Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Wednesday, October 17, 2012

ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്.. (ഭാര്യമാരുടെയും !!)

            ഇന്ത്യയിലെ മെയില്‍ ഷോവനിസ്റ്റ് കെട്ടിയോന്മാര്‍ക്ക് നെഞ്ചത്തലച്ച് കരയുവാനും  ഭാര്യമാര്‍ക്ക്‌ ആര്‍ത്തു വിളിക്കാനും അവസരം തീര്‍ത്തുകൊണ്ട് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ്‌ പുത്തന്‍ നിയമം അണിയിച്ചൊരുക്കുന്നു. ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ ബില്‍ നിയമമായാല്‍ ഇന്ത്യ മഹാരാജ്യത്തിലെ സകല ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യമാര്‍ക്ക്‌ പ്രതിമാസം നിശ്ചിത തുക ശമ്പളമായി നല്‍കേണ്ടി വരും. എതുവകയില്‍ എന്നുചോതിച്ചാല്‍ വീട്ടില്‍ ചെയ്യുന്ന സേവനങ്ങളുടെ പ്രതിഫലമായി!!..  കൃത്യമായി പറഞ്ഞാല്‍   കണവന്റെ ശമ്പളത്തിന്റെ 20 ശതമാനം  തുക അതാത് മാസങ്ങളില്‍ ഭാര്യയുടെ പേരില്‍ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കണം എന്ന് സാരം !!. ടി ശമ്പളത്തില്‍ അണ - പൈ കുറവുണ്ടായാല്‍ കെട്ടിയോനെ കോടതി കയറ്റാനും  വേണച്ചാല്‍ ഉണ്ട തീറ്റിക്കാനും ഭാര്യമാര്‍ക്ക്‌  എല്ലാ വിധ അവകാശവും നല്‍കുന്നു ഈ നിയമം. വെറുതെ അല്ല ഭാര്യ !! മനസിലായില്ലേ ??..
 പ്രസ്തുത ബില്ലിനെ  അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു..    ഇപ്പോള്‍തന്നെ ഭര്‍ത്താക്കന്മാരെ മുളക് പുരട്ടി വേവിക്കാന്‍ സ്ത്രീപീടനം, സ്ത്രീധനപീഡനം, ഗാര്‍ഹികപീഡനം എന്നിങ്ങനെ പലതരം പീഡനങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ നിലവില്‍ ഉണ്ടായിരിക്കെ, 'മുളകിന് കൂടെ അല്‍പ്പം മസാല കൂടി'  എന്നതുപോലെ തൊഴില്‍ പീഡനം എന്നൊരു പുത്തന്‍ വകുപ്പ്‌ കൂടി  ഈ ചട്ടിയിലെയ്ക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നു.     
 ഏതായാലും വിവാഹം കഴിക്കാന്‍ ഒരുങ്ങിയിരിക്കുന്ന പുരുഷ കേസരികള്‍ക്ക് ഒരു പുനര്‍വിചിന്തനത്തിന് ഇനിയും സമയം ബാക്കിയുണ്ട്. ഇതിനോടകം പെട്ടുപോയവര്‍ എല്ലാം ദൈവനിശ്ചയം എന്ന് കരുതി സമാധാനിക്കുക..  വരാനുള്ളത് എന്തായാലും വഴിയില്‍ തങ്ങില്ല.  പുത്തന്‍ ബില്ലിന്റെ ചുവട്പിടിച്ചു ഉയര്‍ന്നെക്കാവുന്ന അവകാശ ലംഘനങ്ങള്‍ക്കും തൊഴില്‍ പ്രശ്നങ്ങള്‍ക്കും എത്രയെത്ര  സാധ്യതകള്‍..!!

* എല്ലാ ജോലികള്‍ക്കും നിശ്ചിത മണിക്കൂര്‍ ഷെഡ്യൂള്‍ ബാധകം ആണ്. 8 മണിക്കൂര്‍ ഡ്യൂട്ടി ആണ് നിലവില്‍ മിക്കവാറും എല്ലാ ജോലികള്‍ക്കും ഉള്ള ഷെഡ്യൂള്‍. അപ്പോള്‍ ഓവര്‍ ടൈം  ചെയ്യുന്ന ജോലികള്‍ക്ക്   ഭാര്യ എക്സ്ട്ര അലവന്‍സ് ചോതിച്ചാല്‍ മീശ പിരിച്ചിട്ടു കാര്യം ഇല്ല.

