Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Thursday, August 23, 2012

ഇ-സാമ്പാറും മാവേലിയും പിന്നെ കുലംകുത്തിയും

                    
          ഐശ്വര്യത്തിന്റെ സൈറന്‍ മുഴക്കി വീണ്ടുമൊരു പൊന്നോണം കൂടി വരവായി.  മാവേലി തമ്പുരാന്‍ വീടിന്റെ ഉമ്മറപടിയിലെത്തി കേറണോ വേണ്ടയോ എന്ന ശങ്കയില്‍ നില്‍ക്കുകയാണ്.  പിന്നെന്താ തിരുമനസ്സിനെ അകത്തേയ്ക്ക് ക്ഷണിച്ചു  സപ്രമഞ്ചത്തിലേയ്ക്ക് ആനയിക്കാന്‍ ഇയാള്‍ക്ക്‌ ഇത്ര അമാന്തം എന്നായിരിക്കും നിങ്ങളുടെ സംശയം. ഒന്നുമല്ലേലും 'അതിഥി  ദേവോ ഭവ ' എന്നാണല്ലോ ആര്‍ഷഭാരതത്തിലെ     മാമുനിമാര്‍ നമുക്ക്‌ പകര്‍ന്നു തന്ന പൈതൃകവും സംസ്കാരവും.  മാത്രവുമല്ല,  ഒരു  സെന്‍സര്‍ എന്യുമരെട്ടറെ പോലെ വീട്ടുവാതില്‍ക്കല്‍ വിനയാന്വിതനായി നില്‍ക്കുന്നത്‌ ഒരു എക്സ്-രാജാവ്‌ ആകുമ്പോള്‍ പ്രോട്ടോക്കോള്‍ പ്രകാരം നല്‍കേണ്ട ബഹുമാനാദരവുകള്‍ നല്കിയില്ലേല്‍ കേസ്  വേറെയാകും. ഒരു ഭരണഘടനാപ്രതിസന്ധിയിലെയ്ക്ക് ഊതിപ്പെരുപ്പിച്ച്  വലുതാക്കാന്‍ ഒരു  പ്രശ്നവും കിട്ടാതെ  കാജാബീഡിയും വലിച്ചു സൈബര്‍ സ്പേസില്‍ അലഞ്ഞുതിരിയുന്ന  ഫേസ് ബുക്ക്‌  പാണന്മാര്‍  ഇതെങ്ങാനും സ്കെച്ച് ചെയ്‌താല്‍!!..  തമ്പുരാനെ!!.. എന്റെ കാര്യം പോക്കായി !!
                 വാസ്തവത്തില്‍, മേല്പറഞ്ഞ പോലുള്ള ബഹുമാനക്കുറവ്‌ ഒന്നും ഉണ്ടായിട്ടല്ല കേട്ടോ ഞാനിങ്ങനെ അലക്ഷ്യ ഭാവത്തില്‍ നില്‍ക്കുക. ഓണത്തിനും വിഷുവിനും ക്രിസ്തുമസിനുമൊക്കെ തുളസിയിലയും കൂവളത്തിലയും സമാസമം ചേര്‍ത്ത് തിളപ്പിച്ച കഞ്ഞി വെള്ളം കുംബിളിലാക്കി ചവച്ചരച്ചു കുടിയ്ക്കുന്ന സൊ കോള്‍ഡ്‌ കോരന്മാരുടെ പട്ടികയിലാണ് എന്റെ പേരും. ഇമ്മാതിരിയുള്ള ഒരുതരം ഗതിയില്ലായ്മയില്‍ നട്ടം തിരിയുമ്പോള്‍ എന്ത് , എവിടെന്നെടുത്ത്‌ , എങ്ങനെ മൂപ്പിലാന് സദ്യയൊരുക്കി കൊടുക്കും എന്നുള്ള ഒരു കണ്ഫ്യൂഷനും ഫീല്‍ ചെയ്തു തുടങ്ങിയിട്ടുണ്ട് .  കാണം വിറ്റുകിട്ടുന്ന കാശിനു തിരുമേനിയ്ക്ക് KFC ചിക്കന്‍ വാങ്ങിക്കൊടുക്കാം എന്ന് കരുതിയാല്‍ ആധാരക്കെട്ടുകള്‍ എല്ലാം പണയത്തിലാണ്. ഇനി, കെ.എഫ്.സി വേണ്ട പകരം  വല്ല അവിയലോ സാമ്പാറോ ഒക്കെ കൂട്ടി ഒരു കണ്‍വെന്‍ഷനല്‍ വെജ് സദ്യ ഒണ്ടാക്കി കൊടുക്കാം എന്ന് വെച്ചാല്‍  പച്ചക്കറി ചന്തയിലെയ്ക്ക്  തീ വില മൂലം എത്തിനോക്കാന്‍ വയ്യ.. 
