Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Sunday, December 30, 2012

ആഘോഷമാകുന്ന വേദനകള്‍..

       ജീവിക്കാനുള്ള മോഹം അവസാന ശ്വാസം വരെ പങ്കുവെച്ച ആ പെണ്‍കുട്ടി നിത്യതയുടെ തീരങ്ങളിലെയ്ക്ക് യാത്രയായിരിക്കുന്നു. നഷ്ടങ്ങളുടെ കണക്കുകള്‍ കൂട്ടിയും കിഴിച്ചും നാട്ടിലെ മാനഭംഗങ്ങളുടെയും  സ്ത്രീ പീടനങ്ങളുടെയും സ്ഥിതിവിവരക്കണക്കുകള്‍ താരതമ്യപ്പെടുത്തിയും  ഇനിയും ഏറെ നാള്‍ മീടിയകളില്‍ ആഘോഷങ്ങള്‍ നീണ്ടു നിന്നേക്കാം. കാമവെറിയന്മാരെ കഴുവിലേറ്റാനുള്ള മുറവിളികള്‍ക്ക് നാളെ  ഒരു പക്ഷെ ശക്തി കുറഞ്ഞേക്കാം. ചിതറുന്ന നോട്ടുകെട്ടുകളുടെ മുകളിലൂടെ കറുത്ത കോട്ടിട്ട വവ്വാലുകള്‍ പറന്നു വീഴുമ്പോള്‍ നിയമവ്യവസ്ഥയുടെ ലൂപ്‌ ഹോളുകളിലൂടെ ആ നികൃഷ്ട ജീവികളും രക്ഷപെട്ടെക്കാം. നിരത്തുകള്‍ നിറയുന്ന പ്രക്ഷോഭങ്ങള്‍ക്ക് അരങ്ങ് ഒഴിയുമ്പോള്‍  ഇന്നത്തെ ക്ഷോഭിക്കുന്ന യുവത്വം വീണ്ടും യൂട്യൂബില്‍ വസന്തമായി വിരിയുന്ന  മായക്കാഴ്ച്ചകളിലെയ്ക്കും  സണ്ണി ലിയോണിന്റെ സുവിശേഷങ്ങളിലെയ്ക്കും  മടങ്ങും.   ഇനിയും, സ്ത്രീവിമോചനത്തിന്റെ ന്യൂ ജനറേഷന്‍ വീഡിയോകള്‍  3GP, MP4 ഫോര്‍മാറ്റുകളില്‍   മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്‌ ഇത്യാതികളിലൂടെ ചിറകടിച്ചു പറക്കും.. അപ്പോള്‍,  ആരും അനുസ്മരിക്കാതെ പോയ ആ പോലീസുകാരന്റെ ആത്മാവ് ഒരു പുച്ഛച്ചിരിയോടെ പറയും .. "എന്തിനോ  വേണ്ടി തിളച്ച സാമ്പാറുകള്‍.... കഷ്ടം.. തണുത്തു പോയല്ലോ.."    

    
    ഇപ്പോഴും ചര്‍ച്ചാ വേദികള്‍ സജീവമാണ്.. ബുദ്ധിജീവികളും..   അവര്‍ ചര്‍ച്ച ചെയ്യുന്നു - ഫ്യൂഡല്‍ പുരുഷാധിപത്യ വാഴ്ചയുടെ അടിവേരു പിഴുതെടുക്കെണ്ടതിന്റെ ആവശ്യകതയെ കുറിച്ച്..   ഇനിയും പൂവണിയാത്ത ഫെമിനിസ്റ്റ്‌വസന്തം പൊട്ടിവിടരേണ്ട സമയം അതിക്രമിച്ചത്തിന്റെ നഷ്ട ഭാഗ്യങ്ങളെക്കുറിച്ച്.. പീഡനവീരന്മാരെ തൂക്കിക്കൊല്ലണോ  കരണ്ടടിപ്പിച്ചു കൊല്ലണോ അതോ 'നിര്‍വീര്യ'രാക്കി തുറന്നു വിട്ടാല്‍ മതിയോ എന്നതിനെപ്പറ്റി..  നിയമത്തിന്റെ നൂലാമാലകള്‍  കൂടുതല്‍ സങ്കീര്‍ണ്ണം ആക്കുന്നതിനെപ്പറ്റി.. പീഡിപ്പിക്കാന്‍ മുട്ടുന്നവര്‍ക്കായി എല്ലാ സംസ്ഥാനങ്ങളിലും വേശ്യാലയങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ തുറന്നു പ്രവര്തിപ്പിക്കെണ്ടതിന്റെ അനിവാര്യതയെപ്പറ്റി.. തന്മൂലം സര്‍ക്കാരിന് ലഭ്യമായേക്കാവുന്ന കോടികളുടെ ലാഭക്കണക്കിനെപ്പറ്റി..   അങ്ങനെ ചര്‍ച്ചകള്‍ നടക്കുന്നു.. നടന്നുകൊണ്ടേയിരിക്കുന്നു.
      മറ്റൊരു വശത്ത്, പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ തങ്ങളുടെ സ്ഥിരം കലാ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. അവര്‍ക്കാവശ്യം താല്‍കാലികമായ രാഷ്ട്രീയനേട്ടങ്ങളും തെറിക്കുന്ന കുറെ കസേരകളുമാണ്. ഒരു പറ്റം കാമാസക്തരായ മനോരോഗികള്‍ ആ  പെണ്‍കുട്ടിയെ പിച്ചിചീന്തിയത്  രാജ്യം ഭരിക്കുന്ന മന്മോഹന്സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും പിടിപ്പുകേടാണ് എന്ന് പറയുന്നവരുടെ തലയില്‍ വര്‍ക്ക്‌ ചെയ്യുന്നത് ഇന്റലിന്റെ ഐ സെവെന്‍ പ്രോസസ്സര്‍ തന്നെയാണ് എന്നതിന് യാതൊരു സംശയവും വേണ്ട.
      പൊതു സമൂഹത്തിന്റെ എല്ലാ വികാരങ്ങളെയും പുച്ഛത്തോടെ കാണുന്ന എലൈറ്റ്‌ ക്ലാസ്സ്‌  ജീവികളും വാചക മേളയില്‍  ഒട്ടും പിന്നില്‍ അല്ല. ഭൂരിപക്ഷാഭിപ്രായത്തെ എതിര്‍ത്ത്  മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്ന  ചെപ്പടി വിദ്യ ഇന്ന്  പോപുലര്‍ ആയി വരുന്നു. മീനച്ചിലാറില്‍ മുങ്ങാംകുഴിയിട്ടു  പഠിച്ച താറാവുകളെ ആരും ഒഴുക്കിനെതിരെ നീന്താന്‍ ക്രാഷ് കോഴ്സ്‌ കൊടുക്കേണ്ടതില്ല.  അവര്‍ക്കറിയെണ്ടത് ഇതാണോ ഉത്തരാധുനിക  ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ ബലാത്സംഗം എന്നാണ്. മാത്രമല്ല, ഡല്‍ഹിയിലെ പെണ്‍കുട്ടി സമ്പന്നയും ഉന്നതകുലജാതയും ആയതുകൊണ്ടാണ് ഇപ്പോള്‍ ഈ പ്രതിഷേധങ്ങള്‍ ഒക്കെ ഉയരുന്നത് പോലും!!. കീഴ്ജാതിക്കാരിയോ ദരിദ്രയോ ആയിരുന്നു എങ്കില്‍ ഈ പ്രതിഷേധങ്ങള്‍ ഒന്നും  സംഭവിക്കില്ല പോലും (ഇനി മുതല്‍ പ്രതിഷേധങ്ങള്‍ക്കും റിസര്‍വേഷന്‍ ഏര്‍പ്പെടുത്തേണ്ടി വരും എന്ന് സാരം. ക്രീമി ലെയറിനെ വേണമെങ്കില്‍ ഒഴിവാക്കാം).  ഇനിയും മറ്റു ചില മാധ്യമങ്ങളുടെ വിഷലിപ്തമായ സൃഷ്ടികള്‍ വായിച്ചാല്‍ തോന്നുക ഇന്ത്യന്‍ ആര്‍മി എന്നത് മാനഭംഗ വീരന്മാരുടെ കൂട്ടമാണ് എന്നും, ഇവര്‍ മൂലം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വഴി നടന്നുകൂടാ എന്നൊക്കെയാണ്. ആദ്യം കഴുവില്‍ ഏറ്റെണ്ടത് ഈ ജവാന്മാരെ ആണെന്നും ഇവരുടെ ഭീകര കൃത്യങ്ങള്‍ക്ക് മുന്നില്‍ ടെല്ലിയിലെ കുറ്റവാളികള്‍ ചെയ്തത് ഒന്നുമല്ല എന്നും ഇവര്‍ പറയുന്നു. ഏറ്റവും കൌതുകകരം ആയ വസ്തുത ഇതേ മാധ്യമ സിങ്കങ്ങള്‍ തന്നെയാണ് മാസങ്ങള്‍ക്ക്‌ മുന്‍പ്‌  പാക്കിസ്ഥാനില്‍ മലാലയെ താലിബാന്‍ ഭീകരര്‍ ആക്രമിച്ച സംഭവം  ആഗോള വിഷയം ആയതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചതും. 
'ഡല്‍ഹിയിലെ പുരുഷന്മാര്‍ എല്ലാവരും പെണ്ണുപിടിയന്മാര്‍' ആണ്  എന്ന് പറയുന്നത് പോലെ പരിഹാസ്യമാണ് ഇന്ത്യന്‍ ആര്‍മിയെ അടച്ച് ആക്ഷേപിച്ചുകൊണ്ടുള്ള  ടിയാന്മാരുടെ വാദവും. ഇവരുടെ അടുപ്പുകളില്‍ വെന്തുകൊണ്ടിരിക്കുന്നത് ആരുടെ പരിപ്പ് ആണ് എന്നത് സാമാന്യ ബോധം ഉള്ളവര്‍ക്ക്‌ മനസിലാക്കാവുന്നതെ ഉള്ളൂ.  എന്തായാലും, ഏതൊക്കെ പാത്രങ്ങള്‍ തിളച്ചു തൂവും, ഏതൊക്കെ പാത്രങ്ങള്‍  പൂച്ച തട്ടിമറിക്കും എന്നത്  കാലം തെളിയിക്കേണ്ടിയിരിക്കുന്നു...   

'ആര്‍ക്കുനേരെ' എന്ന് തീര്ച്ചയില്ലാത്ത പ്രതിഷേധങ്ങള്‍ അതിന്റെ പരിസമാപ്തിയിലെയ്ക്ക് നീങ്ങിത്തുടങ്ങുമ്പോള്‍ ഹൃദയത്തിലെവിടെയോ ഒരു നൊമ്പരം ബാക്കിയാവുകയാണ്..   
"അവരെ  തൂക്കിലേറ്റുവിന്‍.. " എന്ന് ഉയരുന്ന ആരവങ്ങളോടോപ്പം എന്റെ സ്വരം ഉയരാതതെന്തേ.. തൊണ്ടയില്‍  തടയുന്ന ശബ്ദ ശകലങ്ങള്‍.. രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം നിന്ന് ഒരു സ്വരം മുഴങ്ങിക്കേള്‍ക്കുന്നു..  "നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം കല്ലെറിയട്ടെ.."  
 അപരനിലെയ്ക്ക് ഒരു വിരല്‍ നീട്ടുമ്പോള്‍ എന്നിലേയ്ക്ക് തിരിയുന്ന നാല് വിരലുകള്‍ ഞാന്‍ തിരിച്ചറിയുന്നു.  സമൂഹത്തിനു മുന്നില്‍ സത്ഗുണസമ്പന്നനും ഹരിശ്ചന്ദ്രനും ആയി  ചമയുന്ന എന്നിലെ സോഷ്യല്‍മീഡിയ ജീവി കയ്യിലെ കല്ലുകള്‍ താഴെയിട്ട്  തല താഴ്ത്തി പിന്തിരിഞ്ഞു  നടക്കുകയാണ്..        

   സച്ചിതാനന്ദന്റെ വരികള്‍ അറിയാതെ മനസ്സില്‍ ഓടിയെത്തുന്നു..

                                     'ആറാം ദിവസമാണ് ദൈവത്തിന് 
                                          കയ്യബദ്ധം പിണഞ്ഞത്
                                        പ്രണയമില്ലാതെ പ്രാപിക്കുകയും
                                      വിനയമില്ലാതെ പ്രാർത്ഥിക്കുകയും
                                      തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന
                                         മൃഗത്തെ സൃഷ്ടിച്ച ആ ദിവസം'         
             

Saturday, December 22, 2012

സദ്‌ വാര്‍ത്തയുടെ ദേവദൂതര്‍..


            "...ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ വലിയ സദ്വാര്‍ത്ത നിങ്ങളെ ഞാന്‍ അറിയിക്കുന്നു...  "               (ലൂക്കാ 2:10)

  വീണ്ടുമൊരു ക്രിസ്തുമസ് കൂടി വന്നണയുകയാണ്.. മഞ്ഞില്‍ കുളിച്ച ഡിസംബറും കരോള്‍ ഗാനങ്ങളുടെ ഈരടികളും കണ്ണുകള്‍ക്ക്‌ ഇമ്പമേകുന്ന നക്ഷത്ര വിളക്കുകളും  എല്ലാം ദൈവപുത്രന്റെ പിറവിയുടെ മധുര സ്മരണകള്‍ വിളിച്ചോതുന്നു..  "ഞങ്ങളുടെ കാലത്തെ ക്രിസ്തുമസ് ആയിരുന്നു ക്രിസ്തുമസ്.. ഇപ്പൊളൊക്കെ  എന്തോന്ന് ക്രിസ്തുമസ്!!' എന്ന ഡയലോഗ് അടിക്കാന്‍ മാത്രം പ്രായം ആയിട്ടില്ല എനിക്ക്.  കഷ്ടിച്ച്  24 വര്‍ഷങ്ങള്‍ മാത്രമേ ഇതുവരെ ജീവിത വല്ലരിയില്‍ നിന്നും ഉണങ്ങിക്കൊഴിഞ്ഞു പോയിട്ടുള്ളൂ. എങ്കിലും  ഞാന്‍ ആദ്യമായി സാക്ഷ്യം വഹിച്ച 1988ലെ  ക്രിസ്തുമസില്‍ നിന്നും (ഓര്‍മ്മ ഇല്ലേലും.. ചുമ്മാ പറയാല്ലോ!!)   ഈ 2012ലെ ക്രിസ്തുമസ് വരെ എത്തിനില്‍ക്കുമ്പോള്‍ ഒന്ന് മാത്രം അറിയാന്‍ സാധിക്കുന്നു..   എന്തൊക്കെയോ എനിക്ക് മിസ്സ്‌ ചെയ്യുന്നു.. അന്നത്തെ ക്രിസ്തുമസ് കാലങ്ങളില്‍ മനസ്സില്‍ നിറഞ്ഞിരുന്ന ഉല്ലാസവും സന്തോഷവുമൊക്കെ ഇന്ന് എവിടെയോ കൈമോശം വന്നപോലെ.. 
എന്തോ.. അന്നത്തെ നിഷ്കളങ്കതയും സന്മനസുമൊക്കെ കളഞ്ഞുപോയതാകാം ഈ വശപ്പിശകിനൊക്കെ കാരണം.. കാരണം സന്മനസ്‌ ഉള്ളവര്‍ക്ക്‌ മാത്രമാണല്ലോ സമാധാനം ഉറപ്പ്‌ തന്നിട്ടുള്ളത്.. 


        എന്തിനെയും കണ്ണുകളില്‍ നിറയെ അത്ഭുതത്തോടെയും  ആകാംക്ഷയോടെയും  മാത്രം നോക്കിക്കണ്ടിരുന്ന ഒരു പിഞ്ചു പൈതലില്‍  നിന്നും ഞാന്‍ ഇന്ന് കുറെ  ദൂരം പിന്നിട്ടിരിക്കുന്നു. കാപട്യവും വഞ്ചനയും മാത്സര്യവും നിറഞ്ഞ ലോകത്തില്‍, അതിന്റെ ഏറ്റവും ആക്ടീവായ ഒരു സിസ്റം പ്രോസ്സസ് മാത്രമായിരിക്കുന്നു ഇന്ന് ഞാന്‍. കൂടെ ഓടുന്നവനെ ടാക്കിള്‍ ചെയ്ത് വീഴ്ത്തി കൂടുതല്‍ വേഗത്തിലെയ്ക്കും കൂടുതല്‍ ഉയരത്തിലെയ്ക്കും കുതിയ്ക്കുമ്പോള്‍ കോര്‍പറേറ്റ്‌ ലോകത്തിന്റെ ആര്‍പ്പുവിളികള്‍ എനിയ്ക്ക്‌ കേള്‍ക്കാം.. "..ഇതാണ് ശരിയായ വഴി.. ധൈര്യമായി ഓടുക.. കൂടുതല്‍ നാഴികക്കല്ലുകള്‍ പിന്നിടുക.." 
  അപ്പോഴും പച്ച കെടാതെ മനസ്സിന്റെ അടിത്തട്ടുകളില്‍ എങ്ങോ പൂണ്ടു കിടക്കുന്ന കുറെ നല്ല ഓര്‍മ്മകള്‍  മന:സാക്ഷിയെ  കുത്തിനോവിക്കുന്നുണ്ടാവും.. അസ്വസ്ഥമാകുന്ന സായഹ്ന്നങ്ങളില്‍ സാന്ത്വനം തേടി വേദപുസ്തകം തുറക്കുമ്പോള്‍ ബെതലഹെമിലെ ആ  മാലാഖമാരുടെ ദേവ സംഗീതം കേള്‍ക്കാം...  
         "..അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം.. ഭൂമിയില്‍ സന്മനസ്സ് ഉള്ളവര്‍ക്ക്‌ സമാധാനം.." 
    സമാധാനം അഷുര്‍  ചെയ്യപ്പെട്ടിരിക്കുന്ന ആ സന്മനസ്സുള്ളവരുടെ കൂട്ടത്തില്‍ നിന്നും ഞാന്‍ പുറം തിരിഞ്ഞോടിയത്  എന്നാണ്?..     
      സമാധാനം തരുന്ന വാര്‍ത്തകള്‍ ഒന്നുമല്ല നാം ഇന്ന് കേട്ടുകൊണ്ടിരിക്കുന്നത്. റാമയിലെ വിലാപങ്ങള്‍ ഇന്നും ആവര്‍ത്തിക്കപ്പെടുന്നു.  ഇന്നും ഒട്ടേറെ റെയ്ച്ചലുമാര്‍ തങ്ങളുടെ മക്കളെ ഓര്‍ത്ത്‌ കരയുന്നു.. ചുട്ടുകൊല്ലപ്പെട്ട പിഞ്ചു കുരുന്നുകളെ ഓര്‍ത്ത്‌.. നഗരമധ്യത്തില്‍ ചെന്നായ്ക്കളാല്‍ കടിച്ചു കീറപ്പെടുന്ന തന്റെ പെണ്മക്കളെ ഓര്‍ത്ത്‌.. ലഹരിക്കടിമപ്പെട്ടു ജീവിതം തുലയ്ക്കുന്ന യുവത്വത്തെ ഓര്‍ത്ത്‌.. ഇവിടെയൊക്കെ നാം വല്ലാതെ അസ്വസ്തരാകുന്നു.. അല്ലെങ്കില്‍ അസ്വസ്തരാകുന്നതുപോലെ  അഭിനയിക്കുന്നു. ഹേറോദേസ്-മാരുടെ രക്തത്തിനായി നാം അലറിവിളിക്കുന്നു. ഫേസ്ബുക്കില്‍  പോസ്റ്റ്‌ ഇടുന്നു, ട്വീട്ടുന്നു, നിരത്തുകളില്‍ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തുന്നു.  പ്രഹസ്വനങ്ങളായി തീരുന്ന ഇത്തരം പൊറാട്ട് നാടകങ്ങള്‍ക്കപ്പുറം നമ്മില്‍ എത്ര പേര്‍ ഈ അമ്മമാരുടെ കണ്ണീര്‍ തുടയ്ക്കാന്‍ മുന്നോട്ടിറങ്ങുന്നുണ്ട് ?
         മാനം മുട്ടുന്ന ദൈവാലയ ഗോപുരങ്ങള്‍ക്കും രണ്ടു ലക്ഷം രൂപയുടെ പുല്‍ക്കൂടുകള്‍ക്കും ഇരുനൂറടി നീളമുള്ള നക്ഷത്ര ഭീമന്മാര്‍ക്കുമപ്പുറത്ത്‌, പാര്‍ശ്വവല്ക്കരിക്കപ്പെടുന്ന ഒരു സമൂഹം ആളുകള്‍ ഒട്ടേറെ വേദനകളും ആകുലതകളുമായി കഴിയുന്നുണ്ട്.  ഒരു പക്ഷെ തീപുകയാത്ത അടുപ്പുകളെ ഓര്ത്താകാം അവരുടെ വേദന.. അല്ലെങ്കില്‍ തളര്‍ന്നു കിടക്കുന്ന പങ്കാളിയെ ഓര്‍ത്ത്‌.. അല്ലെങ്കില്‍ പ്രൊഫഷണല്‍ കോഴ്സ്‌-നു പഠിക്കുന്ന തങ്ങളുടെ മക്കളുടെ അടുത്ത ഗഡു ഫീസ്‌ കെട്ടുന്നതിനെയോര്ത്ത്.. അതുമല്ലെങ്കില്‍ കയറിക്കിടക്കാന്‍ ഒരു കൂര ഇല്ലാത്തതിനെ ഓര്‍ത്ത്‌..  'ഭയപ്പെടേണ്ട' എന്നോതി ഇന്നും അവരുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ സത്-വാര്‍ത്തയുമായി ദേവദൂതന്മാര്‍ പറന്നിറങ്ങാറുമുണ്ട്.. സ്വര്‍ഗത്തില്‍ നിന്നല്ല-  ഈ  ഭൂമിയിലെ മാലാഖമാര്‍!!..  
           സ്നേഹവും കരുണയും കാരുണ്യവും അത്ര കണ്ടു കൈമോശം വന്നിട്ടില്ല നമ്മുടെ സമൂഹത്തില്‍.. ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന കുറെ ആളുകള്‍.. തനിക്ക് കിട്ടുന്ന അപ്പത്തില്‍ പാതി അപരനാണ് എന്ന് വിശ്വസിക്കുന്നവര്‍..    കാരണം, അവര്‍ക്കറിയാം 'ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെ എന്ന് ദിവ്യനാഥന്‍ മൊഴിഞ്ഞതിന്റെ പൊരുള്‍.. അവര്‍ക്കറിയാം തങ്ങളുടെ ഗുരു പിറന്നുവീണത്  ഈച്ചയും കൊതുകുമാര്‍ക്കുന്ന ഒരു കാലിതൊഴുത്തില്‍ ആണെന്ന്.. അവര്‍ക്കറിയാം പറവകള്‍ക്കാകാശവും കുരുനരികള്‍ക്ക് മാളങ്ങളും ഉള്ള ഈ ഭൂമിയില്‍, അമരങ്ങളില്‍ അന്തിയുറങ്ങിയ ഭൂലോക നാഥനെ..    മുക്കുവരുറെയും ആട്ടിടയന്മാരുടെയും  ചങ്ങാതിയായ ആ നസ്രായന്‍ തച്ചനെ..
അവര്‍ക്കറിയാം രാജകൊട്ടാരങ്ങളില്‍   മിശിഹാ പിറക്കുന്നില്ല എന്ന ചരിത്ര സത്യം.. അതെ, സ്നേഹവും കരുണയും കാരുണ്യവും അത്ര കണ്ടു കൈമോശം വന്നിട്ടില്ല.. നാം കരുതുന്ന പോലെ..

