Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Friday, June 22, 2012

അന്തരീക്ഷത്തിലെ കല്ല് NG കുരുവികളുടെ മേല്‍ വീണപ്പോള്‍..

          വേറെ പണി ഒന്നും ഇല്ലാത്തതുകൊണ്ട്  ആവശ്യത്തിലധികം ഉള്ള  സമയം ചുമ്മാ കളയാനും  അങ്ങനെ ചുമ്മാ ഇരിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ കോട്ടയം പട്ടണത്തില്‍ കുറവായതുകൊണ്ടുമാണ്  ഒടുവില്‍ ആ ആല്‍ത്തറയില്‍ സ്ഥാനം പിടിച്ചത്‌ . 'ആ ആല്‍ത്തറ' എന്ന് പറഞ്ഞാല്‍ കോട്ടയം തിരുനക്കര അമ്പലത്തിന്റെ ആല്‍ത്തറ. കോട്ടയം നഗരത്തിന്റെ പ്രകൃതി ദത്ത എയര്‍കണ്ടീഷണര്‍...   പണ്ട് പോളിടെക്നിക്കില്‍ പഠിച്ചിരുന്ന കാലത്ത്‌  ക്ലാസ്സ്‌  കട്ട് ചെയ്തു  അനശ്വരയുടെ സമയത്തിനായി  പോളിമേറ്റ്സിനൊപ്പം കാത്തിരുന്നത് ഇവിടെയായിരുന്നു... (തെറ്റിധരിക്കണ്ട,  അനശ്വര തിയറ്റര്‍ ആണ് ഉദ്ദേശിച്ചത് ) ഹോ ഈ നോസ്ടാല്ജിയകള്‍...     ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല, ഒരു സുഹൃത്തും ഒപ്പമുണ്ട്. ഒഹ്.. അത് പറയാന്‍ മറന്നു- അദ്ദേഹവും എന്നെപ്പോലെ ഒരു എഞ്ചിനീയര്‍ ആണ് - ഒരു   അണ്ണാ യുനിവേഴ്സിടി ബൈ പ്രോഡക്റ്റ് .   ടിയാന്റെ കംപ്ലയിന്റ്റ്‌ ആയ ലാപ്ടോപ്പ് സര്‍വീസ്‌ സെന്ററില്‍ കൊടുത്തിട്ട്  സര്‍വീസ്‌ കംപ്ലീറ്റ്‌ ആകാനുള്ള  കാത്തിരിപ്പാണ് ഇപ്പോള്‍.   
      കേരളത്തില്‍ .. അല്ലേല്‍ വേണ്ട ,   കോട്ടയം പട്ടണത്തിലെ തെളിഞ്ഞ  അന്തരീക്ഷത്തിലെയ്ക്ക് വെറുതെ ഒരു കല്ല്‌ എടുത്തെറിഞ്ഞാല്‍ അത് ചെന്ന് വീഴുന്നത്  തെരുവ്‌ നായയുടെ പുറത്താണോ അതോ  ഞങ്ങളെപ്പോലുള്ള ഏതെന്കിലും ഒരു എഞ്ചിനീയറുടെ പുറത്താണോ എന്ന വിഷയത്തില്‍ ശക്തമായ വാഗ്വാദത്തില്‍ ആയിരുന്നു ഞങ്ങള്‍. പട്ടിടെ പുറത്ത് വീഴും എന്ന് ഞാന്‍... എഞ്ചിനീയറുടെ പുറത്തെന്നു അവന്‍... എങ്ങുമെത്താതെ പോയ തര്‍ക്കം ഒടുവില്‍ സോഷ്യലിസത്തിന്റെ ഇക്വറ്റോറിയല്‍ മാനങ്ങളിലെയ്ക്ക് വഴിമാറി. പ്ലസ്‌ ടു ജയിച്ചവരും ജയിക്കത്തവരുമായ  ന്യൂജെന്‍. കിഡ്സ്‌ ഒന്നുപോലും മിസ്സ്‌ ആകാതെ എല്ലാവരും എന്‍ജിനീയേഴ്സ്  ആയിത്തീരുന്ന   ഒരു സമത്വ സുന്ദര കേരളം ഡ്രാഫ്ടറും കയ്യിലേന്തി നില്‍ക്കുന്ന    കാഴ്ച്ച മനക്കണ്ണാല്‍ കണ്ടു ഞങ്ങള്‍ കോരിത്തരിച്ചു ..  അപ്പോള്‍ എഴുന്നേറ്റു നിന്ന എന്റെ രോമങ്ങള്‍ ഇതുവരെ ഇരുന്നിട്ടില്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അതിശയോക്തിയായി കരുതരുത്‌.. 


