശ്വാസം... 
    നാളെകളുടെ കന്നിമാസങ്ങളില്‍ കേരളത്തിലെ മുക്കുംമൂലയും ബാന്‍ഗ്ലൂരിലെ വൃന്ദാവന്‍ ഗാര്‍ഡന്‍ പോലെ പൂത്തുലയുകയും  ഒരു പുല്ലനെയും പേടിക്കാതെ കുരുവികള്‍ കൊക്കുരുമ്മുകയും  ചെയ്യുമ്പോള്‍  എന്നെപ്പോലുള്ള സദാചാര പന്നികള്‍ കരച്ചിലും പല്ലുകടിയുമുള്ള  അന്ധകാരത്തിലെയ്ക്ക് എറിയപ്പെടും എന്നതില്‍ സംശയം വേണ്ട.

Monday, June 18, 2012

ജഡ്ജിയുടെ ക്ലീനിംഗ് അഥവാ എട്ടിന്റെ പണി !!

           എല്ലാദിവസവും  മൂന്നുനേരവും ചിലദിവസങ്ങളില്‍ നാല് നേരവും മൂക്ക് മുട്ടെ വെട്ടിയടിച്ച്  കാലവര്‍ഷത്തിന്റെ ഹൃദ്യരാഗവും ആസ്വദിച്ച് ചുരുണ്ടുകൂടിയും പിന്നെയും ബാക്കിയാവുന്ന ഒഴിവുസമയങ്ങളില്‍  ഫേസ് ബുക്കില്‍ അലഞ്ഞുതിരിഞ്ഞും  കീ ബോര്‍ഡിനു മുന്നിലിരുന്നു സമൂഹത്തെ ബോധവല്‍ക്കരിച്ചും  അനീതിക്കെതിരെ ആഞ്ഞടിച്ചും  സമയം തള്ളി നീക്കുന്ന   എന്നെപ്പോലുള്ള   ന്യൂജനറേഷന്‍ പ്രതികരണ തൊഴിലാളികള്‍ക്കിട്ട്   ശരിക്കും ഒരു കൊട്ടാണു ഹൈക്കോടതി ജഡ്ജി തന്നത്. ഇന്നലെയും കോട്ടയം നഗരസഭയുടെ കെടുകാര്യസ്തതയ്ക്കെതിരെ  FBയില്‍ പോസ്ടിയതെ ഉള്ളൂ!!.    ഫേസ്ബുക്കില്‍    അമ്പതു ലൈക്കും നാല്‍പ്പതു ഷെയറും കിട്ടിയാല്‍ ഇന്ത്യ മഹാരാജ്യത്തെ ഏതു നീറുന്ന പ്രശ്നത്തിനും പരിഹാരമാകും എന്ന് വിശ്വസിക്കുന്ന  എന്നെപ്പോലുള്ള ന്യുജനറേഷന്‍ സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും യുവതുര്‍ക്കികളുടെയും  നെഞ്ചത്താണ്  അങ്ങേരു തൂമ്പാ വെച്ച് വെട്ടിക്കിളച്ചു പണ്ടാരടക്കിയത് .  ഇനി അവിടെ കപ്പയാണോ ചീനിക്കിഴങ്ങാണോ നടേണ്ടത് എന്ന ഒരു അധ്യാത്മിക പ്രതിസന്ധിയില്‍ ആണ് ഞാനിപ്പോള്‍.. 
        ഇത്ര വികാരഭരിതനാവാന്‍ ഹൈക്കോടതി ജഡ്ജി എന്താ ഇയാളെ കടിച്ചോ എന്നായിരിക്കും നിങ്ങളിപ്പോള്‍ ആലോചിക്കുക. സത്യത്തില്‍ അതായിരുന്നു ഇതിലും ഭേദം എന്ന് തോന്നിപ്പോകുന്നു.
 