         സ്വന്തം  ജീവിതത്തിലേയ്ക്ക്  അല്ഭുതതിന്റെയും  സന്തോഷത്തിന്റെയും സന്ദേശവുമായി പറന്നിറങ്ങുന്ന ഒരു സ്വര്‍ഗീയ ദൂതനായി കാത്തിരിക്കാതെ, നമുക്കും സദ്‌വാര്‍ത്തയുടെ മാലാഖമാര്‍ ആയിതീരാം.. സോദരുടെ-സഹജീവികളുടെ-ജീവിതങ്ങളില്‍ പ്രത്യാശയുടെ താരകങ്ങള്‍ തെളിക്കാം..   വിലപിക്കുന്ന റേച്ചല്‍-മാരുടെ കണ്ണീരൊപ്പാം..    
                  
        എന്തെന്നാല്‍, ദൈവരാജ്യം നമ്മുടെ ഇടയില്‍ തന്നെ ആണല്ലോ..   

എല്ലാ പ്രിയ സ്നേഹിതര്‍ക്കും വായനക്കാര്‍ക്കും ഹൃദയപൂര്‍വമായ ക്രിസ്തുമസ് മംഗളങ്ങള്‍  നേരുന്നു..        
                       

Saturday, November 24, 2012

ചോരപ്പുഴകള്‍ വീണ്ടുമൊഴുകുമ്പോള്‍..

       ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും  സൈബര്‍ എഴുത്ത് പുരകളിലും നിറഞ്ഞു നില്‍ക്കുന്നത്‌ ഗാസയില്‍ കവിഞ്ഞൊഴുകുന്ന രക്തമാണ്. പാലസ്തീന്‍ ജനതയെ തിന്നൊടുക്കുന്ന ഇസ്രായേല്‍ കാപലികര്‍ക്കെതിരെ ആകുംവിധം പ്രധിഷേധം കോരിച്ചോരിയാന്‍   ടി എഴുത്തുകാര്‍ എല്ലാവരും തന്നെ അവശ്യം ശ്രദ്ധ കൊടുക്കുന്നുമുണ്ട്‌. സയണിസ്റ്റ്‌ കിരാതവാഴ്ചയുടെ നിത്യഹരിത പ്രതിനായകന്മാരായി ഇസ്രയേലിനെ അവരോധിച്ചുകൊണ്ടും    സാമ്രാജ്യത അധിനിവേശത്തിന്റെ പുത്തന്‍മുഖമായുമൊക്കെ ഈ സംഭവങ്ങളെ വിലയിരുത്തുവാനാണ് എല്ലാ സൈബര്‍ സമാധാന സംസ്ഥാപകര്‍ക്കും താല്പര്യം എന്ന് തോന്നുന്നു. ഇസ്രായേല്‍ ഭീകരതകള്‍ക്കെതിരെ കേരളത്തിലെ നിരത്തുകളിലും മുക്കുകളിലും കവലകളിലുമൊക്കെ ഘോരഘോരം പ്രസംഗങ്ങള്‍ പൊടിപൊടിക്കുന്നു.  "ഇന്ത്യ എന്തെ ഇടപെടാത്തെ?, ലോകരാഷ്ട്രങ്ങളുടെ അണ്ണാക്കില്‍ പിരിവെട്ടിയോ?"  എന്നിങ്ങനെയുള്ള  ഗര്‍ജനങ്ങള്‍ കേട്ടു തുടങ്ങിയിട്ടും ഉണ്ട്. 
  അക്രമങ്ങളും അധിനിവേശങ്ങളും രക്തചൊരിച്ചിലുകളും ആര് നടത്തിയാലും അത് അപലപിക്കപ്പെടെണ്ടതാണ്. പക്ഷെ, ചില രക്തചൊരിച്ചിലുകള്‍ മഹനീയവും മറ്റു ചിലത് വെറുക്കപ്പെടെണ്ടതുമാകുന്നതിലെ കാപട്യമാണ് എനിക്ക് ഇഷ്ടപ്പെടാതെ വരുന്നത്. ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധമായ ക്രൂരതകള്‍ ആണ്  പാലസ്തീനയില്‍ ഇപ്പോള്‍ നടമാടുന്നത് എന്നും    മറ്റും പറഞ്ഞു പ്രതിക്ഷേധ പ്രഹസനങ്ങളും കീബോര്‍ഡ്‌ പ്രതികരണങ്ങളുമായി  ഇസ്രെയെലിനെതിരെ യുദ്ധം കുറിക്കുന്നവരോടു എനിക്ക് ചോതിക്കാനുള്ള ചോദ്യം ഇതാണ് - 

  •   എവിടെയായിരുന്നു നിങ്ങള്‍ ഇക്കാലമത്രയും?.
  •  വിശുദ്ധയുദ്ധത്തിന്റെ പേരുപറഞ്ഞു ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഇക്കാലമത്രയും  രക്തപ്പുഴകള്‍ ഒഴുകിയപ്പോള്‍ നിങ്ങള്‍ എവിടായിരുന്നു??..
  • അമേരിക്കയില്‍ ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നു നിരപരാധര്‍ കൊല്ലപ്പെട്ടപ്പോള്‍ നിങ്ങളുടെ ശബ്ദം കേള്‍ക്കാനില്ലായിരുന്നല്ലോ.. എന്തെ അന്ന് നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?.. 
  •  പാലസ്തീന്‍ പോലെ, നമ്മുടെ  ഈ ഭൂലോകത്തിന്റെ തന്നെ  ഭാഗങ്ങളായ ശ്രീലങ്ക, നിജീരിയ, സിറിയ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ച് നിങ്ങള്‍ മൌനം അവലംബിക്കുന്നതെന്തേ?.. 
  •  ഒന്നും വേണ്ട, നമ്മുടെ മാതൃരാജ്യത്ത്, ബോംബെയില്‍ ഒരു പറ്റം കശാപ്പുകാര്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള   നമ്മുടെ സഹോദരരെ കാട്ടുപന്നിയെ വെടിവെച്ചിടുന്ന പോലെ ചന്നം ചിന്നം വെടിവെച്ചു വീഴ്ത്തിയപ്പോഴും നിങ്ങളുടെ ആദര്‍ശ ധീരതയും പ്രതികരണ ശൂരതയും എവിടെപ്പോയിരുന്നു??..
  •   ഇന്ത്യയുടെ ഭരണ സിരാകേന്ദ്രത്തിനു നേരെ ശത്രുക്കള്‍  ഏറു പടക്കമെറിഞ്ഞു രസിച്ചപ്പോള്‍ പ്രതിഷേധസൂചകമായി ഒരാളുടെ പോലും ശബ്ദം ഉയര്‍ന്നു കേട്ടില്ലല്ലോ..       
  •   ഇക്കഴിഞ്ഞ ദിവസം ഒരു രാജ്യദ്രോഹിയെ തൂക്കിലേറ്റിയപ്പോള്‍, ബോംബെയില്‍ പൊലിഞ്ഞ നിഷ്കളങ്കരുടെ ജീവനുകളെക്കാലേറെ നിങ്ങളുടെ   വേവലാതി, ഈ വധശിക്ഷ നടപ്പാക്കാന്‍  ഗവണ്മെന്‍റ് കാണിച്ച തിടുക്കത്തെക്കുറിച്ചായിരുന്നല്ലോ..  

                എന്തെ, ഇന്ത്യക്കാരന്റെ  ചോരയ്ക്ക് ചുവപ്പല്ലേ കളര്‍?..   


        ഇതില്‍  നിന്നൊക്കെ വ്യക്തമാകുന്ന സത്യം ഇതാണ് - ഭൂമി കുതിര്‍ക്കുന്ന ചോരപ്പുഴകളെ ഓര്‍ത്ത്‌ അല്ല നിങ്ങളുടെ സങ്കടം. മറിച്ച്, ചോരയൊലിപ്പിച്ച് കിടക്കുന്നവന്റെ മതം - അതാണ്‌ ഇവിടത്തെ മനുഷ്യാവകാശങ്ങളുടെയും പ്രതിഷേധ റാലികളുടെയും സൊ കോള്‍ഡ്‌ അധിനിവേശങ്ങളുടെയും ഒക്കെ ആഴവും പരപ്പും തീവ്രതയുമൊക്കെ നിശ്ചയിക്കുക.. ഒരു പ്രത്യേക മതവിഭാഗക്കാര്‍  ലോകമെമ്പാടും തെരഞ്ഞുപിടിച്ച് ആക്രമിക്കപ്പെടുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ക്ക്‌ എന്തെന്നില്ലാത്ത ആവേശം!!..     
        സമകാലീന പ്രതികരണ തൊഴിലാളികള്‍ ഇതുപോലെ മതം, ജാതി , വര്‍ഗം തുടങ്ങിയവ മാത്രം ആധാരമാക്കി പ്രതികരിക്കുന്നത് എത്രത്തോളം ഹീനമായ ഒരു കീഴ്വഴക്കമാണ്. ലോകത്തെല്ലായിടത്തും മനുഷ്യന്റെ ചോരയ്ക്ക് ഒരേ കളര്‍ ആണ് എന്ന സത്യം  എന്തെ നിങ്ങളുടെ മന:സാക്ഷിയെ  എല്ലായ്പ്പോഴും തൊട്ടുണര്‍ത്തുന്നില്ല?

     അല്ലങ്കില്‍ തന്നെ എന്താണ് ഇപ്പോള്‍ പാലസ്തീനയില്‍ സംഭവിക്കുക?.. ചെറിയ വട കൊടുത്ത്‌ വലിയ വലിയ വടകള്‍ വാങ്ങിച്ചു കൂട്ടുന്ന നിക്ഷേപാത്മകമായ സമീപനമാണ് സൊ കോള്‍ഡ്‌ നിഷ്കളങ്ക അഹിംസാ സമരസേനാനികള്‍ ആയ ഹമാസ്‌ ചെയ്തുകൊണ്ടിരിക്കുന്നത് എന്നത്  നിഷ്പക്ഷമായി ഈ പ്രശ്നം വിലയിരുത്തുന്ന ആര്‍ക്കും മനസിലാകും. ഈ നവംബര്‍ മാസത്തില്‍ മാത്രം ഹമാസ്‌ 2500ഇല്‍ ഏറെ മിസൈലുകള്‍ ഇസ്രയേലിലേയ്ക്ക് വിക്ഷേപിച്ചിട്ടുണ്ട്.  ഇവയൊന്നും  അക്രമമോ പ്രകോപനമോ ഉളവാക്കാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് ഹമാസ്‌ ക്യാമ്പുകളിലെ  ദീപാവലി ആഘോഷങ്ങളുടെ ഭാഗമായിരുന്നു എന്ന് പറയുന്നവന്റെ തലമണ്ടയില്‍ അല്പം സന്തോഷ്‌ ഭ്രഹ്മിയോ  നെല്ലിക്ക ലേഹ്യമോ മറ്റോ തളിക്കേണ്ടി വരും.  ഇതുപോലത്തെ ദീപാവലി വെടിക്കെട്ടുകള്‍ ആയിരുന്നല്ലോ എല്ലാക്കാലത്തും  ഹമാസിന്റെ ഹോബ്ബിയും!!. 
        'എന്നിട്ടും ഇസ്രയേലില്‍  അധികം ജൂതന്മാര്‍ ചത്തില്ലല്ലോ' എന്നാണു ഇവിടത്തെ സമാധാന പ്രേമികളുടെ പരാതി. തങ്ങളുടെ സിവിലിയന്മാരെ ഷെല്‍ട്ടറുകള്‍ തീര്‍ത്തും എമര്‍ജന്‍സി അലാമുകള്‍ കൊടുത്തും ഹമാസ്‌ മിസൈലുകളില്‍ നിന്നും സുരക്ഷിതരായി സംരക്ഷിക്കാന്‍ ഇസ്രെയെല്‍ ഗവണ്മെന്റിനു  കഴിയുന്നുണ്ടെങ്കില്‍ "ഇതാണെടാ   ഭരണകൂടം, ഇങ്ങനെയാവാണമെടാ ഭരണകൂടം" എന്ന ഡയലോഗ് പറയാതെ തരമില്ല. തങ്ങളുടെ ചാവേര്‍ പോരാളികള്‍ക്ക് ചുറ്റും സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന മനുഷ്യപരിചകള്‍ തീര്‍ക്കുകയും ഇങ്ങനെ നിഷ്കളങ്കരെ ബലികഴിച്ച് ലോകത്തിന്റെ മുന്നില്‍ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മൃതശരീരങ്ങളുടെ കണക്ക് നിരത്തി,  ഉദാത്തമായ ജനസേവനം കാഴ്ചവെയ്ക്കുന്ന ഹമാസ്‌ ഭരണകൂടം സംരക്ഷനാത്മകമായ ഒരു സമീപനം തങ്ങളുടെ ജനങ്ങളോട് കാണിക്കും എന്ന് ; സാമാന്യ ബോധം ഉള്ള ആരും  ചിന്തിക്കുകയില്ല.
           
      കേരളത്തിന്റെ അത്രമാത്രം പോലും വലുപ്പമില്ലാത്ത കുഞ്ഞു രാജ്യമായ ഇസ്രയേലിനെ സ്ഥാപന ദിനം മുതല്‍ ചുറ്റുമുള്ള അറബ്ഭരണകൂടങ്ങള്‍ എല്ലാം ഒറ്റപ്പെടുത്തി ആക്രമിച്ചിട്ടും ഇന്നും അതിനു  പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നത് ആ ജനതയുടെ വില്‍പവരിന്റെയോ ചങ്കൂറ്റത്തിന്റെയോ ഒക്കെ ഭാഗമാണ്. വായില്‍ കോല്‍ ഇട്ടിളക്കി അള്‍സേഷ്യന്‍ പട്ടിയെ പ്രകോപിപ്പിച്ചു കടി വാങ്ങിയിട്ട് , ഈ പട്ടിയ്ക്ക് "പേ പിടിച്ചേ.. പേ പിടിച്ചേ.."    എന്ന് അലറി വിളിക്കുന്ന അതേ സ്ട്രാറ്റജി ആണ് ഇപ്പോള്‍ ഹമാസ്‌ കാഴ്ച വെയ്ക്കുക. 
   ചാകുന്നത് യഹൂദന്‍ ആണ് എങ്കില്‍ അത് വിശ്വോദാത്തമായ സമാധാന സ്ഥാപനവും മറിച്ച്, ഒരു പാലസ്തീനി ആയാല്‍ അത് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ക്രൂരതയും ആണ് എന്ന് പറയുന്നവരോട് എന്ത് പറയണം എന്നറിയില്ല. 
      ഇത്രയും പറഞ്ഞത് കൊണ്ട്, ഇസ്രായേല്‍ ചെയ്യുന്നതെല്ലാം ശരി ആണ് എന്നോ ഹമാസ്‌ നേതൃത്വം  ലോകോത്തര ചെറ്റകളും അലവലാതികളും ആണ് എന്നൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. സുപ്രീം കോടതി ബാബരി മസ്ജിത് കേസില്‍ ഭൂമി പങ്കിട്ടു നല്കിയപോലെ ഇവര്‍ക്കായി ഭൂമി പങ്കിടാനോ അതിര്‍ത്തി രേഖ വരയ്ക്കാണോ ഒന്നിന്നും ഞാന്‍ ആളല്ല.  പറയാനുള്ളത്‌ ഇത്രമാത്രം. ഇന്ത്യന്‍ സ്വാതന്ത്യ സമരം പോലുള്ള ആദരണീയമായ സ്വാതന്ത്യ സമരങ്ങളുടെ പട്ടികയില്‍ പാലസ്തെന്‍ സമരത്തെയും ഹമാസിനെയും ഒക്ക പ്രതിഷ്ഠിക്കാന്‍ വല്ലാത്തൊരു ആവേശം ഇന്ന് പലരും പ്രകടിപ്പിച്ചു കാണുന്നുണ്ട്.  ഇവര്‍ പറയുന്നതിന്റെ സാരം ഇതാണ് -
  "..ഇസ്രായേല്‍ എന്നൊരു രാഷ്ട്രം നിലവില്‍ ഇല്ലായിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇസ്രയെല്കര്‍ പലസ്തീനികളുടെ ഭൂമി കയ്യേറി. ഇത് അനുവദിക്കാന്‍ പറ്റില്ല. ഇസ്രയേല്‍  എന്നൊരു രാഷ്ട്രമെ പാടുള്ളതല്ല. ആ ഭൂമി മുഴുവന്‍ ഹമാസിന് അവകാശപ്പെട്ടതാണ്... നിലനില്‍പ്പിന് വേണ്ടിയുള്ള ഹമാസിന്റെ ഈ പോരാട്ടം എന്തുകൊണ്ടും ഇന്ത്യന്‍ സ്വാതന്ത്യ സമരം പോലെയോ അതിനെക്കാളുപരിയോ ആയ മഹത്വം അര്‍ഹിക്കുന്നു.."
    അല്പം വിശദമായി ഹമാസിനെപ്പറ്റി പഠിക്കുമ്പോള്‍ ഇസ്രായേല്‍ എന്ന രാഷ്ട്രത്തോടല്ല യഹൂദമതം  എന്ന മതത്തോടും ജൂതര്‍ എന്ന വംശത്തോടുമാണ് ഇവരുടെ വിദ്വേഷവും വെറുപ്പും എന്നത് വ്യക്തമാകും. ഇത്തരത്തിലുള്ള വംശ-മത വിദ്വേഷം മുഖമുദ്രയാക്കിയ ഒരു വര്‍ഗീയ മുന്നേറ്റത്തെ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തോട് ഉപമിക്കുന്നത് ഇന്ത്യ മഹാരാജ്യത്തോടും അതിന്റെ പരിപാവനമായ ചരിത്രത്തോടും ധീര രക്തസാക്ഷികളോടും  ചെയ്യുന്ന ഏറ്റവും വലിയ അവഹേളനം ആണ് എന്നാണ് എന്റെ അഭിപ്രായം.
   ഇല്ലാതായിക്കൊണ്ടിരിക്കുന്ന പലസ്തീന്റെ കഥ പറയുന്നവര്‍  ചരിത്രത്തിന്റെ കുറേക്കൂടി പിന്നോട്ട് പോയി എങ്ങനെ ഇസ്രായേല്‍ എന്ന രാഷ്ട്രം നാമാവശേഷമായി, എങ്ങനെ അവര്‍ ലോകത്തില്‍ നനാഭാഗത്തായി ചിതറിക്കപ്പെട്ടു, എങ്ങനെ ഈ പറയുന്ന പാലസ്തീന്‍ രാഷ്ട്രം  രൂപപ്പെട്ടു എന്നൊക്കെയുള്ള ചരിത്ര പാഠങ്ങള്‍ പഠിക്കുക. സമാധാനപരമായ പങ്കുവയ്ക്കലുകള്‍ക്ക് വിഘാതം തീര്‍ത്തതും മറുതലിച്ചവരും ആര് എന്ന് പരിശോധിക്കുക. നിങ്ങളുടെ പൊതുവിജ്ഞാനം അല്പമെങ്കിലും വര്‍ധിപ്പിക്കാന്‍ ഇത് ഉപകരിക്കും. 
     അധിനിവേശങ്ങളും അതിനെതിരെ പോരാട്ടങ്ങളും ലോകചരിത്രത്തില്‍ സര്‍വസാധാരണമാണ്. ഇവിടെയെല്ലാം ചോരിയപ്പെടുന്നത് നിരപരാധരുടെ രക്തവും. പോരാടി ജയിക്കാന്‍ കഴിവില്ലാതാകുമ്പോള്‍ നിഷ്കളങ്കരെ  കുരുതികൊടുക്കുന്നതും അതിനു മതത്തിന്റെ പുറംതോല്‍ മറയാക്കുന്നതും   തികഞ്ഞ ഭീകരതയും സര്‍വോപരി നാണം കേട്ട കഴിവുകേടുമാണ്. 
  സ്വന്തം രാജ്യത്തെ പ്രശ്നങ്ങളോടും രക്തപ്പുഴകളോടും ഭീകരതകളോടും  നിരുത്തരവാദപരമായ നിസംഗതയും  പുശ്ചവും പുലര്‍ത്തുകയും  ആഗോള പ്രശ്നങ്ങളില്‍ മതത്തിന്റെ ലേബല്‍ മാത്രം നോക്കി അട്ടഹാസം മുഴക്കുകയും ചെയ്യുന്നവര്‍ ഏതാണ് തങ്ങളുടെ രാജ്യം, ആരാണ് തങ്ങളുടെ യജമാനമാര്‍ എന്നതിനെപ്പറ്റിയൊക്കെ ആത്മ വിമര്‍ശനപരമായ ഒരു അവലോകനം പുലര്‍ത്തുന്നത് നന്നായിരിക്കും. 
                      

