Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Saturday, August 11, 2012

സ്വാതന്ത്യത്തിന്റെ തല്‍സമയ കാഴ്ചകള്‍!!..

                        നമ്മുടെ ഇന്‍ക്രെടിബിള്‍ ഇന്ത്യ  അതിന്റെ 65-മത് സ്വാതന്ത്യ ദിനാഘോഷങ്ങള്‍ക്ക് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഒട്ടേറെ തലമുറകളുടെയും എണ്ണിയാലൊടുങ്ങാത്ത വലിയൊരു സമൂഹം രാജ്യസ്നേഹികളുടെയും ചോരയുടെയും വിയര്‍പ്പിന്റെയും വിലയായാണല്ലോ  ഇന്ന് നാം സ്വാതന്ത്യം എന്ന പേരില്‍ ആഘോഷിക്കുകയും ആസ്വദിക്കുകയും ആര്‍മ്മാദിക്കുകയും ചെയ്യുക. അടിമയായി കഴിയുക എന്ന ദുരവസ്ഥ നമുക്ക്‌  (നമുക്ക്‌ എന്നുവെച്ചാല്‍ ഞാനും നിങ്ങളും ഒക്കെ ഉള്‍പ്പെടുന്ന FB ജെനറേഷന്..) ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തത് കൊണ്ടായിരിക്കും   ഈ ദിനത്തിന് അത് അര്‍ഹിക്കുന്ന ഒരു പ്രാധാന്യം നമ്മള്‍ കൊടുക്കാറുണ്ടോ എന്ന വസ്തുത നാമൊക്കെ മനസ്സിരുത്തി ചിന്തിക്കേണ്ടതാണ്. 

             എല്ലാ അവധി ദിവസങ്ങളെയും പോലെ വീട്ടില്‍ ചടഞ്ഞു കൂടി ഇരിക്കാനും  വൈകിട്ട് കൂട്ടുകൂടി വെള്ളമടിക്കാനും കൈ വരുന്ന ഒരു സുവര്‍ണ്ണാവസരം മാത്രമായി ഈ ദിവസത്തെ കരുതുന്ന ഒട്ടേറെ യുവതുര്‍ക്കികള്‍ നമ്മുടെ ഇടയില്‍ തന്നെ ഉണ്ടല്ലോ..  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമാനമായ ഇന്സ്ടിട്യുഷനുകളിലും മാത്രമായി രാജ്യ സ്നേഹത്തിന്റെ മൂവര്‍ണ്ണക്കൊടികള്‍ ഒതുങ്ങുകയും നാളെയുടെ നവമുകുളങ്ങള്‍ വൈകിട്ടത്തെ പരിപാടിയുടെ ഹാങ്ങ്‌ ഓവര്‍ മാറാതെ ചുരുണ്ടുകൂടി കിടക്കുന്ന കാഴ്ചകള്‍ കാണുമ്പോള്‍  അങ്ങ് സ്വര്‍ഗ്ഗലോകത്തില്‍ ഊന്നുവടിയില്‍ തലചായ്ച്ച്  ഏങ്ങലടിച്ചു കരയുന്ന ഒരു വൃദ്ധാത്മാവിന്റെ ചിത്രം എനിക്ക് ഭാവനയില്‍ കാണാനാവുന്നുണ്ട്..        
     ഇതൊന്നും പോരാഞ്ഞ്, ഇന്ന് നാം അനുഭവിക്കുന്നത് സ്വാതന്ത്യമല്ല , മറിച്ചു മറ്റെന്തോ സാധനം ആണെന്നും  സ്വാതന്ത്ര്യം എന്നപേരില്‍ മെയ്‌ട് ഇന്‍  കുന്നംകുളം സാധനം വാങ്ങിത്തന്നു ഗാന്ധിയും കൂട്ടരും ഇന്ത്യയെ വഞ്ചിക്കുകയാണ് ചെയ്തത് എന്നുവരെ ആരോപണമുയര്‍ന്നിരുന്നു.  ഇതൊക്കെ കേട്ടപ്പോള്‍ സമൂഹത്തിന്റെ വിവിധ (ക്രീമി ആന്‍ഡ്‌ നോണ്‍-ക്രീമി) ലെയറുകളില്‍ പട്ടയം വാങ്ങി താമസിക്കുന്ന വലിയ സമൂഹം ആളുകള്‍ എങ്ങനെയാണ് സ്വാതന്ത്യം എന്നതിനെ നോക്കിക്കാണുന്നത് എന്നറിയാന്‍ എനിക്കും ഒരു ആകാംഷ!!.. അങ്ങനെ പുറത്തേയ്ക്ക്‌ ഇറങ്ങിയപ്പോള്‍ കേട്ട അഫിപ്രായങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.. 
(വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് , ഇവിടെ  ചേര്‍ക്കുന്ന  പേരും ലൊക്കേഷനും യഥാര്‍ത്ഥം അല്ല..) 