       അങ്ങനെ രോമാഞ്ചിച്ച് ഇരിക്കുമ്പോള്‍ ആണ് രണ്ടു ഇണക്കുരുവികള്‍ - വെറും കുരുവികള്‍ അല്ല നല്ല ഫ്രഷ്‌  NG (ന്യൂ ജെനറേഷന്‍) കുരുവികള്‍ ക്ഷേത്രാങ്കനത്തിന്റെ ഒരു ഒഴിഞ്ഞ കോണില്‍ സ്ഥാനം പിടിച്ചത്‌ . ഇണക്കുരുവികള്‍  കൊക്കുരുമ്മുമ്പോള്‍  ഉണ്ടാകുന്ന ഘര്‍ഷണ ബലത്തിന്റെ  ത്രീ ഡയമെന്‍ഷന്‍ മാനങ്ങളിലെയ്ക്കാണു നുമ്പേ എടുത്തെറിഞ്ഞ കല്ല്‌ ചെന്ന് വീണത്‌ . (ഛെ.. ഈ കല്ലിനൊക്കെ ചെന്ന് വീഴാന്‍ കണ്ട സ്ഥലം..!!  ഭാഗ്യം!! കുരുവികള്‍ അറിഞ്ഞത് പോലും ഇല്ല). . .  
തള്ളെ.. കുരുവികള്‍ ഇപ്പോള്‍ കൊക്കല്ലല്ലോ ഉരുമ്മുന്നത് .. മറ്റുപലതും ആണല്ലോ...  മുന്‍പത്തെ ഫ്രിക്ഷനല്‍ എനര്‍ജി ഇപ്പോള്‍  ഒരു പത്തു ജൂള്‍ എങ്കിലും കൂടിക്കാണും.. ഉറപ്പ്‌.. (എഞ്ചിനിയറിംഗ് പഠിച്ചത്‌   വെറുതെയാന്നാണോ കരുതിയത് ?)

"  ഫാ..    ഇതിനാണോഡാ നിന്നെയൊക്കെ വീട്ടില്‍ നിന്നും കെട്ടിയോരുക്കി വിടുന്നെ... .
നിനക്കൊക്കെ അത്രയ്ക്ക് വിഷമം  ഉണ്ടേല്‍ വല്ല ഹോട്ടലിലോ ലോഡ്ജിലോ പോയി തീര്‍ത്തോണം..  അമ്പലത്തിന്റെ മുന്നിലിരുന്നു തരവഴിക്കേടു കാണിക്കുന്നോ??.. ഇവിടെ ഈ പരിപാടി നടക്കില്ല...  "  
       
          ഖന ഗംഭീര്യമാര്‍ന്ന ആ ശബ്ദത്തില്‍ ഞെട്ടിത്തരിച്ച NGകുരുവികള്‍ ചിറകടിച്ച് ഉയര്‍ന്നു. പെണ്‍കുരുവി തന്റെ  അലങ്കോലപ്പെട്ട തൂവലുകള്‍ ബുദ്ധിമുട്ടി  നേരെയാക്കി.  ശബ്ദത്തിന്റെ ഉടമയെ ഞങ്ങളും അല്പം നീരസത്തോടെ നോക്കി. ഒരു പത്ത് അറുപത് വയസ്സ് പ്രായം തോന്നിക്കും. മുഷിഞ്ഞ കാവി മുണ്ട്.. ചന്ദനക്കുറി..   ഇപ്പൊ ഇതെവിടുന്നു പൊട്ടിവീണോ എന്തോ.. എന്തായാലും ഇന്നത്തെ പക്ഷി നിരീക്ഷണം പണ്ടാരടങ്ങി..
