Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Thursday, March 28, 2013

വേദനയുടെ പാരമ്യത്തില്‍ നിന്നും മഹത്വത്തിലെയ്ക്ക് ..

             " സ്നേഹിതന് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല "  
 
                                                                                                          (യോഹ : 15 .13)
    ഒരേ തരംഗ ദൈര്‍ഘ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്കിടയിലാണ്  ഗാഡമായ സുഹൃത്ത് ബന്ധങ്ങള്‍ രൂപപ്പെടാറുള്ളത് എന്നൊരു തിയറി കേട്ടിട്ടുണ്ട്. പലപ്പോഴും തോന്നിയിട്ടുണ്ട്,  എത്രത്തോളം  വാസ്തവമാണിതെന്ന്. അല്ലെങ്കില്‍പ്പിന്നെ എന്തുകൊണ്ടാണ് നൂറുകണക്കിന് സൌഹൃദങ്ങള്‍ ഓഫ്‌ലൈന്‍ ആയും,  അതിന്റെ പതിന്മടങ്ങ് ഓണ്‍ലൈന്‍ ആയും കാത്തുസൂക്ഷിക്കുന്ന ഈ സൈബര്‍ കാലത്തും   നമ്മുടെ  ഹൃദയത്തെ സ്പര്‍ശിക്കുന്ന ബന്ധങ്ങള്‍ വിരലില്‍ എണ്ണാവുന്നത് മാത്രമായിത്തീരുന്നത്?.  അതെ, ബന്ധങ്ങള്‍ ഹൃദയത്തോട് ഒട്ടിനില്‍ക്കണം എങ്കില്‍ അങ്ങനെ ഒട്ടിച്ചേരുന്ന ഹൃദയങ്ങള്‍ തമ്മില്‍  പരസ്പരപൂരകങ്ങള്‍ ആയ, അതുമല്ലെങ്കില്‍ അനന്യം എന്ന് തോന്നാവുന്ന  എന്തോ ഒന്ന് തീര്‍ച്ചയായും ഉണ്ടാകണം.   അവിടെ മാത്രമേ പരസ്പരം മനസിലാക്കല്‍ സംഭവിക്കുന്നുള്ളൂ.   
     ഇത്തരത്തിലുള്ള സൌഹൃദങ്ങളും ബന്ധങ്ങളുമൊക്കെയാണ്  നിര്‍ണായകമായ ഘട്ടങ്ങളില്‍ ജീവിതത്തില്‍ വെളിച്ചമായിത്തീരുക. സ്നേഹിതര്‍ക്കു വേണ്ടി  സ്വയം ബലിയായിത്തീര്‍ന്ന ജഗത്‌ ഗുരുവിന്റെ കുരിശിന്റെ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നതിതാണ്  - എന്നെ മറ്റാരെക്കാളും മനസിലാക്കാന്‍ അവനേ കഴിയൂ.. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒന്നുമില്ലായ്മയുറെയും ദു:ഖങ്ങളുടെയും പാരമ്യമറിഞ്ഞവന് എന്റെ കുഞ്ഞു കുഞ്ഞു വേദനകളും ഇത്തിരിയില്ലാത്ത ദു:ഖങ്ങളും മനസിലാക്കാന്‍ എന്താണ് തടസ്സമാകുക!.