  "സ്വാതന്ത്യം  കിട്ടി 65 കൊല്ലമായി, കോപ്പായി എന്നൊക്കെ പറഞ്ഞാലും യഥാര്‍ത്ഥ സ്വതന്ത്യത്ത്തില്‍ നിന്നും ഈ രാജ്യം ഏറെ അകലെയാണ് എന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ സൂചിപ്പിക്കുക..  ഒരാളെ സ്വസ്ഥമായി വെട്ടിക്കൊല്ലാന്‍ പോലും ഇന്ന് ഈ രാജ്യത്ത് സ്വാതന്ത്യം ഇല്ലാതായിരിക്കുന്നു.. അപ്പൊ ഇറങ്ങിക്കോളും പോലീസും കോടതിയും എന്നൊക്കെ പറഞ്ഞു കുറെ പോഴന്മാര്‍!!.. പാര്ട്ടികെതിരെ (എന്നുവെച്ചാല്‍ ഈ രാജ്യത്തിനെതിരെ) ആപ്പ് വെയ്ക്കുന്ന ക്നാപ്പന്മാരെ 51 വെട്ടു വെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുക എന്നത് ഉദാത്തമായ രാജ്യസ്നേഹപരമായ പ്രവൃത്തിയാണ്.. കുറെ സത്യങ്ങള്‍ നമ്പരിട്ടു പറയുവാ... 
1).ഏറെ മഹത്തരവും ഉത്കൃഷ്ടവുമായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സ്വാതന്ത്യമാണ് ഇന്ത്യ മാതൃകയാക്കേണ്ടത്... 
 2).അതിനു വേണ്ടിയാണ്  കാറല്‍ മാര്‍ക്സ്‌,  ഇ.എം.എസ്, ലെനിന്‍ തുടങ്ങിയ സ്വാതന്ത്യ സമര സേനാനികള്‍ ഉപ്പ് സത്യഗ്രഹവും ദണ്ടി യാത്രയും ഒക്കെ നടത്തിയത്‌..  ജാലിയന്‍വാലാബാഗില്‍  ചെഗുവേര രക്തസാക്ഷിത്വം വരിച്ചത്‌... 
3).ചരിത്രപരമായ ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ കുഴിച്ചുമൂടാനാണ്  ഇവിടുത്തെ മാധ്യമ കഴുവേറികള്‍ അന്നും ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുക.. "
                                                          (  -സ.മണിയന്‍ പിള്ള, വണ്ടന്‍മെട് ഏരിയാ കമ്മിറ്റി)




