Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Sunday, August 5, 2012

ആഗോള ഗ്രാമങ്ങള്‍ മറന്നുപോകുന്നത്..

  നല്ലൊരു ഞായറാഴ്ചയായതുകൊണ്ടും അതിലുപരി ഇന്ന് ലോക സൌഹൃദ ദിനം ആയതുകൊണ്ടും അല്പം തത്വചിന്തയുടെയും നൈതികത നിറഞ്ഞ മനുഷ്യ ബന്ധങ്ങളുടെയും നടപ്പാതകളിലൂടെ (ഈ ചവറിനെയൊക്കെ ഇങ്ങനെ വിശേഷിപ്പിക്കുന്നതില്‍ ക്ഷമിക്കുക.. ലേഖകന്‍റെ ജന്മസിദ്ധമായ അഹങ്കാരത്തിന്‍റെ ഭാഗം മാത്രമായി ഇതിനെയൊക്കെ കണ്ടാല്‍ മതി) പ്രാഞ്ചി പ്രാഞ്ചിയാണെങ്കിലും  അല്പം ചുവടുകള്‍ മുന്നോട്ട്  വെയ്ക്കുന്നത് കുറച്ച്‌  ആത്മീയ ഉത്കര്‍ഷത്തിനു (നിങ്ങളുടെയല്ല, എന്‍റെ..) ഉപകരിക്കുമെന്ന് തോന്നുന്നു. 

 വിജ്ഞാന വിസ്ഫോടനത്തിന്റെ സാങ്കേതിക തലങ്ങളെ പറ്റി എന്നെക്കാളും കൂടുതല്‍ അറിവ് അത്തരം സ്ഫോടനങ്ങള്‍ക്ക്‌ തിരി കൊളുത്തുന്ന, ഇപ്പോളും കൊളുത്തിക്കൊണ്ടിരിക്കുന്ന നിങ്ങള്‍ക്ക്‌ ഉണ്ട് എന്ന വസ്തുതയെപ്പറ്റി  നിങ്ങള്‍ക്ക്‌ സംശയം ഉണ്ടായേക്കാം എങ്കിലും എനിക്കില്ല.  ഇലക്ട്രോണിക് യുഗത്തിന്റെ പ്രവാചകന്‍ എന്നറിയപ്പെടുന്ന മാര്‍ഷല്‍ മാക്‌ ലുഹാന്‍ ഈ സമകാലീന ലോകത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്- 
             “...The time has ceased..
                                   space has vanished..
                                 we are living in a global village..”    
    സമയം ഇല്ലാതാകുന്ന, ദൂരങ്ങള്‍ അപ്രത്യക്ഷമാകുന്ന ഈ ഡാറ്റ സുനാമിയുടെ (Data Tsunami) ഓളങ്ങളില്‍ എങ്ങോട്ടെന്നില്ലാതെ തുഴഞ്ഞുനീങ്ങുന്ന നാം ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുകയാണ്. അതെ,  ഈ ആഗോള ഗ്രാമം ചെറുതാകുകയാണ്- എല്ലാ അര്‍ത്ഥത്തിലും.  ദൂരവും സമയവും മാത്രമല്ല, ഒരുകാലത്ത് നാം മഹത്തരം എന്ന് കരുതിയിരുന്ന പലതും ചുരുങ്ങിച്ചുരുങ്ങി ഒടുവില്‍ ശൂന്യതയില്‍ പുകച്ചുരുളുകള്‍ പോലെ വിലയം പ്രാപിക്കുകയാണ്.  എന്തിനെയും ഏതിനെയും സംശയത്തോടെ മാത്രം  വീക്ഷിക്കുന്ന ഒരു ശരാശരി ഔട്ട്‌സ്പോകെന്‍  മലയാളിയുടെ കണ്ണട കൊണ്ട് നോക്കുന്നതു കൊണ്ടാണോ എന്തോ.. മങ്ങിയ കാഴ്ചകള്‍ തന്നെ വീണ്ടും വീണ്ടും ഫ്രെയിമില്‍ നിറയുന്നു...