         ഇനി ഇതാണോ ഈ സോഷ്യല്‍ മീടിയാക്കാര്‍ തന്തയ്ക്കും തള്ളയ്ക്കും മുത്തിയ്ക്കും മുത്തപ്പനും ഒക്കെ വിളിക്കാറുള്ള 'സദാചാര പോലീസു'കാരന്‍?..
        ഈ 'സദാചാരം' എന്ന വാക്കിന്  എന്റെ ചെറുപ്പകാലത്ത്  വളരെ നല്ല അര്‍ത്ഥമായിരുന്നു പറഞ്ഞു കേട്ടിരുന്നത്. കുടുംബത്തില്‍ പിറന്ന ആണും പെണ്ണും തറവാട്ടു സ്വത്തു പോലെ സൂക്ഷിക്കുന്ന ചില അതുല്യ  ഗുണങ്ങള്‍ എന്നായിരുന്നു അക്കാലത്ത്  ഈ വാക്കിന്റെ അര്‍ഥം.  ഇപ്പോള്‍   ഓണ്‍ലൈന്‍ ലോകത്തില്‍ പിച്ച വെച്ച് നടക്കാന്‍ തുടങ്ങിയപ്പോളാണ്  'സദാചാരം' എന്നത്  ഒരു അശ്ലീല പദം ആണ് എന്നും സദാചാരപോലിസുകാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന, ഫെമിനിസ്റ്റ്‌ - ഷോവനിസ്റ്റ് പിഗ്ഗുകളെ പോലെ വെറുക്കപ്പെട്ട ഒരു കൂട്ടം നികൃഷ്ട ജീവികള്‍ ആണ് ഈ അശ്ലീല പദം മൂലം NGകളെ വഴി പിഴപ്പിക്കുന്നത് എന്നുംമറ്റുള്ള ഫയങ്കര സത്യങ്ങള്‍ തിരിച്ചറിഞ്ഞത്.    അതുപോലെ തന്നെ, ഈ സദാചാര മൈ^%&^മാരെ തെറി വിളിക്കുന്നത് സോഷ്യല്‍ മീഡിയയിലെ ഒരു ഫാഷന്‍ ആണ് എന്നും !!. . തീര്‍ച്ചയായും മുകളിലെ NG കുരുവികള്‍, 'ഒരു തേര്‍ഡ്‌ റേറ്റ്‌ കല്ച്ചര്‍ലെസ്സ്  സദാചാര തെണ്ടി ഇന്ന് ഞങ്ങളുടെ ശകുനം മുടക്കി' എന്ന് ട്വിറ്ററില്‍ ട്വീറ്റിക്കാണും എന്നതില്‍ എനിക്ക് യാതൊരു സംശയവും ഇല്ല.  ടി പറഞ്ഞ കള്‍ച്ചര്‍ലെസ് സദാചാര തെണ്ടിയുടെ   ക്രൂരകൃത്യം സ്വന്തം തന്തപ്പടിയോ ആങ്ങളമാരോ ചെയ്താലും കുരുവികള്‍  ഇങ്ങനെ തന്നെ ട്വീട്ടുവോ എന്നത്  ചിന്തനീയമാണ്!!.. 