      കൊച്ചിയിലെ എന്തിനും ഏതിനും തയ്യാറായ നല്ല  ജാങ്കോ പിള്ളേര്‍ ജഡ്ജിയുടെ ഈ കൊട്ടേഷന്‍ ഏറ്റെടുക്കുമായിരുന്നു എന്നിരിക്കെ  ഈ പെരുമഴയത്ത്  ഇങ്ങേര്‍ക്ക് ഇത് എന്തിന്റെ കേടാണ് എന്ന് എനിക്ക് മനസിലാകുന്നില്ല.  കൊച്ചി പഴയ കൊച്ചി അല്ലെന്നു കേട്ടിട്ടുണ്ട് . എന്നാലും - ജഡ്ജിമാര്‍ ഒക്കെ മാറിപ്പോയി എന്നത് പുത്തന്‍ അറിവ് ആണ്. ജയരാജന്‍ മാസ്ടറുടെ  ആന്തരിക സൌഖ്യ ധ്യാനം വര്‍ക്ക്‌ ഔട്ട്‌ ചെയ്തോ എന്തോ!!!..
     നാടിലെ മാനുഷരെല്ലാം ഇങ്ങേരെപ്പോലെ  ഒരുമ്പെട്ടിറങ്ങിയാല്‍ എന്നെപ്പോലുള്ള പാവപ്പെട്ട ന്യൂജനറേഷന്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്ടുകള്‍ എന്ത് ചെയ്യും?. 
      ഹൈക്കോടതി ജഡ്ജിയുടെ ധീരോദാത്തമായ മാതൃകയെപ്പറ്റി മാധ്യമ സിണ്ടിക്കേറ്റ്കളുടെ റിപ്പോര്‍ട്ട് കേട്ടു   വിജ്രുംഭിതരാകുന്ന  മാതാപിതാക്കള്‍  അതിരാവിലെ പത്തര മണിയ്ക്ക് കണ്ണും തിരുമ്മി ഉണര്‍ന്നു വരുന്ന എന്നെപ്പോലുള്ള പരിശ്രമശാലികളായ യുവ തിടമ്പുകളുടെ കയ്യിലെയ്ക്ക്  മണ്‍വെട്ടിയും പിക്കാസും പിടിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന  ആഗോള സാമ്പത്തിക വ്യവസ്ഥയിലെ അസന്തുലിത മാനങ്ങളെ പറ്റി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ മണകുണാഞ്ഞന്മാര്‍ക്ക്   വല്ല ഐഡിയയും ഉണ്ടോ ??..
            എഞ്ചിനീയറിംഗ് നു ആദ്യം പഠിച്ച ബാലപാഠം തന്നെ 'an engineer is a supervisor, not a worker' എന്നാണ്. ഈ പ്രപഞ്ച നിയമങ്ങള്‍ ഒക്കെ കാറ്റില്‍ പറത്തിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ എന്തെല്ലാമായിരിക്കും !!.. സര്‍വോപരി ഈ ബ്ലോഗ്ഗിന്റെ ഭാവി തന്നെ എന്തായി തീരും??..
എന്റെ എഞ്ചിനീറിംഗ് മുത്തപ്പന്‍മാരേ...  ബ്ലോഗ്‌ പുണ്യാളന്‍മാരെ....  കാത്തോളണെ...!!!
    
        കീ ബോര്‍ഡുകളില്‍ തായം കളിക്കുന്ന ഇന്ത്യയുടെ  ഇളം കൈകളില്‍ തൂമ്പാ പിടിപ്പിക്കാനുള്ള ഒരുതരം സാമ്രാജ്യത്വ ഗൂഡാലോചന അല്ലേ ഇത്തരം നീക്കങ്ങള്‍ക്കുപിന്നില്‍ ?.. ആണെങ്കില്‍ തീര്‍ച്ചയായും അമേരിക്കയുടെ കരങ്ങളും അതിനു പിന്നില്‍ കാണും .. തീര്‍ച്ച !!
 
                