       ശാസ്ത്രത്തിന്റെ ചിറകിലേറി നാം കൂടുതല്‍ ഉയരങ്ങളും കൂടുതല്‍ ദൂരങ്ങളും പിന്നിടാനുള്ള വെമ്പലില്‍ മുകളിലേയ്ക്ക് കുതിക്കുകയാണ്. മുകളിലേയ്ക്ക് കുതിക്കാന്‍ പിണ്ഡം തടസമാകുമ്പോള്‍ അതിനു കാരണഹേതുവായ ദൈവകണത്തെ നാം പുറംകാലുകൊണ്ട് തട്ടിക്കളയുകയാണ് പതിവ്‌.  ഭാരം നഷ്ടപ്പെട്ട് ഒരു അപ്പൂപ്പന്‍ താടി പോലെ പാറിപ്പറന്ന്,  അതിര്‍വരമ്പുകള്‍ ഇല്ലാത്ത സ്വാതന്ത്യം ആസ്വദിച്ച്, നാം ജീവിതംതന്നെ ഒരു ആഘോഷമാക്കി മാറ്റാറുണ്ട്. 
  എങ്ങോട്ടെന്നില്ലാതെയുള്ള ഈ   പ്രയാണത്തില്‍ മാര്‍ഗതടസമായി മുന്നില്‍ വന്നു ചാടുന്നതിനെയെല്ലാം അന്‍പത്തൊന്നും അറുപത്തൊന്നും  വെട്ടു വെട്ടി  അരിഞ്ഞു  തള്ളാന്‍ പലപ്പോഴും നമുക്ക്‌ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. തെളിവുകള്‍ മാന്തിയെടുത്ത് ഒരു നികൃഷ്ടജീവിയും തന്റെ പിന്നാലെ വരില്ല എന്ന് ഉറപ്പുവരുത്തിയശേഷം പുത്തന്‍ മേച്ചില്‍പ്പുറങ്ങളില്‍ ഉല്ലസിക്കുമ്പോള്‍  ഒരു നാള്‍ സര്‍വശക്തന്റെ “നിന്റെ സഹോദരന്‍ എവിടെ?’ ചോദ്യത്തിനു ഉത്തരം നല്‍കേണ്ടിവരും  എന്ന വസ്തുത പലരും ഓര്‍ക്കാറുമില്ല.
 
 ഗര്‍ഭപാത്രത്തിനു പുറത്തെ വെളിച്ചത്തിന്റെ ഊഷ്മളതയും അമ്മയുടെ പുഞ്ചിരിയുടെ മനോഹാരിതയും  സ്വപ്നം കണ്ട്, സുഖസുഷുപ്തിയില്‍ മയങ്ങുന്ന നവമുകുളങ്ങളെ മുന്‍സിപ്പാലിറ്റിയുടെ ചവറുകൊട്ടയിലെയ്ക്ക് കഷണങ്ങളാക്കി വലിച്ചെറിഞ്ഞു കളയുമ്പോള്‍, കാലില്‍ കൊണ്ട മുള്ള് വലിച്ചൂരി കളയുന്ന ലാഘവം മാത്രമേ നമുക്ക്‌ തോന്നാറുള്ളൂ.
          അയല്‍ക്കാരുറെയും ആത്മാര്‍ത്ഥ സുഹൃത്തിന്റെയും നെഞ്ചത്ത്‌ കാലുറപ്പിച്ചു നിന്ന്  പുരോഗമനത്തിന്റെ ഏണിപ്പടികള്‍ കയറിപ്പോകുമ്പോള്‍ മനസാക്ഷിയുടെ പിന്‍വിളികള്‍ ഇന്നുനാം കേള്‍ക്കാറില്ല. ലക്ഷ്യവും മാര്‍ഗവും എല്ലാം ചോര പുരളുമ്പോഴും  അപ്പോഴൊക്കെ നമ്മുടെ സ്വപ്നങ്ങളില്‍ നിറയുന്ന മോഹനവര്‍ണ്ണങ്ങള്‍ പറഞ്ഞറിയിക്കാവുന്നതാണോ?.. സംതൃപ്തി എന്നത് അപ്പോളും ഒരു മരീചിക പോലെ അകന്നകന്നു പോവുകയല്ലേ.. പിടി തരാതെ..
 