      ഒരു ആണിനെയും പെണ്ണിനെയും അസാധാരണമായ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ട വീടുകളില്‍ നിന്നോ ലോഡ്ജില്‍ നിന്നോ  പിടികൂടുന്ന നാട്ടുകാര്‍ വെറും തേര്‍ഡ്‌റേറ്റ്‌ സദാചാര മൈ^%&^മാരും  ഇതേ ക്രൂരകൃത്യം  യൂണിഫോം അണിഞ്ഞ പോലീസുകാര്‍ ചെയ്‌താല്‍ അത് നിയമത്തിന്റെ സര്‍വോന്മുഖ  ഉല്‍കൃഷ്ട പാലനവും ആയിത്തീരുന്നത് എങ്ങനെ എന്ന സംശയം   ആണ്‍ കുരുവികള്‍ എല്ലായ്പ്പോഴും പീഡനവീരന്മാരും  പെണ്കുരുവികള്‍   എല്ലായ്പ്പോഴും നിഷ്കളങ്കകളായ   സീതാ ദേവിമാരും  ആയിത്തീരുന്നത് എങ്ങനെ എന്ന സംശയം പോലെ തന്നെ ഉത്തരം കിട്ടാതെ അലഞ്ഞുതിരിയുന്നു. 
    ഏതെന്കിലും വി.ഐ.പി യുടെ കൊക്കുരുമ്മല്‍  ദൃശ്യങ്ങള്‍ സഹസ്രകോടി ന്യൂസ് ചാനലുകളിലോരെണ്ണം പ്രൈം ടൈമില്‍ ടെലികാസ്ടിയാല്‍ അത് ഉല്‍കൃഷ്ട - എക്സ്ക്ലുസിവ്‌ മാധ്യമ പ്രവര്‍ത്തനവും,   വി.ഐ.പി അല്ലാത്ത   കുരുവികളുടെ ദൃശ്യങ്ങള്‍  ഏതെന്കിലും ലോക്കല്‍ പക്ഷി നിരീക്ഷകന്‍ തന്റെ ഗാലക്സി ടാബില്‍ ഒപ്പിയെടുത്ത് യു ട്യൂബില്‍  അപ്-ലോഡിയാല്‍ അത്  ഭൂലോക ചെറ്റത്തരവും ആയിത്തീരുന്നത് എങ്ങനെ  എന്ന സംശയം ചിറകടിച്ചുയര്‍ന്നത്   'ചാപ്പ കുരിശ് ' കണ്ടതില്‍ പിന്നെയാണ് . രമ്യ നമ്പീശന്‍ ടി പടത്തില്‍ കാണിച്ചു തരുന്നതാണ് വിശ്വോത്തര ഉദാത്ത ബോള്‍ഡ്‌ നെസ്  എന്ന് NGകളെ പഠിപ്പിച്ച സോഷ്യല്‍ മീഡിയയിലെ ഏതേലും ഒരു  നിരൂപക പണ്ഡിതനെ ബാച്ചലര്‍ പാര്‍ട്ടിയ്ക്ക് ശേഷം കണ്ടു കിട്ടുമ്പോള്‍ ഈ സമസ്യകള്‍ക്ക്‌ വിരാമമാകുമെന്നാണ്  കോട്ടയത്തെ ഈ ഔട്ട്‌ സ്പോകെന്‍  സദാചാര മൈ@$@ന്റെയും വിശ്വാസം... 
    നാളെകളുടെ കന്നിമാസങ്ങളില്‍ കേരളത്തിലെ മുക്കുംമൂലയും ബാന്‍ഗ്ലൂരിലെ വൃന്ദാവന്‍ ഗാര്‍ഡന്‍ പോലെ പൂത്തുലയുകയും  ഒരു പുല്ലനെയും പേടിക്കാതെ കുരുവികള്‍ കൊക്കുരുമ്മുകയും  ചെയ്യുമ്പോള്‍  എന്നെപ്പോലുള്ള സദാചാര പന്നികള്‍ കരച്ചിലും പല്ലുകടിയുമുള്ള  അന്ധകാരത്തിലെയ്ക്ക് എറിയപ്പെടും എന്നതില്‍ സംശയം വേണ്ട.

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...