* മറ്റു ജോലികള്‍ക്ക് ഉള്ളത് പോലെ മാസം നിശ്ചിത ദിവസം ഓഫ്‌, നിശ്ചിത എണ്ണം കാഷ്യല്‍ ലീവ്  ഇതൊക്കെ    ഭാര്യമാര്‍ക്കും ആവശ്യപ്പെടുന്നതില്‍ തെറ്റുണ്ടോ??

*ഓണം, ക്രിസ്തുമസ്  തുടങ്ങിയ വിശേഷ അവസരങ്ങളില്‍ ആഘോഷ ബത്ത, ബോണസ്‌ തുടങ്ങിയവയ്ക്ക് ന്യായമായും ഭാര്യമാര്‍ക്ക്‌ അവകാശം ഉന്നയിക്കാം.    


* എന്തിനെങ്കിലും ശമ്പളം വാങ്ങുന്നുണ്ട് എങ്കില്‍ അത് ഒരു തൊഴില്‍ ആയി അന്ഗീകരിക്കപ്പെട്ടുകഴിഞ്ഞു. അപ്പോള്‍ എല്ലാ തൊഴില്‍ മേഘലകളിലും  എന്തിനു പാട്ട പെറുക്കുന്നവര്‍ക്ക് പോലും   ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കപ്പെട്ടിരിക്കുന്ന  കേരളത്തില്‍ എന്ത്കൊണ്ട് വീട്ടമ്മമാര്‍ക്കും യൂണിയന്‍ ഉണ്ടായിക്കൂട??..  

* എല്ലാ തൊഴിലാളികളും പണിമുടക്കും ഹര്‍ത്താലും ആഘോഷിക്കുമ്പോള്‍ അടുക്കള അടച്ചിട്ടു കൊണ്ട്  അഖില കേരള ഭാര്യാ  യൂണിയന്‍  ഒരു പണിമുടക്കിന് ആഹ്വാനംചെയ്തു കൂടാ എന്നില്ല!!

*പണിമുടക്കിന് പരിഹാരം കാണാതെ ഹോട്ടലില്‍ നിന്ന് ഫുഡും അടിച്ചു  ചുമ്മാ കണ്ണുമടച്ചു നടക്കാം എന്ന് കരുതുന്ന കെട്ടിയോന്മാര്‍  നോക്കുകൂലി ആവശ്യപ്പെട്ടുകൊണ്ടുള്ള ഘരാവോ , പിക്കറ്റിംഗ് എന്നീ സമരമുറകള്‍ പ്രതീക്ഷിക്കുക.     

* എല്ലാരാഷ്ട്രീയ പാര്‍ട്ടികളും യൂണിയന്‍ ഉണ്ടാക്കുപോള്‍  ടി യൂണിയനുകള്‍ തമ്മില്‍ ഇടയ്ക്കിടെ  രാഷ്ട്രീയ സംഘട്ടനങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ?. അടിയും പിടിയും ഒന്നുമില്ലാതെ എന്തോന്ന് ട്രെഡ്‌ യൂണിയന്‍!!

*ഒരു ഓഫീസില്‍.. സോറി... വീട്ടില്‍ തന്നെ സേവനം അനുഷ്ടിച് മടുക്കുമ്പോള്‍ മറ്റേതു മേഖലയിലെന്നപോലെ  ഒരു ട്രാന്‍സ്ഫര്‍ ഇവിടെയും ആപ്ലിക്കബിള്‍ ആണോ !! :P 