Friday, June 8, 2012

ടൂറിസവും ഹര്‍ത്താലും പിന്നെ കുറെ കോപ്പിലെ സംശയങ്ങളും

            പിറന്ന നാള്‍ മുതലേ  ബന്തുകളും ഹര്‍ത്താലുകളും കണ്‍കുളിര്‍ക്കെ കാണാനും   ആസ്വദിക്കാനും ഭാഗ്യം ലഭിച്ച ഒരു മലയാളി എന്ന നിലയില്‍, ടൂറിസം മേഖലയെ  ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കും എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം കേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നി.  സാധാരണയായി പാല്‍, പത്രം, ആശുപത്രികള്‍ എന്നിവയെയായിരുന്നു   അവര്‍ണ്ണനീയമായ ഉദാര വായ്പ്പുകളോടെ  ഹര്‍ത്താല്‍ മേലാളന്മാര്‍ ഒഴിവാക്കാറുണ്ടായിരുന്നത് .   ഇനി മുതല്‍ മലയാളികള്‍ക്ക്‌ കല്‍പ്പിച്ചു തരപ്പെട്ട ടി  അവിഭാജ്യ ജീവകങ്ങളുടെ കൂടെ ഒരു പുത്തന്‍ അതിഥി കൂടി എത്തുകയാണ് .
കഞ്ഞീം കപ്പേം കഴിച്ചില്ലേലും  വേണ്ടില്ല, മലയാളിയെ  പാലുകുടിപ്പിച്ചു കിടത്തി പത്രം വായിപ്പിച്ച്  ഉറക്കണം  എന്നിങ്ങനെയുള്ള  പിടിവാശി എന്തേ  ഈ കെഴങ്ങന്മാര്‍ക്കുണ്ടായി എന്നത്  എനിക്ക്  ഇപ്പോളും  പിടി കിട്ടാത്ത ലോകാല്‍ഭുതങ്ങളിലൊന്നാണ്. 
      കേരളത്തിന്റെ  ദേശീയ പാനീയമാണോ ഈ പാല്‍??.. അങ്ങനെയാകുമ്പോള്‍  നേരം പരപരാ വെളുക്കുന്നതിനു മുന്നേ അടക്കാനാകാത്ത ദാഹവുമായി ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ ലെട്ടുകള്‍ക്ക്  മുന്നില്‍ സ്ഥാനം പിടിച്ച്  തികഞ്ഞ അച്ചടക്കത്തോടെ  കാത്തുനില്‍ക്കുന്നവര്‍ ആരായി???..
കോട്ടയംകാരുടെ ഡൈനിംഗ് ടേബിളില്‍ പാലും കാപ്പിയും കപ്പയും  ഒന്നുമല്ല മറിച്ച് മേല്പ്പടി സംഭവം ആണ്  അവിഭാജ്യ ഘടകം എന്നാണു ന്യൂജനറേഷന്‍ യുവതികളുടെ  റോള്‍മോഡല്‍  മിസ്സ്‌  ടെസ്സ കെ എബ്രഹാം പറയുന്നതും. (ഏതായാലും  ഇരുപത്തിനാല് വര്ഷം കോട്ടയത്ത് താമസിച്ചിട്ടു ഒരു വീട്ടിലെയും 'ഡൈനിംഗ് ടേബിളില്‍' ഇതുവരെ ഈ സാധനം കണ്ടെത്താന്‍ എനിക്ക് സാധിച്ചിട്ടില്ല..  വീട്ടുകാരുടെ  അറിവില്ലായ്മ  ആയിരിക്കും  അല്ലെ!!!)  
     അതെന്തുതന്നെയായാലും 'ചായ' ആണ് ഇന്ത്യയുടെ ദേശീയ പാനീയമായി അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം എന്ന നിലയില്‍ മേല്‍പ്പറഞ്ഞ ദേശീയ പാനീയം  കേരളീയരുടെ ദേശീയ പാനീയമാണ്. അങ്ങനെ വരുമ്പോള്‍ ദേശീയ പാനീയത്തോടുള്ള ബഹുമാനം മുന്‍നിര്‍ത്തി  ഇനിമുതല്‍ കേരളത്തിലെ ടീ ഷോപ്പുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമോ?. അങ്ങനെ ചെയ്‌താല്‍  കോഫീ ഷോപുകാര്‍ എങ്ങനെ പ്രതികരിക്കും, ബിവറേജസ് ഔട്ട്‌ലെട്ടുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയില്ലേല്‍ ഭരണയന്ത്രത്തിന്റെ പല ഭാഗങ്ങളും തങ്ങള്‍ ചെത്തിക്കളയും എന്ന ഭീഷണിയുമായി ടെസ്സ കെ എബ്രഹാമിന്റെ ഫാന്‍സുകാര്‍ ബഹളം ഉണ്ടാക്കുമോ എന്നിങ്ങനെയുള്ള ക്രമ സമാധാന പ്രശ്നങ്ങള്‍ വേറെയും..  
        എന്തായാലും ഒരിക്കല്‍ കേരള ഹൈകോടതി  പടിയടച്ചു പിണ്ഡം വെച്ച  'ബന്ദ്‌' എന്ന നാടന്‍ പെണ്‍കൊടി,  കേരള രാഷ്ട്രീയ ചാണക്യന്മാരുടെ ബ്യുട്ടി സലൂണില്‍ നിന്നും   മുടി തോളറ്റം വെട്ടി  ടൈറ്റ് ജീന്‍സും  ടോപ്പും  അണിഞ്ഞ്   'ഹര്‍ത്താല്‍' എന്ന പുത്തന്‍ നാമധേയത്തില്‍ ആകെയൊരു  മസാലദോശ.. ശ്ശോ അതല്ല... മദാലസ അപ്പീയരന്‍സില്‍  മുന്നിലെത്തിയപ്പോള്‍ ഒന്നും  മിണ്ടാനാകാതെ, കണ്ണില്‍ കെട്ടിയ കറുത്ത തുണി  ഒന്നുകൂടി ഉറപ്പിച്ച  കോടതിയുടെ നിസ്സഹായാവസ്ഥ   കേരളത്തിലെ 20 കോടി മരക്കഴുതകളുടെകൂടി ഹൃദയ വേദനയായി ഇപ്പോളും അവശേഷിക്കുന്നു.   
പക്ഷെ, കേരള സര്‍ക്കാരിന്റെ ഈ പുതിയ നയം ഇപ്പോളും എനിക്കങ്ങോട്ട് മനസിലാകുന്നില്ല.. ഹര്‍ത്താലില്‍ നിന്നും ടൂറിസം മേഖലയെ ഒഴിവാക്കുമെന്ന് ..!! 


