Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Saturday, December 7, 2013

വിജയനെ സഭയിലെടുത്തപ്പോള്‍..

           പണ്ട് എല്‍ദോയെ സിനിമയിലെടുത്തത് പോലെ പിണറായി വിജയനെ സഭയില്‍ എടുത്തതിന്റെ വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ . ഒരു കാലത്ത് നികൃഷ്ട ജീവികള്‍ ആയി അവരോധിക്കപ്പെട്ടവരുടെ കൂടാരത്തില്‍  ഏറെ ഹാര്‍ദ്ദവമായ സ്വീകരണം തന്നെയാണ് പിണറായിക്ക്‌ ലഭിച്ചതും. സഭയുടെ കസ്തൂരി രംഗന്‍ നിര്‍മാര്‍ജന സമരത്തിന്‌  എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു പരിസ്ഥിതി സംരക്ഷകരെ ആവശ്യത്തിന് ചീത്തയും പറഞ്ഞു  അവസരത്തിനൊത്ത് ഉയര്‍ന്ന പിണറായിയ്ക്ക് ഇപ്പോള്‍ താമരശ്ശേരി ചുരത്തിനിപ്പുറത്ത്  ഒരു ന്യൂ ജനറേഷന്‍ സ്റ്റാറിന്റെ ഇമേജ് ആണ് രൂപപ്പെട്ടുവരുന്നത്. 
       കാല് തല്ലിയോടിച്ചവനോടു ക്ഷമിച്ച വിശാലഹൃദയനായ ആശാനെപ്പോലെ    എല്ലാം പൊറുക്കുന്ന താമരശ്ശേരി ബിഷപ്പ്‌ വിജയന് പൂര്‍ണ പാപ വിമോചനം പ്രഖ്യാപിക്കുകയും ചെയ്തു. പോരെ പൂരം !  ഇതു വരെ  കാര്യങ്ങള്‍ ഏറെ  ജോര്‍ ആയിട്ടുണ്ട് .   പ്രായോഗിക രാഷ്ട്രീയത്തിന്റെ പുത്തന്‍ വഴിത്താരകള്‍ തേടി പിണറായി മുന്നോട്ടു നീങ്ങുമ്പോള്‍ ഏറെ പരുങ്ങലില്‍ ആവുക യു ഡി എഫ് നേതൃത്വം തന്നെയാവും എന്നതില്‍ തര്‍ക്കം ഇല്ല.   


           വിജയന്‍ പത്തടി മുന്നോട്ടു വെയ്ക്കുമ്പോള്‍ മുന്നോട്ട് ഒട്ടും പോയില്ലെങ്കിലും പിന്നോട്ട് പോകാതിരിക്കാനാവും  യു.ഡി.എഫ്  ശ്രദ്ധിക്കുക. അപ്പൊ എന്ത് വേണ്ടു..  പരിസ്ഥിതി ലോല മേഘലകളെ സംരക്ഷിക്കാന്‍ ഇന്നലെ പുറത്തിറങ്ങിയ  സര്‍ക്കാര്‍ ഉത്തരവു ഒന്ന്  ഇരുട്ടി വെളുത്തപ്പോ ദാ കിടക്കുന്നു  ചവറ്റു കുട്ടയില്‍!.  ഇനി വേണ്ടത്  കസ്തൂരി രംഗനെ തൂക്കിലേറ്റുകയും  ഗാട്ഗില്‍ സമിതിയെ നാട് കടത്തുകയുമാണ്. സര്‍ക്കാരിനു ഇക്കാര്യത്തില്‍ നട്ടെല്ല് ഇല്ലെങ്കില്‍ ചെയ്യേണ്ടത്  പാര്‍ട്ടി ചെയ്യും .
    ഈ പരിസ്ഥിതിക്കാര്‍ ഒക്കെ റിപ്പോര്‍ട്ട് എഴുതുന്നത് വിദേശത്ത് നിന്നും കണക്കില്ലാതെ ഒഴുകി എത്തുന്ന ഫണ്ട് മോഹിച്ച് മാത്രമാണ് എന്നതില്‍ പിസി ജോര്‍ജിനെ പോലെ തന്നെ പിണറായിയ്ക്കും സംശയ ലേശം ഇല്ല. മലയോരത്ത് ചോര നീരാക്കി പണിയെടുക്കുന്ന പാറ-മണല്‍ കൃഷിക്കാര്‍ക്കും ടൌണ്‍ഷിപ്പ് കൃഷിക്കാര്‍ക്കും ഒരു ഇടക്കാല ആശ്വാസം ലഭിക്കാനാണ് ഇന്നലെ ഇറക്കിയ ഉത്തരവ്‌ സര്‍ക്കാര്‍ ഇന്ന് പിന്‍വലിച്ചത് എന്ന് വേണം പിന്‍വലിച്ച നിര്‍ദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനസിലാക്കാന്‍ സാധിക്കുക.   