                           എന്നെപ്പോലുള്ള ബിലോ ക്ലാസ്‌ കോരന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ഫോണോ ടാബ് ലറ്റോ മറ്റോ ഫ്രീ ആയി കൊടുക്കും എന്ന് കേട്ടായിരുന്നു. എത്രയും വേഗം കയ്യിലോട്ടു കിട്ടിയിരുന്നേല്‍ മുരിങ്ങക്കൊലിനും മത്തങ്ങയ്ക്കും പകരം ഈ കോപ്പൊക്കെ കണ്ടിച്ചിട്ട് ഒരു 'ഇ-സാമ്പാര്‍' വെച്ച് കൊടുക്കാമായിരുന്നു.. ഇനി, ഓണക്കോടിയുടെ കാര്യമാണേല്‍ പറയാനുമില്ല. പിന്നെയും ഒരു ആശ്വാസം ഉണ്ടാരുന്നത്  ഇത്തവണ എല്ലാ കേരളീയര്‍ക്കും വിദ്യാഭ്യാസ വകുപ്പ്‌ വക ഓണക്കോടികള്‍ സൌജന്യമായി കൊടുക്കും എന്നൊരു ശ്രുതി കേട്ടിരുന്നു. ഫേസ്ബുക്കന്മാര്‍ പറഞ്ഞുള്ള അറിവാണ്. ഒള്ളതാണോ എന്തോ !!.. ഹരിത കേരളത്തില്‍ ഹരിതാഭ ഓണം ആണത്രേ ഇത്തവണ ആഘോഷിക്കുക. പച്ചക്കരയുള്ള കസവ് സാരിയും പച്ചബ്ലൌസും ധരിച്ച മലയാളി മങ്കമാരും പച്ചമുണ്ടും ഷര്‍ട്ടും ധരിച്ച മങ്കന്മാരും പച്ച നിറമുള്ള SAS പേപ്പര്‍ വാഴയിലയില്‍ പച്ചരി ചോറും പച്ചടിയും കൂട്ടി ഓണമുണ്ണുന്ന കാഴ്ച സമ്പൂര്‍ണ്ണ സോഷ്യലിസത്തിന് മുന്നോടിയായുള്ള ദീപക്കാഴ്ചയാണ് പോലും!!      

