Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Monday, November 4, 2013

ആ വള്ളംകളി മാഞ്ഞുപോയി !


           മൂന്ന് നാല് ദിവസങ്ങള്‍ പിന്നിടുന്ന ' ശ്വേതാംബര നിര്‍വേദ'ത്തിന്‌ ഒടുവില്‍ തിരശീല വീഴുകയാണ്.  സോഷ്യല്‍ മീഡിയ പ്രതികരണ തൊഴിലാളികള്‍ക്കും മെയിന്‍ സ്ട്രീം മീഡിയ സദാചാര പാലകര്‍ക്കും ഇനി അല്‍പ്പം വിശ്രമം ആവാം - കുറഞ്ഞത് അടുത്ത വിവാദത്തിന്റെ കല്ല്‌ വീഴും വരെയെങ്കിലും. പ്രായം കൂടും തോറും വീര്യം കൂടുന്ന ജെനുസ്‌ എന്നാണു രാഷ്ട്രീയക്കാരെപ്പറ്റി കേട്ടുപഴകിയ ഒരു വിശേഷണം. പ്രത്യേകിച്ചും  കൊണ്ഗ്രസ്സുകാരുടെ കാര്യമാവുമ്പോള്‍ പറയേണ്ടതുമില്ല.   ന്യൂ ജനറേഷന്‍ വസന്തം ഒരു ബീപ് ശബ്ദത്തോടെ പൂത്തുലയുന്ന  ഈ ഫ്രീക്ക് കാലത്തിലും പെണ്‍വിഷയത്തില്‍  ഏതു ജനറെഷനെക്കാളും 'വര്‍ദ്ധിതവീര്യ'ത്തോടെ  ഒരു വള്ളപ്പാടു മുന്നില്‍ താന്‍ ഉണ്ടാകും എന്ന്    കൊല്ലം വള്ളം കളിയോടെ പീതാംബരക്കുറുപ്പ്‌ തെളിയിച്ചു കഴിഞ്ഞു. 
                    തന്റെ പ്രസവം മൂവി കാമറകള്‍ക്കു മുന്നില്‍ തുറന്നു വെയ്ക്കുകയും അഭിനയ രംഗത്ത്‌ പുത്തന്‍ പ്രവണതകള്‍ക്ക് പാത വെട്ടിത്തെളിക്കുകയും ചെയ്ത,   അങ്ങനെ മലയാള സിനിമാ രംഗത്ത്‌ ഏറ്റവും ബോള്‍ഡ്‌ ആയ നടി എന്ന് പേരെടുത്ത  (ഇതിനു ബോള്‍ഡ്‌നെസ് എന്ന് തന്നെയാണോ പറയേണ്ടത്‌ എന്നതിനെപ്പറ്റി ഇപ്പോഴും ചര്‍ച്ചകള്‍ സജീവമാണ്) ശ്രീമതി ശ്വേതാ മേനോനെ അപമാനിക്കാന്‍ ശ്രമിച്ച പീതാംബരക്കുറുപ്പിന് ഇതിനോടകം തന്നെ കാപ്പിറ്റല്‍ പണിഷ്മെന്റ് കിട്ടിയ ഒരു പ്രതീതി ആണ്.  സോഷ്യല്‍ മീഡിയയിലെ ന്യായാധിപന്മാര്‍ ഇതിനോടകം തന്നെ ടിയാനെ ഒരു നൂറ്റൊന്നു തവണ എങ്കിലും കഴുവേറ്റുകയും ചാണക വെള്ളത്തില്‍ കുളിപ്പിച്ച് കിടത്തുകയും ചെയ്തിട്ടുണ്ട്‌. സമീപ കാലത്ത്‌ ഇതുപോലെ ഭാഗ്യം ലഭിച്ച മറ്റൊരാള്‍ ജോസ്‌ തെറ്റയില്‍ മാത്രമായിരിക്കും.  
   എല്ലായ്പ്പോഴും ഇരയുടെ ഒപ്പം മാത്രം ഓടുകയും വേട്ടക്കാരനെ പുലഭ്യം പറയുകയും ചെയ്യുന്ന പരമ്പരാഗത രീതിയില്‍ നിന്നും ഒരു ട്വിസ്റ്റ്‌  മേല്പറഞ്ഞ രണ്ടു സംഭവങ്ങളിലും ഉണ്ടായിട്ടുണ്ട്.  ഒരു ഗര്‍ഭ നിരോധന ഉറയുടെ പരസ്യ മോഡല്‍ ആയി അഭിനയ രംഗത്തേയ്ക്ക് കടന്നു വരികയും  പിന്നീട് ഐറ്റം ഡാന്‍സ് കളും  ലൈംഗിക അതിപ്രസരം നിറഞ്ഞ ഇക്കിളി  റോളുകളും  കൈകാര്യം ചെയ്ത്‌  മലയാള സിനിമ  രംഗത്ത്‌ ചുവടുറപ്പിക്കുകയും ചെയ്ത  ശ്വേതയ്ക്ക് അങ്ങനെ തന്നെ വരണം എന്നു വാദിക്കുന്ന ഒരു കൂട്ടം ആളുകളെയും ഇതിനിടെ കാണാന്‍ സാധിച്ചു. സ്വന്തം പ്രസവം പോലും കാമറയ്ക്ക് മുന്നില്‍ തുറന്നു വച്ച ശ്വേതയ്ക്ക്, ഇപ്പോള്‍ പീതാംബരക്കുറുപ്പ്‌  അറിഞ്ഞോ അറിയാതെയോ ഒന്ന് തൊട്ടപ്പോള്‍ ഈക്കണ്ട കോലാഹലം ഒക്കെ ഉണ്ടാക്കേണ്ട കാര്യം ഇല്ലെന്നാണ് അവരുടെ വാദം.   ഒരു സ്ത്രീ - അവള്‍ എത്ര മോശക്കാരിയോ ഒരു പ്രോസ്ടിടുറ്റ്‌ തന്നെയോ ആയിക്കൊള്ളട്ടെ , അനുവാദം കൂടാതെ അവരുടെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ  സ്പര്‍ശിക്കുന്നതിനെ ഇന്ത്യന്‍ പീനല്‍ കോട് പ്രകാരം നിര്‍വചിക്കുക പീഡനം എന്ന് തന്നെയാണ്.  ഈയൊരു സിമ്പിള്‍ ലോജിക്‌ ആണ് പലപ്പോഴും നാം മിസ്സ്‌ ചെയ്യുക. 


