Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Monday, October 28, 2013

ഇത് പാര്‍ട്ടി വക കല്ല്‌ അല്ല, പാര്‍ട്ടിയുടെ കല്ല്‌ ഇങ്ങനെയല്ല


                   കേരള മുഖ്യമന്ത്രിക്കെതിരായി സി പി എം നയിച്ചു കൊണ്ടിരുന്ന ഐതിഹാസിക സമരം  അതിന്റെ നാള്‍വഴി പുസ്തകത്തില്‍  ചോര പൊടിയുന്ന മറ്റൊരു എട് കൂടി എഴുതിച്ചേര്‍ക്കുന്ന കാഴ്ചയാണ് ഇന്നലെ കേരളം കണ്ടത് .  പ്രതിപക്ഷ സമരത്തില്‍ നട്ടം തിരിഞ്ഞിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക്  അക്ഷരാര്‍ഥത്തില്‍ മറ്റൊരു കാരുണ്യ ലോട്ടറി തന്നെയാണ് ഇന്നലെ അടിച്ചത് എന്ന് വേണം പറയാന്‍.  വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടുവന്നിരുന്ന ആ കാറ്റിന് ഇപ്പോള്‍ സഹതാപത്തിന്റെ മണം ആണെന്നു പിണറായിയും കൂട്ടരും അല്പം ഞെട്ടലോടെ തിരിച്ചറിയുന്നുണ്ട്.  ആ കാറ്റ് താമസിയാതെ തെക്കന്‍ കേരളത്തിലേയ്ക്ക് വ്യാപിക്കുമോ, അങ്ങനെ വ്യാപിച്ചാല്‍ പണി പാലും വെള്ളത്തിലാണോ അതോ റേഷന്‍ മണ്ണെണ്ണയിലാണോ കിട്ടുക എന്നിങ്ങനെയുള്ള കടുത്ത ആശങ്കയിലാണ് ഇപ്പോള്‍ ഇടത് നേതൃത്വം.   