സംശയം 1). അതേതാ ഈ ടൂറിസം മേഖല ??.. ഈ  പ്രത്യേക സാമ്പത്തിക മേഖല  അഥവാ CEZ എന്നൊക്കെ പറയുന്ന പോലെ മതില് കെട്ടി തിരിച്ച ഏരിയ വല്ലതും  ആണോ?.. ഈ  മേഖലകള്‍ ഏതൊക്കെ ആണ് എന്ന് എന്നെപ്പോലെ അധികം ടൂറിസ പരിജ്ഞാനം ഒന്നും ഇല്ലാത്ത സാധാരണക്കാര്‍ മനസിലാക്കാനായ്‌ സര്‍ക്കാര്‍ സര്‍ക്കുലര്‍ വല്ലതും ഇറക്കുമോ? ?  (അതൊന്ന് ഇറങ്ങീട്ടു വേണം ഇതുപോലുള്ള  ഏതേലും ഒരു മേഖലയില്‍ കുറെ സ്ഥലം വാങ്ങിയിടാന്‍!!)
 കേരളം മൊത്തം ദൈവത്തിന്റെ സ്വന്തമാണെന്ന് കേട്ടിട്ടുണ്ട് . അപ്പൊ ഈ ദൈവത്തിന്റെ നാട് അങ്ങ് ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയാല്‍ ഇത്ര പെടാപ്പാട്  പെടണോ ? 

സംശയം  2). ടൂറിസത്തെ ഒഴിവാക്കുമ്പോ ടൂറിസ്റ്റുകളെയും ഒഴിവാക്കണ്ടേ..
   ടി ഹര്‍ത്താല്‍  ഒഴിവാക്കല്‍  സ്വദേശി ടൂറിസ്ടുകള്‍ക്ക്  ബാധകമാണോ ?.. അതോ സായ്പ്പന്മാര്‍ക്കും മദാമ്മമാര്‍ക്കും മാത്രമാണോ  ഈ അസുലഭ ഭാഗ്യം ?

സംശയം 3). സര്‍ക്കാരിന്റെ വാക്കുകള്‍ വിശ്വസിച്ചു  ഒരു ഹര്‍ത്താല്‍ ദിവസം  പാലക്കാട്ട് -മലമ്പുഴ സന്ദര്‍ശനത്തിനായി ഞാനും എന്റെ സുഹൃത്തുക്കളും യാത്ര തിരിക്കുന്നു.   'ടൂറിസം ' എന്ന്  എഴുതിയ ഒരു സ്റ്റിക്കര്‍ ചൈനീസ്‌, മലയാളം, ഹിന്ദി, എന്നീ ഭാഷകളില്‍ വണ്ടിയുടെ ഫ്രണ്ടിലും ബായ്ക്കിലും   ഒട്ടിച്ചിട്ടുണ്ട് എന്നതുകൊണ്ട് മാത്രം   വഴിയില്‍ വെച്ചു  കണ്ടുമുട്ടാന്‍ സാധ്യതയുള്ള  ഹര്‍ത്താല്‍ ഞരമ്പുരോഗികള്‍ വണ്ടിയുടെ ചില്ല് എറിഞ്ഞു തകര്‍ക്കാതിരിക്കുമോ?..  ലവന്മാര്‍ ഞങ്ങളെ വണ്ടിയില്‍ നിന്നും വലിച്ചിറക്കി    വാരി അലക്കാതിരിക്കുമോ??..

സംശയം 4). ടൂറിസ്റ്റ്കളെയും  ടൂറിസം എന്നു കേട്ടിട്ടുപോലുമില്ലാത്തവരെയും  എങ്ങനെ ഹര്‍ത്താല്‍ അനുകൂലികള്‍ വേര്‍തിരിച്ചറിയും?..  ഇതിനായ്‌  ഗവ. മുദ്രയോടെ  പ്രത്യേകം ടൂറിസം  ഐ.ഡി കം ട്രാവല്‍ പാസ്സുകള്‍   അടിച്ചിറക്കുമോ?..

സംശയം  5). ഇനിയൊരിക്കല്‍ പ്രതിപക്ഷത്തിരിക്കുമ്പോഴും ടൂറിസ്ടുകളോടുള്ള ഈ അലിവും കരുണയും ഒക്കെ അവിടെയൊക്കെത്തന്നെ ഒണ്ടാവ്വോ??..    

  എന്റെ സംശയങ്ങള്‍ അങ്ങനെ നീളുകയാണ്.. ഏതൊക്കെ എന്തു കോപ്പിലെ സംശയങ്ങള്‍ ആണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് എന്റെ അറിവില്ലായ്മയുടെ പ്രതിഫലനങ്ങള്‍ മാത്രമായി കരുതി പൊറുക്കുക...

   വാല്‍ക്കഷണം :-  എന്നെപ്പോലുള്ള  കോട്ടയം നസ്രാണികളുടെ മനസില്‍ ഒരു സ്വാന്തനത്തിന്റെ കുളിര്‍ സ്പര്‍ശമായി  കൂട്ടത്തോടെ  കേരള -തമിഴ്നാട്   ബോര്‍ഡര്‍  കടന്നു വരുന്ന കോഴി, പോത്ത് , മൂരി,  പന്നി   തുടങ്ങിയ  മൃഗപക്ഷ   ടൂറിസ്ടുകളെ  കൂടി ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നെ വല്യ ഉപകാരം ആയിരുന്നു .  അവര്‍ക്കും ആഗ്രഹമുണ്ടാവില്ലേ  കോട്ടയവും പാലായും കാഞ്ഞിരപ്പള്ളിയും ഒക്കെ  ഒന്ന് ചുറ്റിനടന്നു കാണാന്‍!! 