         "ഭാര്യ -ഭര്‍തൃ ബന്ധം വിശുദ്ധം അല്ലെ , പവിത്രം അല്ലെ, അതിനെ സാമ്പത്തിക മാനങ്ങളില്‍ നോക്കിക്കാണണമോ എന്നുതുടങ്ങിയ സംശയം ഒക്കെ ഉള്ളവര്‍ ഇനി അതൊക്കെ  അങ്ങ് പള്ളീ പറഞ്ഞാല്‍ മതി" എന്ന അട്ടഹാസവുമായി  ഇന്നാട്ടിലെ വനിതാ വിമോചകര്‍ രക്ഷാ ദൌത്യവുമായി ഇറങ്ങിക്കഴിഞ്ഞു.  ഇനി കൊറേ കാലത്തേയ്ക്ക് ഇക്കൂട്ടര്‍ക്ക്‌ നല്ല സീസണ്‍ ആയിരിക്കും എന്ന് തോന്നുന്നു.
       സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളും എന്തിനു ബന്ധങ്ങള്‍ പോലും നോട്ടുകെട്ടുകളുടെ കനത്തില്‍ അളക്കപ്പെടുന്ന ഈ കാലത്ത് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നതിനെ പറ്റി അത്ഭുതത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഏതു വിധത്തിലാണ്‌ ഈ നിയമം ഇന്ത്യയിലെ അണുകുടുംബങ്ങളെ പരിപോഷിപ്പിക്കുക?; ഇപ്പോള്‍ തന്നെ കുടുംബക്കോടതികള്‍ ആവശ്യത്തിലധികം കേസുകളുമായി വിയര്‍പ്പുമുട്ടവേ, കുറെയധികം  കുടുംബങ്ങളില്‍  കൂടി കലഹത്തിന്റെ വിത്തുകളും വക്കീലന്മാര്‍ക്ക് കൈ നിറയെ കേസുകളും ഉണ്ടാക്കിക്കൊടുക്കാം എന്നതില്‍ കവിഞ്ഞ് ഏതു രീതിയില്‍ ഉള്ള വനിതാശാക്തീകരണം ആണ് വനിതാ -ശിശുക്ഷേമ വകുപ്പ്‌ ഉദേശിക്കുന്നത് എന്നിങ്ങനെയുള്ള  എളിയ ആകാംഷകള്‍  എനിക്കും ഇല്ലാതില്ല.     

       ഏതായാലും തല്‍ക്കാലം ആകാംഷകള്‍ പരണത്ത് വെച്ച് ഞാനും കാത്തിരിക്കുകയാണ് .. പുത്തന്‍ നിയമ- തൊഴില്‍ പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ഇവിടം വരെ എത്തും എന്ന് കാണേണ്ടിയിരിക്കുന്നു.. പൂമുഖവാതിലുകളില്‍ ഇനിമുതല്‍ വിടരുന്നത് പൂന്തിങ്കളാണോ അതോ ഉപരോധങ്ങളാണോ  എന്നറിയണം.   എന്നിട്ട് വേണം ഒരു എമ്പ്ലോയര്‍ ആകണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍!! :)
വാല്‍ക്കഷണം:
അങ്ങനെ ഇന്ത്യയിലെ ഭാര്യമാരുടെ പ്രശ്നങ്ങള്‍ അവസാനിക്കുകയാണ്. ഇതേ വീക്ഷണകോണില്‍ നോക്കുമ്പോള്‍ പത്തുമാസം ചുമന്നതിനു ചുമട്ടു കൂലി-വാടകയിനത്തിലും,  പ്രസവിച്ചു വളര്‍ത്തിയതിനും പരിപാലിച്ചതിനുമായി കുടിശിക-സെക്യൂരിറ്റി ഇനങ്ങളിലും  തക്കതായ  പ്രതിഫലം ഇന്നാട്ടിലെ  അമ്മമാര്‍  ആവശ്യപ്പെട്ടാല്‍ തെറ്റ് പറയാന്‍ പറ്റുമോ ??     
 (ഞാനീ ഇക്കണോമിക്സും നിയമവും ഒന്നും പഠിച്ചിട്ടില്ലല്ലോ.. അതുകൊണ്ട് ശതമാനക്കണക്ക് പറയാന്‍ ഞാന്‍ ആളല്ല!!)  


  
       

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...