Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Tuesday, June 5, 2012

ന്യൂജനറേഷന്‍ സൂയിസൈഡുകള്‍


       കുറെ  നാളുകള്‍ക്ക്‌ മുന്‍പ്‌,  മുകളില്‍ കൊടുത്തിരിക്കുന്ന മാതിരിയുള്ള , ഒത്തിരിയേറെ രസകരമായ പോസ്റ്റുകള്‍ ഫേസ് ബുക്കില്‍ കാണുവാന്‍ സാധിച്ചിരുന്നു. ഇപ്പോളും  ഇടയ്ക്കൊക്കെ കാണാറുണ്ട്‌. അപ്പോളൊക്കെ ടി പോസ്റ്റുകളില്‍ പകുതി കളിയായും പകുതി കാര്യമായും സൂചിപ്പിച്ചിട്ടുള്ള  ആശയം  എന്നെയും ഏറെ രസിപ്പിച്ചിട്ടുണ്ട് ..  
  എങ്കില്‍ പോലും ഇത്തരം പോസ്റ്റുകളില്‍ അല്പം അതിഭാവുകത്വം അധികമായില്ലേ  എന്ന് ചിലപ്പോളെങ്കിലും സംശയിച്ചിട്ടുമുണ്ട്.  എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഫേസ് ബുക്കില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന  വളരെ നിര്‍ഭാഗ്യകരമായ ഒരു  വാര്‍ത്ത കണ്ടപ്പോള്‍ ആ സംശയം നിശേഷം മാറിക്കിട്ടി.  അത് ചുവടെ ചേര്‍ക്കുന്നു...
  സംഭവം ഒള്ളതാണോ എന്നറിയാന്‍ കുറെ തപ്പി നോക്കി.  ആ നിര്‍ഭാഗ്യവാന്റെ പ്രൊഫൈല്‍ കണ്ടെത്താനും കഴിഞ്ഞു...
        വേര്‍പാടുകള്‍ നമുക്കൊക്കെ ഏറെ ദു:ഖകരമാണ് - അത്  സ്വാഭാവികമായാലും അസ്വാഭാവികമായാലും .  ആത്മഹത്യകള്‍ക്ക്‌ മനുഷ്യനോളം പഴക്കം ഉണ്ടെങ്കിലും എല്ലാ ആത്മഹത്യകള്‍ക്കും ന്യൂസ് വാല്യു കിട്ടാറില്ല. സാധാരണ ഗതിയില്‍ അധികാരി വര്‍ഗ്ഗത്തെയോ മതമേധാവികളെയോ  അടിക്കാനുള്ള എന്തെങ്കിലും ഒരു വടി ഇത്തരം ഒരു വേര്‍പാടില്‍ ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നത് ഒരു കന്യാസ്ത്രീയോ സന്യാസിനിയോ ആയാല്‍, അതുമല്ലെങ്കില്‍  ഏതെന്കിലും പ്രമുഖ സെലിബ്രിറ്റി ആണെങ്കില്‍- അത്തരം ന്യൂസുകള്‍ വമ്പന്‍ ഹിറ്റ്‌ ആകകയും  വൈകിട്ടത്തെ  ന്യൂസ് അവറുകള്‍  ആഘോഷമാകുകയും ചെയ്യും എന്നറിയാന്‍ പാഴൂര്‍ പടിക്കല്‍ വരെ പോകേണ്ടതില്ല .
        എന്റെ കാഴ്ചപ്പാടില്‍ ആത്മഹത്യകള്‍ക്ക്  ഉല്‍കൃഷ്ടമായവ, മൂന്നംകിടയിലുള്ളവ എന്നിങ്ങനെ കാറ്റഗറികള്‍ ഇല്ല. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി അത്തരം കാറ്റഗറികള്‍ തീര്‍ക്കുന്നവര്‍ തങ്ങള്‍ ചെയ്യുന്ന ഹീന കൃത്യത്തിന്റെ ആഴമോ പരപ്പോ മനസിലാക്കുന്നില്ല. എജ്യുക്കേഷന്‍ ലോണ്‍ കിട്ടാതെ മനംനൊന്ത്‌  ആത്മഹത്യ ചെയ്യുന്ന  അലക്കുകാരി പെണ്‍കൊടിയും, കാമുകി കോക്രി കാട്ടിയതില്‍ പ്രതിഷേധിച്ച് സ്ത്രീ സമൂഹത്തോടുള്ള ഒടുങ്ങാത്ത  പ്രതികാര പൂര്‍ത്തിക്കെന്നോണം  ട്രെയിന് തല വെച്ച്  ജീവിതം ഹോമിക്കുന്ന ബുദ്ധിശൂന്യ യൌവ്വനങ്ങളും  ഒരേ തൂവല്‍ പക്ഷികള്‍ ആണ്.  ഏതു കോപ്പിലെ പ്രോബ്ലം കാരണമായി കരുതിയാലും  യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉള്ള ഭീരുവിന്റെ ഒളിച്ചോട്ടം മാത്രമാണ് അത് ..  
         യഥാര്‍ഥത്തില്‍ ഈ സംഭവം ഒരു  ഓര്‍മ്മപ്പെടുത്തലാണ്. ഒട്ടേറെ  സൌഹൃദ വലയങ്ങളില്‍, ഒട്ടേറെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നിറഞ്ഞ സാന്നിധ്യമായി നാം ജീവിതം മുന്നോട്ടു നയിക്കുമ്പോള്‍ , അത്തരമുള്ള ഒരു  മുന്നോട്ടു പോകല്‍ വെറുമൊരു വെര്‍ച്വല്‍ റിയാലിറ്റി മാത്രമാണ് എന്നും അതിനു പുറത്തുള്ള യാഥാര്‍ത്യങ്ങളുടെ ലോകത്തിലേയ്ക്ക് നാം ഇറങ്ങി വരേണ്ടതുണ്ടെന്നുമുള്ള  സത്യം നാം തിരിച്ചറിയെണ്ടിയിരിക്കുന്നു. 