Tuesday, June 5, 2012

ന്യൂജനറേഷന്‍ സൂയിസൈഡുകള്‍


       കുറെ  നാളുകള്‍ക്ക്‌ മുന്‍പ്‌,  മുകളില്‍ കൊടുത്തിരിക്കുന്ന മാതിരിയുള്ള , ഒത്തിരിയേറെ രസകരമായ പോസ്റ്റുകള്‍ ഫേസ് ബുക്കില്‍ കാണുവാന്‍ സാധിച്ചിരുന്നു. ഇപ്പോളും  ഇടയ്ക്കൊക്കെ കാണാറുണ്ട്‌. അപ്പോളൊക്കെ ടി പോസ്റ്റുകളില്‍ പകുതി കളിയായും പകുതി കാര്യമായും സൂചിപ്പിച്ചിട്ടുള്ള  ആശയം  എന്നെയും ഏറെ രസിപ്പിച്ചിട്ടുണ്ട് ..  
  എങ്കില്‍ പോലും ഇത്തരം പോസ്റ്റുകളില്‍ അല്പം അതിഭാവുകത്വം അധികമായില്ലേ  എന്ന് ചിലപ്പോളെങ്കിലും സംശയിച്ചിട്ടുമുണ്ട്.  എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഫേസ് ബുക്കില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന  വളരെ നിര്‍ഭാഗ്യകരമായ ഒരു  വാര്‍ത്ത കണ്ടപ്പോള്‍ ആ സംശയം നിശേഷം മാറിക്കിട്ടി.  അത് ചുവടെ ചേര്‍ക്കുന്നു...
  സംഭവം ഒള്ളതാണോ എന്നറിയാന്‍ കുറെ തപ്പി നോക്കി.  ആ നിര്‍ഭാഗ്യവാന്റെ പ്രൊഫൈല്‍ കണ്ടെത്താനും കഴിഞ്ഞു...
        വേര്‍പാടുകള്‍ നമുക്കൊക്കെ ഏറെ ദു:ഖകരമാണ് - അത്  സ്വാഭാവികമായാലും അസ്വാഭാവികമായാലും .  ആത്മഹത്യകള്‍ക്ക്‌ മനുഷ്യനോളം പഴക്കം ഉണ്ടെങ്കിലും എല്ലാ ആത്മഹത്യകള്‍ക്കും ന്യൂസ് വാല്യു കിട്ടാറില്ല. സാധാരണ ഗതിയില്‍ അധികാരി വര്‍ഗ്ഗത്തെയോ മതമേധാവികളെയോ  അടിക്കാനുള്ള എന്തെങ്കിലും ഒരു വടി ഇത്തരം ഒരു വേര്‍പാടില്‍ ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നത് ഒരു കന്യാസ്ത്രീയോ സന്യാസിനിയോ ആയാല്‍, അതുമല്ലെങ്കില്‍  ഏതെന്കിലും പ്രമുഖ സെലിബ്രിറ്റി ആണെങ്കില്‍- അത്തരം ന്യൂസുകള്‍ വമ്പന്‍ ഹിറ്റ്‌ ആകകയും  വൈകിട്ടത്തെ  ന്യൂസ് അവറുകള്‍  ആഘോഷമാകുകയും ചെയ്യും എന്നറിയാന്‍ പാഴൂര്‍ പടിക്കല്‍ വരെ പോകേണ്ടതില്ല .
        എന്റെ കാഴ്ചപ്പാടില്‍ ആത്മഹത്യകള്‍ക്ക്  ഉല്‍കൃഷ്ടമായവ, മൂന്നംകിടയിലുള്ളവ എന്നിങ്ങനെ കാറ്റഗറികള്‍ ഇല്ല. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി അത്തരം കാറ്റഗറികള്‍ തീര്‍ക്കുന്നവര്‍ തങ്ങള്‍ ചെയ്യുന്ന ഹീന കൃത്യത്തിന്റെ ആഴമോ പരപ്പോ മനസിലാക്കുന്നില്ല. എജ്യുക്കേഷന്‍ ലോണ്‍ കിട്ടാതെ മനംനൊന്ത്‌  ആത്മഹത്യ ചെയ്യുന്ന  അലക്കുകാരി പെണ്‍കൊടിയും, കാമുകി കോക്രി കാട്ടിയതില്‍ പ്രതിഷേധിച്ച് സ്ത്രീ സമൂഹത്തോടുള്ള ഒടുങ്ങാത്ത  പ്രതികാര പൂര്‍ത്തിക്കെന്നോണം  ട്രെയിന് തല വെച്ച്  ജീവിതം ഹോമിക്കുന്ന ബുദ്ധിശൂന്യ യൌവ്വനങ്ങളും  ഒരേ തൂവല്‍ പക്ഷികള്‍ ആണ്.  ഏതു കോപ്പിലെ പ്രോബ്ലം കാരണമായി കരുതിയാലും  യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉള്ള ഭീരുവിന്റെ ഒളിച്ചോട്ടം മാത്രമാണ് അത് ..  
         യഥാര്‍ഥത്തില്‍ ഈ സംഭവം ഒരു  ഓര്‍മ്മപ്പെടുത്തലാണ്. ഒട്ടേറെ  സൌഹൃദ വലയങ്ങളില്‍, ഒട്ടേറെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നിറഞ്ഞ സാന്നിധ്യമായി നാം ജീവിതം മുന്നോട്ടു നയിക്കുമ്പോള്‍ , അത്തരമുള്ള ഒരു  മുന്നോട്ടു പോകല്‍ വെറുമൊരു വെര്‍ച്വല്‍ റിയാലിറ്റി മാത്രമാണ് എന്നും അതിനു പുറത്തുള്ള യാഥാര്‍ത്യങ്ങളുടെ ലോകത്തിലേയ്ക്ക് നാം ഇറങ്ങി വരേണ്ടതുണ്ടെന്നുമുള്ള  സത്യം നാം തിരിച്ചറിയെണ്ടിയിരിക്കുന്നു. 
