Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Wednesday, January 1, 2014

സ്വര്‍ണപ്പൊതി സൂപ്പര്‍ !!.. ( എന്നാലും എന്റെ മൊയ്‌ലി ജീ.. )

           അല്ലേലും അറിയാരുന്നു പുതുവര്‍ഷമായിട്ട്  യു പി എ സര്‍ക്കാര്‍ എന്തേലും സമ്മാനം തരാതിരിക്കില്ല എന്ന്.  നല്ല സ്വര്‍ണ പൊതിയില്‍ പൊതിഞ്ഞു കെട്ടിതന്നെ ന്യൂ ഇയര്‍ സമ്മാനം ഇന്ത്യ മഹാരാജ്യത്തെ എല്ലാ മഹാജനങ്ങള്‍ക്കുമായി തരപ്പെടുതിയിട്ടുണ്ട്  ശ്രീ  വീരപ്പ  മൊയ്‌ലി ജി. പൊതി തുറന്നു കണ്ടതിന്റെ ഞെട്ടലില്‍ നിന്ന് പലരും ഇത് വരെ മുക്തി നേടിയിട്ടില്ല.  അന്നും ഇന്നും എന്നും സാധാരണക്കാരന് കഞ്ഞി കുമ്പിളില്‍ തന്നെയാണ്. പുത്തന്‍ വര്‍ഷം നീയൊക്കെ പാതി വെന്ത കഞ്ഞി കുടിച്ചാല്‍ മതി എന്നും, മുഴുവനായി വെന്ത കഞ്ഞി കുടിക്കണം എന്നുള്ളവര്‍ സ്വന്തമായി മരം നട്ടു വളര്‍ത്തി വെട്ടി വിറകാക്കി കത്തിച്ചു ആശ തീര്‍ത്താല്‍ മതി എന്നുമാണ്  കേന്ദ്ര സര്‍ക്കാര്‍ പാചക വാതക വില വര്‍ധനയിലൂടെ പറയാതെ പറഞ്ഞു വെച്ചതും.   