"..കാര്യം എല്ലാ സെറ്റപ്പും ഒക്കെ.. പക്കേങ്കില് ഈ ദേശീയ പതാക ഒണ്ടല്ലോ.. അതത്ര പോര.. ആരോടു ചോയ്ചിട്ടാ ഈ കുംകുമോം വെള്ളേം ഒക്കെ കേറ്റിയത്?.. ഫുള്‍ ഞമ്മന്റെ പച്ച മതി!! അതാ അയിന്റെ ഒരു മൊഞ്ച്.. ഞമ്മന്റെ പാര്ട്ടീന്റെ  കലരും പച്ചയാനെയ്‌.. പണ്ടൊരിക്കല്‍ ഞമ്മടെ പിള്ളേര് ഫുള്‍ പച്ചയാക്കാന്‍ നോക്കീതാ.. അങ്ങ് എയര്‍ പോര്‍ട്ടില്..  ഹോ എന്തൊക്കെ പുകിലാരുന്നു!!.. ഇനീപ്പോ കേരളത്തിന്റെ ദേശീയ പതാക പച്ച ആയി അങ്ങ് പ്രഖ്യാപിക്കും.. ഈ കള്ള ഹിമാറുകള്‍ എന്നാ ഒലത്തൂന്നു കാണട്ടെ!!"
                                                   (-മി.കുഞ്ഞപ്പ കുട്ടി, ഐസ്ക്രീം ലീഗ് ഡിസ്ട്രിക്റ്റ് പ്രസിടന്റ്റ്‌ )             



"   ...സ്വാതന്ത്യം എന്നത് ഒരു മരീചിക പോലെയോ അല്ലെങ്കില്‍ ഉട്ടോപ്യ എന്നൊക്കെ പറയുന്നത് പോലെ ഉപരിപ്ലവമായ ഒരു സംഭവമായോ ഒക്കെയാണു എനിക്ക് അനുഭവപ്പെടുന്നത്..  എന്റെ "ഗാന്ധിയുടെ വടിയും സ്വാതന്ത്യവും' എന്ന ഗ്രന്ഥത്തില്‍  ഈ വിഷയത്തെ പറ്റി വിശദമായി പ്രതിപാതിക്കുന്നുണ്ട്..  തത്വ ചിന്താപരമായി നാം ഒരു അവലോകനം നടത്തുമ്പോള്‍ പാരതന്ത്യം, സ്വാതന്ത്യം എന്നൊക്കെ വിശേഷിപ്പിക്കുക  ഒരേ സംഭവത്തെ തന്നെയാണ് എന്ന് മനസിലാക്കാന്‍ സാധിക്കും...        പ്രഥമ ദ്രിഷ്ട്യാ ഇവ തമ്മില്‍ ബന്ധം കണ്ടെത്താന്‍ സാധിച്ചില്ല എങ്കില്‍ കൂടിയും അതുതന്നല്ലേ ഇത് എന്ന മട്ടിലുള്ള ഒരു ഉല്‍പ്രേക്ഷ എല്ലായ്പ്പോഴും സജീവമാണ്. പരബ്രഹ്മതിന്റെ കിളിവാതിലുകള്‍ മലര്‍ക്കെ തുറക്കപെടുകയും ബന്ധുര കാഞ്ചനക്കൂട്ടിലെ കിളി 'രാത്രി ശുഭരാത്രി..  ഇനി എന്നും ശിവരാത്രി.. " എന്ന ഋഗ്വേദത്തിലെ ശ്ലോകവും ഉരുവിട്ടുകൊണ്ട് അങ്ങ് ചക്രവാളത്തിന്റെ   അനന്തതയില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്ന ആ കാഴ്ച്ച.. അത് സത്യത്തിന്റെ നഭോമണ്ഡലത്തിലേയ്ക്ക് കൂടുതല്‍ വെളിച്ചം വീശും.."
                                                            (-ലഫ്‌.ഡോ.പത്മശ്രീ.  സന്തോഷ്‌  ചക്രവര്‍ത്തി )  




