Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Saturday, December 22, 2012

സദ്‌ വാര്‍ത്തയുടെ ദേവദൂതര്‍..


            "...ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ വലിയ സദ്വാര്‍ത്ത നിങ്ങളെ ഞാന്‍ അറിയിക്കുന്നു...  "               (ലൂക്കാ 2:10)

  വീണ്ടുമൊരു ക്രിസ്തുമസ് കൂടി വന്നണയുകയാണ്.. മഞ്ഞില്‍ കുളിച്ച ഡിസംബറും കരോള്‍ ഗാനങ്ങളുടെ ഈരടികളും കണ്ണുകള്‍ക്ക്‌ ഇമ്പമേകുന്ന നക്ഷത്ര വിളക്കുകളും  എല്ലാം ദൈവപുത്രന്റെ പിറവിയുടെ മധുര സ്മരണകള്‍ വിളിച്ചോതുന്നു..  "ഞങ്ങളുടെ കാലത്തെ ക്രിസ്തുമസ് ആയിരുന്നു ക്രിസ്തുമസ്.. ഇപ്പൊളൊക്കെ  എന്തോന്ന് ക്രിസ്തുമസ്!!' എന്ന ഡയലോഗ് അടിക്കാന്‍ മാത്രം പ്രായം ആയിട്ടില്ല എനിക്ക്.  കഷ്ടിച്ച്  24 വര്‍ഷങ്ങള്‍ മാത്രമേ ഇതുവരെ ജീവിത വല്ലരിയില്‍ നിന്നും ഉണങ്ങിക്കൊഴിഞ്ഞു പോയിട്ടുള്ളൂ. എങ്കിലും  ഞാന്‍ ആദ്യമായി സാക്ഷ്യം വഹിച്ച 1988ലെ  ക്രിസ്തുമസില്‍ നിന്നും (ഓര്‍മ്മ ഇല്ലേലും.. ചുമ്മാ പറയാല്ലോ!!)   ഈ 2012ലെ ക്രിസ്തുമസ് വരെ എത്തിനില്‍ക്കുമ്പോള്‍ ഒന്ന് മാത്രം അറിയാന്‍ സാധിക്കുന്നു..   എന്തൊക്കെയോ എനിക്ക് മിസ്സ്‌ ചെയ്യുന്നു.. അന്നത്തെ ക്രിസ്തുമസ് കാലങ്ങളില്‍ മനസ്സില്‍ നിറഞ്ഞിരുന്ന ഉല്ലാസവും സന്തോഷവുമൊക്കെ ഇന്ന് എവിടെയോ കൈമോശം വന്നപോലെ.. 
എന്തോ.. അന്നത്തെ നിഷ്കളങ്കതയും സന്മനസുമൊക്കെ കളഞ്ഞുപോയതാകാം ഈ വശപ്പിശകിനൊക്കെ കാരണം.. കാരണം സന്മനസ്‌ ഉള്ളവര്‍ക്ക്‌ മാത്രമാണല്ലോ സമാധാനം ഉറപ്പ്‌ തന്നിട്ടുള്ളത്.. 