 ഒടുവില്‍, രമ്യഹര്‍മ്യങ്ങളിലെ കനക സിംഹാസനങ്ങളില്‍ പടഞ്ഞിരുന്നു സാമൂഹ്യ നന്മയുടെയും മനുഷ്യത്വത്തിന്റെയും അപ്പസ്തോലന്മാരായി സ്വയം അവരോധിക്കുമ്പോള്‍ പിന്നിട്ട വഴികളെ നാമൊക്കെ സൌകര്യ പൂര്‍വം മറന്നുകളയുകയല്ലേ പതിവ്‌?. ട്വിട്ടരിലും ഫേസ്ബുക്കിലും കാരുണ്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും നവയുഗ പാഠങ്ങള്‍ രചിക്കുമ്പോഴും  നാട്ടുകാരെ ബോധവല്‍ക്കരിക്കുമ്പോഴും സ്വന്തം വീടിന്റെ പിന്നാമ്പുറങ്ങളിലോ ഇരുണ്ടകോണുകളിലോ കിടന്നു ശിഷ്ട ജീവിതം നരകിച്ചു തീര്‍ക്കുന്ന പുരാതന ജന്മങ്ങളെ കണ്ടില്ലന്നു നടിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് പഞ്ഞം ഉണ്ടെന്നു തോന്നുന്നില്ല. പ്രത്യേകിച്ചും ദൈവത്തിന്റെ സ്വന്തം നാട്ടില്‍..
  മേല്പറഞ്ഞ പുരാതന ജന്മങ്ങള്‍ സ്വന്തം ജീവിതത്തിനു വില വെയ്ക്കാതെ ചോര നീരാക്കിയും മുണ്ട് മുറുക്കിയുടുത്തും തള്ളിനീക്കിയ കാലഘട്ടങ്ങളുടെയും   സ്വയം വിറകുകൊള്ളിയായി എരിഞ്ഞു തീര്‍ന്ന ത്യാഗപൂര്‍ണമായ സായാഹ്നങ്ങളുടെയും  ആകെത്തുകയാണ്   ഇന്ന് തടിച്ചു കൊഴുത്ത് കൊളസ്ട്രോള്‍ മുറ്റിയിരിക്കുന്ന പുണ്യദേഹങ്ങളുടെ രൂപത്തില്‍ സുഖസൌകര്യങ്ങളുടെ ബ്ലാങ്കറ്റിനടിയില്‍ പുളച്ചു മറിയുന്നത് എന്ന വസ്തുത, സീനിയര്‍ സിറ്റിസണ്‍ റിസോര്‍ട്ടുകളായി മുഖം മിനുക്കിയ  ന്യൂ ജനറേഷന്‍ വൃദ്ധ സദനങ്ങളില്‍ സ്വന്തം മാതാപിതാക്കള്‍ക്ക്‌ അഡ്മിഷന്‍ വാങ്ങുമ്പോള്‍ ഒരു വല്‍സല പുത്രനും ഓര്‍ക്കാറില്ല. 
      സര്‍വവും വെട്ടിപ്പിടിച്ച് കാല്ച്ചുവട്ടിലാക്കി എന്ന് അഹങ്കരിക്കുമ്പോഴും തൃപ്തി എന്നത് വീണ്ടും ഒരു നിഗൂഡ സമസ്യ അജ്ഞാതമായി തുടരും. അഞ്ചുസെന്റ് സ്ഥലവും ചെറ്റക്കുടിലും ആവശ്യത്തിനും അതിലേറെയും പ്രാരാബ്ധങ്ങളും മാത്രം സംബാദ്യമായുള്ള അയല്‍വാസി എങ്ങനെയാണ് ഇത്ര സംതൃപ്തനും സന്തോഷവാനും ആയി കഴിയുന്നത്, എന്തുകൊണ്ടാണ് അയാള്‍ക്ക്‌ പരാതികള്‍ ഇല്ലാത്തത് എന്നതിനെക്കുറിച്ച് ഒരുപക്ഷെ നാം അത്ഭുതം കൂറും.. 