   " ..യൂ നോ.. ഫ്രീഡം എന്നൊക്കെ പറയുന്നത്‌ ഇന്ന് ഒരു കണ്‍സെപ്റ്റ് മാത്രമാണ്.. ഇന്നെവിടെയാണ് സ്വാതന്ത്യം??.. ഒരാണിനും പെണ്ണിനും കൂടി ഇന്ന് സ്വസ്ഥമായി പുറത്തിറങ്ങി നടക്കാനോ സൗഹൃദം  പങ്കിടാനോ ഡേറ്റിംഗ് നു പോകുവാണോ   ഇന്നിവിടെ അവകാശം ഉണ്ടോ?. നേരം ഇരുട്ടിയാല്‍ ഒരാണിനും പെണ്ണിനും ഒരു ഹോട്ടലിലോ ലോഡ്ജിലോ മുറിയെടുക്കാനോ ഗ്ലോബല്‍ റിസഷന്റെ ആഫ്ടര്‍ എഫക്ട്സ്-നെ പറ്റി മുറിയടച്ചിരുന്നു ചര്‍ച്ച നടത്താനോ  ഇന്ത്യയുടെ ഭാവി വാര്‍ത്തെടുക്കാനോ   സാധിക്കുമോ?.. എറങ്ങിയിരിക്കുവല്ലേ മോറല്‍ പോലിസിംഗ് എന്നൊക്കെ പറഞ്ഞു കുറെ ബ്ലഡി ഫ@^$@ഗ്  കള്‍ച്ചര്‍ ലെസ് ഫെല്ലോസ്‌..  ഐ ഹേറ്റ് ദിസ് കണ്ട്രി.. വീ നീട് എ ബ്രാന്‍ഡ്‌ ന്യൂ യൂറോപ്യന്‍ കള്‍ച്ചര്‍.. ശരിക്കും ബ്രിട്ടിഷ് പീപിള്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ ഇന്ത്യന്‍ കല്ച്ചരില്‍ സംഭവിച്ച ഒരു അണ്‍ഫോര്ച്ചുനെറ്റ്‌ മ്യൂട്ടേഷന്‍ ആയാണ് ഞാന്‍ ഇതിനെ കാണുക.."
                                             ( -ഫ്രാങ്കസ്ടിന്‍ നമ്പൂതിരി, ഐ.ടി കണ്‍സല്ട്ടന്റ്റ്‌ , ടെക്നോ പാര്‍ക്ക്‌ )





      "..എല്ലാ മലയാലികള്‍ക്കും എ വെരി  മോസ്റ്റ്‌ ബ്യൂട്ടിഫുള്‍   ഇന്ടിപെണ്ടന്‍സ് ഡേയ് വിഷേസ് ആഷംശിക്കുന്നു.. നമ്മുടെ ഗാന്ധിജി അങ്കിളും  നെഹ്‌റു അങ്കിളും ഒക്കെ കൂടി, അവരുടെ ഒത്തിരി സംഗതികള്‍ മിസ്സ്‌ ചെയ്ത്  വലരെ സ്ട്രൈന്‍ ചെയ്ത് നേടിയെടുത്ത ഒരു സംഭവമാണ് ഈ ഫ്രീഡം എന്നൊക്കെ പരയ്കാ.. അത് എല്ലാ സീസണിലും നന്നായ്‌ സൂക്ഷിക്വാ.. കൂടുതല്‍ ഒന്നും പരയുന്നില്ല.. വന്‍സ് എഗയിന്‍ ഹാപ്പി ഇന്ടിപെണ്ടന്‍സ് ഡേ.."
                                                                (-മിസ്സ്‌ മഞ്ജരി കരിയാസ്‌ , ടി.വി ആങ്കര്‍ )