    വെള്ളിത്തിരയിലെ രതിച്ചേച്ചി എന്ന കഥാപാത്രത്തെയും ശ്വേതാമേനോന്‍ എന്ന  അഭിനേത്രിയെയും  വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നയിടത്താണ് പീതാംബരക്കുറുപ്പിന്റ ചുവടു പിഴച്ചത് . കുറുപ്പിന് മാത്രമല്ല ഇവിടുത്തെ പല പ്രതികരണ തൊഴിലാളികള്‍ക്കും തെറ്റ് പറ്റുന്നത് ഈ തിരിച്ചറിവ് നഷ്ടമാവുമ്പോളാണ്.  സ്ത്രീയെ ഒരു ലൈംഗീക ഉപകരണം അഥവാ സൊ കോള്‍ഡ്‌ 'ചരക്ക്‌' മാത്രമായി കാണുകയും അവളെ ഒരു ബഹുമാനം അര്‍ഹിക്കുന്ന വ്യക്തി ആയി കാണുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നിടത്ത് നിന്നാണ്  എല്ലാ പീഡന കഥകളുടെയും ബീജോവാപം.   പലരും മലര്‍ന്നുകിടന്നു തുപ്പുന്നതു പോലെ ഇത് ഇവിടത്തെ മലയാളി സമൂഹം മാത്രം നേരിടുന്ന പ്രശ്നം അല്ല. ആഗോള -കച്ചവടവല്‍ക്കരണ  സംസ്കാരങ്ങള്‍   അതിന്റെ പുത്തന്‍ കോര്‍പ്പറേറ്റ്  മാനങ്ങള്‍ തേടുമ്പോഴും  സ്ത്രീ ശരീരം  അന്നും ഇന്നും വിപണനത്തിന്റെ  ലാഭ നഷ്ടക്കണക്കുകള്‍ നിര്‍ണയിക്കുന്ന ഒരു ഐറ്റം പീസ്‌ മാത്രമായി ലേലത്തിനു വെയ്ക്കപ്പെട്ടിരിക്കുന്ന കാഴ്ചകള്‍ നാം നിത്യേന കാണുന്നതാണ് .   എലൈറ്റ്‌ ക്ലാസ്‌ പ്രൈസ്‌ ടാഗുകള്‍ കഴുത്തില്‍ ചാര്‍ത്തി ബികിനിയിലും ടു പീസിലും സ്ത്രീത്വത്തിന്റെ പുരോഗമന മാനങ്ങള്‍ അഭിമാനത്തോടെ കാഴ്ച്ചവെയ്ക്കുമ്പോള്‍  തങ്ങള്‍ 'ആറ്റന്‍ ചരക്കുകള്‍' ആയി സ്വയം അവരോധിക്കുകയാണ് എന്ന സത്യം ഇവിടത്തെ പല സ്ത്രീ വിമോചന വാദികളും  മറന്നു പോകുകയോ അറിയാത്തതായി ഭാവിക്കുകയോ ആണ് പതിവ്‌ .
           ഒരു വ്യാഴവട്ടക്കാലം കൊണ്ട് സ്ത്രീ സമൂഹത്തിന്റെ അഭിമാനവും യശസ്സും ഉയര്‍ത്താനും മാതൃത്വത്തിന്റെ മഹിമയെ വാനോളമെത്തിക്കാനും  തനിയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന്  സ്വയം അവകാശപ്പെടുന്ന ശ്വേതമേനോന്‍, പ്രേഷക മനസുകളില്‍പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നത്  വെറും ഒരു മൂന്നാം കിട 'ചരക്ക്‌' മാത്രമായിട്ടാണ് എങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അവര്‍ക്ക്‌ പൂര്‍ണമായി ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. വേണ്ടത്ര വൈകാരിക-ലൈംഗിക പക്വത നേടിയിട്ടില്ലാത്ത ഒരു സമൂഹത്തെ, അതിന്റെ ബലഹീനതകള്‍ മുതലെടുത്ത്‌ ബോക്സ് ഓഫീസുകള്‍ നിറയ്ക്കുകയും നിത്യ ഹരിത ഹിറ്റുകള്‍ തീര്തതിന്റെ നിര്‍വൃതിയില്‍ സ്വയം മതിമറക്കുകയും ചെയ്യന്ന നവ യുഗ വ്യാപാരികള്‍ക്ക്‌ ഒരു നല്ല നമസ്കാരം പറയാതെ തരമില്ല.   