Monday, November 12, 2012

പുരോഗതിയുടെ വാലില്‍ തീ പിടിച്ചോ?

             ഇനിയും വികസിച്ചു തീര്‍ന്നിട്ടില്ലാത്ത രാഷ്ട്രങ്ങളാണ് വികസ്വര രാഷ്ട്രങ്ങള്‍ എന്നും അത്തരത്തിലുള്ള ഒരു ഒരു വികസ്വര രാഷ്ട്രം ആണ് ഇന്ത്യ എന്നും അപ്പര്‍ പ്രൈമറി തലങ്ങളില്‍ ഇമ്പോസിഷന്‍ എഴുതി പഠിച്ചത് അല്പം വിഷമത്തോടെയാണ്. ഇന്ത്യയുടെ  ഈ വികസനത്തിന്റെ പൂര്‍ണത ഈ കൊല്ലം ഉണ്ടാകും, അടുത്തകൊല്ലം ഉണ്ടാകും എന്നിങ്ങനെയുള്ള പ്രതീക്ഷകള്‍  ഓരോ വര്‍ഷവും സോഷ്യല്‍ സയന്‍സ് എക്സാം  എഴുതിതീരുമ്പോഴും മനസ്സില്‍ കമ്യുണിസ്റ്റ്‌ പച്ച പോലെ ആര്‍ത്തുകേറുമായിരുന്നു. വിശ്വാസവും പ്രത്യാശയും ഇല്ലാതെ എന്തൂട്ട് ജീവിതം!.  1.. 2... 3... വര്‍ഷങ്ങള്‍   ഓരോന്നായി പൊഴിഞ്ഞുകൊണ്ടിരുന്നു. ഒപ്പം ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും.. UP, ഹൈസ്കൂള്‍, പ്ലസ്‌ ടു, ഡിപ്ലോമ, ഡിഗ്രി.. ഇതെല്ലാം പിന്നിട്ടു അങ്ങനെ ഈ റിയാലിറ്റി ഷോ അതിന്റെ സീസണ്‍ 6ലേയ്ക്ക്‌ പ്രവേശിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ യു.പി പിള്ളേരും 'ഇന്ത്യ വികസ്വര രാഷ്ട്രം' എന്ന് തന്നെയാണ് പഠിച്ചുകൊണ്ടിരിക്കുക. 2012ല്‍ ഇന്ത്യ വികസിച്ച്  തീരും എന്നും ഇല്ലെന്നും ഒക്കെ പറഞ്ഞു കേള്‍ക്കുന്നു.  ഇനി,  ഭാവിയില്‍ എന്റെ മക്കളും ഇതുതന്നെ പഠിക്കേണ്ടി വരുമോ എന്നുള്ള ആശങ്ക ഒരല്പം ഇല്ലാതില്ല. 
     അതെന്തായാലും അതിവേഗം തന്നെ ഇന്ത്യയെ വികസിപ്പിച്ചെ അടങ്ങൂ എന്ന വാശിയില്‍ ആണ് യു.പി.എ സര്‍ക്കാര്‍ എന്നാണു തോന്നുന്നത്‌. "ഇപ്പൊ ശരിയാക്കിത്തരാം" എന്ന മട്ടില്‍ രണ്ടും കല്പ്പിച്ചാണ് മന്മോഹന്‍ജി മുന്നോട്ടു പോകുക. വിലക്കയറ്റം പുരോഗതിയുടെയും ജീവിതനിലവാരത്തിന്റെ കുതിച്ചുചാട്ടത്തിന്റെയും ലക്ഷണം ആണ് എന്നാണു ഇവിടുത്തെ ന്യൂജനറേഷന്‍ സാമ്പത്തിക വിദഗ്ധര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത്. ഡീസല്‍, പെട്രോള്‍ ,പാചക വാതകം, പാല്‍, പച്ചക്കറി, ബസ്‌ ഫെയര്‍ അങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളുടെയും  വിലനിലവാരം  ചൈനീസ്‌ വെടിക്കെട്ടിന്റെ സ്പെഷ്യല്‍ ഐറ്റം പോലെ പതിനെട്ടു നിലകള്‍ ആയി മാനത്ത്‌ വിരിഞ്ഞു ചിതറുമ്പോള്‍ വികസനത്തിന്റെ തേരിലേറി കുതിയ്ക്കുന്ന ഇന്ത്യയെപ്പറ്റിയോര്‍ത്ത്‌   സാമ്പത്തിക ശാസ്ത്രജ്ഞന്മാരും, അടുത്ത അധ്യയന വര്ഷം ഇന്ത്യയുടെ പ്രൊഫൈല്‍ സ്ടാടസ്  'വികസ്വരം' എന്നതില്‍ നിന്നും 'വികസിതം'എന്നാക്കിമാറ്റി പാഠപുസ്തകങ്ങളില്‍ അപ്ഡേറ്റ് ചെയ്യുന്നതോര്‍ത്ത് വിദ്യാഭ്യാസ വിചക്ഷണന്മാരും രോമാഞ്ചം കൊള്ളുന്നുണ്ടാകാം.. എന്തോ എനിക്കറിയില്ല, എന്തായാലും ഒന്ന് മാത്രം കാണുകയും കേള്‍ക്കുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു - എട്ടിന്റെ പണി നെഞ്ചത്ത് തന്നെ കിട്ടിയ പൊതുജനത്തിന്റെ വേദന. ഈ വേദന എത്ര നേതാക്കന്മാര്‍ക്ക്‌ മനസിലാക്കാന്‍ പറ്റുന്നുണ്ട് എന്നത് ഇനിയും എനിക്ക് മനസിലായിട്ടും ഇല്ല.
   

  മുന്‍കാലങ്ങളെ അപേക്ഷിച്ച്  ഇപ്പോള്‍ പുറത്ത്‌ വന്നുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങളും വേദനിക്കുന്ന കോടീശ്വരരുടെ സ്വിസ്സ് അക്കൌണ്ടുകളില്‍ ഉണ്ടെന്നു കരുതപ്പെടുന്ന ലക്ഷം കോടികളുടെ നിക്ഷേപങ്ങളും എല്ലാം കൂടി മഹനീയമായ വികസനത്തിന്റെ പുത്തന്‍ വഴിത്താരകള്‍ വെട്ടിതുറക്കുകയാണ്. അഴിമതി ആരോപണങ്ങള്‍ക്ക് പോലും എന്തൊരു മാസ്മരികത.. എന്തൊരു മനോഹാരിത.. പത്തുകൊല്ലം മുന്‍പ്‌ ആരോപിക്കപ്പെട്ടിരുന്ന പത്തും  ഇരുപതും ലച്ചം ഉലുവയുടെ നിലവാരത്തില്‍ നിന്നും ലക്ഷം കോടിയിലെയ്ക്കും മില്ല്യന്‍ കോടിയിലെയ്ക്കും ഉയരാന്‍ കഴിയുന്നതിനെ പുരോഗതി എന്നോ വികസനം എന്നോ വിശേഷിപ്പിച്ചാല്‍ കുറ്റം പറയാന്‍ ഒക്കുമോ?.   ഗാന്ധിയുടെയും നെഹ്രുവിന്റെയും സ്വപ്നങ്ങളില്‍ മൊട്ടിട്ട  സോഷ്യലിസം ഇവിടെ പൂത്തുലയുകയാണ്. 'അമ്പ്‌ കൊള്ളാത്തവര്‍ ഇല്ല കുരുക്കളില്‍'  എന്ന് പറയുന്നതുപോലെ ഭരണ -പ്രതിപക്ഷ ഭേദം ഇല്ല അഴിമതി വീരന്മാരില്‍.  ഇവരെ പൊതിഞ്ഞു പിടിയ്ക്കാനും മഹത്ത്വീകരിക്കാനും അവര്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടികള്‍ മത്സരിക്കുകയാണ്. 
            ഒരേ തൂവല്‍ പക്ഷികള്‍  ഒരേ തീരത്തിലെയ്ക്കും  ലക്ഷ്യങ്ങളിലെയ്ക്കും  പറന്നടുക്കുമ്പോള്‍  മുതലെടുപ്പിനു വേണ്ടിയല്ലാതെ പാവപ്പെട്ടവന് വേണ്ടിയും  പാര്ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക്‌ വേണ്ടിയും ശബ്ദം ഉയര്‍ത്താന്‍ ഇന്ന് ഇവിടെ ആരുമില്ലാതായിരിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. കൊടി പിടിയ്കാനും അടി വാങ്ങിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും അഞ്ചഞ്ചു കൊല്ലം കൂടുമ്പോള്‍ വോട്ടു കുത്താനുമുള്ള പണിയാളുകള്‍ എന്നതിനപ്പുറം ഇവരെ കുറച്ചു സീരിയസ് ആയി കണക്കിലെടുക്കാന്‍ ഇവിടെ ഒരു ഹരിശ്ചന്ദ്രനും ഇല്ല എന്നത്  ഏറെ ആശങ്കാജനകമാണ് എന്ന് പറയാതെ വയ്യ.    
                           അടുത്തിടെ സൂരജ്‌ കുന്ടില്‍ നടന്ന കൊണ്ഗ്രസ്സിന്റെ 'സംവാദ്‌ ബൈടക് ' യോഗത്തില്‍ പ്രധാന വിഷയമായത് മേല്‍പ്പറഞ്ഞ സാധാരണകാരന്റെ നൊമ്പരങ്ങളോ പ്രയാസങ്ങളോ അല്ല, മറിച്ച്  എങ്ങനെ മുഖം മിനുക്കി, അടുത്ത ഇലക്ഷന് കളം പിടിച്ച് ഏതുവിധേന  ഇപ്പോഴത്തെ 'ഇന്ത്യയുടെ വികസനം' പൂര്‍ണ്ണമാക്കാം, ഇത്തരം  വികസനത്തിനെതിരെ വെട്ടിത്തിളയ്ക്കുന്ന സോഷ്യല്‍ മീടിയയെയും അവിടെക്കിടന്നു വിരകുന്ന മഹാപാപികളെയും പൊളിച്ചടുക്കാം എന്നതൊക്കെയാണ്. എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയകള്‍ തിളച്ചു മറിയുന്നത്, അതിനു ഹേതുവാകുംവിധമുള്ള മോശമായ ഭരണമാണോ നിലവില്‍ തങ്ങള്‍ കാഴ്ച വെയ്ക്കുന്നത് എന്നിങ്ങനെ സ്വയംവിമര്‍ശകമായ  ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടാന്‍ കോണ്ഗ്രസ്സിന് താല്പര്യമോ സമയമോ ഇല്ല എന്നതു  തന്നെയാണ് വീണ്ടും വ്യക്തമാകുന്നത് . 
       വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ  ചിന്തകളും സ്വപ്നങ്ങളും ഒക്കെ വളരെ ഉയരങ്ങളിലാണ്.. എല്ലാ ജില്ലകളിലും വിമാനത്താവളങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും അതിവേഗ റയിലിനെക്കുറിച്ചും ചന്ദ്രനില്‍ പട്ടയം വാങ്ങുന്ന ഇന്ത്യയെപ്പറ്റിയും ഒക്കെ നാം വാചാലരാകുന്നു. മറുവശത്ത് ജനസംഖ്യടെ പകുതിയോടടുത്ത്‌ ജനങ്ങള്‍ പോഷകപൂര്‍ണ്ണമായ ഭക്ഷണം ലഭിക്കാതെയും തലചായ്ക്കാന്‍ പാര്‍പ്പിടമില്ലാതെയും വിദ്യയുടെ പൊന്‍വെളിച്ചമില്ലാതെയും സമൂഹത്തിന്റെ പുറമ്പോക്കില്‍ കഴിയുന്നു. അവരും ഇന്ത്യക്കാരായ നമ്മുടെ സഹോദരര്‍ ആണ് എന്ന ചിന്ത എന്തെ നമുക്ക്‌ നഷ്ടമാകുന്നു? ഇവരുടെ ഹൃദയത്തില്‍ക്കൂടി വികസനത്തിന്റെ ബുള്‍ടോസര്‍ ഓടിച്ചുകയറ്റിയും അപ്പത്തിനായി നീളുന്ന കയ്യുകളില്‍ മൊബൈലുകളും  ടാബ്ലെറ്റുകളും വെച്ചുകൊടുത്തുമാണോ  നാം ഇവിടെ സമത്വ ഭാരതത്തിന്റെ സമ്പൂര്‍ണ്ണ വളര്‍ച്ച പൂര്‍ത്തീകരിക്കുക? 
   ഒന്നും വേണ്ട,  ഇത്തരത്തിലുള്ള മനുഷത്വത്തിന്റെയും നന്മയുടെയും സാഹോദര്യത്തിന്റെയും കല്‍വിളക്കുകള്‍ തെളിക്കേണ്ട മതനേതൃത്വങ്ങള്‍ എന്താണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ?..  ഒരു വിഭാഗം ആളുകള്‍ മതവിദ്വേഷം വളര്‍ത്തി തമ്മില്‍ തല്ലിക്കുന്നു. മറ്റൊരിടത്ത് ഒരു കൊമ്പറ്റീഷന്‍ ഐറ്റം പോലെ കോടികള്‍ മുടക്കി ആരാധനാലയങ്ങള്‍ പണിതുയര്‍ത്തുകയും അവയുടെ അവകാശത്തെച്ചൊല്ലി പൊതുനിരത്തില്‍ കടിപിടികൂടുകയും മറുവശത്ത്‌ ആഡംബര ജീവിതം ഒഴിവാക്കണം എന്ന് അണികളെ ഉപദേശിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. വേറൊരു കൂട്ടം ആളുകള്‍ ആരൊക്കെയാണ് തങ്ങളുടെ മതാചാര്യനെപ്പറ്റി കാര്‍ട്ടൂണ്‍ വരയ്ക്കുന്നത്, സിനിമ എടുക്കുന്നത്  എന്നിങ്ങനെയുള്ള വിവാദങ്ങള്‍ക്കായി മാത്രം കാത്തിരിക്കുന്നു. ഇതില്‍ നിന്നൊക്കെ സ്വസ്ഥത തേടി അലയുന്നവര്‍ക്കായി ആത്മീയത കുപ്പിയിലും പായ്ക്കറ്റിലും ആയി വില്പനയ്ക്കെത്തുന്നു. 
               ലോകം കണ്ടതില്‍ ഏറ്റവും  പരമദരിദ്രനായി പിറന്നുവീഴുകയും വഞ്ചിയുടെ അമരങ്ങളില്‍ അന്തിയുറങ്ങുകയും ചെയ്ത,  കുരുനരികള്‍ക്ക് മാളങ്ങളും പറവകള്‍ക്ക് ആകാശവും സ്വന്തമായുള്ള ഈ ഭൂമിയില്‍ അവസാനത്തെ ആറടിമണ്ണ് പോലും സ്വന്തമായി കരുതിവെയ്ക്കാതിരുന്ന,    "സമ്പന്നന്‍ ഒരുകാലത്തും ദൈവരാജ്യത്തില്‍ പ്രവേശിക്കില്ല" എന്ന് കട്ടായം പറയുകയും ദരിദ്രരുടെയും മുക്കുവരുടെയും ചുങ്കക്കാരുടെയും ഉറ്റസുഹൃത്തും പ്രത്യാശയും മാര്‍ഗ്ഗദീപവുമായിരുന്ന അതേ  ഗുരുനാഥന്റെ  ലേബലിലാണ് രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും കൂടുതല്‍ കോര്‍പറേറ്റ്‌ സ്വത്തുകള്‍ കുമിഞ്ഞുകൂടുന്നത് എന്ന വിരോധാഭാസം എന്തായാലും ഒരു പുനര്‍വിചിന്തനത്തിനു തിരി കൊളുത്തേണ്ടതുണ്ട്. 

     വാലില്‍ തീപിടിച്ച പോലെ പുരോഗമനം അതിന്റെ ന്യൂജനറേഷന്‍ പാതകള്‍ താണ്ടി മുന്നോട്ടു കുതിയ്ക്കുമ്പോള്‍  പണമില്ലാത്തവന്‍ ഇവിടെ പിണം തന്നെയാണ് എന്ന സത്യം  ഒരല്പം നൊമ്പരത്തോടെ നാം ഒരിക്കല്‍ കൂടി തിരിച്ചറിയുകയാണ്...             

  ഒരിക്കല്‍ ഫ്രാന്‍സിലെ ജനങ്ങള്‍ റൊട്ടി കിട്ടാനില്ലാതെ പട്ടിണി മൂലം പ്രക്ഷോഭം നയിച്ചപ്പോള്‍ "എന്തിനാണ് ഇവര്‍ റൊട്ടിയ്ക്ക് വേണ്ടി ബഹളം കൂട്ടുന്നത് ? റൊട്ടി കിട്ടുന്നില്ലെങ്കില്‍ പകരം ഇവര്‍ക്ക്‌  കേയ്ക്ക് കഴിച്ചുകൂടെ ?" എന്ന് അന്നത്തെ രാജ്ഞി ചോതിച്ചതായി കേട്ടിട്ടുണ്ട്. ഇതുപോലെ, ദന്തഗോപുരങ്ങളില്‍ വാഴുന്നത് കൊണ്ട് സാധാരണക്കാരന്റെ പ്രശ്നം പിടി കിട്ടാതതാണോ ഇപ്പോഴത്തെ ഭരണാധികാരികളുടെ പ്രശ്നം? അതോ പിടി കിട്ടുന്നില്ല എന്ന് നടിയ്ക്കുന്നതോ?..
                   

Wednesday, October 17, 2012

ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്.. (ഭാര്യമാരുടെയും !!)

            ഇന്ത്യയിലെ മെയില്‍ ഷോവനിസ്റ്റ് കെട്ടിയോന്മാര്‍ക്ക് നെഞ്ചത്തലച്ച് കരയുവാനും  ഭാര്യമാര്‍ക്ക്‌ ആര്‍ത്തു വിളിക്കാനും അവസരം തീര്‍ത്തുകൊണ്ട് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ്‌ പുത്തന്‍ നിയമം അണിയിച്ചൊരുക്കുന്നു. ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ ബില്‍ നിയമമായാല്‍ ഇന്ത്യ മഹാരാജ്യത്തിലെ സകല ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യമാര്‍ക്ക്‌ പ്രതിമാസം നിശ്ചിത തുക ശമ്പളമായി നല്‍കേണ്ടി വരും. എതുവകയില്‍ എന്നുചോതിച്ചാല്‍ വീട്ടില്‍ ചെയ്യുന്ന സേവനങ്ങളുടെ പ്രതിഫലമായി!!..  കൃത്യമായി പറഞ്ഞാല്‍   കണവന്റെ ശമ്പളത്തിന്റെ 20 ശതമാനം  തുക അതാത് മാസങ്ങളില്‍ ഭാര്യയുടെ പേരില്‍ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കണം എന്ന് സാരം !!. ടി ശമ്പളത്തില്‍ അണ - പൈ കുറവുണ്ടായാല്‍ കെട്ടിയോനെ കോടതി കയറ്റാനും  വേണച്ചാല്‍ ഉണ്ട തീറ്റിക്കാനും ഭാര്യമാര്‍ക്ക്‌  എല്ലാ വിധ അവകാശവും നല്‍കുന്നു ഈ നിയമം. വെറുതെ അല്ല ഭാര്യ !! മനസിലായില്ലേ ??..
 പ്രസ്തുത ബില്ലിനെ  അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു..    ഇപ്പോള്‍തന്നെ ഭര്‍ത്താക്കന്മാരെ മുളക് പുരട്ടി വേവിക്കാന്‍ സ്ത്രീപീടനം, സ്ത്രീധനപീഡനം, ഗാര്‍ഹികപീഡനം എന്നിങ്ങനെ പലതരം പീഡനങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ നിലവില്‍ ഉണ്ടായിരിക്കെ, 'മുളകിന് കൂടെ അല്‍പ്പം മസാല കൂടി'  എന്നതുപോലെ തൊഴില്‍ പീഡനം എന്നൊരു പുത്തന്‍ വകുപ്പ്‌ കൂടി  ഈ ചട്ടിയിലെയ്ക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നു.     
 ഏതായാലും വിവാഹം കഴിക്കാന്‍ ഒരുങ്ങിയിരിക്കുന്ന പുരുഷ കേസരികള്‍ക്ക് ഒരു പുനര്‍വിചിന്തനത്തിന് ഇനിയും സമയം ബാക്കിയുണ്ട്. ഇതിനോടകം പെട്ടുപോയവര്‍ എല്ലാം ദൈവനിശ്ചയം എന്ന് കരുതി സമാധാനിക്കുക..  വരാനുള്ളത് എന്തായാലും വഴിയില്‍ തങ്ങില്ല.  പുത്തന്‍ ബില്ലിന്റെ ചുവട്പിടിച്ചു ഉയര്‍ന്നെക്കാവുന്ന അവകാശ ലംഘനങ്ങള്‍ക്കും തൊഴില്‍ പ്രശ്നങ്ങള്‍ക്കും എത്രയെത്ര  സാധ്യതകള്‍..!!

* എല്ലാ ജോലികള്‍ക്കും നിശ്ചിത മണിക്കൂര്‍ ഷെഡ്യൂള്‍ ബാധകം ആണ്. 8 മണിക്കൂര്‍ ഡ്യൂട്ടി ആണ് നിലവില്‍ മിക്കവാറും എല്ലാ ജോലികള്‍ക്കും ഉള്ള ഷെഡ്യൂള്‍. അപ്പോള്‍ ഓവര്‍ ടൈം  ചെയ്യുന്ന ജോലികള്‍ക്ക്   ഭാര്യ എക്സ്ട്ര അലവന്‍സ് ചോതിച്ചാല്‍ മീശ പിരിച്ചിട്ടു കാര്യം ഇല്ല.