            ഓണക്കളികള്‍ക്കും  ഓണത്തല്ലിനും   ദൈവം സഹായിച്  കേരളത്തില്‍ യാതൊരു പഞ്ഞവും ഇല്ല  എന്നത് ഒരു സമാധാനമാണ്.  കുലം കുത്തികള്‍ക്ക് പ്രത്യേക തരം തല്ലും പായ്ക്ക് ചെയ്തു  ചൊവ്വയില്‍ നിന്നും കൊട്ടേഷന്‍ സംഘം യാത്ര തിരിച്ചിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. കൊട്ടേഷന്‍ സംഘം എന്നൊക്കെ പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌ നമ്മടെ മാവേലീം ഒരു കൊട്ടേഷന്റെ ഇരയാണല്ലോ അല്ലെ !!.  ഒരു പക്ഷെ ദേവേന്ദ്രന്റെ കൊട്ടെഷനുമായി  വന്നു അതി ക്രൂരവും പൈശാചികവും ആയ രീതിയില്‍ പൊന്നു തമ്പുരാനെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ കോളേജില്‍നിന്ന്‌  തന്നെയാരിക്കും കൊടിസുനിയും മറ്റും എന്‍ജിനീയറിംഗ്  പഠിച്ചത് എന്നതില്‍ എനിക്ക്  യാതൊരു ഡൌട്ടും ഇല്ല. എന്തൊക്കെയായാലും കരഞ്ഞു കാലുപിടിച്ചു വാങ്ങുന്ന ആ മൂന്നു ചുവടില്‍ നിന്നും വ്യത്യസ്തമായി ,  51 വെട്ടിന് പണിയും തീര്‍ത്ത് അടുത്ത വിമാനത്തില്‍ ദുഫായിക്ക് മടങ്ങാന്‍ കഴിയത്തക്ക വിധത്തിലുള്ള ഒരു പ്രൊഫഷനലിസത്തിലേയ്ക്ക് കാര്യങ്ങള്‍ വളര്‍ന്നത്  അതിവേഗം ബഹുദൂരം പായുന്ന കേരളത്തിന്റെ വളര്‍ച്ചയുടെ ഭാഗം തന്നെയാണ് .                  
        ആ നിലയ്ക്ക്  നോക്കുമ്പോള്‍, ദേവലോകത്തിന്റെ സ്ഥാവരജംഗമ വസ്തുക്കള്‍ മൊത്തമായി സ്വന്തം പേരില്‍ എഴുതിവാങ്ങാന്‍ വളരെ നൈസായി  ചരട് വലിച്ച മാവേലി തമ്പുരാന്‍ ഒരു എലൈറ്റ്‌ ക്ലാസ്‌ കുലം കുത്തി തന്നെയാണ് എന്ന് പറയേണ്ടി വരും. ഒടുവില്‍ നല്ലൊരു രാജാവിനെ ചവിട്ടിതാഴ്ത്തി പണ്ടാരടക്കിയ  വാമനന്‍ ന്യു ജനറേഷന്‍ ഹീറോയും ജനകോടികളുടെ വിശ്വസ്ത സ്ഥാപനവുമായി മാറുമ്പോള്‍ ഒരു സമൂഹത്തിന്റെ ആത്മാവിഷ്കാരത്തിനായ്‌  രാജ്യം കൈ വിട്ട  മഹാബലി, ഒരു കോമിക്ക് കഥാപാത്രമോ കൊമാളിയോ ഒക്കെ ആയി  വീണ്ടും വീണ്ടും ഊളയാകുന്ന കാഴ്ചകള്‍ തന്നെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതും.
       എക്കാലത്തും പാര്‍ശ്വവല്ക്കരിക്കപ്പെടുകയും ദേവന്മാരാല്‍ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന അസുര വംശത്തില്‍ ജനിച്ചതുകൊണ്ടല്ലേ മാവേലിയ്ക്ക് ഈ പാടുപീഡ ഒക്കെ സഹിക്കേണ്ടി വന്നത് എന്ന പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. സുഖവും സന്തോഷവും അധികാരങ്ങളുമൊക്കെ ദേവന്മാര്‍ക്ക് മാത്രം വിധിച്ചിട്ടുള്ളതാണെന്നും ദേവലോകത്തിന്റെ പിന്നാമ്പുറത്ത് നിന്നും പൊഴിഞ്ഞു കിട്ടുന്നവ അമൃത് പോലെ ആസ്വദിച്ച് ജീവിതം കഴിച്ചു കൂട്ടുകയാണ് ഒരു ഐഡിയല്‍ അസുരന്‍ ചെയ്യേണ്ടത്‌ എന്നുമുള്ള സത്യം വിസ്മരിച്ചതല്ലേ മഹാബലിയ്ക്ക് പറ്റിയ അബദ്ധം?.. 