            ഫേസ്ബുക്ക്  ഫ്രണ്ട് ലിസ്റ്റ് 5000  തികഞ്ഞു സാച്വറെഷനിലെയ്ക്ക്  എത്തിയല്ലോ എന്നോര്‍ത്ത് ആര്‍മ്മാദിക്കുകയും, പാമ്പന്‍ പാലത്തിന്റെ ഉറപ്പോടുകൂടിയ ഒരു സുഹൃത് വലയത്തിലാണല്ലോ ഞാന്‍  എന്ന സങ്കല്‍പ്പത്തില്‍  അഹങ്കരിക്കുകയും ചെയ്യുന്നവര്‍   ഒന്നോര്‍ക്കുക...   ഈ ഫേസ് ബുക്ക്  മടക്കി വെച്ചു  നിന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ  വീട് സന്ദര്‍ശിച്ചിട്ടു  എത്ര മാസങ്ങളായി ?..  സുഹൃത്തിന്റെ  വീടിന്റെ അടുക്കളയില്‍ കയറി  അവന്റെ  അമ്മയോട്  കുശലം പറയാനും  സ്വന്തം വീട്ടില്‍ എന്നത് പോലെ ഭക്ഷണം വിളംബിക്കഴിക്കാനും നിനക്ക്  കഴിഞ്ഞിട്ടുണ്ടോ ??..  അടുത്ത സുഹൃത്തുക്കളെ ഒന്നിച്ചു കൂട്ടി  ഒരു പിക്നിക്‌ നു  പോയിട്ട് എത്ര നാള്‍ ആയി ??.. പോട്ടെ , വട്ടം കൂടിയിരുന്നു നാട്ടു വര്‍ത്തമാനങ്ങളും തമാശകളും വിളമ്പിയിട്ട് കാലമെത്രയായി??..    മാത്തെമാറ്റിക്സില്‍ വീക്കായ അവന്റെ അനിയനോ അനിയത്തിക്കോ നേരം കിട്ടുമ്പോള്‍ അറിയാവുന്ന കണക്ക്‌ പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ??..   ഒരു തവണ എങ്കിലും അവന്റെ വീട്ടിലെ കരണ്ട് ബില്ല്  അടയ്ക്കാന്‍ പോകേണ്ടി വന്നിട്ടുണ്ടോ ??..
             "ആ ലൈനും പൊട്ടിയല്ലോ അളിയാ.." എന്ന ഫ്ലോപ്പ്‌ സോങ്ങുമായി സെന്റിയിലെയ്ക്ക്  ഇഴഞ്ഞു നീങ്ങുന്ന നിന്റെ  സുഹൃത്തിനോട്   "അവള് ... പോയെങ്കി പോകാന്‍ പറയെടാ... പുല്ല് !!..  ഓറഞ്ചു പോലോള്ളത്   പോയെങ്കി  കശ്മീരി ആപ്പിള്‍ വേറെ വരും.. ഡോണ്ട് വറി അളിയാ .."   എന്നെങ്കിലും പറഞ്ഞു  ആശ്വാസമേകാന്‍ നിനക്ക് കഴിഞ്ഞിട്ടുണ്ടോ ??..
          ഇതിനെല്ലാം നിന്റെ ഉത്തരം ഇല്ല എന്ന് തന്നെയാണെങ്കില്‍ , സുഹൃത്തേ താങ്കള്‍ ഇത് മനസിലാക്കുക - ആരവങ്ങള്‍ക്ക് നടുവിലെന്നു തോന്നിക്കുമെങ്കിലും താങ്കള്‍  ഒറ്റയ്ക്കാണ്.  പളപളപ്പുകളുടെയും കാപട്യത്തിന്റെയും ഭ്രമാത്മക ലോകത്ത് നിന്ന് അല്‍പനേരം ഒരു  ടീ ബ്രെയ്ക്ക്  താങ്കള്‍ക്ക് ആവശ്യമായിരിക്കുന്നു..   ലാപ്ടോപ്പ്-ന്റെ ഇത്തിരി ചതുരത്തില്‍ ഒതുങ്ങുന്ന ചാറ്റ് വിന്‍ഡോകളിലോ  കമ്മെന്റ് ബോക്സ്‌ കളിലോ ഒതുങ്ങേണ്ടതല്ല സൌഹൃദങ്ങള്‍..   അത്തരം വര്‍ണാഭമായ ലോകങ്ങള്‍ തികച്ചും ഉപരിപ്ലവം മാത്രമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയെണ്ടിയിരിക്കുന്നു.  
        ഒരു  കൂരയ്ക്കു കീഴില്‍ കഴിയുന്ന സഹോദരങ്ങള്‍ പോലും പരസ്പരം മനസിലാക്കുന്നില്ലെങ്കില്‍,  ലൈക്ക്-കളിലും  കമ്മെന്റ് കളിലും  മാത്രം ഒതുങ്ങുന്നു അവരുടെ ഹൃദയ ബന്ധം എങ്കില്‍, ആള്‍ക്കൂട്ടത്തില്‍  തനിയെ അലയുകയും ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുകയും ചെയ്യുന്ന  തന്റെ സഹോദരന്  അല്പം സ്വാന്തനമേകാന്‍  ന്യൂജനറേഷന്‍ സഹോദരിമാര്‍ക്കാകുന്നില്ലെങ്കില്‍ നാം  ആരെയാണ് പഴിക്കേണ്ടത് ??...