* മറ്റു ജോലികള്‍ക്ക് ഉള്ളത് പോലെ മാസം നിശ്ചിത ദിവസം ഓഫ്‌, നിശ്ചിത എണ്ണം കാഷ്യല്‍ ലീവ്  ഇതൊക്കെ    ഭാര്യമാര്‍ക്കും ആവശ്യപ്പെടുന്നതില്‍ തെറ്റുണ്ടോ??

*ഓണം, ക്രിസ്തുമസ്  തുടങ്ങിയ വിശേഷ അവസരങ്ങളില്‍ ആഘോഷ ബത്ത, ബോണസ്‌ തുടങ്ങിയവയ്ക്ക് ന്യായമായും ഭാര്യമാര്‍ക്ക്‌ അവകാശം ഉന്നയിക്കാം.    


* എന്തിനെങ്കിലും ശമ്പളം വാങ്ങുന്നുണ്ട് എങ്കില്‍ അത് ഒരു തൊഴില്‍ ആയി അന്ഗീകരിക്കപ്പെട്ടുകഴിഞ്ഞു. അപ്പോള്‍ എല്ലാ തൊഴില്‍ മേഘലകളിലും  എന്തിനു പാട്ട പെറുക്കുന്നവര്‍ക്ക് പോലും   ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കപ്പെട്ടിരിക്കുന്ന  കേരളത്തില്‍ എന്ത്കൊണ്ട് വീട്ടമ്മമാര്‍ക്കും യൂണിയന്‍ ഉണ്ടായിക്കൂട??..  

* എല്ലാ തൊഴിലാളികളും പണിമുടക്കും ഹര്‍ത്താലും ആഘോഷിക്കുമ്പോള്‍ അടുക്കള അടച്ചിട്ടു കൊണ്ട്  അഖില കേരള ഭാര്യാ  യൂണിയന്‍  ഒരു പണിമുടക്കിന് ആഹ്വാനംചെയ്തു കൂടാ എന്നില്ല!!

*പണിമുടക്കിന് പരിഹാരം കാണാതെ ഹോട്ടലില്‍ നിന്ന് ഫുഡും അടിച്ചു  ചുമ്മാ കണ്ണുമടച്ചു നടക്കാം എന്ന് കരുതുന്ന കെട്ടിയോന്മാര്‍  നോക്കുകൂലി ആവശ്യപ്പെട്ടുകൊണ്ടുള്ള ഘരാവോ , പിക്കറ്റിംഗ് എന്നീ സമരമുറകള്‍ പ്രതീക്ഷിക്കുക.     

* എല്ലാരാഷ്ട്രീയ പാര്‍ട്ടികളും യൂണിയന്‍ ഉണ്ടാക്കുപോള്‍  ടി യൂണിയനുകള്‍ തമ്മില്‍ ഇടയ്ക്കിടെ  രാഷ്ട്രീയ സംഘട്ടനങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ?. അടിയും പിടിയും ഒന്നുമില്ലാതെ എന്തോന്ന് ട്രെഡ്‌ യൂണിയന്‍!!

*ഒരു ഓഫീസില്‍.. സോറി... വീട്ടില്‍ തന്നെ സേവനം അനുഷ്ടിച് മടുക്കുമ്പോള്‍ മറ്റേതു മേഖലയിലെന്നപോലെ  ഒരു ട്രാന്‍സ്ഫര്‍ ഇവിടെയും ആപ്ലിക്കബിള്‍ ആണോ !! :P 


         "ഭാര്യ -ഭര്‍തൃ ബന്ധം വിശുദ്ധം അല്ലെ , പവിത്രം അല്ലെ, അതിനെ സാമ്പത്തിക മാനങ്ങളില്‍ നോക്കിക്കാണണമോ എന്നുതുടങ്ങിയ സംശയം ഒക്കെ ഉള്ളവര്‍ ഇനി അതൊക്കെ  അങ്ങ് പള്ളീ പറഞ്ഞാല്‍ മതി" എന്ന അട്ടഹാസവുമായി  ഇന്നാട്ടിലെ വനിതാ വിമോചകര്‍ രക്ഷാ ദൌത്യവുമായി ഇറങ്ങിക്കഴിഞ്ഞു.  ഇനി കൊറേ കാലത്തേയ്ക്ക് ഇക്കൂട്ടര്‍ക്ക്‌ നല്ല സീസണ്‍ ആയിരിക്കും എന്ന് തോന്നുന്നു.
       സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളും എന്തിനു ബന്ധങ്ങള്‍ പോലും നോട്ടുകെട്ടുകളുടെ കനത്തില്‍ അളക്കപ്പെടുന്ന ഈ കാലത്ത് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നതിനെ പറ്റി അത്ഭുതത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഏതു വിധത്തിലാണ്‌ ഈ നിയമം ഇന്ത്യയിലെ അണുകുടുംബങ്ങളെ പരിപോഷിപ്പിക്കുക?; ഇപ്പോള്‍ തന്നെ കുടുംബക്കോടതികള്‍ ആവശ്യത്തിലധികം കേസുകളുമായി വിയര്‍പ്പുമുട്ടവേ, കുറെയധികം  കുടുംബങ്ങളില്‍  കൂടി കലഹത്തിന്റെ വിത്തുകളും വക്കീലന്മാര്‍ക്ക് കൈ നിറയെ കേസുകളും ഉണ്ടാക്കിക്കൊടുക്കാം എന്നതില്‍ കവിഞ്ഞ് ഏതു രീതിയില്‍ ഉള്ള വനിതാശാക്തീകരണം ആണ് വനിതാ -ശിശുക്ഷേമ വകുപ്പ്‌ ഉദേശിക്കുന്നത് എന്നിങ്ങനെയുള്ള  എളിയ ആകാംഷകള്‍  എനിക്കും ഇല്ലാതില്ല.     

       ഏതായാലും തല്‍ക്കാലം ആകാംഷകള്‍ പരണത്ത് വെച്ച് ഞാനും കാത്തിരിക്കുകയാണ് .. പുത്തന്‍ നിയമ- തൊഴില്‍ പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ഇവിടം വരെ എത്തും എന്ന് കാണേണ്ടിയിരിക്കുന്നു.. പൂമുഖവാതിലുകളില്‍ ഇനിമുതല്‍ വിടരുന്നത് പൂന്തിങ്കളാണോ അതോ ഉപരോധങ്ങളാണോ  എന്നറിയണം.   എന്നിട്ട് വേണം ഒരു എമ്പ്ലോയര്‍ ആകണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍!! :)
വാല്‍ക്കഷണം:
അങ്ങനെ ഇന്ത്യയിലെ ഭാര്യമാരുടെ പ്രശ്നങ്ങള്‍ അവസാനിക്കുകയാണ്. ഇതേ വീക്ഷണകോണില്‍ നോക്കുമ്പോള്‍ പത്തുമാസം ചുമന്നതിനു ചുമട്ടു കൂലി-വാടകയിനത്തിലും,  പ്രസവിച്ചു വളര്‍ത്തിയതിനും പരിപാലിച്ചതിനുമായി കുടിശിക-സെക്യൂരിറ്റി ഇനങ്ങളിലും  തക്കതായ  പ്രതിഫലം ഇന്നാട്ടിലെ  അമ്മമാര്‍  ആവശ്യപ്പെട്ടാല്‍ തെറ്റ് പറയാന്‍ പറ്റുമോ ??     
 (ഞാനീ ഇക്കണോമിക്സും നിയമവും ഒന്നും പഠിച്ചിട്ടില്ലല്ലോ.. അതുകൊണ്ട് ശതമാനക്കണക്ക് പറയാന്‍ ഞാന്‍ ആളല്ല!!)  


  
       

Monday, October 1, 2012

റിസര്‍വ്ഡ് ഇന്ത്യ !!

      എണ്ണിയാലൊടുങ്ങാത്ത ജാതി - മത സമൂഹങ്ങളും നാനാ ഭാഷകള്‍ സംസാരിക്കുന്ന 28 സ്റ്റേറ്റുകളും ചേര്‍ന്ന ഒരു മഹത്തായ രാജ്യത്താണല്ലോ നാം ജീവിക്കുക. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും  ഏറെ ഉണ്ടെങ്കിലും അവയെയൊക്കെ കാറ്റില്‍ പറത്തി 'ഒരേ ഒരു ഇന്ത്യ , ഒരൊറ്റ ജനത ' എന്ന സുകൃത ജപവും ഉരുവിട്ടുകൊണ്ട് നാം എല്ലാവരും ഒരമ്മ പെറ്റ മക്കളെ പോലെ വേണം ജീവിക്കാന്‍' എന്നാണു  പ്രൈമറി സ്കൂള്‍ തലം മുതലേ ഞാനൊക്കെ പഠിച്ചു പോന്നിട്ടുള്ളത്.     
     എല്ലാവര്‍ക്കും തുല്യത ഓഫര്‍ ചെയ്യുന്നതാണ് നമ്മുടെ ഭരണ ഘടന; നിയമത്തിനും ഭരണ ഘടനയ്ക്കും മുന്നില്‍  ജാതിയില്ല, മതമില്ല, ലിംഗമില്ല മറിച്ച് ഒരു ഇന്ത്യന്‍ പൌരന്‍ മാത്രമേ ഉള്ളൂ എന്നൊക്കെ പരീക്ഷകളുടെ തലേന്ന് സോഷ്യല്‍ സ്റ്റഡീസിന്റെ പുസ്തകങ്ങളില്‍ വായിച്ചു അഫിമാന പുളകിതനായ ഓര്‍മ്മകള്‍ ഒക്കെ ഇന്നും പച്ചകെടാതെ മനസ്സില്‍ നില്‍ക്കുന്നുണ്ട്. 
     സ്കൂള്‍ തലങ്ങള്‍ വിട്ടു പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ബിരിയാണി ഹട്ടുകളില്‍  ഇര എടുക്കാനായി  അണപ്പല്ലും കൊമ്പല്ലും ഒക്കെ രാകി രാകി മൂര്‍ച്ച വരുത്തി ചെന്നിരുന്നപ്പോള്‍ ആണ് ആ സത്യം മനസിലായത്‌ - ഈ പന്തിയില്‍ രണ്ടുതരം വിളമ്പല്‍ ആണ് !!.. ആദ്യ പന്തിയില്‍ ഇരിക്കുന്നവര്‍ക്ക്  കാഷ് അടയ്ക്കണ്ട.. !!.. മാത്രമല്ല തീറ്റ എടുത്തു കഴിഞ്ഞു വയറിളക്കുന്ന ചെലവിലെയ്ക്ക് ഇങ്ങോട്ട് കിട്ടും പെടയ്ക്കുന്ന ഇന്ത്യന്‍ റുപീ..!!.. കൊള്ളാലോ വീഡിയോണ്‍....
   
 "..അതിപ്പോ കോയി ബിരിയാണി  ആയാലും ശരി , ബീഫ്‌ ആയാലും ശരി.. ആദ്യത്തെ പന്തിയില്‍ ഒള്ളവര്‍ കഴിച്ചിട്ട് ബാക്കി വല്ല പൊട്ടും പൊടിയും ഒണ്ടായാല്‍ അതും കഴിച്ച് ആശ തീര്‍ക്ക്.. മോനെ.."   
"അല്ല സാറേ, അപ്പൊ ഈ ആദ്യത്തെ പന്തീല് കേറിയാല്‍ അടിച്ച കോളാ.. അല്ലെ.. .ആദ്യം കേറാന്‍ എന്താ വഴി??.."

  ".. അതിനിപ്പോ എന്താ.. കേറാലോ..  അയിനു മുന്നേ ഒന്ന് ചോതിക്കട്ടെ.. മോന്റെ ജാതി ഏതാ??.. "
"ക്രിസ്ത്യന്‍.. റോമന്‍ കത്തോലിക്ക.."

"എന്നാ പിന്നെ ആ കത്തോലിക്കാ പരിപ്പ് വേഗം വാങ്ങിയേരെ,, നീയൊക്കെ വല്യ സമ്പന്ന-മുന്നോക്ക-സവര്‍ണ്ണ ജാതിയല്ലേ.. പതുക്കെ കേറിയാ മതി.."
"അതുപിന്നെ, സാറേ സമ്പന്നന്‍ ആകണം, മുന്നോക്കം ഓടണം എന്നൊക്കെ എനിക്കും ആഗ്രഹം ഉണ്ട്,.. ആഗ്രഹം മാത്രമേ ഉള്ളെ.. കഞ്ഞി കുടിച്ചു പോകുന്നത് എങ്ങനാന്നു കര്‍ത്താവിന് മാത്രം അറിയാം..  ആ  ഞാന്‍ എങ്ങനാ സമ്പന്നന്‍ ആകുന്നെ??.. തന്നെമല്ല ജാതി ചോതിക്കരുത്, പറയരുത് .. എല്ലാ ഇന്ത്യക്കാരും തുല്യരാണ് എന്നൊക്കെയാണല്ലോ സ്കൂളില്‍ പഠിപ്പിച്ചേ??.."

"മോനെ.. ചക്കരേ,  പാ വേറെ .. പാപ്പച്ചന്‍ വേറെ ... സ്കൂളില്‍ പോകുമ്പോ എല്ലാ പാഠവും പഠിക്കണ്ടെ.. SC, ST, OBC എന്നീ വിഭാഗങ്ങള്‍ക്ക്‌ സംവരണം ഉള്ള കാര്യമൊന്നും പഠിച്ചിട്ടില്ലേ..??"

"അത് .. സാറേ ആ ദിവസം ഞാന്‍ ആബ്‌സന്റ് ആയിരുന്നു..  വയറെളക്കം.. "

"എന്നാ കേട്ടോ.. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ ആണ് ഇവര്‍.. ഇവരെ മുന്നിലെത്തിക്കാനാണ് ഭരണഘടന സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.. "

"സാറേ.. സാമ്പത്തികമായി ഞാനും വീക്കാ.. അപ്പൊ എനിക്കും കിട്ടോവോ ബിരിയാണി ??.."

"ഇപ്പൊ കിട്ടും.. നോക്കിയിരുന്നോ!!.. എടാ മുന്നോക്ക കെഴങ്ങാ.. ദളിതന്‍ എന്നും അസങ്ങടിതമായ സമൂഹമാണ്.. ഒരു കാലഘട്ടം മുഴുവന്‍ വേട്ടയാടപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തിട്ടുള്ള ഈ പാവപ്പെട്ട വിഭാഗത്തിനെ മുഖ്യധാരയില്‍ എത്തിക്കാനായി   ഭരണ ഘടന നല്‍കുന്ന അവകാശം ആണ് ഇത്..   ദളിതന്റെ അവകാശങ്ങളെ ചോദ്യം ചെയ്യാനോ അവന്റെ പാത്രത്തില്‍ നോക്കി വെള്ളമിറക്കാണോ ഒരു പുല്ലനെയും ഞങ്ങള്‍ അനുവദിക്കില്ല. നിന്നെപ്പോലുള്ള സവര്‍ണ്ണ-ജന്മി തമ്പ്രാക്കന്മാരുടെ ധൈഷനികതയേറിയ സാമ്രാജ്യത്ത  നയങ്ങളുടെ ഭാഗമായ വര്‍ണ്ണവിവേചനം, അപ്പാര്‍തീട് തുടങ്ങിയ ഹീനമായ അജണ്ടകള്‍ പഴംപായില്‍ പൊതിഞ്ഞു കുഴിച്ചുമൂടിയെരെ.."  

"എന്തോന്നോക്കെയാ സാറെ.. ഈ പറയുന്നേ.. ഒന്നും മനസിലാകുന്നില്ല.."

"..സോറി ഞാന്‍ അല്പം ഇമോഷണല്‍ ആയിപ്പോയി.. അത് പോട്ടെ..   ഇപ്പൊ ഇത്രയൊക്കെ മനസിലാക്കിയാ മതി..  കൂടുതല്‍ അറിയണോങ്കി പോയി  ചരിത്രം പഠിച്ചിട്ട് വാ.. ഇത്ര മാത്രം മനസിലാക്കുക.. എന്നും പാവപ്പെട്ടവന് പരവതാനി വിരിക്കുന്ന ഒരു ഭരണഘടന ആണ് നമുക്ക്‌ ഉള്ളത്.. എങ്കിലേ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നമുക്ക്‌ നികത്താന്‍ പറ്റൂ..  അതിനു വേണ്ടിയാണ് മഹനീയമായ ഈ സംവരണ സെറ്റ്‌ അപ്പ് .."

"സാറേ.. ദേ.. ആ മുന്നിലത്തെ റോയില്‍ ഇരുന്നു ബിരിയാണി അടിച്ചുകേറ്റി ഞെളിപിരി കൊള്ളുന്നവനെ കണ്ടോ.. ഞങ്ങടെ നാടിലെ വല്യ പുള്ളിയാ.. സ്വന്തമായി സ്വര്‍ണ്ണക്കട ഒക്കെ ഒള്ള ടീംസ് ആണ്.. ഇവനൊക്കെ ആണോ സാമ്പത്തികമായും സാമൂഹികമായും പിന്നില്‍ നില്‍ക്കുന്നെ??.."

"പറഞ്ഞല്ലോ.. അധികം ചോദ്യം ഒന്നും വേണ്ട.. അവനു സ്വന്തമായി ജെവെല്ലറി ഉണ്ടായിരിക്കാം.. പക്ഷെ ഇപ്പോഴും അവന്‍ നിന്നെപ്പോലുള്ള സവര്‍ണ്ണ മേലാളന്‍മാരുടെ ഹുങ്കിനും അഹന്തയ്ക്കും അടിയില്‍ കിടന്നു വിയര്‍പ്പ്മുട്ടുകയാണ്... "

"എന്തുവാ സാറെ ഈ പറയുന്നേ.. അണ്ണാക്ക് വരെ ബിരിയാണി  വെട്ടിക്കേറ്റി ശ്വാസം വെലങ്ങീട്ടാ അവന്‍ ഇപ്പൊ  വീര്‍പ്പു മുട്ടുന്നെ.."                     

"ധിക്കാരി.. അധികപ്രസംഗം പറയുന്നോ.. ഭരണഘടനയെ വെല്ലുവിളിച്ച കുറ്റത്തിന് നിന്നെയൊക്കെ ഞാന്‍ അഴി എന്നിക്കും.. പുല്ലേ..#!%$#%$"

    ഇല്ല, ഒരു രക്ഷയുമില്ല. തല്‍ക്കാലം രണ്ടാം പന്തികൊണ്ട് തൃപ്തിപ്പെട്ടു.. കിട്ടിയ എല്ലിന്‍കഷണങ്ങള്‍ അമൃത് പോലെ ആസ്വദിച്ചു കഴിച്ചു. എന്തായാലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആ സത്യം ബോധ്യമായി.. ഈ ഹോട്ടലില്‍ മാത്രമല്ല ഇന്ത്യ രാജ്യത്തെ എല്ലാ ഹോട്ടലിലും ഇതുപോലെ രണ്ടു പന്തികള്‍ ആണ്... ' എന്ന കൊടുമയ് സാര്‍ ഇത് !!'