   മറവിയുടെ മാറാലകളും സ്വയംകൃത മറന്നുപോകലുകളും ഒരു കാലത്ത് തൂത്തെറിയപ്പെടുക തന്നെ ചെയ്യും. തിരിച്ചറിവുകള്‍ വാതിലില്‍ മുട്ടുമ്പോഴെയ്ക്കും ഏറെ വൈകിയിരിക്കും.  കാലം അതിന്റെ കാവ്യ നീതി എക്കാലത്തെയും പോലെ ഭംഗിയായി നിറവേറ്റുമ്പോള്‍ സ്വന്തം മക്കളോടു കോപിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള സ്വരം പോലും നഷ്ടപ്പെട്ടിരിക്കും. ഒടുവില്‍ എവിടെയാണ് പിഴച്ചത് എന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഒരായിരം കരങ്ങള്‍ തന്റെ നേരെ നീളുന്നതും അവനെ ക്രൂശിക്കുക എന്ന് അലറിവിളിക്കുന്നതും ഒരു ബ്ലായ്ക്ക് ആന്‍ഡ്‌ വൈറ്റ്‌ ഫിലിമില്‍ എന്നപോലെ അവ്യക്തമായി കാണാന്‍ സാധിക്കും.
         ആള്‍ക്കൂട്ടത്തിന്റെ തിരക്കില്‍ ഒഴുകി നീങ്ങിയിരുന്ന താന്‍ ഒറ്റയ്ക്കായത് എങ്ങനെ എന്ന ചോദ്യം മാത്രം അപ്പോളും ഒരു പ്രഹേളിക പോലെ അവശേഷിക്കും. ഒരുപക്ഷെ ജീവിത സായാഹ്നത്തിന്റെ അന്ത്യ യാമങ്ങളില്‍ അത് നാം തിരിച്ചരിഞ്ഞെക്കാം – ലോകം ചുരുങ്ങി ചെറുതായപ്പോള്‍ അതിനോടൊപ്പം തന്റെ മനസും ഹൃദയവും കൂടി ചെറുതായിപ്പോയി എന്ന സത്യം..    
     
വാല്‍ക്കഷണം:- 
  വിഷയ ദാരിദ്ര്യം കൊണ്ട് നട്ടംതിരിയുകയും  "എന്താടാ പുല്ലേ പുതിയ പോസ്റ്റ്‌ ഒന്നും ഇടാത്തത്?"..,  "..മസ്തിഷ്കത്തില്‍ ബ്ലോക്ക്‌ ബാധിച്ചോഡാ കോപ്പേ??.." എന്നിങ്ങനെയുള്ള ചോദ്യശരങ്ങളാല്‍ പൊറുതിമുട്ടുകയും ചെയ്യുമ്പോള്‍ എന്നെപ്പോലുള്ള NG ബ്ലോഗ്ഗര്‍മാര്‍ കാണിക്കുന്ന സ്ഥിരം  ചെപ്പടി വിദ്യകളുടെ ഭാഗം മാത്രമായി ഈ പോസ്റ്റിനെ  കാണുക!!. 


Tweet, Share & Like

 
Related Posts Plugin for WordPress, Blogger...