Monday, June 4, 2012

"സത്യമേവ ജയതേ"

       ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും എന്നാണ് പഴമക്കാര്‍ പറയാറുള്ളത്.  എന്നാല്‍ അടുത്തിടയ്ക്ക്  ഹിന്ദി സുപ്പര്‍ താരം ആമിര്‍ ഖാന്‍ ഒരു ടി.വി പ്രോഗ്രാമില്‍  തുറന്നു പറഞ്ഞ ചില സത്യങ്ങള്‍ കേട്ട്  IMAയ്ക്ക് അത്ര ചിരിയൊന്നും വരുന്നില്ല.    IMA എന്ന്വച്ചാല്‍ Indian Medical Association. ആമിര്‍ ഖാന്‍ എത്രയും വേഗം താന്‍  പറഞ്ഞ വാക്കുകള്‍  വെട്ടിക്കീറി  പരണത്ത്  ഉണക്കാന്‍ വെച്ച്  അഖിലേന്ത്യാ ഡോക്ടര്‍ സമൂഹത്തോട് മാപ്പ് പറഞ്ഞില്ലെങ്കില്‍, ഡോക്ടര്‍ കുടുംബത്തില്‍ പിറന്ന ഒറ്റ  ഉണ്ണി പോലും  മി. ഖാന്റെ  ചിത്രങ്ങള്‍ ഓടുന്ന   തിയറ്ററിന്റെ എഴയലത്തെക്ക്  അബദ്ധത്തില്‍ പോലും എത്തിപ്പെടില്ല എന്നാണു ടി അസോസിയേഷന്റെ ഭീഷണി. 
             ഏതായാലും നിലവില്‍ എത്ര ഡോക്ടര്‍ ഉണ്ണികള്‍ ആമിറിന്റെ ചിത്രം കാണാറുണ്ട്‌, ആമിറിന്റെ ചിത്രം ഇനി അബദ്ധത്തിലെങ്കിലും  കണ്ടുപോകുന്ന  ന്യു. ജെനറേഷന്‍ ഡോക്ടര്‍  കുഞ്ഞുങ്ങള്‍ക്കെതിരെ  സംഘടന എന്ത് നടപടി സ്വീകരിക്കും, ടി ഉണ്ണികള്‍  ഒറ്റയ്ക്കാണോ അതോ ഗേള്‍/ബോയ്‌ ഫ്രണ്ടുമായാണോ സാധാരണ തിയറ്ററില്‍ പോകാറുള്ളത് , ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ ആപ്പിള്‍ ആണോ പോപ്കോണ്‍ ആണോ കഴിക്കാറുള്ളത് എന്നിങ്ങനെയുള്ള വന്‍ ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിലെയ്ക്കൊന്നും ഞാന്‍ കടക്കുന്നില്ല.     
                                 
              'സത്യമേവ  ജയതേ' എന്ന് പേരിലുള്ള  ആമിറിന്റെ റിയാലിറ്റിഷോ ഏതാനും എപ്പിസോഡുകള്‍ പിന്നിട്ടപ്പോള്‍ തന്നെ  ആവശ്യത്തിലേറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തെളിച്ചു കഴിഞ്ഞു.. 
 (അല്ലേലും വിവാദങ്ങള്‍ ഇല്ലാതെ നമ്മുക്കൊക്കെ  എന്തോന്ന് എന്റര്‍ടെയിന്‍മെന്റ് !!..  അല്ലെ ..!!) 