                   സ്വാതന്ത്യ ലബ്ധിക്ക്  ശേഷം 65 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജാതി വ്യവസ്ഥയില്‍ ഊന്നിയ റിസര്‍വേഷന്‍ സിസ്റ്റം 'എന്നെപ്പോലുള്ള സവര്‍ണ്ണ മേലാളന്‍'മാരുടെ ഉറക്കം കെടുത്തുകയാണ്. ഒരു കാലഘട്ടത്തിന്റെ ശരി ആയിരുന്നു റിസര്‍വേഷന്‍ സിസ്റ്റം. ഇന്ത്യ മഹാരാജ്യത്ത്‌  ബ്രിട്ടീഷ് ഭരണ കാലത്തും അതിനു മുന്‍പും അത്യന്തം ഹീനമായ വര്‍ണ്ണ വിവേചനം നിലനിന്നിരുന്നു. അതിനാല്‍ തന്നെ  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരുകൂട്ടം സമൂഹത്തിനു ഒരു കൈത്താങ്ങു അക്കാലത്ത് ആവശ്യവുമാരുന്നു. പക്ഷെ, വര്‍ത്തമാന ഇന്ത്യ കാണുന്നത് ഇതേ  കൈത്താങ്ങ്‌ തന്നെ  സമ്പന്ന-സവര്‍ണ്ണ സമുദായം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, സ്വരം നഷ്ടമായ  ഒരു പറ്റം നിസ്സഹായ ജന്മങ്ങളുടെ കൊരവള്ളിയില്‍ വടയക്ഷിയുടെ കൈകള്‍ പോലെ പിടി മുറുക്കുന്നതാണ്..
        ശരിയായ പോഷണം ലഭിക്കാത്ത സാഹചര്യത്തില്‍ വൈറ്റമിന്‍ ഗുളികകള്‍ ആവശ്യമാണ്. എന്ന് കരുതി പുട്ടും കടലയും കഴിക്കുന്ന ലാഘവത്തില്‍  ജീവിതകാലം മുഴുവന്‍ ഈ ഗുളികകള്‍ കഴിക്കുന്നത് അപകടകരമായ അവസ്ഥയാകും ക്ഷണിച്ചു വരുത്തുക. ഇത് തന്നെയാണ് സംവരണത്തിന്റെ കാര്യത്തിലും ഇന്ന് സംഭവിക്കുന്നത്. ഇന്ന് സംവരണം നീക്കം ചെയ്യാന്‍ പാടില്ലാത്ത ഒരു അവകാശം ആയിത്തീര്‍ന്നിരിക്കുന്നു.. ജാതി-മത-ലിംഗ വ്യത്യാസത്തിന്റെ മാത്രം പേരില്‍ ഉള്ളവന്‍ വീണ്ടും വീണ്ടും തടിച്ചു കൊഴുക്കുകയും ഇല്ലാത്തവന്‍ ടിയാന്മാരുടെ മേശയില്‍ നിന്നും വീഴുന്ന അപ്പക്കഷന്ങ്ങള്‍ക്കായി ഒരു നിശബ്ദമായ നിലവിളിയോടെ കാത്തിരിക്കുന്നതുമാണ് ഇന്ന് കാണാന്‍ സാധിക്കുന്നത്. വോട്ടു ബാങ്ക് രാഷ്ട്രീയം മാത്രം ലക്‌ഷ്യം വെയ്ക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ കുളം കലക്കി മീന്‍ പിടിക്കുകയും  സംവരണ വിരുദ്ധ മുന്നേറ്റങ്ങള്‍ പൊളിച്ചടുക്കുകയും ചെയ്യുന്നു..
    ഇന്നത്തെ ഇന്ത്യയില്‍ ജാതിയോ മതമോ ഒരു പിന്നോക്കവസ്തയ്ക്കുള്ള കാരണം അല്ല. സാമ്പത്തികമായ പ്രാരാബ്ധങ്ങള്‍ ആണ് ഒരു വ്യക്തിയെ മുന്നോട്ടുള്ള പ്രയാണത്തില്‍ തട്ടി വീഴ്ത്തുക. ഈ സത്യം എല്ലാവര്ക്കും അറിയാവുന്നതുമാണ്.  ഒരു ദളിത സമുദായക്കാരന്‍ ആയിരുന്ന  ശ്രീ. കെ.ആര്‍. നാരായണന്‍ ഇന്ത്യന്‍ പ്രസിടന്റ്റ്‌ ആയത് എന്തെങ്കിലും സംവരണത്തിന്റെ വാലില്‍ തൂങ്ങിയല്ല. അതുപോലെ തന്നെ ശ്രീ. APJ അബ്ദുല്‍ കലാമും.. ഇവര്‍ രണ്ടു പേരും വളരെ സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന കുടുംബങ്ങളില്‍ നിന്നാണ് പുരോഗതിയിലേയ്ക്ക് കുതിച്ചുയര്‍ന്നത്. ഈ കുതിപ്പില്‍ ഒരിടത്തും ഇവര്‍ക്ക്‌ ആര്‍ക്കെങ്കിലും അവരുടെ ജാതി ഒരു പ്രശ്നമായി മാറിയില്ല.  പ്രശ്നം തീര്‍ക്കുന്നത്  സാമ്പത്തികമായ ഇല്ലായ്മകളും വല്ലായ്മകളും മാത്രം.. 
   വസ്തുതകള്‍ ഇങ്ങനെയായിരിക്കെ,  പിന്നെ   എന്ത് കൊണ്ട് സാമ്പത്തിക  സംവരണം നിലവില്‍ വരുന്നില്ല എന്ന ചോദ്യം ഒരു അനാഥ പ്രേതത്തെ പോലെ ബംഗാള്‍ ഉള്‍ക്കടലിന്റെയും അറബിക്കടലിന്റെയും തീരങ്ങളില്‍ അലഞ്ഞു തിരിയുന്നു.. പുരോഗമന -വിപ്ലവാത്മക-പ്രസ്ഥാനങ്ങളും  മതേതരത്വത്തിന്റെ മൊത്ത വ്യാപാരികളും ഈ വിഷയത്തില്‍ പുലര്‍ത്തുന്ന മൌനം  അര്‍ത്ഥഗര്‍ഭമായി തന്നെ തുടരുന്നു..


     ഇപ്പോള്‍ സംവരണത്തിന്റെ ഇക്വറ്റോറിയല്‍ മാനങ്ങള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ്. പ്രൈവറ്റ്‌ സെക്ടറിലെ ജോലികള്‍ക്കും സംവരണം വേണം എന്നുള്ള ആവശ്യങ്ങള്‍ പോലും ഉയര്‍ന്നു കേള്‍കുന്നു.സംവരണ ശതമാനം ഇനിയും കൂട്ടി 60 ശതമാനം ആക്കണം എന്നുള്ള ആവശ്യം വേറെയും!!.. ജോലികള്‍ക്കുള്ള സംവരണം അവിടെ നിന്നും ഒരു പടി കൂടി കടന്ന് പ്രമോഷനുകള്‍ക്ക് കൂടി ബാധകമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.  ഇതില്‍ ആശ്ചര്യത്തിന് വകയുണ്ട് എന്ന് തോന്നുന്നില്ല. അര്‍ഹരായവരെ ബൈപാസ്‌ ചെയ്തു നേടിയെടുത്ത സ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്ക് അടുത്ത മേഘലയിലെയ്ക്ക് ഉയരണം എങ്കില്‍ തീര്‍ച്ചയായും മറ്റൊരു ബൈപാസ്‌ അനിവാര്യം ആണ്. അപ്പോള്‍ സ്വാഭാവികമായും  അവിടെയും ജാതി ഒരു മാനദണ്ഡം ആയെ തീരൂ!!  

വാല്‍ക്കഷണം :-

         പെട്ടി ഓട്ടോകളില്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകളില്‍ വരെ 60 ശതമാനം സീറ്റുകള്‍ ജാതിവ്യവസ്ഥ  അടിസ്ഥാനമാക്കി റിസര്‍വ്‌ ചെയ്ത് ,  ബാക്കി വരുന്ന 40 ശതമാനം സീറ്റ് സ്ത്രീകള്‍ക്കായി നീക്കിവെയ്ക്കുകയും,  രാജ്യത്തിന് തന്നെ ഭാരമായിത്തീരുന്ന ജനറല്‍/മുന്നോക്ക/സവര്‍ണ്ണ/പുരുഷ മൈ$%$മാരെ വല്ല ഉഗാണ്ടയിലെയ്ക്കോ പാക്കിസ്ഥാനിലെയ്ക്കോ അതുമല്ലെങ്കില്‍ ചൊവ്വയിലെയ്ക്കോ  കയറ്റി അയയ്ക്കുകയും ചെയ്യുമ്പോള്‍ സമത്വത്തിന്റെയും  വികസനത്തിന്റെയും  വെണ്‍കൊറ്റ കുടകള്‍ രാജ്യമെങ്ങും വിടരുകയും  സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ ചിറകടിയ്ക്കുകയും ചെയ്യും !!          
                
               
                 
                                    

Saturday, September 29, 2012

മഹനീയം.. ഈ മാതൃത്വം..

               മാതൃത്വത്തിന്റെ മഹത്വത്തെ പറ്റിയും  പാല്‍ ചുരത്തുന്ന പയോധരങ്ങളെ പറ്റിയുമൊക്കെ വാഴ്ത്താത്ത കവികളില്ല.. വര്‍ണ്ണിക്കാത്ത എഴുത്തുകാരുമില്ല. ഏതു പുരാണം എടുത്ത്‌ പരിശോധിച്ചു നോക്കിയാലും ഏതു ഇതിഹാസങ്ങള്‍ പരതിയാലും അവിടെയെല്ലാം ജ്വലിച് നില്‍ക്കുവാന്‍ തക്കവിധം  അമ്മിഞ്ഞപ്പാലിന്റെ മണമുള്ള ഏടുകള്‍ കാണാം.. ഇനി,  ഇവരാരും പറഞ്ഞു തരാതെ തന്നെ മാതൃത്വത്തിന്റെ മാധുര്യത്തെ പറ്റി 'തള്ളയ്ക്ക് പിറന്ന' എല്ലാവര്‍ക്കും അറിയാവുന്നതാണ്.  
     ഉണ്ണിക്കണ്ണന്റെയും യശോദയുടെയും വാല്സല്യവും കുസൃതിയും തുളുമ്പുന്ന ചിത്രങ്ങള്‍ കാണാത്തവര്‍ നമ്മളില്‍ ആരുണ്ട് !!..  
    "നിന്നെ പ്രസവിച്ച ഉദരവും പാലൂട്ടിയ മുലകളും ഭാഗ്യം ചെയ്തവ!!.."  ക്രിസ്തു നാഥന്റെ അമ്മയെ പറ്റി ജനക്കൂട്ടത്തിലെഏതോ ഒരു സ്ത്രീ വിളിച്ചു പറഞ്ഞ വാക്കുകള്‍ ഇങ്ങനെ..
' മുസ്ലിംസിനെ പറ്റി ഒരക്ഷരം മിണ്ടരുത് ' എന്ന്  നിലവില്‍ ഓര്‍ഡര്‍ ഉള്ളതിനാലും  നാളെയും ഈ ബ്ലോഗില്‍ പോസ്റ്റ്‌ ഇടാന്‍ ഞാന്‍ ആഗ്രഹിക്കുന്നതിനാലും ഇസ്ലാം മതത്തിലെ മാതൃത്വ സങ്കല്‍പ്പത്തെ പറ്റി പറയാന്‍ ഞാന്‍ ധൈര്യപ്പെടുന്നില്ല.. സാമുദായിക സംതുലനം ടാലി ആകാത്തതില്‍ വിഷമിക്കുന്നവര്‍ തല്‍ക്കാലം ക്ഷമിക്കുക.    
 
     അങ്ങനെ ചരിത്രത്തിന്റെ കീറിപ്പറിഞ്ഞ  ഓള്‍ഡ്‌ ജനറേഷന്‍ ഏടുകള്‍ മുഴുവന്‍ പെറ്റമ്മയുടെ താരാട്ട് പാട്ടുകളുടെ ഈരടികളാല്‍ മുഖരിതമാവുമ്പോള്‍ ഈ ഫേസ്ബുക്ക്‌ ജനരെഷനില്‍ മാതൃത്വത്തിന്റെ മഹാത്മ്യം വിളിച്ചോതാന്‍ ഒരുത്തിയും ഇല്ലല്ലോ എന്നോര്‍ത്ത്‌ നെടുവീര്‍പ്പുകള്‍ വീട്ടിരുന്നവര്ക്ക് ഇനി ആശ്വസിക്കാം.. നിങ്ങളുടെ ദുഖങ്ങളും ആശങ്കകളും എല്ലാം അബോര്‍ട്ട് ചെയ്തു ചവറ്റുകുട്ടയില്‍ എറിഞ്ഞെക്കുക.. ഇതുവരെ പെറ്റവരും ഇപ്പോള്‍ പെറുന്നവരും ഇനി പെറാനിരിക്കുന്നവരുമായ മലയാളി മങ്കകളുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയി ഇനി ശ്വേതാ മേനോന്‍ ഉള്ളപ്പോള്‍ നിങ്ങള്‍ എന്തിനു ആശങ്കപ്പെടണം..!! എന്തിനു പരിഭ്രമിക്കണം!!..
         ഒരുകാലഘട്ടത്തില്‍ ഗര്‍ഭനിരോധനത്തിന്റെയും അതിനുള്ള മാര്‍ഗങ്ങളുടെയും  "ചൂടേറിയ"  അപ്പസ്തോലയായിരുന്ന ടി നായിക (അങ്ങനെയാണല്ലോ ടിയാള്‍ സുപ്രസിദ്ധയായതും)  ഇന്ന്  ഗര്‍ഭധാരണത്തെപ്പറ്റിയും അതിന്റെ മഹത്വത്തെപ്പറ്റിയും ഒക്കെ കേരളത്തിലെ സ്ത്രീകളെ ബോധവല്‍ക്കരിക്കാന്‍ ഇറങ്ങിയതിനെ കാലത്തിന്റെ മറ്റൊരു കാവ്യനീതി എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. എങ്ങനെയൊക്കെ വിശേഷിപ്പിചാലും ശ്വേതാമെനോനും ബ്ലസ്സിയും മലയാള സിനിമയുടെ അഭ്രപാളികളില്‍ പുത്തന്‍ചരിത്രം രചിക്കുകയാണ്.  സ്വന്തം ഗര്ഭകാലഘട്ടവും പ്രസവവും തല്‍സമയം ചിത്രീകരിച്ച് മലയാള സിനിമയില്‍ മറ്റൊരു ന്യൂ ജനറേഷന്‍ ട്വിസ്റ്റ്‌ സൃഷ്ടിച്ചിരിക്കുകയാണ് ശ്രീമതി ശ്വേത. ഇന്നിപ്പോള്‍ കേരള സര്‍ക്കാരിന്റെ ഗര്‍ഭിണികള്ക്കായുള്ള പരസ്യങ്ങളില്‍ പോലും ശ്വേത ആണ് താരം..
(അരി ഇടിച്ചുകൊണ്ടിരിക്കുമ്പോള്‍ 'ദാ വന്നു ,ദേ പോയി എന്ന മട്ടില്‍ കൂള്‍ കൂളായി കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്ന ചരിത്രം വിളംബിക്കൊണ്ടിരിക്കുന്ന അമ്മച്ചിമാര്‍ ക്ഷമിക്കുക.. അതൊന്നും ഒരു സംഭവമേ അല്ല, ഇതാണ് ലോകാത്ഭുതം..) 

 പുതിയ ചിത്രത്തിലെ വേഷത്തെക്കുറിച്ച് ശ്വേത പറയുന്നത് ഇങ്ങനെ..                     
    ‘ ഗര്‍ഭം ധരിക്കലും പ്രസവവും സ്ത്രീയുടെ മാത്രം ജോലിയല്ല അതിന്റെ ഓരോ നിമിഷവും പുരുഷനും പങ്കുണ്ട്. ഇതു ലോകത്തോടു പറയാന്‍ കിട്ടിയ അപൂര്‍വ്വ അനുഭവമാണിത്. അതു നടിയെന്ന നിലയില്‍ ഞാന്‍ പൂര്‍ണമായും ഉപയോഗിക്കുന്നുവെന്നുമാത്രം’- 
        "അഭിനയം തന്റെ ജീവനാണെന്നും അതിനാല്‍ ജീവന്‍ കൊണ്ടുതന്നെ ലോകത്തോട് ഇക്കാര്യം പറയാനാഗ്രഹിക്കുന്നു. സ്ത്രീ ഗര്‍ഭം ധരിക്കുന്നതുമുതല്‍ പുരുഷനും കൂടെയുണ്ടാവണം... ഗര്‍ഭിണിയാകുന്നതോടെ സ്ത്രീയെ രോഗിയെപ്പോലെ കാണുന്ന സമൂഹമാണു നമ്മുടേത്..   അപ്പോഴാണു ഗര്‍ഭിണിയായാല്‍ അതു സ്ത്രീയോടു കാണിക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാനുള്ള മാര്‍ഗം കൂടിയാണെന്നു താനും ഭര്‍ത്താവും തിരിച്ചറിഞ്ഞത്.."
         ഭാരതീയ  സ്ത്രീത്വത്തിന്റെ നവോദ്ധാനത്ത്തിനും ശാക്തീകരണത്തിനും   സര്‍വ്വോപരി മലയാളസിനിമയോടുള്ള പറിച്ചുമാറ്റാനാകാത്ത   പൊക്കിള്‍ക്കൊടിബന്ധത്തിന്റെ  അന്യൂനമായ പുഷ്ടിപ്പിനുമായി സ്വന്തം ജീവിതം പോലും കാമറയ്ക്ക് മുന്നില്‍ തുറന്നു വെയ്ക്കാന്‍ തയ്യാറായ ഈ മഹാ നടിയ്ക്ക്  ഭാരത രത്നമോ കുറഞ്ഞത് പത്മവിഭൂഷന്‍ എന്കിലുമോ കൊടുക്കണം എന്നതാണ് ഈയുള്ളവന്‍റെ അഭിപ്രായം.. (പട്ടാള വേഷത്തില്‍ അഭിനയിച്ച ലാലിന് ലഫ്‌.കേണല്‍ പദവി കൊടുത്തില്ലേ ..  അപ്പൊ ഇവിടെ ജീവിച്ചഭിനയിച്ച  ശ്വേതയ്ക്ക് ഇതില്‍ കുറഞ്ഞ ഒരു അവാര്‍ഡ്‌ ഉണ്ടോ)    പ്രത്യേകിച്ച് ഐശ്വര്യ ബച്ചന്റെ പ്രസവ കാലഘട്ടം ഓര്‍മയുള്ള മീടിയാക്കാരന്‍ എങ്കിലും ഈ വാദത്തെ അനുകൂലിക്കുമെന്ന് തോന്നുന്നു..  മുന്‍ വിശ്വ സുന്ദരിയുടെ കുളി തെറ്റിയ ദിവസം മുതല്‍ തിരു വയര്‍ ഒഴിയലിന്റെ മഹനീയ നിമിഷങ്ങള്‍ വരെ എന്തോരം ഓ ബി വാനുകള്‍ ആണ്  ബച്ചന്‍ കുടുംബത്തിനു പിന്നാലെ കൂടിയത്. എന്നിട്ട് അതിനൊക്കെ പുല്ലു വില കൊടുത്തോ ബച്ചനും കൂട്ടരും.. മാധ്യമങ്ങള്‍ സ്വൈരം തരണം എന്നാണു അന്ന് ബിഗ്‌ ബി ട്വീട്ടിയത്. ഇതൊന്നും പോരാഞ്ഞ് ഒടുക്കം  ബച്ചിയുടെ ഒരു സ്റ്റില്‍ പോലും മീഡിയയില്‍  കൊടുത്തില്ല..  സ്വകാര്യത വേണം പോലും .. സ്വകാര്യത..  അഹങ്കാരികള്‍ !!..  ബച്ചനും കൊച്ചനുമൊക്കെ ഞങ്ങടെ ശ്വേതയെ കണ്ടു പഠിക്കട്ടെ!!      

   സുതാര്യതയില്‍ തന്നെ കവച്ചുവയ്ക്കുന്ന ഒരു കൊപ്പനും  ഈ ഭൂലോകത്ത് രണ്ടു കാലില്‍ നടക്കുന്നില്ല എന്നും പറഞ്ഞു വിജ്രുംഭിച്ചിരുന്ന ബഹു.സി.എം ഉമ്മന്‍ചാണ്ടി, ഈ വാര്‍ത്ത കേട്ടതിനു ശേഷം  കൃത്യം രണ്ടു മണിക്കൂര്‍ മുപ്പതു മിനുട്ടുകള്‍ എടുത്തുവെത്രെ ഞെട്ടലില്‍ നിന്നും മുക്തി നേടാന്‍!!..

        ഇതുപോലൊരു മഹാ നടിയെ കേരളക്കരയ്ക്ക് ലഭിക്കാന്‍ മാത്രം പുണ്യം നമ്മളൊക്കെ ചെയ്തിട്ടുണ്ടോ.. മുഖ്യധാര മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പരിഗണന ഈ പുണ്യപ്രസവത്തിനു കൊടുക്കുന്നുണ്ടോ    എന്നത് നാം മനസിരുത്തി ചിന്തിക്കേണ്ടതാണ് .
      എക്കാലവും കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ നവോധാനത്തിനു വേണ്ടി അശ്രാന്തം പരിശ്രമിച്ച ശ്വേത മേനോന്‍ ഒരിക്കല്‍ കൂടി    സ്വന്തം കഥാ പാത്രങ്ങളെ കവച്ചു വെയ്യ്ക്കുന്ന വിധമാണു തന്റെ ബോള്‍ഡ്‌നെസ്  എന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്.  പുരുഷ കേന്ദ്രീകൃതമായ  ലോകത്ത്‌ ഇത്തരം ധീരമായ ചുവടു വെയ്പ്പുകളിലൂടെ സ്ത്രീ ഒരു സംഭവം തന്നെയാണ് എന്ന്  ഇനിയും ഇനിയും തെളിയിക്കാന്‍ ശ്വേതയ്ക്ക് കഴിയട്ടെ..  പുണ്യ പ്രസവത്തിലൂടെ മലയാള സിനിമ ലോകത്തെയും സര്‍വ്വോപരി വിശ്വ മാതൃത്വത്തെ തന്നെയും ധന്യമാക്കിയ അമ്മയ്ക്കും കുഞ്ഞിനും നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍!!
 കണ്ടു വളരാനും അനുകരിക്കാനുമായി 'പാലോളി മാണിക്യം', 'രതിനിര്‍വേദം ', കയം എന്നീ ക്ലാസ്സിക്‌ ചിത്രങ്ങളിലെ ശക്തമായ കഥാപാത്രങ്ങള്‍ക്ക് പുറമേ  പുറമേ, സ്വന്തം പിറവിയുടെ  ക്ലോസ് അപ്പ്‌ മുഹൂര്‍ത്തങ്ങള്‍  കൂടി തന്റെ മകള്‍ക്കായി സമ്മാനിക്കുമ്പോള്‍ ആണ് ശ്വേതയിലെ അമ്മ വ്യത്യസ്തയായ ഒരു അമ്മയായി മാറുന്നതും..

    ഇങ്ങനെ, കേരളത്തിലെ ബ്ലഡി സദാചാരക്കാര്‍  സ്വകാര്യമായിരിക്കണം എന്ന് ശഠിക്കുന്ന നിമിഷങ്ങളും ദൃശ്യങ്ങളും തുറന്നു കാട്ടാനുള്ള ചങ്കൂറ്റം ഇനിയും ഇനിയും ധാരാളം വനിതാ സെലിബ്രിട്ടികള്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.. അപ്പോളാണ് സ്ത്രീ താത്വികമായും യാഥാര്‍ത്ഥ്യമായും സ്വതന്ത്രയാകുക..!! 

        

Monday, September 24, 2012

ഊര് വിലക്കികള്‍ ഓര്‍ക്കാതെ പോകുന്നത് ..

     മലയാള സിനിമയുടെ നടന തിലകം ഇനി ഒരു ഓര്‍മ്മ മാത്രമാവുകയാണ്.. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒട്ടേറെ അനശ്വര കഥാപാത്രങ്ങള്‍ ബാക്കിവെച് തിലകന്‍ എന്ന മഹാനടന്‍ യാത്രയാവുമ്പോള്‍ അഭിനയ തികവിന്റെയും ഭാവാത്മകതയുടെയും ഒരു യുഗം തന്നെ ഇവിടെ അവസാനിക്കുന്നു.. മലയാള സിനിമയുടെ പെരുന്തച്ചന്‍, തല കുനിക്കാത്ത നിഷേധി, മലയാളത്തിന്റെ മഹാനടന്‍..  അങ്ങനെ ഒരു പോസ്റ്റില്‍ ഒതുങ്ങാത്ത വിധമാണ്  അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍ നീളുന്നത്.      