   "..സ്ത്രീ എന്നും അടിമത്തത്തിന്റെ ചങ്ങലയിലാണ്.. സ്വാതന്ത്യം അതിന്റെ ഷഷ്ടിപൂര്‍ത്തി പിന്നിട്ടു അഞ്ചു വര്ഷം കൂടി കഴിയുമ്പോഴും അഹന്ത മുറ്റിയ പുരുഷന്റെ ചട്ടക്കൂടുകളില്‍ നെടുവീര്‍പ്പിടുകയാണ് ഇന്ന് കേരള സ്ത്രീത്വം.. സ്വന്തം ഇഷ്ടത്തിനൊത്ത വസ്ത്ര ധാരണം പോലും ഇന്ന് കേരള സ്ത്രീകള്‍ക്ക് അന്യമായിരിക്കുന്നു.. അമേരിക്കന്‍-യൂറോപ്യന്‍ പുരോഗമന രാഷ്ട്രങ്ങള്‍  അവരുടെ സ്ത്രീകളുടെ  ഔദ്യോഗിക വസ്ത്രമായി ടു പീസ്‌  അന്ഗീകരിച്ചിട്ടും ഇന്ത്യയിലെ പുരുഷാധിപത്യ സമൂഹം ഇത്തരം    ആശയങ്ങള്‍ക്കെതിരെ കൊഞ്ഞനം കുത്തുകയാണ്. മതത്തിന്റെ മുഖം മൂടിയണിഞ്ഞ ഇത്തരം സ്ത്രീ വര്‍ഗ ശത്രുക്കള്‍ക്കെതിരെ ഒരു തുറന്ന പോരാട്ടം ആവശ്യമായിരിക്കുന്നു..   വെറും 33ശതമാനം സംവരണം ആണ് ഇന്ന് സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ ഉള്ളത്.. ഇത് 100 ശതമാനത്തിലെയ്ക്ക് എത്തിക്കേണ്ടത്‌ ഇന്ത്യന്‍ സ്ത്രീ സമൂഹത്തിന്റെ അഭിമാന പ്രശ്നമാണ്.. സ്ത്രീ സമൂഹം കാലാകാലങ്ങളായി അനുഭവിക്കേണ്ടി വരുന്ന ഗര്‍ഭധാരണം എന്ന മാരണം  പുരുഷകെസരികള്‍ക്ക് കൈമാറുകയും സ്വാതന്ത്യത്തിന്റെ ചക്രവാളങ്ങളില്‍ പെന്‍ശലഭങ്ങള്‍ പാറിപ്പറക്കുകയും ചെയ്യുന്ന ആ കാഴ്ച്ച ഏറെ വിദൂരമല്ല.. സ്ത്രീ ഒരു കോപ്പന്റെയും പെങ്ങളല്ല, അമ്മയല്ല, ഭാര്യയല്ല.. മറിച്ച്  സ്ത്രീ ഒരു ഭയങ്കര സംഭവം തന്നെയാണ് .. "       
                                    -(മിസ്സ്‌. സുലോചനാ വര്‍മ്മ,  സ്ത്രീസംരക്ഷക (മൊത്തമായും ചില്ലറയായും!)




       "..വാസ്തവത്തില്‍ ഇവിടെ ശരിക്കും എന്നതാ  സംഭവിക്കുന്നത് എന്ന് പിടി കിട്ടുന്നില്ലെടാ ഉവ്വേ.. സാധാരണക്കാരന് ചൂടുവെള്ളത്തില്‍ കുളിക്കാന്‍ വയ്യ, ഉമ്മിക്കരി വെച്ച് പല്ല് തേയ്ക്കാന്‍ വയ്യ.. ഹെല്‍മെറ്റ്‌ ഇല്ലാതെ വണ്ടിയോട്ടാന്‍ വയ്യ.. പ്ളാസ്റിക് ബാഗില്‍ പച്ചക്കറി വാങ്ങാന്‍ വയ്യ.. അതൊക്കെ വല്യ വല്യ തെറ്റുകള്‍!! പോലിസ്‌ , കോടതി പിഴ.. തേങ്ങാക്കൊല!! കോടികള്‍ അഴിമതി നടത്തുന്നവന്‍ കൊടി വെച്ച കാറില്‍ പാഞ്ഞു പോകുന്നു!!.. അവരെ കാണുമ്പോ പോലിസ്‌ സലുറ്റ്‌ അടിക്കുന്നു.. ബോംബ്‌ പൊട്ടിച്ചു നാട്ടുകാരെ കൊന്ന തീവ്രവാദി ചിക്കെന്‍ ബിരിയാണി തിന്നുന്നു..  ഇതൊക്കെ പോരാഞ്ഞു  ഇടക്കിടെ അവന്റെയൊക്കെ അമ്മെക്കെട്ടിക്കാനായ്‌ ഓരോ ബന്ദും ഹര്‍ത്താലുമായി ഇറങ്ങും.. ഇതൊക്കെ എന്തോന്ന്‍ അവസ്ഥയാണ് അണ്ണാ.. അറിയാന്‍ വയ്യാഞ്ഞിട്ട് ചോതിക്കുവാ.."
                                                                 (-പൊതുജന കഴുതകളില്‍ ഇമ്മിണി മൂത്ത കഴുത )
           