      സമാധാനത്തിന്റെയും ശാന്തിയുടെയും  കാവല്‍ദൂതരായ  സിപിഎം -നെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത് കടുത്ത അനീതിയാണ് , ക്രൂരതയാണ് , സര്‍വോപരി അപലപിക്കപ്പെടെണ്ടതാണ്. ഈ  കാര്യത്തില്‍ അരിയാഹാരം കഴിയ്ക്കുന്ന ആര്‍ക്കും സംശയത്തിനു ഇട ഉണ്ടാവേണ്ടതില്ല.  അന്‍പത്തൊന്നു വെട്ടിന്റെ രാഷ്ട്രീയം , മാര്‍ക്സിസ്റ്റ്‌ ഭീകരത എന്നിങ്ങനെ പാടിപ്പതിഞ്ഞ ക്ലിഷേകള്‍  ഒക്കെ പെറ്റി ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സൃഷ്ടി ആണ്‌ എന്ന സത്യം കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു വരുന്നുണ്ട്. അത് ഇനിയും ബോധ്യപ്പെടാത്തവര്‍ ദേശാഭിമാനി വായിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.  
     ചാണ്ടി - രമേശ്‌ ഗ്രൂപ്പ് വഴക്ക് ആണ് മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള അക്രമത്തിനു പിന്നില്‍ എന്നു സംഭവം നടക്കുന്നതിനു അഞ്ച് മിനിറ്റ്‌ മുന്നേ തന്നെ ജയരാജന്‍ സഘാവും പിന്നാലെ പിണറായി സഘാവും ആണയിട്ടു വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സിപിഎം - നെ സംശയിക്കേണ്ടതില്ല. ഇനി ഇതൊന്നും പോരെങ്കില്‍, ചാലക്കുടിയില്‍ നിന്നെത്തിയതും താലിബാനുമായി ബന്ധം ഉണ്ടെന്ന് സംശയിക്കപ്പെടുന്നതുമായ ഒരു കൊട്ടേഷന്‍ സംഘമാണ് ചാണ്ടിക്കെതിരായ ഓപറേഷന്‍ നടത്തിയതെന്ന് പാര്‍ട്ടിയുടെ ഉന്നത തല അന്വേഷണ വൃത്തങ്ങള്‍ ഇന്ന് രാവിലെ വെളിപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ അന്വേഷണം എന്നാല്‍ സിബിഐയെ കടത്തിവെട്ടുന്നതാണെന്നു കേരളത്തിലെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. മുഖ്യന്റെ നെറ്റിയിലെ മുറിവിന്റെ ആഴം, പാഞ്ഞു പോയ കല്ലിന്റെ ആക്സിലറേഷന്‍, വെലോസിടി ഇവയൊക്കെ വിശകലനം ചെയ്തു കൃത്യമായി പ്രതികളെ പിടിച്ചു മുന്നില്‍ ഇട്ടുതരും പാര്‍ട്ടിയുടെ മിടുക്കരായ അന്വേഷകര്‍. (എന്ന് കരുതി ചാണ്ടിയുടെ പോലിസ്‌ ഇതിനു ഫീസ്‌ ഒന്നും തരേണ്ട, കേട്ടോ. തികച്ചും ഫ്രീ ആണ്. കേരള പോലീസിനു ഒരു കൈസഹായം ഇരിക്കട്ടെ എന്ന് മാത്രമേ കരുതിയിട്ടുള്ളൂ) ഈ രീതിയിലൊരു ശാസ്ത്രീയ  വിശകലനം നടത്തിയപ്പോഴാണ് ആ സത്യം വെളിവായത്‌! - ' ഇത് പാര്‍ട്ടി വക കല്ല്‌ അല്ല, പാര്‍ട്ടിയുടെ കല്ല്‌ ഇങ്ങനെയല്ല ' .   വെറ്റിലയില്‍ തെളിയുന്ന ദൃശ്യങ്ങളും പാര്‍ട്ടി വക ചാത്തന്മാരുടെ മുഖലക്ഷണങ്ങളും ശരിയാണെങ്ങില്‍, മദ്ധ്യകേരളത്തില്‍ ചാലക്കുടി എന്നൊരു ഗ്രാമത്തില്‍ നിന്നാണ് കല്ലിന്റെ പ്രഭവ കേന്ദ്രം. ഇത്ര ഭയങ്കര കണ്ടുപിടുത്തങ്ങള്‍ നടത്തിയ പാര്‍ടിയെ അനുമോദിചില്ലെങ്കില്‍ വേണ്ട, (പാര്‍ട്ടിയ്ക്ക് അത്തരം പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ ഒന്നും ഇല്ല) പകരം നിരപരാധികള്‍ ആയ പാര്‍ട്ടി അണികളെ പിടിച്ച് അകത്തിടുന്നത് നന്ദികേടല്ലാതെ മറ്റെന്താണ് ?. 
           അല്ലെങ്കിലും   സിപിഎം എന്നെങ്കിലും അക്രമത്തെ പിന്തുണചിട്ടുണ്ടോ?. അഹിംസയുടെയും സത്യഗ്രഹതിന്റെയും പൈതൃകം അവകാശപ്പെടുന്നത് ഇവിടത്തെ  കൊണ്ഗ്രസ് കൊഞ്ഞാണന്മാര്‍ ആണെങ്കിലും   വാസ്തവത്തില്‍ ഇന്ന് കേരളത്തില്‍ ഗാന്ധിജിയുടെ ചുവടുകള്‍ പിന്തുടരുന്നത് സിപിഎം മാത്രമാണ്. 
        ശാന്തി സന്ദേശത്തിന്റെ പൂങ്കാവനങ്ങളാണ് കണ്ണൂരില്‍ പാര്ട്ടിഗ്രാമങ്ങളിലൂടെ വിഭാവനംചെയ്യുന്നത്. അവിടങ്ങളില്‍ കള്ളമില്ല, ചതിയില്ല, അക്രമമില്ല, പകയില്ല. അക്ഷരാര്‍ഥത്തില്‍ മാവേലി നാട്.  ഇത്തരം മാവേലി നാടുകള്‍ കുട്ടിച്ചോറാക്കാന്‍  അസൂയ പൂണ്ട  കോണ്‍ഗ്രസ്  - ബിജെപി കിങ്കരന്മാര്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ പാര്‍ട്ടിയിലെ ചില കുലംകുത്തികള്‍  ടിയാന്മാര്‍ക്ക് ചൂട്ട് പിടിചിട്ടുമുണ്ട് . പക്ഷെ , ഇവരോടൊന്നും പാര്‍ട്ടിയ്ക്ക് പകയോ ദ്വേഷ്യമോ ഉണ്ടാവാറില്ല. അങ്ങനെ ദ്വേഷ്യപ്പെടാന്‍ പാര്ട്ടിക്കാവുമോ. അവരെ പാര്‍ടി സമാധാനത്തിന്റെ ഭാഷയില്‍ പുഞ്ചിരിച്ചുകൊണ്ട് ഉപദേശിക്കും, അത്രമാത്രം. പാര്‍ട്ടിയുടെ ഉപദേശങ്ങള്‍  ധിക്കരിക്കുന്നവരുടെ ശിരസ്സില്‍ ദൈവകോപം ഇടിത്തീ പോലെ ഭവിക്കും. ടിപിയുടെ കാര്യത്തില്‍ സംഭവിച്ചത്‌ ഇതാണ് . ഇത്തരം ദുരന്തങ്ങള്‍  ഒഴിവാകണേ എന്ന് പേരുകേട്ട അമ്പലങ്ങളില്‍ പൂജ കഴിച്ചും പള്ളികളില്‍ നൊവേന ചൊല്ലിച്ചും  തലമുതിര്‍ന്ന നേതാക്കന്മാര്‍ ദൈവത്തോട് റിക്വസ്റ്റ് ചെയ്യാറുണ്ട്. പക്ഷെ , പലപ്പോഴും പണ്ടാരക്കലിപ്പില്‍ ആയ ദൈവം ഇതൊന്നും മുഖവിലയ്ക്കെടുക്കാറില്ല. ഒടുക്കം പഴി കേള്‍ക്കേണ്ടി വരുന്നതോ , പാവം പാര്‍ട്ടിയും അണികളും!.  ദൈവത്തിന്റെ ഇമ്മാതിരിയുള്ള കളികള്‍ ആണോ ചാലക്കുടിയില്‍ നിന്നും അക്രമി സംഘത്തെ കണ്ണൂരിലെയ്ക് ഇളക്കിവിട്ടത് എന്നുള്ള ഒരു സംശയം പാര്‍ട്ടിയ്ക്ക് ഇല്ലാതില്ല.   ഇക്കാര്യത്തില്‍ പാര്‍ട്ടി ദൈവത്തോടു എക്സ്പ്ളനേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട് . 