                 മുണ്ടക്കയത്ത്  ഒരു നാടകസമിതിയിലൂടെ ആയിരുന്നു  തിലകന്‍റെ അഭിനയ ലോകത്തേയ്ക്കുള്ള അരങ്ങേറ്റം.  കേരള പീപ്പിള്‍ ആര്‍ട്സ്, കൊല്ലം കാളിദാസ കലാകേന്ദ്രം, ചങ്ങനാശ്ശേരി ഗീത എന്നീ പ്രൊഫഷണല്‍ നാടക ട്രൂപ്പുകളിലും തിലകന്‍ ഒരു കാലത്ത്‌ സജീവമായിരുന്നു. ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ അഭ്ര പാളികളിലെ  അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു.  യവനികയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചു. 1988ല്‍ ഋതുഭേദത്തിലെ അഭിനയത്തിന് തിലകന്‍മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് നേടി. 1990ല്‍ പെരുന്തച്ചനിലൂടെ  മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കി. 2005ല്‍ ഫിലിം ഫെയര്‍ തിലകനെ തെന്നിന്ത്യയിലെ അപൂര്‍വ പ്രതിഭയായി ബഹുമാനിച്ചു. 2007ല്‍ ഏകാന്തത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കമ്മിറ്റി സ്പെഷല്‍ ജൂറി അവാര്‍ഡ് നല്‍കി. 2009ല്‍ രാഷ്ട്രം തിലകനെ പത്മശ്രീ നല്‍കി ആദരിച്ചു.
          തറവാടിയായ കാരണവര്‍, മക്കളെ നേര്‍വഴിയ്ക്ക് നടത്താന്‍ ശ്രമിക്കുന്ന, ശാട്യം ഏറെയുള്ള  അച്ചന്‍, വടയക്ഷികളെ കാഞ്ഞിര പലകയില്‍ തറച്ച് പോസ്റ്റര്‍ ആക്കുന്ന മന്ത്രവാദി, അങ്ങനെ ഇദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടേറെ..   തന്റെ മിക്ക കഥാ പാത്രങ്ങളുടെയും സ്ഥായി സ്വഭാവമായിരുന്ന ഒരു തരം നിഷേധാത്മക ഭാവം പലപ്പോഴും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും അന്തര്‍ലീനമായിരുന്നു എന്ന് വേണം കരുതാന്‍.. അപ്രിയ സത്യങ്ങള്‍ പരസ്യമായി പറയാന്‍ പാടുള്ളതല്ല എന്ന കോര്‍പ്പറേറ്റ് തിയറി അദ്ദേഹത്തിന് ഒരു കാലത്തും സ്വീകാര്യമല്ലായിരുന്നു..  'നേരെ വാ.. നേരെ പോ ' എന്നുള്ള അദ്ദേഹത്തിന്റെ സ്വഭാവം അദ്ദേഹത്തിന്റെ കരിയറില്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ചില്ലറയല്ല.
       ജീവിച്ചിരിക്കുമ്പോള്‍ സ്വന്തം മാതാപിതാക്കളെ  സ്റ്റോര്‍ റൂമിലോ വീടിന്റെ പിന്നാമ്പുറത്തോ അതുമല്ലെങ്കില്‍ വല്ല ഓള്‍ഡ്‌ ഏജ്‌ ഹോമിലോ പുഴുവരിക്കാന്‍ വിടുകയും; മരിച്ചുകഴിയുമ്പോള്‍ ചന്ദനപ്പെട്ടി, പൊന്നിന്‍കുരിശ്, വാദ്യമേളം, ആര്‍ച്ച്‌ ബിഷപ്പിന്റെ അനുസ്മരണ പ്രസംഗം തുടങ്ങിയ കലാപരിപാടികളോടെ  അവാര്‍ഡ് ഇവന്ടിനെ വെല്ലുന്ന രീതിയില്‍ ശവ സംസ്കാരം നടത്തുകയും ചെയ്യുന്ന ന്യൂ ജനറേഷന്‍ സംസ്കാരം നമുക്കൊക്കെ ഏറെ പരിചിതമാണ്.  സമാനമായ ഒരുതരം കലാപരിപാടി മലയാള സിനിമാലോകവും അണിയറ പ്രവര്‍ത്തകരും ഇപ്പോള്‍കാഴ്ച്ച വെച്ചുകൊണ്ടിരിക്കുകയാണ്.
 
         

        സമീപ കാലഘട്ടത്തില്‍ മലയാള സിനിമ ലോകത്ത് അരങ്ങേറിയ 'ഊര് വിലക്കല്‍' നാടകങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തിയിട്ടുള്ള ആര്‍ക്കും തിലകനോടു ചലച്ചിത്ര ലോകം അര്‍ഹിക്കുന്ന നീതി പുലര്‍ത്തി എന്ന വാദത്തോട് യോജിക്കാനാവില്ല. മലയാളത്തിന്റെ മഹാ താരത്തെ ദീര്‍ഘകാലം മലയാള സിനിമയുടെ പടിപ്പുരയുടെ പുറത്ത് നിര്‍ത്തുകയും ഒരു വന്ദ്യ വയോധികന് കൊടുക്കേണ്ട പരിഗണന പോലും കൊടുക്കുകയും ചെയ്യാതിരുന്നവര്‍ക്ക് കാലത്തിന്റെ  കാവ്യനീതി എന്നത് എന്താണെന്ന് മനസിലാക്കാന്‍ അധികകാലം കാത്തിരിക്കേണ്ടി വരില്ല. 

              സോഷ്യല്‍ മീഡിയക്കാര്‍ സന്തോഷ്‌ പണ്ടിട്ടിനെയും പ്രിഥ്വിരാജിനെയുമൊക്കെ എത്രത്തോളം നികൃഷ്ടജന്മങ്ങള്‍ ആയി ആണോ കണക്കാക്കുക അതിനേക്കാലൊക്കെ  വെറുക്കപ്പെട്ട ഒരു കാന്‍വാസില്‍ ഈ നടനെ തളച്ചിടാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ തിലകന്‍ ചേട്ടന്‍ ഞങ്ങടെ  പൊന്നാണ്, തേനാണ് , പാലാണ് എന്നൊക്കെ പറഞ്ഞു വിങ്ങിപ്പൊട്ടുന്നത്‌ കാണുമ്പോള്‍ മനസ്സില്‍ തികട്ടിവരുന്ന വികാരം അതേപടി ഇവിടെ എഴുതി വെച്ചാല്‍ മോശമാകും എന്ന് തോന്നുന്നു. ഇതേ  കൊഞ്ഞാണന്മാര്‍ എല്ലാം കൂടി  നാളെ തിലകന്റെ പേരില്‍ ഒരു അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയാല്‍ പോലും അതില്‍ അത്ഭുതപ്പെടെണ്ടതുണ്ട് എന്ന് തോന്നുന്നില്ല..  കാരണം നാണം, മാനം, ഉളുപ്പ്  അഭിമാനം,നട്ടെല്ല് ഇതൊന്നും മാര്‍ക്കറ്റില്‍ കിട്ടുന്നതല്ലല്ലോ. ഏതായാലും ടി  സാറന്മാര്‍ക്കെല്ലാം തന്നെ  സുഭദ്രമായ ഒരു രാഷ്ട്രീയ ഭാവി ഉണ്ട് എന്നത്  കോവര്‍ കഴുതകളായ ജനങ്ങളെ സംബന്ധിച്ച് ഏറെ ആശങ്കാജനകം ആണ്..!!     
              ' ഞങ്ങടെ സംഘടനയുടെ അരഞ്ഞാണ ചരടിന്റെ ബലത്തിലാണ്  മലയാള സിനിമ നിന്ന് പിഴച്ചു പോകുന്നത്. ഞങ്ങളോട് മൊടയുമായി വന്നവന്‍  ഇവിടെ ഒരു സിനിമയും ഒലത്തണ്ട, ഒരു കോപ്പും ഒണ്ടാക്കണ്ട' എന്ന നിഷേധ മനോഭാവമാണ് ഇവിടത്തെ പല താര-സാങ്കേതിക- സംഘടനകളും വെച്ചു പുലര്‍ത്തുക. വിലക്കാനായി മാത്രം യോഗം കൂടുന്ന ഇതുപോലെയുള്ള കുണ്ടികുലുക്കി പക്ഷികള്‍ ചലച്ചിത്ര ലോകത്ത്‌ മാത്രമല്ല  ജീവിതത്തിന്റെ സര്‍വ മേഘലകളിലും ആധിപത്യം സ്ഥാപിച്ചു വരുന്നുണ്ട്-പ്രത്യേകിച്ചും കേരളത്തില്‍. ആധ്യാത്മിക-ധാര്‍മിക-യുവജന പ്രസ്ഥാനങ്ങള്‍ എന്ന് അവകാശപ്പെടുന്ന സംഘടനകള്‍ പോലും ഇത്തരം ക്ഷുദ്രീകരണ ശക്തികളുടെ തായംകളികള്‍ക്ക്‌ വേദിയാകുന്നത് നാം അനുദിനം കണ്ടുവരുന്നു. അപ്പോള്‍ എല്ലാ വിധ ഹറാം പെറപ്പുകളുടെയും ടൂറിസ്റ്റ്‌ പ്ലേസ് ആയ സിനിമയുടെ കാര്യം പറയാനുണ്ടോ !!. 'കൂടുതല് കളിച്ചാല്‍ നിന്നെ ഞങ്ങളങ്ങു വിലക്കിക്കളയും ' എന്നാണു ഇക്കൂട്ടരുടെ ഭീഷണിയും. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിലനിന്നുപോരുന്ന പോരുന്ന ഊര് വിലക്കലിനോടോ തുറമുഖങ്ങളിലെ ക്വാറന്റയിനോടോ മാത്രമേ ടിയാന്മാരുടെ വിലക്കലിനെ ഉപമിക്കാനാവൂ. ഇപ്രകാരം വിലക്കപ്പെടുന്നവന് ഇഹലോകത്തിലോ പരലോകത്തിലോ മോക്ഷം ലഭിക്കില്ല പോലും!!.           
                  നിന്ദാകരമായ ഇത്തരം  ഒറ്റപ്പെടുത്തലുകളെയും ഊരുവിലക്കലുകളെയും കാറ്റില്‍പ്പറത്തി തിലകന്‍ സാറിന് മലയാള സിനിമയിലേയ്ക്ക്‌ ശക്തമായ തിരിച്ചു വരവിനു അവസരം ഒരുക്കിയ സംവിധായകന്‍ രഞ്ജിത്ത് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.  രഞ്ജിത്ത് തന്നിലര്‍പ്പിച്ച വിശ്വാസം  അതിന്റെ എല്ലാ വിധ പരിപൂര്‍ണ്ണതയിലും തിലകന്‍ കാത്തുസൂക്ഷിച്ചു. തിലകന്റെ അഭിനയ ശോഭയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സൗത്ത്‌ ഇന്ത്യയിലെ ഇന്ഗ്ലിഷ് സംസാരിക്കുന്ന ഏക നടന്‍ ".ക്ക.. മ്മ..ന്ന..ങ്ങ..' എല്ലാം വരയ്ക്കുന്നത് നമ്മള്‍ 'ഇന്ത്യന്‍ റുപ്പീ'യില്‍ കണ്ടറിഞ്ഞതാണ്..  
     ന്യു ജനറേഷന്‍ തരംഗത്തില്‍ പെട്ട് ഒലിച്ചു പോകാതിരിക്കാന്‍ മലയാളത്തിന്റെ  സൊ കോള്‍ഡ്‌ സൂപ്പര്‍-മെഗാ-യുനിവേഴ്സല്‍  താരങ്ങള്‍ കൈ കാലിട്ടടിക്കുമ്പോള്‍ ജനറേഷന്‍ ഗ്യാപ്‌ ബാധിക്കാത്ത ഒരു മഹാ സംഭവം തന്നെയാണ് താന്‍  എന്ന് 'ഉസ്താത്‌ ഹോട്ടല്‍' എന്ന നവതലമുറ ചിത്രത്തിലൂടെ   തിലകന്‍ തെളിയിക്കുകയുണ്ടായി.

     തന്റെതായ മാനറിസങ്ങളും ആരുടെ മുന്നിലും അടിയറവ്‌ വെയ്ക്കാത്ത കാഴ്ച്ചപ്പാടുകളുമായി ഒരു മഹാമേരു പോലെ മലയാള സിനിമയില്‍ തന്റെതായ സിംഹാസനം ഉറപ്പിച്ച അഭിനയ ലോകത്തെ ഈ മഹാനായ ഔട്ട്‌സ്പോക്കണ്‍ താരകത്തിന്, മഹാനല്ലാത്ത വെറും കൂതറയായ  ഈ കോട്ടയംകാരന്‍ ഔട്ട്‌സ്പോക്കന്‍ സോളിന്റെ   ആദരാഞ്ജലികള്‍..  
   

Thursday, August 23, 2012

ഇ-സാമ്പാറും മാവേലിയും പിന്നെ കുലംകുത്തിയും

                    
          ഐശ്വര്യത്തിന്റെ സൈറന്‍ മുഴക്കി വീണ്ടുമൊരു പൊന്നോണം കൂടി വരവായി.  മാവേലി തമ്പുരാന്‍ വീടിന്റെ ഉമ്മറപടിയിലെത്തി കേറണോ വേണ്ടയോ എന്ന ശങ്കയില്‍ നില്‍ക്കുകയാണ്.  പിന്നെന്താ തിരുമനസ്സിനെ അകത്തേയ്ക്ക് ക്ഷണിച്ചു  സപ്രമഞ്ചത്തിലേയ്ക്ക് ആനയിക്കാന്‍ ഇയാള്‍ക്ക്‌ ഇത്ര അമാന്തം എന്നായിരിക്കും നിങ്ങളുടെ സംശയം. ഒന്നുമല്ലേലും 'അതിഥി  ദേവോ ഭവ ' എന്നാണല്ലോ ആര്‍ഷഭാരതത്തിലെ     മാമുനിമാര്‍ നമുക്ക്‌ പകര്‍ന്നു തന്ന പൈതൃകവും സംസ്കാരവും.  മാത്രവുമല്ല,  ഒരു  സെന്‍സര്‍ എന്യുമരെട്ടറെ പോലെ വീട്ടുവാതില്‍ക്കല്‍ വിനയാന്വിതനായി നില്‍ക്കുന്നത്‌ ഒരു എക്സ്-രാജാവ്‌ ആകുമ്പോള്‍ പ്രോട്ടോക്കോള്‍ പ്രകാരം നല്‍കേണ്ട ബഹുമാനാദരവുകള്‍ നല്കിയില്ലേല്‍ കേസ്  വേറെയാകും. ഒരു ഭരണഘടനാപ്രതിസന്ധിയിലെയ്ക്ക് ഊതിപ്പെരുപ്പിച്ച്  വലുതാക്കാന്‍ ഒരു  പ്രശ്നവും കിട്ടാതെ  കാജാബീഡിയും വലിച്ചു സൈബര്‍ സ്പേസില്‍ അലഞ്ഞുതിരിയുന്ന  ഫേസ് ബുക്ക്‌  പാണന്മാര്‍  ഇതെങ്ങാനും സ്കെച്ച് ചെയ്‌താല്‍!!..  തമ്പുരാനെ!!.. എന്റെ കാര്യം പോക്കായി !!
                 വാസ്തവത്തില്‍, മേല്പറഞ്ഞ പോലുള്ള ബഹുമാനക്കുറവ്‌ ഒന്നും ഉണ്ടായിട്ടല്ല കേട്ടോ ഞാനിങ്ങനെ അലക്ഷ്യ ഭാവത്തില്‍ നില്‍ക്കുക. ഓണത്തിനും വിഷുവിനും ക്രിസ്തുമസിനുമൊക്കെ തുളസിയിലയും കൂവളത്തിലയും സമാസമം ചേര്‍ത്ത് തിളപ്പിച്ച കഞ്ഞി വെള്ളം കുംബിളിലാക്കി ചവച്ചരച്ചു കുടിയ്ക്കുന്ന സൊ കോള്‍ഡ്‌ കോരന്മാരുടെ പട്ടികയിലാണ് എന്റെ പേരും. ഇമ്മാതിരിയുള്ള ഒരുതരം ഗതിയില്ലായ്മയില്‍ നട്ടം തിരിയുമ്പോള്‍ എന്ത് , എവിടെന്നെടുത്ത്‌ , എങ്ങനെ മൂപ്പിലാന് സദ്യയൊരുക്കി കൊടുക്കും എന്നുള്ള ഒരു കണ്ഫ്യൂഷനും ഫീല്‍ ചെയ്തു തുടങ്ങിയിട്ടുണ്ട് .  കാണം വിറ്റുകിട്ടുന്ന കാശിനു തിരുമേനിയ്ക്ക് KFC ചിക്കന്‍ വാങ്ങിക്കൊടുക്കാം എന്ന് കരുതിയാല്‍ ആധാരക്കെട്ടുകള്‍ എല്ലാം പണയത്തിലാണ്. ഇനി, കെ.എഫ്.സി വേണ്ട പകരം  വല്ല അവിയലോ സാമ്പാറോ ഒക്കെ കൂട്ടി ഒരു കണ്‍വെന്‍ഷനല്‍ വെജ് സദ്യ ഒണ്ടാക്കി കൊടുക്കാം എന്ന് വെച്ചാല്‍  പച്ചക്കറി ചന്തയിലെയ്ക്ക്  തീ വില മൂലം എത്തിനോക്കാന്‍ വയ്യ.. 
                           എന്നെപ്പോലുള്ള ബിലോ ക്ലാസ്‌ കോരന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ഫോണോ ടാബ് ലറ്റോ മറ്റോ ഫ്രീ ആയി കൊടുക്കും എന്ന് കേട്ടായിരുന്നു. എത്രയും വേഗം കയ്യിലോട്ടു കിട്ടിയിരുന്നേല്‍ മുരിങ്ങക്കൊലിനും മത്തങ്ങയ്ക്കും പകരം ഈ കോപ്പൊക്കെ കണ്ടിച്ചിട്ട് ഒരു 'ഇ-സാമ്പാര്‍' വെച്ച് കൊടുക്കാമായിരുന്നു.. ഇനി, ഓണക്കോടിയുടെ കാര്യമാണേല്‍ പറയാനുമില്ല. പിന്നെയും ഒരു ആശ്വാസം ഉണ്ടാരുന്നത്  ഇത്തവണ എല്ലാ കേരളീയര്‍ക്കും വിദ്യാഭ്യാസ വകുപ്പ്‌ വക ഓണക്കോടികള്‍ സൌജന്യമായി കൊടുക്കും എന്നൊരു ശ്രുതി കേട്ടിരുന്നു. ഫേസ്ബുക്കന്മാര്‍ പറഞ്ഞുള്ള അറിവാണ്. ഒള്ളതാണോ എന്തോ !!.. ഹരിത കേരളത്തില്‍ ഹരിതാഭ ഓണം ആണത്രേ ഇത്തവണ ആഘോഷിക്കുക. പച്ചക്കരയുള്ള കസവ് സാരിയും പച്ചബ്ലൌസും ധരിച്ച മലയാളി മങ്കമാരും പച്ചമുണ്ടും ഷര്‍ട്ടും ധരിച്ച മങ്കന്മാരും പച്ച നിറമുള്ള SAS പേപ്പര്‍ വാഴയിലയില്‍ പച്ചരി ചോറും പച്ചടിയും കൂട്ടി ഓണമുണ്ണുന്ന കാഴ്ച സമ്പൂര്‍ണ്ണ സോഷ്യലിസത്തിന് മുന്നോടിയായുള്ള ദീപക്കാഴ്ചയാണ് പോലും!!      