      ഇനിയും എന്തിന്നാണ് കേരളത്തില്‍ കാട് ? ഇപ്പോള്‍ തന്നെ ഈ ഫോറസ്റ്റ്‌ മുഴുവന്‍ കാടാണല്ലോ എന്നൊക്കെയാണ്  ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒക്കെ സംശയം. ഈ കോപ്പൊക്കെ വെട്ടി വിറ്റാല്‍ എന്തോരേം കാശു സര്‍ക്കാരിനു കിട്ടും !. പിന്നെ കുറെ മാനും മയിലും കൊരങ്ങനും ഒക്കെ. എല്ലാത്തിനേം കൊന്നു ഇറച്ചിയാക്കി  ഈ ക്രിസ്തുമസിന് വെളമ്പണം. എന്നിട്ട് വല്ലോം ബാക്കിയൊന്ടെല്‍ ഒണക്കി വിദേശത്തേയ്ക്ക്  എക്സ്പോര്‍ട്ട്‌ ചെയ്യണം. (ഞങ്ങളു നസ്രാണികള്‍ ഒന്ന് ആഞ്ഞു പിടിച്ചാല്‍ എല്ല് പോലും ബാക്കി കിട്ടില്ലെന്നത് വേറെ കാര്യം!)   കരിങ്കുരങ്ങ് ഇറചിയ്ക്കൊക്കെ  വിദേശത്ത് നല്ല ഡിമാണ്ട് ആന്നാ കേട്ടത്.    (ആകാശത്തിനു കീഴെ ഉള്ളതെല്ലാം  മനുഷ്യന് വേണ്ടിയാണല്ലോ ദൈവം സൃഷ്ടിച്ചത്. അപ്പൊ എല്ലാത്തിനേം അങ്ങ് തിന്നാലും കര്‍ത്താവ്‌ ഒന്നും പറയത്തില്ല).
        പിന്നെ  ഇവിടത്തെ  കുന്നും മലയും ഒക്കെ. എല്ലാം നിരത്തി ഓരോ വില്ലെജിനും ഒരു എയര്‍ പോര്‍ട്ട്‌  വീതം പണിയണം. പിന്നെ ഐ ടി പാര്‍ക്ക്‌ , ഫ്ലാറ്റുകള്‍ , റിസോര്‍ട്ടുകള്‍ , ടൌണ്‍ഷിപ്പുകള്‍ ...  അങ്ങ് കുട്ടനാട്ടില്‍ ആര്‍ക്കും വേണ്ടാതെ കുറെ കണ്ടവും കായലും ഒക്കെ ഉണ്ട്. ഒക്കെ നികത്തണം.  അവര്‍ക്കും വേണ്ടേ വിമാനത്താവളം.. അവര്‍ക്കും വേണ്ടേ ഐ.ടി പാര്‍ക്ക്‌ ..    അങ്ങനെ അങ്ങനെ.. ഒടുവില്‍  കാണുന്ന ഏവനും പറയണം "ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടേല്‍ അത് ഇതാണ് .. അത് ഇതാണ് "  ഇമ്മാതിരിയുള്ള വികസന സ്വപ്നങ്ങള്‍ക്കാണ് ഇവിടത്തെ പരട്ട പരിസ്ഥിതി വാദികള്‍  ആപ്പ് വെയ്ക്കുന്നത് .  ഈ വികസന സ്വപ്‌നങ്ങള്‍ മുടക്കുന്നതിനാണ് ഇവന്മാര്‍ക്ക്‌ വിദേശത്ത് നിന്നും ഫണ്ട് കിട്ടുന്നത് . പുല്ലന്മാര്‍!!.. ഒന്നിനേം വെച്ചേക്കല്ല്.. മരമില്ലേല്‍ മഴ പെയ്യില്ല പോലും.. പിന്നേ .. കോപ്പ് ... മരം ഉണ്ടായിട്ടല്ലേ അറബിക്കടലില്‍ മഴപെയ്യുന്നത്.  കാട് വെട്ടിയാല്‍ ചൂടു കൂടും പോലും.. അന്റാര്‍ട്ടിക്ക മുഴുവന്‍ കാട് ആയത് കൊണ്ടാവും അവിടെ ഒടുക്കത്തെ തണുപ്പ്..   ഒക്കെ തട്ടിപ്പാന്നെ!!..   എല്ലാ അവനേം തല്ലിക്കൊന്നു തെമ്മാടിക്കുഴീല്‍ തട്ടണം.
             പിന്നെ, പരിസ്ഥിതിയെ ഒലത്തുക ഭൂമിയെ രക്ഷിക്കുകഎന്നൊക്കെ ഡയലോഗ് വിട്ടു കുറെ ന്യൂ ജനറേഷന്‍ ഗ്രീന്‍ ആക്ടിവിസ്റ്റ്കള്‍ ഇറങ്ങീട്ടുണ്ട്.. ലവന്മാര്‍ ശ്രദ്ധിക്കാനായി- നമ്മടെ പിള്ളേരുടെ ഒരു സൈബര്‍ വിംഗ് എല്ലാ ജയിലുകളിലും സജീവമായിട്ടുണ്ട്. പ്രത്യേകിച്ചും കോഴിക്കോട്ട്. നിന്റെയൊക്കെ സോഷ്യല്‍ മീഡിയയിലെ ഓരോ ചലനവും ഈ ഗടികള്‍ സ്കെച് ചെയ്യുന്നുണ്ട്.   ഇനി എഫ്ബിലും വാട്സ് ആപ്പിലും ഒക്കെ പരിസ്ഥിതിയെ സ്നേഹിക്കുമ്പോ സൂക്ഷിച്ചാ നെനക്കൊക്കെ കൊള്ളാം.  ആവശ്യത്തിന് പരിസ്ഥിതിയെ ഒക്കെ  പാര്‍ട്ടി വേണ്ടപോലെ സംരക്ഷിചോളും. പിന്നേം എന്തേലും കുറവ്‌ ഉണ്ടെന്നു തോന്നിയാല്‍ ബാക്കി സഭയും സംരക്ഷിക്കും..   ചുമ്മാ പിള്ളേര്‍ക്ക്‌ പണി ഒണ്ടാക്കി വെയ്ക്കല്ല്..  അടുത്ത തവണ 51 തുന്നിക്കെട്ടില്‍ നിന്നുവെന്നു വരില്ല.. അല്ല പിന്നെ!!               
         

        

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...