         കാര്യം,  കേരളത്തിന്റെ പൊന്നോമനയാണ്, ചക്രവര്‍ത്തിയാണ്, മാങ്ങാത്തൊലിയാണ്  എന്നൊക്കെ പറഞ്ഞു  എല്ലാ ഓണത്തിനും നാം വല്യ  ഡയലോഗ് അടിക്കുമെങ്കിലും മാവെലിയോടു ഒരു തരം വെറുക്കപ്പെട്ടവനോടുള്ള   മനോഭാവം അല്ലെ നാമൊക്കെ ഉള്ളിന്റെ ഉള്ളില്‍ വെച്ച് പുലര്‍ത്തുക?.  അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ്   ലോക്കല്‍ ചാത്തന്‍ന്മാര്‍ക്കും മാടനും മറുതയ്ക്കും  പോലും അമ്പലങ്ങളും പ്രതിഷ്ഠകളും  ഉള്ള നമ്മുടെ നാട്ടില്‍  മഹാബലി ചക്രവര്‍ത്തിയ്ക്ക് ഒരു കല്‍വിളക്ക്‌ തെളിക്കാന്‍ പോലും ആളില്ലാത്തത്??..     ചോതിക്കാനും പറയാനും ആളില്ലെന്ന് കരുതി മാവെലിയോടൊക്കെ  എന്തും ആകാമല്ലോ അല്ലെ..!!           

       നല്ലൊരു ഓണമായിട്ട്  എന്ത് പന്നത്തരം ഒക്കെയാണ്  ഇവന്‍ ഈ എഴുന്നള്ളിക്കുന്നത് എന്ന്  ചിന്തിക്കുന്നവര്‍ ഇത്ര മാത്രം മനസിലാക്കുക-  മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു സംസ്കാരത്തെ പായ്ക്കറ്റ് വല്ക്കരിക്കുന്ന ഈ  നവയുഗ കാലഘട്ടത്തില്‍,  മാവേലി എന്നത്  മാവ്‌, എലി എന്നീ സമത്വ സുന്ദര സോഷ്യലിസ്റ്റ്‌ സമസ്യകളുടെ  സമന്വയീ ഭാവം  ആണ് എന്ന്  സൈബര്‍ ലോകത്തെ  NG കുഞ്ഞുങ്ങള്‍  നാളെ പറഞ്ഞു കൂടായ്കയില്ല.    കാരണം സമൂഹത്തില്‍ നടപ്പിലുള്ള  സകല നിയമങ്ങളെയും വ്യവസ്ഥിതികളെയും ചോദ്യം ചെയ്യുകയും തന്റെതായ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് എല്ലാത്തിനെയും പുനര്നിര്‍വചിക്കുകയും രാജ്യത്തിന്‍റെ നിയമങ്ങള്‍ പോലും ഇതിനനുസരിച് മാറ്റിയെഴുതണം എന്നു ശഠിക്കുകയും ചെയ്യുമ്പോള്‍ ആണല്ലോ ഒരു NG യഥാര്‍ത്ഥ NG ആയി മാറുക..  രാജ്യത്തിന്റെ ദേശീയ പതാകയെ ആദരിക്കുന്നത് വിഡ്ഢിത്തമാണ് എന്നിങ്ങനെയുള്ള വെളിപാടുകള്‍ പോലും അപ്പോള്‍ തലയില്‍ ഉദിച്ചെന്നു വരാം.. പിന്നെയല്ലേ കേരളത്തിന്റെ ദേശീയ ഉത്സവം!!       കണ്ടുകൊണ്ടിരിക്കുന്നതും ഇനി  കാണാനിരിക്കുന്നതും ആയ പൂരങ്ങളെ വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ എന്ത് !!..   

എന്തായാലും നല്ലൊരു ഓണം ഉണ്ണാന്‍ കച്ചകെട്ടുന്നവരും "ക്യൂ നില്‍ക്കുന്നവരും"  കുമ്പിള്‍ കോട്ടുന്നവരുമായ എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക്  ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരത്തെ തന്നെ നേരുന്നു..                
                

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...