                          എല്ലാ കാര്യത്തിലും റെകോര്‍ഡ് നേടണം എന്നത് യു പി എ സര്‍ക്കാരിന്റെ ഒരു വാശിയാണ്. അതിന്റെ ഭാഗം തന്നെയാണ് ഈ റെകോര്‍ഡ് വില വര്‍ധനയും.  അല്ലേലും ഈ റിക്കോര്‍ഡുകള്‍ എന്നത് സച്ചിന്‍ തെണ്ടുല്‍ക്കറിന് മാത്രം അവകാശപ്പെട്ടത്‌ അല്ലല്ലോ.  മറ്റൊരു സാമ്പത്തിക വിദഗ്ധനും സഞ്ചരിക്കാത്ത പാതയിലൂടെ ഒരു ഭ്രാന്തനെപ്പോലെ സഞ്ചരിച് അതി സാഹസികവും ധീരോദാത്തവുമായ രീതിയില്‍ മന്‍മോഹന്‍സിങ്‌  ഇന്ത്യയെ വികസനത്തിന്റെ കൊടുമുടിയിലെയ്ക് എത്തിക്കുന്ന കാഴ്ചയാണ് ഏതാനും വര്‍ഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. കോര്‍പറേറ്റ്‌ വമ്പന്മാരെ സഹായിക്കുകയാണ് സര്‍ക്കാര്‍ അജണ്ട എന്നൊക്കെ ശത്രുക്കള്‍ ഒരിയിടുന്നുണ്ട് . അതൊക്കെ ആര് ഗൌനിക്കാന്‍ !.
            ഗാന്ധിജി കണ്ട ദരിദ്രര്‍ ഇല്ലാത്ത ഇന്ത്യ - അതാണ്‌ എല്ലാ ഐഡിയല്‍ കോണ്ഗ്രസ്സ് കാരനെപോലെ നമ്മുടെ മന്മോഹന്‍ ജിയുടെയും സ്വപ്നം. ഏതു വിധേനെയും ദാരിദ്രം ഇന്ത്യയില്‍ നിന്നു തൂത്തെറിയുക.  അതിനുള്ള ഏറ്റവും ഈസി ആയ മാര്‍ഗം ഇവിടുത്തെ ദരിദ്ര നാരായണന്മാരെ തൂത്തെറിയുക എന്നതല്ലാതെ മറ്റെന്താണ് !. 
                       ജനസംഖ്യയുടെ 50 % ആളുകള്‍ക്ക് പോലും സ്വന്തമായി ബാങ്ക് അക്കൌന്റ്റ്‌ ഇല്ലാത്ത ഒരു രാജ്യത്ത്‌, ബാങ്ക് അക്കൌന്റ്റ്‌കളിലൂടെ മാത്രമേ സബ്സിഡികള്‍  ലഭ്യമാക്കാനാവൂ എന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നതില്‍    നിന്നും എന്താണ് നാം മനസിലാക്കേണ്ടത്?. അതും ഭരണ ഘടനാപരമായി യാതൊരു വ്യവസ്ഥാപിതമായ നിയമങ്ങളുടെയും പിന്‍ബലം ഇല്ലാത്ത, ആധാര്‍ കാര്‍ഡ്‌ പോലുള്ള ഒരു ബയോ മെട്രിക്‌ ഐഡന്റിഫിക്കേഷന്‍ സംവിധാനം മാത്രം ബാക്ക്ബോണ്‍ ആയി ഉപയോഗിച്ചു കൊണ്ട് !..
  (ആവശ്യത്തിലേറെ തിരിച്ചറിയല്‍ രേഖകള്‍ ഇപ്പോള്‍ തന്നെ ഉള്ളപ്പോള്‍ ഇനിയും എന്തിന് ഒരു തിരിച്ചറിയല്‍കാര്‍ഡ് കൂടി?, 111 കോടി ജനങ്ങളുടെ ബയോ മെട്രിക്‌ ഡാറ്റയ്ക്ക് എന്ത് സെക്യൂരിറ്റി ആണ് നിലവില്‍ ഉള്ളത്?,  Unique Identification Authority of India (UIDAI)ഉം   സി.ഐ.എ ഫണ്ട് ചെയ്യുന്ന  MongoDB ഗ്രൂപ്പും തമ്മിലുള്ള ബന്ധം ഏതു രീതിയില്‍ ഉള്ളതാണ് ? എന്നിങ്ങനെ ഉള്ള സംശയങ്ങള്‍ ക്യൂ ആയി നില്‍ക്കുന്നുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്.)  
     ആധാര്‍ കാര്‍ഡ്‌ ഇല്ലാതെ ബിരിയാണി കൊടുക്കില്ല എന്ന ഉറച്ച പിടിവാശിയില്‍ എണ്ണ കമ്പനികള്‍ മുന്നോട്ടു പോകുമ്പോള്‍ ഇവിടുത്തെ പ്രമുഖ പ്രതിപക്ഷപാര്‍ടികള്‍ അവലംബിക്കുന്ന മൌനം വളരെ അരോചകമായി തന്നെയാണ് അനുഭവപ്പെടുന്നതും. പാലക്കാട്ടുള്ള മുഖ്യമന്ത്രിയെ  തിരുവനന്തപുരത്ത് ഉപരോധിച്ചവര്‍ സര്‍ക്കാരിന്റെ ഈ ജനദ്രോഹ നയത്തിന് എതിരെ എങ്ങനെയാണ്  പ്രതികരിക്കുക എന്നറിയാന്‍ അല്പം ആകാംഷയും ഇല്ലാതില്ല.
              എന്റെ പരിമിതമായ നിയമ പരിജ്ഞാനത്തില്‍ നിന്നും മനസിലാക്കാന്‍ സാധിചത്  പച്ചയായ കോടതി അലക്ഷ്യമാണ് ടി എണ്ണ കമ്പനികള്‍ നടപ്പാക്കുന്നത് എന്നാണ്.  ഗവണ്മെന്‍റ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഘലാസ്ഥാപനത്തിന് ഇന്ത്യന്‍ നിയമവ്യവസ്തയോടും കോടതിയോടും  ഇത്രമാത്രം  ബഹുമാനവും അനുസരണയുമേ ഉള്ളൂ എങ്കില്‍ അതില്‍ കൂടുതല്‍ അനുസരണ ഈ രാജ്യത്തെ സാധാരണ പൌരനില്‍ നിന്നും പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തരം അല്ലാതെ മറ്റൊന്നുമല്ല. നിയമം ലംഘിക്കപ്പെടാനുള്ളതാണ് എന്ന സന്ദേശം തന്നെയാണ് എനിക്ക് ഇതില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നതും.  