    തൃശ്ശൂര്‍ വെടിക്കെട്ടിന് ഏഴു നിലയില്‍ പൊട്ടുന്ന അമിട്ട് പോലെ പൊട്ടിയ പാര്‍ട്ടിയുടെ സമരങ്ങളെ ഓര്‍ത്ത് ദുഖാര്തരായ ഏതോ വിവരം കേട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണ് അക്രമത്തിനു പിന്നില്‍ എന്ന് പെറ്റി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ മുക്രയിടുന്നുണ്ട് .  ഇതൊന്നും  പ്രബുദ്ധ കേരളം വകവെയ്ക്കില്ല. കണ്ണില്‍ കൊള്ളേണ്ടത് പുരികത്തില്‍ തട്ടി പോയല്ലോ എന്നാശ്വസിക്കുകയും,  ചെയ്തു പോയ തെറ്റുകള്‍ക്ക് പാര്‍ട്ടിയോടും ദൈവത്തോടും മാപ്പിരക്കുകയുമാണ്  മുഖ്യമന്ത്രി  ചെയ്യേണ്ടത്‌. അതിനു പകരം 'ജന സമ്പര്‍ക്ക പരിപാടി' എന്നൊരു ഉഡായിപ്പ് പരിപാടിയുമായി ഇനിയും കണ്ണൂരിലേയ്ക്ക്‌ ഒരു വരവ് കൂടി വരേണ്ടി വരും എന്നൊരു ഭീഷണിയാണ് മുഖ്യമന്ത്രി  നടത്തിയത്‌. ഇത് തികഞ്ഞ അഹങ്കാരമല്ലാതെ മറ്റൊന്നല്ല. ആവശ്യത്തിനുള്ള സമ്പര്‍ക്ക പരിപാടി ഒക്കെ പാര്‍ട്ടി നേരിട്ട് നടത്തുന്നുണ്ട്. അല്ലെങ്കിലും പാര്‍ട്ടി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് എന്ത് പരാതി! എന്ത് സങ്കടങ്ങള്‍ !. 
പാര്‍ട്ടിഗ്രാമങ്ങള്‍ കുട്ടിച്ചോര്‍ ആക്കാനുള്ള മുഖ്യന്റെ അടവ്‌ നയം മാത്രമാണ് ഈ സമ്പര്‍ക്ക പരിപാടിയ്ക്ക് പിന്നില്‍ .   കാവ് തീണ്ടിയാലും പാര്‍ടി ഗ്രാമങ്ങള്‍ തീണ്ടിയാലും ഉണ്ടാകാവുന്ന ദുരന്തങ്ങള്‍ ഒരേപോലെ ഭീകരമാണ് .  സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!. അത്ര തന്നെ !

          അനുഭവങ്ങളില്‍ നിന്നും ഒരു കോപ്പും പഠിക്കാതെ വീണ്ടും വീണ്ടും മണ്ടത്തരങ്ങള്‍ കാട്ടാനുള്ള അവകാശം പാര്‍ട്ടിയ്ക്ക് മാത്രമേ ഉള്ളൂ.    മുഖ്യമന്ത്രിയായാലും ശരി ഹൈകോടതി ജഡ്ജി ആയാലും ശരി , പാര്‍ട്ടിക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ എതിരായ കളികള്‍ തല്‍ക്കാലം കോള്‍ഡ്‌ സ്റ്റോരെജില്‍ വെയ്ക്കുന്നതായിരിക്കും നല്ലത് . മന്ത്രിയ്ക്കും ജട്ജിയ്ക്കും  നല്ലബുദ്ധി തോന്നണെ എന്ന് മാത്രമാണ് പാര്‍ട്ടിയുടെ പ്രാര്‍ത്ഥന. മറിച്ചാണെങ്കില്‍,    ദൈവ കോപത്തിന്റെ അന്‍പത്തൊന്നു തലങ്ങള്‍ കമ്പനി കാണാനിരിക്കുന്നതെ ഉള്ളൂ.   


                                  

   
    

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...