            ഓണക്കളികള്‍ക്കും  ഓണത്തല്ലിനും   ദൈവം സഹായിച്  കേരളത്തില്‍ യാതൊരു പഞ്ഞവും ഇല്ല  എന്നത് ഒരു സമാധാനമാണ്.  കുലം കുത്തികള്‍ക്ക് പ്രത്യേക തരം തല്ലും പായ്ക്ക് ചെയ്തു  ചൊവ്വയില്‍ നിന്നും കൊട്ടേഷന്‍ സംഘം യാത്ര തിരിച്ചിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. കൊട്ടേഷന്‍ സംഘം എന്നൊക്കെ പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌ നമ്മടെ മാവേലീം ഒരു കൊട്ടേഷന്റെ ഇരയാണല്ലോ അല്ലെ !!.  ഒരു പക്ഷെ ദേവേന്ദ്രന്റെ കൊട്ടെഷനുമായി  വന്നു അതി ക്രൂരവും പൈശാചികവും ആയ രീതിയില്‍ പൊന്നു തമ്പുരാനെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ കോളേജില്‍നിന്ന്‌  തന്നെയാരിക്കും കൊടിസുനിയും മറ്റും എന്‍ജിനീയറിംഗ്  പഠിച്ചത് എന്നതില്‍ എനിക്ക്  യാതൊരു ഡൌട്ടും ഇല്ല. എന്തൊക്കെയായാലും കരഞ്ഞു കാലുപിടിച്ചു വാങ്ങുന്ന ആ മൂന്നു ചുവടില്‍ നിന്നും വ്യത്യസ്തമായി ,  51 വെട്ടിന് പണിയും തീര്‍ത്ത് അടുത്ത വിമാനത്തില്‍ ദുഫായിക്ക് മടങ്ങാന്‍ കഴിയത്തക്ക വിധത്തിലുള്ള ഒരു പ്രൊഫഷനലിസത്തിലേയ്ക്ക് കാര്യങ്ങള്‍ വളര്‍ന്നത്  അതിവേഗം ബഹുദൂരം പായുന്ന കേരളത്തിന്റെ വളര്‍ച്ചയുടെ ഭാഗം തന്നെയാണ് .                  
        ആ നിലയ്ക്ക്  നോക്കുമ്പോള്‍, ദേവലോകത്തിന്റെ സ്ഥാവരജംഗമ വസ്തുക്കള്‍ മൊത്തമായി സ്വന്തം പേരില്‍ എഴുതിവാങ്ങാന്‍ വളരെ നൈസായി  ചരട് വലിച്ച മാവേലി തമ്പുരാന്‍ ഒരു എലൈറ്റ്‌ ക്ലാസ്‌ കുലം കുത്തി തന്നെയാണ് എന്ന് പറയേണ്ടി വരും. ഒടുവില്‍ നല്ലൊരു രാജാവിനെ ചവിട്ടിതാഴ്ത്തി പണ്ടാരടക്കിയ  വാമനന്‍ ന്യു ജനറേഷന്‍ ഹീറോയും ജനകോടികളുടെ വിശ്വസ്ത സ്ഥാപനവുമായി മാറുമ്പോള്‍ ഒരു സമൂഹത്തിന്റെ ആത്മാവിഷ്കാരത്തിനായ്‌  രാജ്യം കൈ വിട്ട  മഹാബലി, ഒരു കോമിക്ക് കഥാപാത്രമോ കൊമാളിയോ ഒക്കെ ആയി  വീണ്ടും വീണ്ടും ഊളയാകുന്ന കാഴ്ചകള്‍ തന്നെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതും.
       എക്കാലത്തും പാര്‍ശ്വവല്ക്കരിക്കപ്പെടുകയും ദേവന്മാരാല്‍ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന അസുര വംശത്തില്‍ ജനിച്ചതുകൊണ്ടല്ലേ മാവേലിയ്ക്ക് ഈ പാടുപീഡ ഒക്കെ സഹിക്കേണ്ടി വന്നത് എന്ന പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. സുഖവും സന്തോഷവും അധികാരങ്ങളുമൊക്കെ ദേവന്മാര്‍ക്ക് മാത്രം വിധിച്ചിട്ടുള്ളതാണെന്നും ദേവലോകത്തിന്റെ പിന്നാമ്പുറത്ത് നിന്നും പൊഴിഞ്ഞു കിട്ടുന്നവ അമൃത് പോലെ ആസ്വദിച്ച് ജീവിതം കഴിച്ചു കൂട്ടുകയാണ് ഒരു ഐഡിയല്‍ അസുരന്‍ ചെയ്യേണ്ടത്‌ എന്നുമുള്ള സത്യം വിസ്മരിച്ചതല്ലേ മഹാബലിയ്ക്ക് പറ്റിയ അബദ്ധം?.. 
         കാര്യം,  കേരളത്തിന്റെ പൊന്നോമനയാണ്, ചക്രവര്‍ത്തിയാണ്, മാങ്ങാത്തൊലിയാണ്  എന്നൊക്കെ പറഞ്ഞു  എല്ലാ ഓണത്തിനും നാം വല്യ  ഡയലോഗ് അടിക്കുമെങ്കിലും മാവെലിയോടു ഒരു തരം വെറുക്കപ്പെട്ടവനോടുള്ള   മനോഭാവം അല്ലെ നാമൊക്കെ ഉള്ളിന്റെ ഉള്ളില്‍ വെച്ച് പുലര്‍ത്തുക?.  അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ്   ലോക്കല്‍ ചാത്തന്‍ന്മാര്‍ക്കും മാടനും മറുതയ്ക്കും  പോലും അമ്പലങ്ങളും പ്രതിഷ്ഠകളും  ഉള്ള നമ്മുടെ നാട്ടില്‍  മഹാബലി ചക്രവര്‍ത്തിയ്ക്ക് ഒരു കല്‍വിളക്ക്‌ തെളിക്കാന്‍ പോലും ആളില്ലാത്തത്??..     ചോതിക്കാനും പറയാനും ആളില്ലെന്ന് കരുതി മാവെലിയോടൊക്കെ  എന്തും ആകാമല്ലോ അല്ലെ..!!           

       നല്ലൊരു ഓണമായിട്ട്  എന്ത് പന്നത്തരം ഒക്കെയാണ്  ഇവന്‍ ഈ എഴുന്നള്ളിക്കുന്നത് എന്ന്  ചിന്തിക്കുന്നവര്‍ ഇത്ര മാത്രം മനസിലാക്കുക-  മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു സംസ്കാരത്തെ പായ്ക്കറ്റ് വല്ക്കരിക്കുന്ന ഈ  നവയുഗ കാലഘട്ടത്തില്‍,  മാവേലി എന്നത്  മാവ്‌, എലി എന്നീ സമത്വ സുന്ദര സോഷ്യലിസ്റ്റ്‌ സമസ്യകളുടെ  സമന്വയീ ഭാവം  ആണ് എന്ന്  സൈബര്‍ ലോകത്തെ  NG കുഞ്ഞുങ്ങള്‍  നാളെ പറഞ്ഞു കൂടായ്കയില്ല.    കാരണം സമൂഹത്തില്‍ നടപ്പിലുള്ള  സകല നിയമങ്ങളെയും വ്യവസ്ഥിതികളെയും ചോദ്യം ചെയ്യുകയും തന്റെതായ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് എല്ലാത്തിനെയും പുനര്നിര്‍വചിക്കുകയും രാജ്യത്തിന്‍റെ നിയമങ്ങള്‍ പോലും ഇതിനനുസരിച് മാറ്റിയെഴുതണം എന്നു ശഠിക്കുകയും ചെയ്യുമ്പോള്‍ ആണല്ലോ ഒരു NG യഥാര്‍ത്ഥ NG ആയി മാറുക..  രാജ്യത്തിന്റെ ദേശീയ പതാകയെ ആദരിക്കുന്നത് വിഡ്ഢിത്തമാണ് എന്നിങ്ങനെയുള്ള വെളിപാടുകള്‍ പോലും അപ്പോള്‍ തലയില്‍ ഉദിച്ചെന്നു വരാം.. പിന്നെയല്ലേ കേരളത്തിന്റെ ദേശീയ ഉത്സവം!!       കണ്ടുകൊണ്ടിരിക്കുന്നതും ഇനി  കാണാനിരിക്കുന്നതും ആയ പൂരങ്ങളെ വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ എന്ത് !!..   

എന്തായാലും നല്ലൊരു ഓണം ഉണ്ണാന്‍ കച്ചകെട്ടുന്നവരും "ക്യൂ നില്‍ക്കുന്നവരും"  കുമ്പിള്‍ കോട്ടുന്നവരുമായ എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക്  ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരത്തെ തന്നെ നേരുന്നു..                
                

Saturday, August 11, 2012

സ്വാതന്ത്യത്തിന്റെ തല്‍സമയ കാഴ്ചകള്‍!!..

                        നമ്മുടെ ഇന്‍ക്രെടിബിള്‍ ഇന്ത്യ  അതിന്റെ 65-മത് സ്വാതന്ത്യ ദിനാഘോഷങ്ങള്‍ക്ക് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഒട്ടേറെ തലമുറകളുടെയും എണ്ണിയാലൊടുങ്ങാത്ത വലിയൊരു സമൂഹം രാജ്യസ്നേഹികളുടെയും ചോരയുടെയും വിയര്‍പ്പിന്റെയും വിലയായാണല്ലോ  ഇന്ന് നാം സ്വാതന്ത്യം എന്ന പേരില്‍ ആഘോഷിക്കുകയും ആസ്വദിക്കുകയും ആര്‍മ്മാദിക്കുകയും ചെയ്യുക. അടിമയായി കഴിയുക എന്ന ദുരവസ്ഥ നമുക്ക്‌  (നമുക്ക്‌ എന്നുവെച്ചാല്‍ ഞാനും നിങ്ങളും ഒക്കെ ഉള്‍പ്പെടുന്ന FB ജെനറേഷന്..) ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തത് കൊണ്ടായിരിക്കും   ഈ ദിനത്തിന് അത് അര്‍ഹിക്കുന്ന ഒരു പ്രാധാന്യം നമ്മള്‍ കൊടുക്കാറുണ്ടോ എന്ന വസ്തുത നാമൊക്കെ മനസ്സിരുത്തി ചിന്തിക്കേണ്ടതാണ്. 

             എല്ലാ അവധി ദിവസങ്ങളെയും പോലെ വീട്ടില്‍ ചടഞ്ഞു കൂടി ഇരിക്കാനും  വൈകിട്ട് കൂട്ടുകൂടി വെള്ളമടിക്കാനും കൈ വരുന്ന ഒരു സുവര്‍ണ്ണാവസരം മാത്രമായി ഈ ദിവസത്തെ കരുതുന്ന ഒട്ടേറെ യുവതുര്‍ക്കികള്‍ നമ്മുടെ ഇടയില്‍ തന്നെ ഉണ്ടല്ലോ..  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമാനമായ ഇന്സ്ടിട്യുഷനുകളിലും മാത്രമായി രാജ്യ സ്നേഹത്തിന്റെ മൂവര്‍ണ്ണക്കൊടികള്‍ ഒതുങ്ങുകയും നാളെയുടെ നവമുകുളങ്ങള്‍ വൈകിട്ടത്തെ പരിപാടിയുടെ ഹാങ്ങ്‌ ഓവര്‍ മാറാതെ ചുരുണ്ടുകൂടി കിടക്കുന്ന കാഴ്ചകള്‍ കാണുമ്പോള്‍  അങ്ങ് സ്വര്‍ഗ്ഗലോകത്തില്‍ ഊന്നുവടിയില്‍ തലചായ്ച്ച്  ഏങ്ങലടിച്ചു കരയുന്ന ഒരു വൃദ്ധാത്മാവിന്റെ ചിത്രം എനിക്ക് ഭാവനയില്‍ കാണാനാവുന്നുണ്ട്..        
     ഇതൊന്നും പോരാഞ്ഞ്, ഇന്ന് നാം അനുഭവിക്കുന്നത് സ്വാതന്ത്യമല്ല , മറിച്ചു മറ്റെന്തോ സാധനം ആണെന്നും  സ്വാതന്ത്ര്യം എന്നപേരില്‍ മെയ്‌ട് ഇന്‍  കുന്നംകുളം സാധനം വാങ്ങിത്തന്നു ഗാന്ധിയും കൂട്ടരും ഇന്ത്യയെ വഞ്ചിക്കുകയാണ് ചെയ്തത് എന്നുവരെ ആരോപണമുയര്‍ന്നിരുന്നു.  ഇതൊക്കെ കേട്ടപ്പോള്‍ സമൂഹത്തിന്റെ വിവിധ (ക്രീമി ആന്‍ഡ്‌ നോണ്‍-ക്രീമി) ലെയറുകളില്‍ പട്ടയം വാങ്ങി താമസിക്കുന്ന വലിയ സമൂഹം ആളുകള്‍ എങ്ങനെയാണ് സ്വാതന്ത്യം എന്നതിനെ നോക്കിക്കാണുന്നത് എന്നറിയാന്‍ എനിക്കും ഒരു ആകാംഷ!!.. അങ്ങനെ പുറത്തേയ്ക്ക്‌ ഇറങ്ങിയപ്പോള്‍ കേട്ട അഫിപ്രായങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.. 
(വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് , ഇവിടെ  ചേര്‍ക്കുന്ന  പേരും ലൊക്കേഷനും യഥാര്‍ത്ഥം അല്ല..)   "സ്വാതന്ത്യം  കിട്ടി 65 കൊല്ലമായി, കോപ്പായി എന്നൊക്കെ പറഞ്ഞാലും യഥാര്‍ത്ഥ സ്വതന്ത്യത്ത്തില്‍ നിന്നും ഈ രാജ്യം ഏറെ അകലെയാണ് എന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ സൂചിപ്പിക്കുക..  ഒരാളെ സ്വസ്ഥമായി വെട്ടിക്കൊല്ലാന്‍ പോലും ഇന്ന് ഈ രാജ്യത്ത് സ്വാതന്ത്യം ഇല്ലാതായിരിക്കുന്നു.. അപ്പൊ ഇറങ്ങിക്കോളും പോലീസും കോടതിയും എന്നൊക്കെ പറഞ്ഞു കുറെ പോഴന്മാര്‍!!.. പാര്ട്ടികെതിരെ (എന്നുവെച്ചാല്‍ ഈ രാജ്യത്തിനെതിരെ) ആപ്പ് വെയ്ക്കുന്ന ക്നാപ്പന്മാരെ 51 വെട്ടു വെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുക എന്നത് ഉദാത്തമായ രാജ്യസ്നേഹപരമായ പ്രവൃത്തിയാണ്.. കുറെ സത്യങ്ങള്‍ നമ്പരിട്ടു പറയുവാ... 
1).ഏറെ മഹത്തരവും ഉത്കൃഷ്ടവുമായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സ്വാതന്ത്യമാണ് ഇന്ത്യ മാതൃകയാക്കേണ്ടത്... 
 2).അതിനു വേണ്ടിയാണ്  കാറല്‍ മാര്‍ക്സ്‌,  ഇ.എം.എസ്, ലെനിന്‍ തുടങ്ങിയ സ്വാതന്ത്യ സമര സേനാനികള്‍ ഉപ്പ് സത്യഗ്രഹവും ദണ്ടി യാത്രയും ഒക്കെ നടത്തിയത്‌..  ജാലിയന്‍വാലാബാഗില്‍  ചെഗുവേര രക്തസാക്ഷിത്വം വരിച്ചത്‌... 
3).ചരിത്രപരമായ ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ കുഴിച്ചുമൂടാനാണ്  ഇവിടുത്തെ മാധ്യമ കഴുവേറികള്‍ അന്നും ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുക.. "
                                                          (  -സ.മണിയന്‍ പിള്ള, വണ്ടന്‍മെട് ഏരിയാ കമ്മിറ്റി)
"..കാര്യം എല്ലാ സെറ്റപ്പും ഒക്കെ.. പക്കേങ്കില് ഈ ദേശീയ പതാക ഒണ്ടല്ലോ.. അതത്ര പോര.. ആരോടു ചോയ്ചിട്ടാ ഈ കുംകുമോം വെള്ളേം ഒക്കെ കേറ്റിയത്?.. ഫുള്‍ ഞമ്മന്റെ പച്ച മതി!! അതാ അയിന്റെ ഒരു മൊഞ്ച്.. ഞമ്മന്റെ പാര്ട്ടീന്റെ  കലരും പച്ചയാനെയ്‌.. പണ്ടൊരിക്കല്‍ ഞമ്മടെ പിള്ളേര് ഫുള്‍ പച്ചയാക്കാന്‍ നോക്കീതാ.. അങ്ങ് എയര്‍ പോര്‍ട്ടില്..  ഹോ എന്തൊക്കെ പുകിലാരുന്നു!!.. ഇനീപ്പോ കേരളത്തിന്റെ ദേശീയ പതാക പച്ച ആയി അങ്ങ് പ്രഖ്യാപിക്കും.. ഈ കള്ള ഹിമാറുകള്‍ എന്നാ ഒലത്തൂന്നു കാണട്ടെ!!"
                                                   (-മി.കുഞ്ഞപ്പ കുട്ടി, ഐസ്ക്രീം ലീഗ് ഡിസ്ട്രിക്റ്റ് പ്രസിടന്റ്റ്‌ )             "   ...സ്വാതന്ത്യം എന്നത് ഒരു മരീചിക പോലെയോ അല്ലെങ്കില്‍ ഉട്ടോപ്യ എന്നൊക്കെ പറയുന്നത് പോലെ ഉപരിപ്ലവമായ ഒരു സംഭവമായോ ഒക്കെയാണു എനിക്ക് അനുഭവപ്പെടുന്നത്..  എന്റെ "ഗാന്ധിയുടെ വടിയും സ്വാതന്ത്യവും' എന്ന ഗ്രന്ഥത്തില്‍  ഈ വിഷയത്തെ പറ്റി വിശദമായി പ്രതിപാതിക്കുന്നുണ്ട്..  തത്വ ചിന്താപരമായി നാം ഒരു അവലോകനം നടത്തുമ്പോള്‍ പാരതന്ത്യം, സ്വാതന്ത്യം എന്നൊക്കെ വിശേഷിപ്പിക്കുക  ഒരേ സംഭവത്തെ തന്നെയാണ് എന്ന് മനസിലാക്കാന്‍ സാധിക്കും...        പ്രഥമ ദ്രിഷ്ട്യാ ഇവ തമ്മില്‍ ബന്ധം കണ്ടെത്താന്‍ സാധിച്ചില്ല എങ്കില്‍ കൂടിയും അതുതന്നല്ലേ ഇത് എന്ന മട്ടിലുള്ള ഒരു ഉല്‍പ്രേക്ഷ എല്ലായ്പ്പോഴും സജീവമാണ്. പരബ്രഹ്മതിന്റെ കിളിവാതിലുകള്‍ മലര്‍ക്കെ തുറക്കപെടുകയും ബന്ധുര കാഞ്ചനക്കൂട്ടിലെ കിളി 'രാത്രി ശുഭരാത്രി..  ഇനി എന്നും ശിവരാത്രി.. " എന്ന ഋഗ്വേദത്തിലെ ശ്ലോകവും ഉരുവിട്ടുകൊണ്ട് അങ്ങ് ചക്രവാളത്തിന്റെ   അനന്തതയില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്ന ആ കാഴ്ച്ച.. അത് സത്യത്തിന്റെ നഭോമണ്ഡലത്തിലേയ്ക്ക് കൂടുതല്‍ വെളിച്ചം വീശും.."
                                                            (-ലഫ്‌.ഡോ.പത്മശ്രീ.  സന്തോഷ്‌  ചക്രവര്‍ത്തി )  
   " ..യൂ നോ.. ഫ്രീഡം എന്നൊക്കെ പറയുന്നത്‌ ഇന്ന് ഒരു കണ്‍സെപ്റ്റ് മാത്രമാണ്.. ഇന്നെവിടെയാണ് സ്വാതന്ത്യം??.. ഒരാണിനും പെണ്ണിനും കൂടി ഇന്ന് സ്വസ്ഥമായി പുറത്തിറങ്ങി നടക്കാനോ സൗഹൃദം  പങ്കിടാനോ ഡേറ്റിംഗ് നു പോകുവാണോ   ഇന്നിവിടെ അവകാശം ഉണ്ടോ?. നേരം ഇരുട്ടിയാല്‍ ഒരാണിനും പെണ്ണിനും ഒരു ഹോട്ടലിലോ ലോഡ്ജിലോ മുറിയെടുക്കാനോ ഗ്ലോബല്‍ റിസഷന്റെ ആഫ്ടര്‍ എഫക്ട്സ്-നെ പറ്റി മുറിയടച്ചിരുന്നു ചര്‍ച്ച നടത്താനോ  ഇന്ത്യയുടെ ഭാവി വാര്‍ത്തെടുക്കാനോ   സാധിക്കുമോ?.. എറങ്ങിയിരിക്കുവല്ലേ മോറല്‍ പോലിസിംഗ് എന്നൊക്കെ പറഞ്ഞു കുറെ ബ്ലഡി ഫ@^$@ഗ്  കള്‍ച്ചര്‍ ലെസ് ഫെല്ലോസ്‌..  ഐ ഹേറ്റ് ദിസ് കണ്ട്രി.. വീ നീട് എ ബ്രാന്‍ഡ്‌ ന്യൂ യൂറോപ്യന്‍ കള്‍ച്ചര്‍.. ശരിക്കും ബ്രിട്ടിഷ് പീപിള്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ ഇന്ത്യന്‍ കല്ച്ചരില്‍ സംഭവിച്ച ഒരു അണ്‍ഫോര്ച്ചുനെറ്റ്‌ മ്യൂട്ടേഷന്‍ ആയാണ് ഞാന്‍ ഇതിനെ കാണുക.."
                                             ( -ഫ്രാങ്കസ്ടിന്‍ നമ്പൂതിരി, ഐ.ടി കണ്‍സല്ട്ടന്റ്റ്‌ , ടെക്നോ പാര്‍ക്ക്‌ )