             രാജ്യത്തെ  മെഡിക്കല്‍ രംഗം നേരിടുന്ന ക്ഷുദ്രതകളും, അവ കൂടുതല്‍ ഭീകരമാക്കാന്‍ ചില ഡോക്ടര്‍മാര്‍ വഹിക്കുന്ന പങ്കുമാണ്  ഈ പ്രോഗ്രാമിലെ ആമിര്‍ഖാന്റെ വിവാദ പ്രസ്താവനയുടെ ആകെത്തുക .  ഇന്ത്യാ മഹാരാജ്യത്ത് എല്ലാ മേഖലകളിലും തന്നെ  പടര്‍ന്നുപിടിച്ച അഴിമതി എന്ന അര്‍ബുദം മെഡിക്കല്‍ മേഖലയെയും ഒഴിവാക്കുന്നില്ലെന്നതും ,  ഡോക്ടര്‍മാര്‍ക്കിടയിലെ വര്‍ധിച്ചു  വരുന്ന അഴിമതിയും മരുന്ന് കമ്പനികള്‍ ചികിത്സാവിധിയില്‍ വഹിക്കുന്ന നവയുഗ ഭാഗധേയവും അതിനു ഡോക്ടെഴ്സിനു കിട്ടുന്ന കിമ്പളവും ഒക്കെ   പരസ്യമായ രഹസ്യമായിരിക്കെ, ഐ.എം.എ ഇങ്ങനെ കാടിളക്കി വെടി വെയ്ക്കുന്നതിന്റെ  ഔചിത്യം എന്താണ് എന്നത് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തു തുടങ്ങിക്കഴിഞ്ഞു. ..
                 എന്നെപ്പോലെയുള്ള  കുറെ പീറ ബ്ലോഗ്ഗര്‍മാര്‍ 'വായില്‍ തോന്നിയത്  കോതയ്ക്ക് പാട്ട്  ' എന്ന മട്ടില്‍  ഒരു തൊഴിലും ഇല്ലാത്ത നേരത്ത് കീ ബോര്‍ഡിന്  മുന്നില്‍ ഇരുന്നു നടത്തുന്ന പൊളിച്ചടുക്കല്‍  പോലെയല്ല  ആമിര്‍ ഖാനെ പോലെയുള്ള  ഒരു സെലിബ്രിറ്റിയുടെ വാക്കുകള്‍ എന്ന ബോധോദയം ആകണം ഐ.എം.എ യെക്കൊണ്ട് ഇതൊക്കെ പറയിക്കുന്നത്.

             ഏതാനും മാസം മുന്‍പ്‌ , ഇന്ത്യയിലെ  നഴ്സ് സമൂഹം തങ്ങളുടെ നിലനില്‍പ്പിനായി ശബ്ദം ഉയര്‍ത്തിയപ്പോള്‍, ഐ.എം.എ. ധാര്‍മ്മികതയുടെയും  ജീവകാരുന്യത്തിന്റെയും അപ്പസ്തോലന്മാരായി ഹോസ്പിറ്റല്‍ മുതലാളികളോട് ഐഖ്യദാര്‍ഡൃം പ്രഖ്യാപിച്ചുകൊണ്ട്  രംഗത്തെത്തിയതും  നഴ്സുമാര്‍ക്ക് പണി മുടക്കാന്‍ അവകാശം ഇല്ലെന്നും അവര്‍ക്കെതിരെ എസ്മ പ്രയോഗിക്കണം എന്ന് അലറിയതും  ഇന്നും    ആരുടെയും ഓര്‍മ്മയില്‍ നിന്നും മാഞ്ഞിട്ടില്ല.  നഴ്സുമാരുടെ സമരം കെട്ടടങ്ങും മുന്നേ, ഗ്രാമീണ മേഖലയിലെ നിര്‍ബന്ധിത സേവനത്തിനെതിരെ ഒരു പറ്റം  മെഡിക്കല്‍  സ്റ്റുഡന്റ്സ്  സമരവുമായിറങ്ങുകയും മെഡിക്കല്‍ കോളജുകള്‍ സ്തംഭിക്കുന്ന അവസ്ഥ വരെ ഉണ്ടാകുകയും ചെയ്തിട്ടും  ഐ.എം.എ ധര്‍മ്മ സംരക്ഷകര്‍ ഒന്നുംതന്നെ പറഞ്ഞു കണ്ടില്ല.  നഴ്സുമാര്‍ക്കല്ലേ അവകാശം ഇല്ലാതുള്ളൂ...   മാലാഖമാര്‍ തിരിഞ്ഞുകടിക്കാന്‍ പാടില്ലാലോ...   
              വസ്തുതകളുടെ നേരെ കണ്ണടച്ച്  ഇരുട്ടാകുന്നതിനു പകരം  വിമര്‍ശനങ്ങളില്‍ നിന്നും  പാഠങ്ങള്‍ ഉള്‍കൊള്ളാനും  വിശുദ്ധമായ ഒരു പ്രൊഫഷനെ  കാട്ടുകള്ളന്മാരുടെ  നിഗൂഡ ഗുഹ ആക്കാതിരിക്കാനുമാണ് യഥാര്‍ഥത്തില്‍  ഐ.എം.എ ശ്രദ്ധിക്കേണ്ടത് .

 

Tweet, Share & Like