Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Wednesday, December 17, 2014

പെഷവാറില്‍ നിന്നുയരുന്ന രോദനങ്ങള്‍

                          മുള്‍ച്ചെടിയില്‍ നിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് മുന്തിരിപ്പഴമോ ഒരുകാലത്തും പ്രതീക്ഷിക്കേണ്ടതില്ല എന്ന സത്യം പാക്കിസ്ഥാന്‍ വേദനയോടെ തിരിച്ചറിയുകയാണ്. കഴിഞ്ഞ ദിവസം പെഷവാറിലെ സ്കൂളില്‍ നടന്ന കൂട്ടക്കൊലയെ വിശേഷിപ്പിക്കാന്‍  'പൈശാചികത' എന്ന വാക്കില്‍ കുറഞ്ഞതൊന്നും തന്നെ യോജിക്കുകയില്ല.  നിരപരാധികളും നിസ്സഹായരുമായ  ആ പിഞ്ചു കുരുന്നുകളുടെ നിലവിളികള്‍ ലോകമാനവികതയുടെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവുകള്‍ തീര്‍ത്തിരിക്കുന്നു ..


                      മനുഷ്യനെ നന്മയിലെയ്ക്കും സത്യത്തിന്റെയും കരുണയുടെയും പാതയിലെയ്ക്കും  നയിക്കാന്‍ ഉദ്ധേശിക്കപ്പെട്ടിരിക്കുന്ന  മതങ്ങളുടെ പേരിലാണ് എല്ലാക്കാലത്തും ഭീകരത അതിന്റെ സംഹാരതാണ്ടവം അഴിച്ചുവിട്ടിട്ടുള്ളത്. 'ദൈവം വലിയവനാണ്‌' (അല്ലാഹു അക്ബര്‍) എന്ന് ഉറക്കെ അട്ടഹസിച്ചുകൊണ്ടാണ് ചെകുത്താന്റെ ഹോള്‍സെയില്‍കൊട്ടെഷനുമായി വന്നവര്‍ ആ മാലാഖക്കുരുന്നുകളെ കുരുതി കഴിച്ചത്    എന്നത് അങ്ങേയറ്റം  വിരോധാഭാസം തന്നെയാണ്.
                 നിഷ്കളങ്കതയുടെ നേരെ വെടിയുതിര്ത്തവര്‍ ആ കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ നോക്കിയിട്ടുണ്ടാവില്ല എന്നെനിയ്ക്ക് തോന്നുന്നു.. ആ കണ്ണുകളില്‍ തിളങ്ങുന്ന നക്ഷത്ര ദീപങ്ങളെ യാതൊരു കരുണയും കൂടാതെ തല്ലിക്കെടുത്തുവാന്‍ മനുഷ്യനായി പിറന്ന ഒരാള്‍ക്ക്  സാധിക്കുമോ??.. 
                    തൊണ്ടയില്‍ കുരുങ്ങിയ നിലവിളികളുമായി   പ്രാണരക്ഷാര്‍ദ്ധം ബെഞ്ചുകള്‍ക്കടിയില്‍  ഒളിച്ച കുരുന്നുകളെ പുറത്തേയ്ക്ക് വലിച്ചിഴച്ചു തുരുതുരെ വെടി വെച്ചവര്‍  തങ്ങള്‍ ചെയ്യുന്നത് ദൈവത്തിനു വേണ്ടിയുള്ള എന്തോ മഹത്കൃത്യം ആണെന്ന് വിശ്വസിക്കുകയും  ഈ 'വിശുദ്ധകൃത്യ'ത്തിനു പ്രതിഫലമായി  സ്വര്‍ഗത്തില്‍ എണ്ണിയാലൊടുങ്ങാത്ത ഹൂറികള്‍ തങ്ങളെയും കാത്തു പായ വിരിച്ചിരിപ്പുണ്ട്  എന്ന് കരുതുകയും ചെയ്യുന്നുണ്ടെങ്കില്‍, ഇത്തരം  വിവരമില്ലായ്മകള്‍ തന്നെയാണ് എക്കാലത്തും  ഭീകരതയുടെ സമസ്ത ക്രൂരതകള്‍ക്ക് വിശുദ്ധ പരിവേഷം നല്‍കാന്‍ ഉപയോഗിക്കപ്പെടുന്നതെങ്കില്‍, അത്തരം തെറ്റായ ബോധ്യങ്ങള്‍ മനുഷ്യ മനസുകളിലെയ്ക്ക് കുത്തിവെയ്ക്കുന്ന കാളകൂട വിഷങ്ങളുടെ സ്രോതസുകളെ   ഉന്മൂലനം ചെയ്യേണ്ട  സമയം ഏറെ അതിക്രമിച്ചിരിക്കുന്നു. 