      "..എല്ലാ മലയാലികള്‍ക്കും എ വെരി  മോസ്റ്റ്‌ ബ്യൂട്ടിഫുള്‍   ഇന്ടിപെണ്ടന്‍സ് ഡേയ് വിഷേസ് ആഷംശിക്കുന്നു.. നമ്മുടെ ഗാന്ധിജി അങ്കിളും  നെഹ്‌റു അങ്കിളും ഒക്കെ കൂടി, അവരുടെ ഒത്തിരി സംഗതികള്‍ മിസ്സ്‌ ചെയ്ത്  വലരെ സ്ട്രൈന്‍ ചെയ്ത് നേടിയെടുത്ത ഒരു സംഭവമാണ് ഈ ഫ്രീഡം എന്നൊക്കെ പരയ്കാ.. അത് എല്ലാ സീസണിലും നന്നായ്‌ സൂക്ഷിക്വാ.. കൂടുതല്‍ ഒന്നും പരയുന്നില്ല.. വന്‍സ് എഗയിന്‍ ഹാപ്പി ഇന്ടിപെണ്ടന്‍സ് ഡേ.."
                                                                (-മിസ്സ്‌ മഞ്ജരി കരിയാസ്‌ , ടി.വി ആങ്കര്‍ )   "..സ്ത്രീ എന്നും അടിമത്തത്തിന്റെ ചങ്ങലയിലാണ്.. സ്വാതന്ത്യം അതിന്റെ ഷഷ്ടിപൂര്‍ത്തി പിന്നിട്ടു അഞ്ചു വര്ഷം കൂടി കഴിയുമ്പോഴും അഹന്ത മുറ്റിയ പുരുഷന്റെ ചട്ടക്കൂടുകളില്‍ നെടുവീര്‍പ്പിടുകയാണ് ഇന്ന് കേരള സ്ത്രീത്വം.. സ്വന്തം ഇഷ്ടത്തിനൊത്ത വസ്ത്ര ധാരണം പോലും ഇന്ന് കേരള സ്ത്രീകള്‍ക്ക് അന്യമായിരിക്കുന്നു.. അമേരിക്കന്‍-യൂറോപ്യന്‍ പുരോഗമന രാഷ്ട്രങ്ങള്‍  അവരുടെ സ്ത്രീകളുടെ  ഔദ്യോഗിക വസ്ത്രമായി ടു പീസ്‌  അന്ഗീകരിച്ചിട്ടും ഇന്ത്യയിലെ പുരുഷാധിപത്യ സമൂഹം ഇത്തരം    ആശയങ്ങള്‍ക്കെതിരെ കൊഞ്ഞനം കുത്തുകയാണ്. മതത്തിന്റെ മുഖം മൂടിയണിഞ്ഞ ഇത്തരം സ്ത്രീ വര്‍ഗ ശത്രുക്കള്‍ക്കെതിരെ ഒരു തുറന്ന പോരാട്ടം ആവശ്യമായിരിക്കുന്നു..   വെറും 33ശതമാനം സംവരണം ആണ് ഇന്ന് സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ ഉള്ളത്.. ഇത് 100 ശതമാനത്തിലെയ്ക്ക് എത്തിക്കേണ്ടത്‌ ഇന്ത്യന്‍ സ്ത്രീ സമൂഹത്തിന്റെ അഭിമാന പ്രശ്നമാണ്.. സ്ത്രീ സമൂഹം കാലാകാലങ്ങളായി അനുഭവിക്കേണ്ടി വരുന്ന ഗര്‍ഭധാരണം എന്ന മാരണം  പുരുഷകെസരികള്‍ക്ക് കൈമാറുകയും സ്വാതന്ത്യത്തിന്റെ ചക്രവാളങ്ങളില്‍ പെന്‍ശലഭങ്ങള്‍ പാറിപ്പറക്കുകയും ചെയ്യുന്ന ആ കാഴ്ച്ച ഏറെ വിദൂരമല്ല.. സ്ത്രീ ഒരു കോപ്പന്റെയും പെങ്ങളല്ല, അമ്മയല്ല, ഭാര്യയല്ല.. മറിച്ച്  സ്ത്രീ ഒരു ഭയങ്കര സംഭവം തന്നെയാണ് .. "       
                                    -(മിസ്സ്‌. സുലോചനാ വര്‍മ്മ,  സ്ത്രീസംരക്ഷക (മൊത്തമായും ചില്ലറയായും!)
       "..വാസ്തവത്തില്‍ ഇവിടെ ശരിക്കും എന്നതാ  സംഭവിക്കുന്നത് എന്ന് പിടി കിട്ടുന്നില്ലെടാ ഉവ്വേ.. സാധാരണക്കാരന് ചൂടുവെള്ളത്തില്‍ കുളിക്കാന്‍ വയ്യ, ഉമ്മിക്കരി വെച്ച് പല്ല് തേയ്ക്കാന്‍ വയ്യ.. ഹെല്‍മെറ്റ്‌ ഇല്ലാതെ വണ്ടിയോട്ടാന്‍ വയ്യ.. പ്ളാസ്റിക് ബാഗില്‍ പച്ചക്കറി വാങ്ങാന്‍ വയ്യ.. അതൊക്കെ വല്യ വല്യ തെറ്റുകള്‍!! പോലിസ്‌ , കോടതി പിഴ.. തേങ്ങാക്കൊല!! കോടികള്‍ അഴിമതി നടത്തുന്നവന്‍ കൊടി വെച്ച കാറില്‍ പാഞ്ഞു പോകുന്നു!!.. അവരെ കാണുമ്പോ പോലിസ്‌ സലുറ്റ്‌ അടിക്കുന്നു.. ബോംബ്‌ പൊട്ടിച്ചു നാട്ടുകാരെ കൊന്ന തീവ്രവാദി ചിക്കെന്‍ ബിരിയാണി തിന്നുന്നു..  ഇതൊക്കെ പോരാഞ്ഞു  ഇടക്കിടെ അവന്റെയൊക്കെ അമ്മെക്കെട്ടിക്കാനായ്‌ ഓരോ ബന്ദും ഹര്‍ത്താലുമായി ഇറങ്ങും.. ഇതൊക്കെ എന്തോന്ന്‍ അവസ്ഥയാണ് അണ്ണാ.. അറിയാന്‍ വയ്യാഞ്ഞിട്ട് ചോതിക്കുവാ.."
                                                                 (-പൊതുജന കഴുതകളില്‍ ഇമ്മിണി മൂത്ത കഴുത )
           


         മേല്പറഞ്ഞതൊന്നും എന്റെ അഭിപ്രായങ്ങളായി ആരും തെറ്റിദ്ധരിക്കരുതേ എന്ന് അപേക്ഷയുണ്ട്.  ടിയാന്മാരെ പോലെ സ്വാതന്ത്യത്തെപ്പറ്റി ആശയ ബാഹുല്യത്താല്‍ സമലംകൃതമായ വിലയിരുത്തലുകല്‍ക്കൊന്നും  എനിക്ക് ആമ്പിയര്‍ ഇല്ല എന്ന വിവരം വ്യസന സമേതം അറിയിക്കുകയാണ്..  മാത്രമല്ല, ഇപ്പോള്‍  ആസ്വദിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്യത്തില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്.. ഒന്നുമല്ലേലും ഈ സ്വാതന്ത്യത്തിന്റെ മൂല്യം ഒന്നുകൊണ്ടു മാത്രമാണല്ലോ ഇതുപോലൊരു പീറബ്ലോഗ്‌ എനിക്ക് എഴുതാന്‍ സാധിക്കുന്നതും ഇന്ത്യന്‍ പ്രസിടന്ടു മുതല്‍ വാര്‍ഡ്‌ മെമ്പര്‍ വരെയുള്ളവര്‍  തുമ്മുന്നുണ്ടോ ചീറ്റുന്നുണ്ടോ എന്നൊക്കെ നോക്കിയിരുന്ന്, ഇനി മേലില്‍ ഈ പണി പറ്റില്ല എന്നൊക്കെ ഡയലോഗ് അടിക്കാന്‍ സാധിക്കുന്നതും!!.. ഇതൊക്കെ വല്ല ചൈനയിലോ അറബി നാട്ടിലോ ജനിച്ചു പോയിരുന്നേല്‍ നടപ്പതു കാര്യം വല്ലതുമാണോ!!..
എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെലും ഒരു ഇന്ത്യക്കാരനായി ഈ പുണ്യ ഭൂമിയില്‍ പിറന്നു വീഴാന്‍ ഇടയായതില്‍ ഞാന്‍ അഭിമാനിക്കുന്നു.. ദൈവത്തിനു നന്ദി പറയുന്നു.. 
       പിറന്ന മണ്ണിനുവേണ്ടി പ്രാണന്‍ ത്യജിച്ച വീരന്മാര്‍ക്കും,  ഇപ്പോഴും കൊടും തണുപ്പിനെ തൃണവല്‍ക്കരിച്ച്  മാതൃ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ധീര ജവാന്മാര്‍ക്കും ഒരു ബിഗ്‌ സല്യൂട്ട്.. 
എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്വാതന്ത്യ ദിനാശംസകള്‍ അഭിമാനപൂര്‍വ്വം നേരുന്നു..!!
ജയ്‌ ഹിന്ദ്‌ !!!!!       

                     
           

Sunday, August 5, 2012

ആഗോള ഗ്രാമങ്ങള്‍ മറന്നുപോകുന്നത്..

  നല്ലൊരു ഞായറാഴ്ചയായതുകൊണ്ടും അതിലുപരി ഇന്ന് ലോക സൌഹൃദ ദിനം ആയതുകൊണ്ടും അല്പം തത്വചിന്തയുടെയും നൈതികത നിറഞ്ഞ മനുഷ്യ ബന്ധങ്ങളുടെയും നടപ്പാതകളിലൂടെ (ഈ ചവറിനെയൊക്കെ ഇങ്ങനെ വിശേഷിപ്പിക്കുന്നതില്‍ ക്ഷമിക്കുക.. ലേഖകന്‍റെ ജന്മസിദ്ധമായ അഹങ്കാരത്തിന്‍റെ ഭാഗം മാത്രമായി ഇതിനെയൊക്കെ കണ്ടാല്‍ മതി) പ്രാഞ്ചി പ്രാഞ്ചിയാണെങ്കിലും  അല്പം ചുവടുകള്‍ മുന്നോട്ട്  വെയ്ക്കുന്നത് കുറച്ച്‌  ആത്മീയ ഉത്കര്‍ഷത്തിനു (നിങ്ങളുടെയല്ല, എന്‍റെ..) ഉപകരിക്കുമെന്ന് തോന്നുന്നു. 

 വിജ്ഞാന വിസ്ഫോടനത്തിന്റെ സാങ്കേതിക തലങ്ങളെ പറ്റി എന്നെക്കാളും കൂടുതല്‍ അറിവ് അത്തരം സ്ഫോടനങ്ങള്‍ക്ക്‌ തിരി കൊളുത്തുന്ന, ഇപ്പോളും കൊളുത്തിക്കൊണ്ടിരിക്കുന്ന നിങ്ങള്‍ക്ക്‌ ഉണ്ട് എന്ന വസ്തുതയെപ്പറ്റി  നിങ്ങള്‍ക്ക്‌ സംശയം ഉണ്ടായേക്കാം എങ്കിലും എനിക്കില്ല.  ഇലക്ട്രോണിക് യുഗത്തിന്റെ പ്രവാചകന്‍ എന്നറിയപ്പെടുന്ന മാര്‍ഷല്‍ മാക്‌ ലുഹാന്‍ ഈ സമകാലീന ലോകത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്- 
             “...The time has ceased..
                                   space has vanished..
                                 we are living in a global village..”    
    സമയം ഇല്ലാതാകുന്ന, ദൂരങ്ങള്‍ അപ്രത്യക്ഷമാകുന്ന ഈ ഡാറ്റ സുനാമിയുടെ (Data Tsunami) ഓളങ്ങളില്‍ എങ്ങോട്ടെന്നില്ലാതെ തുഴഞ്ഞുനീങ്ങുന്ന നാം ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുകയാണ്. അതെ,  ഈ ആഗോള ഗ്രാമം ചെറുതാകുകയാണ്- എല്ലാ അര്‍ത്ഥത്തിലും.  ദൂരവും സമയവും മാത്രമല്ല, ഒരുകാലത്ത് നാം മഹത്തരം എന്ന് കരുതിയിരുന്ന പലതും ചുരുങ്ങിച്ചുരുങ്ങി ഒടുവില്‍ ശൂന്യതയില്‍ പുകച്ചുരുളുകള്‍ പോലെ വിലയം പ്രാപിക്കുകയാണ്.  എന്തിനെയും ഏതിനെയും സംശയത്തോടെ മാത്രം  വീക്ഷിക്കുന്ന ഒരു ശരാശരി ഔട്ട്‌സ്പോകെന്‍  മലയാളിയുടെ കണ്ണട കൊണ്ട് നോക്കുന്നതു കൊണ്ടാണോ എന്തോ.. മങ്ങിയ കാഴ്ചകള്‍ തന്നെ വീണ്ടും വീണ്ടും ഫ്രെയിമില്‍ നിറയുന്നു...

       ശാസ്ത്രത്തിന്റെ ചിറകിലേറി നാം കൂടുതല്‍ ഉയരങ്ങളും കൂടുതല്‍ ദൂരങ്ങളും പിന്നിടാനുള്ള വെമ്പലില്‍ മുകളിലേയ്ക്ക് കുതിക്കുകയാണ്. മുകളിലേയ്ക്ക് കുതിക്കാന്‍ പിണ്ഡം തടസമാകുമ്പോള്‍ അതിനു കാരണഹേതുവായ ദൈവകണത്തെ നാം പുറംകാലുകൊണ്ട് തട്ടിക്കളയുകയാണ് പതിവ്‌.  ഭാരം നഷ്ടപ്പെട്ട് ഒരു അപ്പൂപ്പന്‍ താടി പോലെ പാറിപ്പറന്ന്,  അതിര്‍വരമ്പുകള്‍ ഇല്ലാത്ത സ്വാതന്ത്യം ആസ്വദിച്ച്, നാം ജീവിതംതന്നെ ഒരു ആഘോഷമാക്കി മാറ്റാറുണ്ട്. 
  എങ്ങോട്ടെന്നില്ലാതെയുള്ള ഈ   പ്രയാണത്തില്‍ മാര്‍ഗതടസമായി മുന്നില്‍ വന്നു ചാടുന്നതിനെയെല്ലാം അന്‍പത്തൊന്നും അറുപത്തൊന്നും  വെട്ടു വെട്ടി  അരിഞ്ഞു  തള്ളാന്‍ പലപ്പോഴും നമുക്ക്‌ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. തെളിവുകള്‍ മാന്തിയെടുത്ത് ഒരു നികൃഷ്ടജീവിയും തന്റെ പിന്നാലെ വരില്ല എന്ന് ഉറപ്പുവരുത്തിയശേഷം പുത്തന്‍ മേച്ചില്‍പ്പുറങ്ങളില്‍ ഉല്ലസിക്കുമ്പോള്‍  ഒരു നാള്‍ സര്‍വശക്തന്റെ “നിന്റെ സഹോദരന്‍ എവിടെ?’ ചോദ്യത്തിനു ഉത്തരം നല്‍കേണ്ടിവരും  എന്ന വസ്തുത പലരും ഓര്‍ക്കാറുമില്ല.
 
 ഗര്‍ഭപാത്രത്തിനു പുറത്തെ വെളിച്ചത്തിന്റെ ഊഷ്മളതയും അമ്മയുടെ പുഞ്ചിരിയുടെ മനോഹാരിതയും  സ്വപ്നം കണ്ട്, സുഖസുഷുപ്തിയില്‍ മയങ്ങുന്ന നവമുകുളങ്ങളെ മുന്‍സിപ്പാലിറ്റിയുടെ ചവറുകൊട്ടയിലെയ്ക്ക് കഷണങ്ങളാക്കി വലിച്ചെറിഞ്ഞു കളയുമ്പോള്‍, കാലില്‍ കൊണ്ട മുള്ള് വലിച്ചൂരി കളയുന്ന ലാഘവം മാത്രമേ നമുക്ക്‌ തോന്നാറുള്ളൂ.
          അയല്‍ക്കാരുറെയും ആത്മാര്‍ത്ഥ സുഹൃത്തിന്റെയും നെഞ്ചത്ത്‌ കാലുറപ്പിച്ചു നിന്ന്  പുരോഗമനത്തിന്റെ ഏണിപ്പടികള്‍ കയറിപ്പോകുമ്പോള്‍ മനസാക്ഷിയുടെ പിന്‍വിളികള്‍ ഇന്നുനാം കേള്‍ക്കാറില്ല. ലക്ഷ്യവും മാര്‍ഗവും എല്ലാം ചോര പുരളുമ്പോഴും  അപ്പോഴൊക്കെ നമ്മുടെ സ്വപ്നങ്ങളില്‍ നിറയുന്ന മോഹനവര്‍ണ്ണങ്ങള്‍ പറഞ്ഞറിയിക്കാവുന്നതാണോ?.. സംതൃപ്തി എന്നത് അപ്പോളും ഒരു മരീചിക പോലെ അകന്നകന്നു പോവുകയല്ലേ.. പിടി തരാതെ..
 
 ഒടുവില്‍, രമ്യഹര്‍മ്യങ്ങളിലെ കനക സിംഹാസനങ്ങളില്‍ പടഞ്ഞിരുന്നു സാമൂഹ്യ നന്മയുടെയും മനുഷ്യത്വത്തിന്റെയും അപ്പസ്തോലന്മാരായി സ്വയം അവരോധിക്കുമ്പോള്‍ പിന്നിട്ട വഴികളെ നാമൊക്കെ സൌകര്യ പൂര്‍വം മറന്നുകളയുകയല്ലേ പതിവ്‌?. ട്വിട്ടരിലും ഫേസ്ബുക്കിലും കാരുണ്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും നവയുഗ പാഠങ്ങള്‍ രചിക്കുമ്പോഴും  നാട്ടുകാരെ ബോധവല്‍ക്കരിക്കുമ്പോഴും സ്വന്തം വീടിന്റെ പിന്നാമ്പുറങ്ങളിലോ ഇരുണ്ടകോണുകളിലോ കിടന്നു ശിഷ്ട ജീവിതം നരകിച്ചു തീര്‍ക്കുന്ന പുരാതന ജന്മങ്ങളെ കണ്ടില്ലന്നു നടിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് പഞ്ഞം ഉണ്ടെന്നു തോന്നുന്നില്ല. പ്രത്യേകിച്ചും ദൈവത്തിന്റെ സ്വന്തം നാട്ടില്‍..
  മേല്പറഞ്ഞ പുരാതന ജന്മങ്ങള്‍ സ്വന്തം ജീവിതത്തിനു വില വെയ്ക്കാതെ ചോര നീരാക്കിയും മുണ്ട് മുറുക്കിയുടുത്തും തള്ളിനീക്കിയ കാലഘട്ടങ്ങളുടെയും   സ്വയം വിറകുകൊള്ളിയായി എരിഞ്ഞു തീര്‍ന്ന ത്യാഗപൂര്‍ണമായ സായാഹ്നങ്ങളുടെയും  ആകെത്തുകയാണ്   ഇന്ന് തടിച്ചു കൊഴുത്ത് കൊളസ്ട്രോള്‍ മുറ്റിയിരിക്കുന്ന പുണ്യദേഹങ്ങളുടെ രൂപത്തില്‍ സുഖസൌകര്യങ്ങളുടെ ബ്ലാങ്കറ്റിനടിയില്‍ പുളച്ചു മറിയുന്നത് എന്ന വസ്തുത, സീനിയര്‍ സിറ്റിസണ്‍ റിസോര്‍ട്ടുകളായി മുഖം മിനുക്കിയ  ന്യൂ ജനറേഷന്‍ വൃദ്ധ സദനങ്ങളില്‍ സ്വന്തം മാതാപിതാക്കള്‍ക്ക്‌ അഡ്മിഷന്‍ വാങ്ങുമ്പോള്‍ ഒരു വല്‍സല പുത്രനും ഓര്‍ക്കാറില്ല. 
      സര്‍വവും വെട്ടിപ്പിടിച്ച് കാല്ച്ചുവട്ടിലാക്കി എന്ന് അഹങ്കരിക്കുമ്പോഴും തൃപ്തി എന്നത് വീണ്ടും ഒരു നിഗൂഡ സമസ്യ അജ്ഞാതമായി തുടരും. അഞ്ചുസെന്റ് സ്ഥലവും ചെറ്റക്കുടിലും ആവശ്യത്തിനും അതിലേറെയും പ്രാരാബ്ധങ്ങളും മാത്രം സംബാദ്യമായുള്ള അയല്‍വാസി എങ്ങനെയാണ് ഇത്ര സംതൃപ്തനും സന്തോഷവാനും ആയി കഴിയുന്നത്, എന്തുകൊണ്ടാണ് അയാള്‍ക്ക്‌ പരാതികള്‍ ഇല്ലാത്തത് എന്നതിനെക്കുറിച്ച് ഒരുപക്ഷെ നാം അത്ഭുതം കൂറും.. 
   മറവിയുടെ മാറാലകളും സ്വയംകൃത മറന്നുപോകലുകളും ഒരു കാലത്ത് തൂത്തെറിയപ്പെടുക തന്നെ ചെയ്യും. തിരിച്ചറിവുകള്‍ വാതിലില്‍ മുട്ടുമ്പോഴെയ്ക്കും ഏറെ വൈകിയിരിക്കും.  കാലം അതിന്റെ കാവ്യ നീതി എക്കാലത്തെയും പോലെ ഭംഗിയായി നിറവേറ്റുമ്പോള്‍ സ്വന്തം മക്കളോടു കോപിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള സ്വരം പോലും നഷ്ടപ്പെട്ടിരിക്കും. ഒടുവില്‍ എവിടെയാണ് പിഴച്ചത് എന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഒരായിരം കരങ്ങള്‍ തന്റെ നേരെ നീളുന്നതും അവനെ ക്രൂശിക്കുക എന്ന് അലറിവിളിക്കുന്നതും ഒരു ബ്ലായ്ക്ക് ആന്‍ഡ്‌ വൈറ്റ്‌ ഫിലിമില്‍ എന്നപോലെ അവ്യക്തമായി കാണാന്‍ സാധിക്കും.
         ആള്‍ക്കൂട്ടത്തിന്റെ തിരക്കില്‍ ഒഴുകി നീങ്ങിയിരുന്ന താന്‍ ഒറ്റയ്ക്കായത് എങ്ങനെ എന്ന ചോദ്യം മാത്രം അപ്പോളും ഒരു പ്രഹേളിക പോലെ അവശേഷിക്കും. ഒരുപക്ഷെ ജീവിത സായാഹ്നത്തിന്റെ അന്ത്യ യാമങ്ങളില്‍ അത് നാം തിരിച്ചരിഞ്ഞെക്കാം – ലോകം ചുരുങ്ങി ചെറുതായപ്പോള്‍ അതിനോടൊപ്പം തന്റെ മനസും ഹൃദയവും കൂടി ചെറുതായിപ്പോയി എന്ന സത്യം..    
     
വാല്‍ക്കഷണം:- 
  വിഷയ ദാരിദ്ര്യം കൊണ്ട് നട്ടംതിരിയുകയും  "എന്താടാ പുല്ലേ പുതിയ പോസ്റ്റ്‌ ഒന്നും ഇടാത്തത്?"..,  "..മസ്തിഷ്കത്തില്‍ ബ്ലോക്ക്‌ ബാധിച്ചോഡാ കോപ്പേ??.." എന്നിങ്ങനെയുള്ള ചോദ്യശരങ്ങളാല്‍ പൊറുതിമുട്ടുകയും ചെയ്യുമ്പോള്‍ എന്നെപ്പോലുള്ള NG ബ്ലോഗ്ഗര്‍മാര്‍ കാണിക്കുന്ന സ്ഥിരം  ചെപ്പടി വിദ്യകളുടെ ഭാഗം മാത്രമായി ഈ പോസ്റ്റിനെ  കാണുക!!. 


Tweet, Share & Like