             സത്യത്തില്‍ എന്താണ് അവന്റെ ജീവിതം മുഴുവന്‍?.. വേദനകള്‍ അല്ലാതെ?.. ഈച്ചയും കൊതുകും ആര്‍ക്കുന്ന ഒരു കന്നുകാലിക്കൂട്ടില്‍ ആണ് അവന്‍ പിറന്നു വീണത്‌. ജനനം തന്നെ മരണത്തിന്റെ വാള്‍മുനയില്‍, ജീവനെ പ്രതി അന്യനാട്ടിലേയ്ക്ക് പലായനം, അന്യ നാട്ടില്‍ പ്രവാസിയായുള്ള ജീവിതം,  30 വര്‍ഷത്തെ അജ്ഞാത വാസം, കുരുവികള്‍ക്ക് കൂടുകളും കുരുനരികള്‍ക്ക് മാളങ്ങളും ഉള്ള ഈ ഭൂമിയില്‍ സ്വന്തം എന്ന് പറയാന്‍ ഒരു കൂര പോലും ഇല്ലായിരുന്നു അവന്. അന്തിയുറങ്ങാന്‍ വഞ്ചിയുടെ അമരങ്ങള്‍. ചങ്ങാതികളായി മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട കുറെ ചുങ്കക്കാരും മുക്കുവരും, കല്ലെറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സ്വദേശവാസികള്‍.
        അത്ഭുതങ്ങളുടെ നിറപ്പകിട്ടുകളും  കുട്ടകള്‍ നിറയുന്ന അപ്പങ്ങളും പ്രതീക്ഷിച്ച്  അവന്റെ പിന്നാലെ വഞ്ചിയേറി പുറപ്പെടുന്ന  ബഹുഭൂരിപക്ഷത്തില്‍ നിന്നും ഒരു കല്ലേറ് ദൂരം  പിന്നിടുമ്പോള്‍, രക്തം ഇറ്റുവീഴുന്ന, ഹൃദയ നൊമ്പരങ്ങളുടെ ഗെത്സമെനില്‍ അവനും ഒറ്റപ്പെടുകയാണ്. ഏറ്റം പ്രിയപ്പെട്ടവര്‍ക്ക് പോലും അവനെ മനസിലാക്കാനാവുന്നില്ല. ഏകാന്തതയുടെ തുരുത്തുകളില്‍ ഒറ്റപ്പെടുമ്പോള്‍ ഞാന്‍ ഓര്‍മ്മിക്കാറുണ്ട്, അവനോളം ഏകാന്തതയും ഒറ്റപ്പെടലും  അനുഭവിച്ചവര്‍ വേറെ ആരുണ്ട്‌?. 30 വെള്ളിക്കാശിനു ഒറ്റുകൊടുക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന പ്രിയസ്നേഹിതര്‍, നിഷേധിക്കപ്പെടുന്ന നീതി,   മരണം  ഏറ്റവും ദയനീയമാം വിധം ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ ഒരു മരക്കുരിശില്‍  തൂങ്ങി - അതെ,  അവന്‍ വേദനകളുടെ തികവാര്‍ന്ന മനുഷ്യന്‍.
             ഒരു കൂട്ടം  പാവപ്പെട്ട മനുഷ്യരോടു അലിവിന്റെ, കരുണയുടെ സുവിശേഷം പ്രസംഗിച്ച നസ്രായന്‍ തച്ചനെ എങ്ങനെയാണ് ഇഷ്ടപ്പെടാതിരിക്കാനാവുക?. 'നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം കല്ലെറിയട്ടെ' എന്ന വചനങ്ങള്‍ക്ക്‌ മുന്നില്‍ കാല്‍ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ടു തലതാഴ്ത്തി മടങ്ങിയ ഒരു സമൂഹത്തിനു മുന്നില്‍ 'എന്നില്‍ കുറ്റം ആരോപിക്കാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും?' എന്ന് ചങ്കൂറ്റത്തോടെ വെല്ലുവിളിക്കുന്ന ആ യുവാവിനെ എങ്ങനെയാണ് ആരാധനയോടെയും അസൂയയോടെയുമല്ലാതെ  നോക്കിക്കാണാനാവുക?..     
        പടവെട്ടിയും അങ്കം ജയിച്ചും ലോകം കീഴടക്കിക്കഴിഞ്ഞ ചക്രവര്‍ത്തിമാരെയും യുധവീരന്മാരെയുമൊക്കെ നിഷ്പ്രഭരാക്കി ഈ തച്ചന്‍ ചരിത്രത്തെ തന്നെ രണ്ടായി കീറിമുറിക്കുമ്പോള്‍    തോറ്റു കൊടുക്കുന്നതിലും ഒരു വിജയം ഉണ്ടെന്ന് ലോകം അല്ഭുതത്തോടെ മനസിലാക്കുകയാണ്. വില്ലന്മാരെ പപ്പടം പോലെ പൊടിച്ച്‌ , കോട്ടകൊത്തളങ്ങള്‍ അഗ്നിക്കിരയാക്കി സ്ലോ മോഷനില്‍ നടന്നു വരുന്ന പരമ്പരാഗത ഹീറോകളില്‍ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് സ്വയം തോറ്റുകൊടുക്കുന്ന, ഭൂമിയെക്കാളും താഴ്ന്നു കൊടുക്കുന്ന, ഇടത്തെ കരണത്ത് അടിച്ചവര്‍ക്ക് വലതു കാരണം കൂടി കാണിച്ചുകൊടുക്കുന്ന ഒരു പുത്തന്‍ ജെനുസ്‌ ഹീറോയിസമാണ്. 
             പറഞ്ഞതൊന്നും  പാഴ്വാക്കാകാതെ  സ്വജീവിതത്തിലൂടെ നിറവേറ്റിയവനാണ്  അവന്‍. പുതുതലമുറ ക്രിസ്ത്യാനികള്‍ക്ക് അന്യമാകുന്നതും ഈ ഗുണം തന്നെയാണ്. ഒരു ക്രിസ്ത്യാനിയാകുക എന്നത് അത്ര എളുപ്പമല്ല എന്ന സത്യം  ഒരു  നാമമാത്ര ക്രിസ്ത്യാനിയായ ഞാന്‍ ഹൃദയ വേദനയോടെ തിരിച്ചറിയുകയാണ്.  ഈ പീഡാനുഭവ വാരത്തില്‍ അവന്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നതും ഇത് തന്നെയാണ്. പറയുന്നതൊന്നും  ചേങ്ങില പോലെ ചിലമ്പുന്ന പാഴ്വാക്കുകള്‍ ആകാതിരിക്കട്ടെ, ദൈവമെ.
              വിശുദ്ധവാരം ഓര്‍മ്മിപ്പിക്കുന്നതിതാണ്, ഈസ്റ്ററിന്റെ മഹിമയിലെയ്ക്ക് പ്രവേശിക്കും മുന്നേ, സ്വയം നുറുങ്ങി ഇല്ലാതായി മറ്റുള്ളവര്‍ക്ക്  ജീവനായി തീരുന്ന ഞെരുക്കത്തിന്റെയും വേദനയുടെയും ഒരു ദു:ഖവെള്ളി  കൂടിയേ തീരൂ.  ഉദാഹരണവും  അവന്‍ തന്നെ പറഞ്ഞുതന്നിട്ടുണ്ടല്ലോ  - ' ഗോതമ്പ് മണി നിലത്ത് വീണ് അഴിയുന്നുവെങ്കില്‍ അത് നൂറും അറുപതും മേനി ഫലം തരും. ഇല്ലങ്കിലോ  അത്  അതുപടി തന്നെയിരിക്കും '. സ്വയം നുറുങ്ങി ലോകത്തിനു ജീവനായി തീര്ന്നവന്റെ പീഡാനുഭവ - ഉത്ഥാന സ്മരണകളെ ധ്യാനിക്കുന്ന എല്ലാവര്‍ക്കും  അനുഗ്രഹപൂര്‍ണമായ ഒരു വിശുദ്ധ വാരവും  സന്തോഷകരമായ ഒരു ഉയിര്‍പ്പ് തിരുന്നാളും ആശംസിക്കുന്നു...                            
         

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...