                 ഭീകരതയെ കാലഘട്ടത്തിന്റെ അനിവാര്യതയോ ന്യൂട്ടന്റെ  തേര്‍ഡ് ലോയോ ഒക്കെയായി  വിശേഷിപ്പിക്കുന്ന  സോഷ്യല്‍മീഡിയ ബുദ്ധി(?)ജീവികള്‍ക്കും,  ISISനെ ഇറാഖിലെ തങ്ങളുടെ നേരാങ്ങളമാര്‍ ആയി അവരോധിച്ചിരിക്കുന്ന ഇവിടുത്തെ കുഞ്ഞാങ്ങളമാര്‍ക്കും  ഇതൊരു ഓര്‍മപ്പെടുത്തല്‍ ആണ്  - നന്മനിറഞ്ഞ ഭീകരത എന്നൊന്ന് ഇല്ലെന്ന ഓര്‍മ്മപ്പെടുത്തല്‍.. 
                മലാലയെന്ന ധീരയായ പെണ്‍കുട്ടിയുടെ സ്വപ്നങ്ങളുടെ  നേരെ താലിബാന്‍ ഭീകരര്‍ നിറയൊഴിച്ചു രസിച്ചപ്പോള്‍ അതിനെ അമേരിക്കയുടെയും യൂറോപ്യന്‍ ശക്തികളുടെയും നാടകമായി വ്യാഖ്യാനിച്ച്   അഫ്ഗാന്‍ താലിബാന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ നമ്മുടെ ഇടയില്‍ത്തന്നെ ഉണ്ട് എന്നത് അല്പം വേദനിപ്പികുന്ന സത്യം ആണ്.  അല്പം നാളുകള്‍ പിന്നിടുമ്പോള്‍ പെഷവാര്‍ ഭീകരാക്രമണത്തിന് പുതിയ പരിപ്രേക്ഷ്യങ്ങള്‍ ചമയ്ക്കപ്പെടില്ല എന്ന് ആര് കണ്ടു !
               ഭീകരതയ്ക്ക് എല്ലാ കാലത്തും ഒരേയൊരു മുഖമേ ഉള്ളൂ.. അത് ക്രൂരതയുടെയും മനുഷ്യത്വരാഹിത്യതിന്റെതും ആണ്.  കൊടുത്ത പണി കൊല്ലത്ത് തന്നെ കിട്ടിയപ്പോഴാണ് ലോക പോലിസ്കാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയ്ക്ക് ഈ സത്യം വെളിപ്പെട്ടു കിട്ടിയത്. അപ്പോഴേയ്ക്കും അനേകം നിരപരാധരുടെ ജീവനുകള്‍ അവര്‍ക്ക്  വിലയായി നല്‍കേണ്ടി വന്നിരുന്നു.  ശത്രുക്കള്‍ക്കെതിരെ ഉപയോഗപ്രദമായതും തങ്ങള്‍ക്ക്  നിരുപദ്രവകരവുമായ ഒരു ഭീകരത എന്നത് സാങ്കല്പികം മാത്രമാണെന്ന് അല്പം വൈകിയാണെങ്കിലും പാക്കിസ്ഥാന് ബോധ്യമായിരിക്കുന്നു.
                ഈ തിരിച്ചറിവുകള്‍ നല്‍ക്കുന്ന ബോധ്യങ്ങളില്‍ ഇനിയെക്കാലവും അടി പതറാതെ  ഉറച്ചുനില്കാന്‍ ഈ  132  മാലാഖക്കുരുന്നുകളുടെ നിലവിളികള്‍ ഹേതുവായി തീരട്ടെ.

   
              ഭീകരതയുടെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞുടഞ്ഞ പെഷവാറിലെ കുഞ്ഞനുജന്മാരുടെയും അനുജതിമാരുടെയും സ്മരണകള്‍ക്ക് മുന്നില്‍ ഞാനും ഒരു നിമിഷം ശിരസു നമിക്കുന്നു..  
 ഭ്രാതൃഹന്താക്കളും പൈശാചികതകളും ഇല്ലാത്ത തന്റെ രാജ്യത്തില്‍ ദൈവം നിങ്ങള്‍ക്ക് നിത്യശാന്തി നല്‍കുമാറാകട്ടെ..  

        

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...