Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Thursday, May 31, 2012

പെറ്റി ബൂര്‍ഷ്വാ മാധ്യമ ക്നാപ്പന്മാര്‍ അറിയാന്‍ ..


           അമേരിക്കയുടെയും  ബ്രിട്ടന്റെയും ഇറ്റലിയുടെയും  പിന്തുണയോടെ പാര്‍ട്ടിയെ തകര്‍ക്കുക എന്ന ദുരുദ്ദേശ്യം മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായി വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന കേരളത്തിലെ  മനോരമ, മാതൃഭൂമി തുടങ്ങിയ ബൂര്‍ഷ്വാ  മാധ്യമപുല്ലന്മാര്‍ക്കെതിരെ  സിപിഎം ഹൈക്കോടതിയെ  സമീപിച്ചിരിക്കുകയാണ്.  
        എന്താണ് ഉല്‍കൃഷ്ടമായ മാധ്യമധര്‍മ്മം എന്നറിയണമെന്നുള്ളവര്‍ കേരള മാധ്യമ പ്രവര്‍ത്തന രംഗത്ത് ഐതിഹാസികമായ പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന ദേശാഭിമാനി, കൈരളി, പീപ്പിള്‍ തുടങ്ങിയ ഐഡിയല്‍ മാധ്യമങ്ങള്‍ പരിശോധിക്കണം.  പാര്ട്ടിയെപറ്റി എന്തേലും വാര്‍ത്ത പ്രസിദ്ധീകരിക്കാനുള്ള കോപ്പി റൈറ്റ്‌ അവകാശം മേല്‍പ്പറഞ്ഞ സംശുദ്ധ മാധ്യമങ്ങള്‍ക്ക്‌ മാത്രമാണ് എന്നത് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം.  എന്നിട്ടും പാര്‍ട്ടിയുടെ പടിവാതില്‍ക്കല്‍ കിടന്നു ടി ചാവാലിപട്ടികള്‍ കുരയ്ക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല.
              ടി.പി ചന്ദ്രശേഖരനെ കൊന്നത് എന്‍.ഡി.എഫ് - കോണ്ഗ്രസ് ഗുണ്ടകള്‍ ആണ് എന്നത് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതില്‍ ആരും സംശയം വെച്ച് പുലര്‍ത്തേണ്ടതില്ല. കേരളത്തില്‍ ഉണ്ടാകുന്ന രാഷ്ട്രീയകൊലപാതകങ്ങളെയും  കൊലയാളികളെയും  പറ്റിയുള്ള ചുരുളഴിയാത്ത രഹസ്യങ്ങള്‍  വെറ്റിലയില്‍ മഷി പുരട്ടിയും ബോണ്ട് പേപ്പറില്‍ കവിടി നിരത്തിയും     മനസിലാക്കാനുള്ള ദിവ്യ ദൃഷ്ടി  പാര്‍ട്ടി പത്രത്തിലെ ലേഖകര്‍ക്കും പിന്നെ കാണിപ്പയൂര്‍ അവര്‍കള്‍ക്കും   മാത്രം അവകാശപ്പെട്ടതാണെന്നത്  പല തവണ ആവര്‍ത്തിച്ച്  വ്യക്തമാകിയിട്ടുള്ള വസ്തുതയാണ്.
  മേല്പറഞ്ഞ ദിവ്യദൃഷ്ടി ഉള്ളതുകൊണ്ട് കോടതിയുടെ പരിഗണനയില്‍ ഉള്ള ഏതു കേസുകളെ പറ്റിയും  വാര്‍ത്ത കൊടുക്കാന്‍ പാര്‍ട്ടി പത്രത്തിനു അവകാശം ഉണ്ട്.  കോണ്ഗ്രസ് നേതാക്കളുടെ അവിഹിത ബന്ധങ്ങള്‍, കൊണ്ഗ്രസ്സുകാരുറെ അഴിമതിക്കേസുകള്‍, കുഞ്ഞാലി-ഐസ്ക്രീം കേസ്, ഇടമലയാര്‍, അഭയകേസുകള്‍  എന്നിവയില്‍ പാര്‍ട്ടിപത്രത്തിനു  ഇത്തരം ജ്ഞാനദൃഷ്ടി ഉണ്ടായിട്ടുള്ളതാണ്.  എന്നുകരുതി മറ്റൊരു മാധ്യമ ബൂര്‍ഷ്വാ പുല്ലനും ഈ വിഷയത്തില്‍ പാര്‍ട്ടിപത്രത്തിനു പഠിക്കേണ്ടതില്ല.   
              ടി.പി വധക്കേസിന് പിന്നില്‍ പാര്‍ട്ടി ആണ് എന്ന രീതിയില്‍ കുപ്രചാരണം നടത്തുന്ന ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ചെയ്യുന്നത് എത്ര വലിയ അപരാധങ്ങളാണ് എന്ന് പറഞ്ഞറിയിക്കെണ്ടതില്ല.  എങ്കില്‍പോലും പാര്‍ട്ടി അവരോടു ഹൃദയ പൂര്‍വം ക്ഷമിക്കാന്‍ തയ്യാറാണ്.  പക്ഷെ, ടി ക്ണാപ്പന്മാര്‍ നടത്തിപ്പോരുന്ന കോടതിയലക്ഷ്യം - അത് പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല. 
     പാര്‍ടിയെ സംബന്ധിച്ച് മാര്‍ക്സും ലെനിനും കഴിഞ്ഞാല്‍ ഏറ്റവും വലുത് കോടതിയാണ്.  ചരിത്രപരമായി പറഞ്ഞാല്‍  പാര്ട്ടിക്കോടതികളില്‍ നിന്നാണ്  ഇന്നത്തെ ആധുനിക കോടതികള്‍ രൂപംകൊണ്ടത്. മധ്യ കാലഖട്ടത്തിലെ ഇത്തരം ചില പാര്ട്ടിക്കോടതികള്‍ ഇപ്പോഴും കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ചരിത്രവിദ്യാര്‍ഥികളുടെ ഗവേഷണാവശ്യങ്ങള്‍ക്ക് മാത്രമായി പാര്‍ട്ടി  ചെലവില്‍ നിലനിര്‍ത്തിയിട്ടുണ്ട്.  കോടതിയുമായുള്ള ഈ ഹൃദയ ബന്ധം മൂലം ആരെങ്കിലും കോടതിയെ അവഹേളിക്കുകയോ കോടതി നിര്‍ദേശങ്ങള്‍ ലംഘിക്കുകയോ ചെയ്‌താല്‍  അത്  പാര്‍ട്ടി സഹിക്കില്ല.  കോടതികളെ നേര്‍വഴി നടത്തുന്നതും വേണ്ടി വന്നാല്‍ അവശ്യം വേണ്ട ലോ പോയിന്റുകള്‍ പറഞ്ഞുകൊടുക്കുന്നതും പാര്‍ടി നിയമ സംഹിതയുടെ ജീവാത്മാവിന്റെ ഭാഗമാണ്.   പണ്ട് സ്വാശ്രയ കേസ്സിലും പാതയോര യോഗങ്ങളെ സംബന്ധിച്ച  ഒരു കേസിലും  ഇതുപോലെ  ചില പോയിന്റുകള്‍ പറഞ്ഞു കൊടുത്തിരുന്നു.  അത് കോടതിയ്ക്ക്  പ്രയോജനപ്പെട്ടു എന്നാണു പ്രതീക്ഷിക്കുന്നത്. 
       ഇത്തരം നഗ്ന സത്യങ്ങള്‍ നിലനില്‍ക്കെയാണ് പാര്‍ട്ടിയ്ക്ക് കോടതികളെ പുശ്ചമാണ്  എന്ന രീതിയിലുള്ള പ്രചരണം ചില ശുംഭന്മാര്‍ നടത്തുക.  'തള്ള ചവിട്ടിയാല്‍ പിള്ളയ്ക്ക് കേടില്ല' എന്നാണു ഒരു ചൈനിസ് പഴമൊഴി.  അത് അറിവില്ലാത്ത പോഴന്മാരോടു കൂടുതല്‍ ഒന്നും പറയാനില്ല.