                 മുന്‍കാലങ്ങളില്‍ 446 രൂപ മാത്രം അടച്ച്  സബ്സിഡി നിരക്കില്‍ ഗ്യാസ്‌ വാങ്ങിയിരുന്ന ജനങ്ങള്‍ ഇനി മുതല്‍ 1216 രൂപ മുന്‍കൂര്‍ അടച്ച് ഗ്യാസ്‌ സിലിണ്ടര്‍ വാങ്ങുകയും പിന്നീറ്റ്‌ ബാങ്ക് അക്കൌണ്ടില്‍ സബ്സിഡി വന്നു കേറുന്ന ശുഭ മുഹൂര്‍ത്തത്തിനായി കണ്ണില്‍ എണ്ണ ഒഴിച് കാത്തിരിക്കുകയും ചെയ്യേണ്ട ഒരു സ്ഥിതി വിശേഷമാണ് നിലവില്‍ സംജാതമാകുന്നത് .നാളുകള്‍ പിന്നിടുമ്പോള്‍  എല്ലാ പൌരന്മാര്‍ക്കും പണം മുന്‍കൂര്‍ ആയി കൊടുത്ത്‌ ഗ്യാസ്‌ വാങ്ങാന്‍ സാധിക്കുന്നത് തന്നെ കുതിച്ചു ചാടിയ അവരുടെ സാമ്പത്തിക നിലവാരത്തിന്റെ അടയാളമാണെന്നും അതുകൊണ്ട് തന്നെ 'വന്‍നഷ്ടം ' സഹിച്ചു ഇത്രയും വലിയ തുക സബ്സിഡി ഇനത്തില്‍ നല്‍കേണ്ട ആവശ്യം ഇല്ല എന്ന് ടി സാമ്പത്തിക വിദഗ്ദന്മാര്‍ പറഞ്ഞു കൂടായ്കയില്ല. സബ്സിഡികള്‍ ഘട്ടം ഘട്ടം ആയി നിര്‍ത്തലാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നിരിക്കെ, കാണാനുള്ള കാഴ്ചകള്‍ കാണാന്‍ വെറ്റിലയില്‍ മഷി പുരട്ടി നോക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.   എന്തായാലും രൊക്കം കാഷ്‌ കൊടുത്ത്‌ ഗ്യാസ്‌ വാങ്ങിച്ചു , കത്തിച്ചു പണ്ടാരടക്കി .. 'എന്നിട്ടും  നീ വൈകുന്നത് എന്തെ' എന്ന പാട്ടും പാടി ഇരിക്കുമ്പോള്‍ ആയിരിക്കും ആ തീട്ടൂരം ഇടിത്തീ പോലെ തലയില്‍ വന്നു വീഴുക .. എന്ത് സബ്സിഡി? . എവിടത്തെ സബ്സിഡി??.. അതൊക്കെ പണ്ട്.. ഇപ്പൊ നീയൊക്കെ അങ്ങ് റിച് ആയി പോയില്ലേ!!.. ഏത് ?!!     
              മോഡിയെ പ്രധാന മന്ത്രിയാക്കാന്‍ ബി ജെ പി വേണ്ടപോലെ ഉല്‍സാഹിചില്ലേലും 'അണ്ണാന്‍ കുഞ്ഞിനും തന്നാലായത്‌'  എന്നപോലെ ആകാവുന്ന പണി ഓരോ കേന്ദ്രമന്ത്രിയും തന്നാലാവുംവിധം ചെയ്യുന്നുണ്ട് എന്നത്  പരസ്നേഹത്തിന്റെയും ശത്രു സ്നേഹത്തിന്റെയും ഒക്കെ ദൃഷ്ടാന്തം മാത്രമായി കണ്ടാല്‍ മതി.  ഇനി , ആര് കണ്ടു  വിലവര്‍ധന  വലിച്ചു കീറി കാറ്റില്‍ പറത്തി, വീരപ്പ മൊയ്‌ലി ജിയെ ചീത്തയും പറഞ്ഞു  ഒരു സൂപര്‍ നായകനെ പോലെ   രാഹുല്‍ഗാന്ധി അവതരിച്ചു കൂടായ്കയില്ല എന്ന് !!..
     പിന്നാമ്പുറം:   കണ്ണീരും കയ്യുമായി തിരുവഞ്ചൂര്‍ ഹോമില്‍ നിന്നും  പടിയിറങ്ങി വന വാസത്തിലെയ്ക് പ്രവേശിച്ചു കഴിഞ്ഞു..  നല്ലൊരു കൈനീട്ടം പ്രതീക്ഷിച്ച പിള്ളയോട് കൈനീട്ടം  വൈകിട്ടായാല്‍ കുഴപ്പമുണ്ടോ എന്നാണ് ഉമ്മന്‍ ചാണ്ടി  ചോതിക്കുന്നത്.. ഇതിനെ ചതി എന്നല്ലാതെ മറ്റെന്താണ് പറയുക!! കൊണ്ഗ്രസിലെ വിന്റര്‍ കഴിഞ്ഞു എന്നും 2014 മുഴുവന്‍ വസന്തം പൂത്തുലയുന്ന കാഴ്ചയാണ്  ഇനി നാം കാണുക എന്നും  രമേശ്‌ . വസന്തമല്ല, വസന്തയാണ് പൂക്കുക എന്ന് ബാലകൃഷ്ണപിള്ളയും ..  എനിക്ക് തോന്നുന്നത് ബാലറ്റ് പെട്ടിയില്‍ മിക്കവാറും കുറ്റിച്ചൂല്‍ ആയിരിക്കും പൂത്തുലയാന്‍ പോകുന്നത് എന്നാണ് ..
എന്ത്  കോപ്പായാലും  വേണ്ടില്ല,  കോഴികളെ വസന്തയില്‍ നിന്നും  കാലികളെ കുളംബ് രോഗത്തില്‍ നിന്നും കാത്തോണേ ദൈവമേ.. (അല്ലേലും ഞാന്‍ ഒരു മൃഗ സ്നേഹി ആന്നേ..!!) 
   
 


Tweet, Share & Like

 
Related Posts Plugin for WordPress, Blogger...