        എന്തിനെയും കണ്ണുകളില്‍ നിറയെ അത്ഭുതത്തോടെയും  ആകാംക്ഷയോടെയും  മാത്രം നോക്കിക്കണ്ടിരുന്ന ഒരു പിഞ്ചു പൈതലില്‍  നിന്നും ഞാന്‍ ഇന്ന് കുറെ  ദൂരം പിന്നിട്ടിരിക്കുന്നു. കാപട്യവും വഞ്ചനയും മാത്സര്യവും നിറഞ്ഞ ലോകത്തില്‍, അതിന്റെ ഏറ്റവും ആക്ടീവായ ഒരു സിസ്റം പ്രോസ്സസ് മാത്രമായിരിക്കുന്നു ഇന്ന് ഞാന്‍. കൂടെ ഓടുന്നവനെ ടാക്കിള്‍ ചെയ്ത് വീഴ്ത്തി കൂടുതല്‍ വേഗത്തിലെയ്ക്കും കൂടുതല്‍ ഉയരത്തിലെയ്ക്കും കുതിയ്ക്കുമ്പോള്‍ കോര്‍പറേറ്റ്‌ ലോകത്തിന്റെ ആര്‍പ്പുവിളികള്‍ എനിയ്ക്ക്‌ കേള്‍ക്കാം.. "..ഇതാണ് ശരിയായ വഴി.. ധൈര്യമായി ഓടുക.. കൂടുതല്‍ നാഴികക്കല്ലുകള്‍ പിന്നിടുക.." 
  അപ്പോഴും പച്ച കെടാതെ മനസ്സിന്റെ അടിത്തട്ടുകളില്‍ എങ്ങോ പൂണ്ടു കിടക്കുന്ന കുറെ നല്ല ഓര്‍മ്മകള്‍  മന:സാക്ഷിയെ  കുത്തിനോവിക്കുന്നുണ്ടാവും.. അസ്വസ്ഥമാകുന്ന സായഹ്ന്നങ്ങളില്‍ സാന്ത്വനം തേടി വേദപുസ്തകം തുറക്കുമ്പോള്‍ ബെതലഹെമിലെ ആ  മാലാഖമാരുടെ ദേവ സംഗീതം കേള്‍ക്കാം...  
         "..അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം.. ഭൂമിയില്‍ സന്മനസ്സ് ഉള്ളവര്‍ക്ക്‌ സമാധാനം.." 
    സമാധാനം അഷുര്‍  ചെയ്യപ്പെട്ടിരിക്കുന്ന ആ സന്മനസ്സുള്ളവരുടെ കൂട്ടത്തില്‍ നിന്നും ഞാന്‍ പുറം തിരിഞ്ഞോടിയത്  എന്നാണ്?..     
      സമാധാനം തരുന്ന വാര്‍ത്തകള്‍ ഒന്നുമല്ല നാം ഇന്ന് കേട്ടുകൊണ്ടിരിക്കുന്നത്. റാമയിലെ വിലാപങ്ങള്‍ ഇന്നും ആവര്‍ത്തിക്കപ്പെടുന്നു.  ഇന്നും ഒട്ടേറെ റെയ്ച്ചലുമാര്‍ തങ്ങളുടെ മക്കളെ ഓര്‍ത്ത്‌ കരയുന്നു.. ചുട്ടുകൊല്ലപ്പെട്ട പിഞ്ചു കുരുന്നുകളെ ഓര്‍ത്ത്‌.. നഗരമധ്യത്തില്‍ ചെന്നായ്ക്കളാല്‍ കടിച്ചു കീറപ്പെടുന്ന തന്റെ പെണ്മക്കളെ ഓര്‍ത്ത്‌.. ലഹരിക്കടിമപ്പെട്ടു ജീവിതം തുലയ്ക്കുന്ന യുവത്വത്തെ ഓര്‍ത്ത്‌.. ഇവിടെയൊക്കെ നാം വല്ലാതെ അസ്വസ്തരാകുന്നു.. അല്ലെങ്കില്‍ അസ്വസ്തരാകുന്നതുപോലെ  അഭിനയിക്കുന്നു. ഹേറോദേസ്-മാരുടെ രക്തത്തിനായി നാം അലറിവിളിക്കുന്നു. ഫേസ്ബുക്കില്‍  പോസ്റ്റ്‌ ഇടുന്നു, ട്വീട്ടുന്നു, നിരത്തുകളില്‍ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തുന്നു.  പ്രഹസ്വനങ്ങളായി തീരുന്ന ഇത്തരം പൊറാട്ട് നാടകങ്ങള്‍ക്കപ്പുറം നമ്മില്‍ എത്ര പേര്‍ ഈ അമ്മമാരുടെ കണ്ണീര്‍ തുടയ്ക്കാന്‍ മുന്നോട്ടിറങ്ങുന്നുണ്ട് ?