  ബി.ബിസി ഉള്‍പ്പെടെയുള്ള കുത്തക മാധ്യമങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ആദ്യ പടിയായി കേരളത്തിലെ പാര്‍ട്ടി പത്രം ഒഴികെയുള്ള പത്രങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.  ഇടുക്കിയിലെ മണ്ടശിരോമണി.. സോറി.. മണി സഖാവ് മുങ്ങി എന്നാണു ടി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുക.  എന്നാല്‍ കളഞ്ഞുപോയ അഞ്ചുപൈസ വീണ്ടു കിട്ടിയ ഉടനെ അദ്ദേഹം ബിബി.സി ക്കെതിരെയുള്ള മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍  ബ്രിട്ടനിലേയ്ക്ക് തിരിച്ചിരിക്കുകയാണ് എന്നതാണു വസ്തുത.
       ഇനി, ഫേസ്ബുക്കിലും മറ്റു  സോഷ്യല്‍ മീഡിയയിലും  പാര്‍ട്ടിക്കെതിരെ കുരയ്ക്കുന്ന കൊജ്ഞാണന്മാരോട്-: അധിക കാലം നീയൊന്നും നെഗളിക്കുകേല.. അടുത്ത ഇലക്ഷന് പാര്‍ട്ടി കേന്ദ്രത്തില്‍ ഭരണത്തിലെത്തും. പിറ്റേദിവസം തന്നെ ചൈനയിലെ പോലെ  ഈ കോപ്പ്  അങ്ങ് നിരോധിക്കും.  പിന്നെ നീയൊക്കെ എന്നാ ചെയ്യും !!  
       

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...