         മേല്പറഞ്ഞതൊന്നും എന്റെ അഭിപ്രായങ്ങളായി ആരും തെറ്റിദ്ധരിക്കരുതേ എന്ന് അപേക്ഷയുണ്ട്.  ടിയാന്മാരെ പോലെ സ്വാതന്ത്യത്തെപ്പറ്റി ആശയ ബാഹുല്യത്താല്‍ സമലംകൃതമായ വിലയിരുത്തലുകല്‍ക്കൊന്നും  എനിക്ക് ആമ്പിയര്‍ ഇല്ല എന്ന വിവരം വ്യസന സമേതം അറിയിക്കുകയാണ്..  മാത്രമല്ല, ഇപ്പോള്‍  ആസ്വദിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്യത്തില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്.. ഒന്നുമല്ലേലും ഈ സ്വാതന്ത്യത്തിന്റെ മൂല്യം ഒന്നുകൊണ്ടു മാത്രമാണല്ലോ ഇതുപോലൊരു പീറബ്ലോഗ്‌ എനിക്ക് എഴുതാന്‍ സാധിക്കുന്നതും ഇന്ത്യന്‍ പ്രസിടന്ടു മുതല്‍ വാര്‍ഡ്‌ മെമ്പര്‍ വരെയുള്ളവര്‍  തുമ്മുന്നുണ്ടോ ചീറ്റുന്നുണ്ടോ എന്നൊക്കെ നോക്കിയിരുന്ന്, ഇനി മേലില്‍ ഈ പണി പറ്റില്ല എന്നൊക്കെ ഡയലോഗ് അടിക്കാന്‍ സാധിക്കുന്നതും!!.. ഇതൊക്കെ വല്ല ചൈനയിലോ അറബി നാട്ടിലോ ജനിച്ചു പോയിരുന്നേല്‍ നടപ്പതു കാര്യം വല്ലതുമാണോ!!..
എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെലും ഒരു ഇന്ത്യക്കാരനായി ഈ പുണ്യ ഭൂമിയില്‍ പിറന്നു വീഴാന്‍ ഇടയായതില്‍ ഞാന്‍ അഭിമാനിക്കുന്നു.. ദൈവത്തിനു നന്ദി പറയുന്നു.. 
       പിറന്ന മണ്ണിനുവേണ്ടി പ്രാണന്‍ ത്യജിച്ച വീരന്മാര്‍ക്കും,  ഇപ്പോഴും കൊടും തണുപ്പിനെ തൃണവല്‍ക്കരിച്ച്  മാതൃ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ധീര ജവാന്മാര്‍ക്കും ഒരു ബിഗ്‌ സല്യൂട്ട്.. 
എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്വാതന്ത്യ ദിനാശംസകള്‍ അഭിമാനപൂര്‍വ്വം നേരുന്നു..!!
ജയ്‌ ഹിന്ദ്‌ !!!!!       

                     
           

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...