         മാനം മുട്ടുന്ന ദൈവാലയ ഗോപുരങ്ങള്‍ക്കും രണ്ടു ലക്ഷം രൂപയുടെ പുല്‍ക്കൂടുകള്‍ക്കും ഇരുനൂറടി നീളമുള്ള നക്ഷത്ര ഭീമന്മാര്‍ക്കുമപ്പുറത്ത്‌, പാര്‍ശ്വവല്ക്കരിക്കപ്പെടുന്ന ഒരു സമൂഹം ആളുകള്‍ ഒട്ടേറെ വേദനകളും ആകുലതകളുമായി കഴിയുന്നുണ്ട്.  ഒരു പക്ഷെ തീപുകയാത്ത അടുപ്പുകളെ ഓര്ത്താകാം അവരുടെ വേദന.. അല്ലെങ്കില്‍ തളര്‍ന്നു കിടക്കുന്ന പങ്കാളിയെ ഓര്‍ത്ത്‌.. അല്ലെങ്കില്‍ പ്രൊഫഷണല്‍ കോഴ്സ്‌-നു പഠിക്കുന്ന തങ്ങളുടെ മക്കളുടെ അടുത്ത ഗഡു ഫീസ്‌ കെട്ടുന്നതിനെയോര്ത്ത്.. അതുമല്ലെങ്കില്‍ കയറിക്കിടക്കാന്‍ ഒരു കൂര ഇല്ലാത്തതിനെ ഓര്‍ത്ത്‌..  'ഭയപ്പെടേണ്ട' എന്നോതി ഇന്നും അവരുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ സത്-വാര്‍ത്തയുമായി ദേവദൂതന്മാര്‍ പറന്നിറങ്ങാറുമുണ്ട്.. സ്വര്‍ഗത്തില്‍ നിന്നല്ല-  ഈ  ഭൂമിയിലെ മാലാഖമാര്‍!!..  
           സ്നേഹവും കരുണയും കാരുണ്യവും അത്ര കണ്ടു കൈമോശം വന്നിട്ടില്ല നമ്മുടെ സമൂഹത്തില്‍.. ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന കുറെ ആളുകള്‍.. തനിക്ക് കിട്ടുന്ന അപ്പത്തില്‍ പാതി അപരനാണ് എന്ന് വിശ്വസിക്കുന്നവര്‍..    കാരണം, അവര്‍ക്കറിയാം 'ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെ എന്ന് ദിവ്യനാഥന്‍ മൊഴിഞ്ഞതിന്റെ പൊരുള്‍.. അവര്‍ക്കറിയാം തങ്ങളുടെ ഗുരു പിറന്നുവീണത്  ഈച്ചയും കൊതുകുമാര്‍ക്കുന്ന ഒരു കാലിതൊഴുത്തില്‍ ആണെന്ന്.. അവര്‍ക്കറിയാം പറവകള്‍ക്കാകാശവും കുരുനരികള്‍ക്ക് മാളങ്ങളും ഉള്ള ഈ ഭൂമിയില്‍, അമരങ്ങളില്‍ അന്തിയുറങ്ങിയ ഭൂലോക നാഥനെ..    മുക്കുവരുറെയും ആട്ടിടയന്മാരുടെയും  ചങ്ങാതിയായ ആ നസ്രായന്‍ തച്ചനെ..
അവര്‍ക്കറിയാം രാജകൊട്ടാരങ്ങളില്‍   മിശിഹാ പിറക്കുന്നില്ല എന്ന ചരിത്ര സത്യം.. അതെ, സ്നേഹവും കരുണയും കാരുണ്യവും അത്ര കണ്ടു കൈമോശം വന്നിട്ടില്ല.. നാം കരുതുന്ന പോലെ..

         സ്വന്തം  ജീവിതത്തിലേയ്ക്ക്  അല്ഭുതതിന്റെയും  സന്തോഷത്തിന്റെയും സന്ദേശവുമായി പറന്നിറങ്ങുന്ന ഒരു സ്വര്‍ഗീയ ദൂതനായി കാത്തിരിക്കാതെ, നമുക്കും സദ്‌വാര്‍ത്തയുടെ മാലാഖമാര്‍ ആയിതീരാം.. സോദരുടെ-സഹജീവികളുടെ-ജീവിതങ്ങളില്‍ പ്രത്യാശയുടെ താരകങ്ങള്‍ തെളിക്കാം..   വിലപിക്കുന്ന റേച്ചല്‍-മാരുടെ കണ്ണീരൊപ്പാം..    
                  
        എന്തെന്നാല്‍, ദൈവരാജ്യം നമ്മുടെ ഇടയില്‍ തന്നെ ആണല്ലോ..   

എല്ലാ പ്രിയ സ്നേഹിതര്‍ക്കും വായനക്കാര്‍ക്കും ഹൃദയപൂര്‍വമായ ക്രിസ്തുമസ് മംഗളങ്ങള്‍  നേരുന്നു..        
                       

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...