            ഫേസ്ബുക്ക്  ഫ്രണ്ട് ലിസ്റ്റ് 5000  തികഞ്ഞു സാച്വറെഷനിലെയ്ക്ക്  എത്തിയല്ലോ എന്നോര്‍ത്ത് ആര്‍മ്മാദിക്കുകയും, പാമ്പന്‍ പാലത്തിന്റെ ഉറപ്പോടുകൂടിയ ഒരു സുഹൃത് വലയത്തിലാണല്ലോ ഞാന്‍  എന്ന സങ്കല്‍പ്പത്തില്‍  അഹങ്കരിക്കുകയും ചെയ്യുന്നവര്‍   ഒന്നോര്‍ക്കുക...   ഈ ഫേസ് ബുക്ക്  മടക്കി വെച്ചു  നിന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ  വീട് സന്ദര്‍ശിച്ചിട്ടു  എത്ര മാസങ്ങളായി ?..  സുഹൃത്തിന്റെ  വീടിന്റെ അടുക്കളയില്‍ കയറി  അവന്റെ  അമ്മയോട്  കുശലം പറയാനും  സ്വന്തം വീട്ടില്‍ എന്നത് പോലെ ഭക്ഷണം വിളംബിക്കഴിക്കാനും നിനക്ക്  കഴിഞ്ഞിട്ടുണ്ടോ ??..  അടുത്ത സുഹൃത്തുക്കളെ ഒന്നിച്ചു കൂട്ടി  ഒരു പിക്നിക്‌ നു  പോയിട്ട് എത്ര നാള്‍ ആയി ??.. പോട്ടെ , വട്ടം കൂടിയിരുന്നു നാട്ടു വര്‍ത്തമാനങ്ങളും തമാശകളും വിളമ്പിയിട്ട് കാലമെത്രയായി??..    മാത്തെമാറ്റിക്സില്‍ വീക്കായ അവന്റെ അനിയനോ അനിയത്തിക്കോ നേരം കിട്ടുമ്പോള്‍ അറിയാവുന്ന കണക്ക്‌ പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ??..   ഒരു തവണ എങ്കിലും അവന്റെ വീട്ടിലെ കരണ്ട് ബില്ല്  അടയ്ക്കാന്‍ പോകേണ്ടി വന്നിട്ടുണ്ടോ ??..
             "ആ ലൈനും പൊട്ടിയല്ലോ അളിയാ.." എന്ന ഫ്ലോപ്പ്‌ സോങ്ങുമായി സെന്റിയിലെയ്ക്ക്  ഇഴഞ്ഞു നീങ്ങുന്ന നിന്റെ  സുഹൃത്തിനോട്   "അവള് ... പോയെങ്കി പോകാന്‍ പറയെടാ... പുല്ല് !!..  ഓറഞ്ചു പോലോള്ളത്   പോയെങ്കി  കശ്മീരി ആപ്പിള്‍ വേറെ വരും.. ഡോണ്ട് വറി അളിയാ .."   എന്നെങ്കിലും പറഞ്ഞു  ആശ്വാസമേകാന്‍ നിനക്ക് കഴിഞ്ഞിട്ടുണ്ടോ ??..
          ഇതിനെല്ലാം നിന്റെ ഉത്തരം ഇല്ല എന്ന് തന്നെയാണെങ്കില്‍ , സുഹൃത്തേ താങ്കള്‍ ഇത് മനസിലാക്കുക - ആരവങ്ങള്‍ക്ക് നടുവിലെന്നു തോന്നിക്കുമെങ്കിലും താങ്കള്‍  ഒറ്റയ്ക്കാണ്.  പളപളപ്പുകളുടെയും കാപട്യത്തിന്റെയും ഭ്രമാത്മക ലോകത്ത് നിന്ന് അല്‍പനേരം ഒരു  ടീ ബ്രെയ്ക്ക്  താങ്കള്‍ക്ക് ആവശ്യമായിരിക്കുന്നു..   ലാപ്ടോപ്പ്-ന്റെ ഇത്തിരി ചതുരത്തില്‍ ഒതുങ്ങുന്ന ചാറ്റ് വിന്‍ഡോകളിലോ  കമ്മെന്റ് ബോക്സ്‌ കളിലോ ഒതുങ്ങേണ്ടതല്ല സൌഹൃദങ്ങള്‍..   അത്തരം വര്‍ണാഭമായ ലോകങ്ങള്‍ തികച്ചും ഉപരിപ്ലവം മാത്രമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയെണ്ടിയിരിക്കുന്നു.  
        ഒരു  കൂരയ്ക്കു കീഴില്‍ കഴിയുന്ന സഹോദരങ്ങള്‍ പോലും പരസ്പരം മനസിലാക്കുന്നില്ലെങ്കില്‍,  ലൈക്ക്-കളിലും  കമ്മെന്റ് കളിലും  മാത്രം ഒതുങ്ങുന്നു അവരുടെ ഹൃദയ ബന്ധം എങ്കില്‍, ആള്‍ക്കൂട്ടത്തില്‍  തനിയെ അലയുകയും ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുകയും ചെയ്യുന്ന  തന്റെ സഹോദരന്  അല്പം സ്വാന്തനമേകാന്‍  ന്യൂജനറേഷന്‍ സഹോദരിമാര്‍ക്കാകുന്നില്ലെങ്കില്‍ നാം  ആരെയാണ് പഴിക്കേണ്ടത് ??...


Tweet, Share & Like

 
Related Posts Plugin for WordPress, Blogger...