              എന്തൊക്കെയോ തിരിച്ചറിവുകളുടെയോ വെളിപാടുകളുടെയോ വെളിച്ചത്തില്‍ കുറുപ്പിനെതിരായ പരാതിയും പിന്‍വലിച്ച് ശ്വേത  അണിയറയിലേയ്ക്ക്‌ മറയുമ്പോള്‍  ശവമായത്  പവനായിയാണോ കുറുപ്പാണോ അതോ ന്യൂസ് ഡസ്കുകളില്‍ ചെരിന്ക് കിടന്നു ലൈവ് വിചാരണകള്‍ നടത്തിയ സോമന്മാരാണോ എന്ന സംശയം ബാക്കി. 'തെറ്റ് പറ്റുന്നത് മാനുഷികമാണ് , ക്ഷമിക്കുന്നത് ദൈവികവും' എന്ന മഹത് വചനം വേണമെങ്കില്‍ ഒരു ശിക്ഷയായി പീതാംബരക്കുറുപ്പിന് ഇമ്പോസിഷന്‍ കൊടുക്കാം.  ഇതൊക്കെ കാണാനും കേള്‍ക്കാനും വിഡ്ഢികളാകാനും  മാത്രം  വിധിക്കപ്പെട്ടവര്‍ക്ക്   വേണമെങ്കില്‍ ഒരു വഞ്ചിപ്പാട്ടിന്റെയോ താരാട്ട് പാട്ടിന്റെയോ  ഈരടികള്‍ ഏറ്റു പാടാം .
        തൊട്ടറിഞ്ഞ അനുഭവത്തിന്റെ പുത്തന്‍ പാഠങ്ങളുമായി കുറുപ്പദ്ദേഹത്തിനു ഇനിയും പാരല്മെന്റിലെയ്ക്ക് ധൈര്യമായി യാത്രയാകാം. രാജ്യത്ത്‌ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്തക്കെതിരെ ലോക്സഭയില്‍ ശബ്ദമുയര്ത്താം. വേണമെങ്കില്‍ ഒഴിവു സമയം കിട്ടുമ്പോള്‍ തന്റെ പിതൃതുല്യമായ വാല്‍സല്യം തെറ്റിധരിക്കപ്പെട്ടതിന്റെ  വേദനയില്‍  രണ്ടു തുള്ളി കണ്ണീര്‍  ചേര്‍ത്ത്  'ഞാന്‍ കണ്ട ശ്വേത' എന്ന പേരില്‍ ഒരു ആത്മകഥാ കുറിപ്പുകള്‍  പുറത്തിറക്കുകയുമാവാം . 

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...